ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി / വര്‍ഗീസ് കോരസണ്‍

korason-varghese

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി ശോഭനമാണോ, അപകടത്തിലാണോ എന്നാണ് ചിന്തിക്കേണ്ടത്. അപകടത്തിലാണ് എന്ന ആശങ്ക നിലനിൽക്കുമ്പോൾ, ഒന്നും പേടിക്കാനില്ല എന്ന ഉത്തരം എത്രമാത്രം ആത്മാർഥമായി പറയാനാവും എന്നും ചിന്തിക്കേണ്ടതുണ്ട്.

സമകാലിക സാഹചര്യങ്ങൾ സൗത്ത് ഈസ്റ്റ് ഏഷ്യയിലെ 71 വർഷം പഴക്കമുള്ള, ശക്തമായ മൂല്യം നിലനിർത്തുന്ന രാജ്യമാണ് ഇന്ത്യൻ ജനാധിപത്യം. It is still a strong functioning democracy. ചുറ്റുമുള്ള പല ജനാധിപത്യങ്ങളും കടപുഴകി വീണപ്പോഴും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ തരണം ചെയ്തും ഒരു മഹാമേരുപോലെ സൗത്ത് ഈസ്റ്റ് ഏഷ്യയിൽ ജാഗ്രതയോടെ നിലനിൽക്കുന്നതാണ് അടിത്തറയുള്ള നമ്മുടെ ജനാധിപത്യ സംസ്‍കാരം.

എന്നാൽ, ചില ആശങ്കകൾ നിരത്തട്ടെ:

1. ഹിന്ദുത്വതയിൽ അരക്ഷിതായരായ മുസ്‍ലിം, ക്രിസ്ത്യൻ ന്യൂനപക്ഷം, ദളിതർ

2. രാഷ്ട്രീയ അജന്തയോടെ മറനീക്കി വന്ന മതഭ്രാന്ത്

3. മത- രാഷ്ട്രീയ- കോർപ്പറേറ്റ് സഖ്യം

4. അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള പുരോഗമനം എന്ന പരസ്യങ്ങൾ

5. സംഘർഷപൂരിതമായ മതസ്പർധയിലൂടെ ഉള്ള രാഷ്ട്രീയവത്കരണം

6. സ്വതന്ത്ര ആശയ വിനിമയത്തിലെ അസഹിഷ്ണുതകൾ

7. മൊത്തമായി വിലക്കെടുക്കുന്ന നാലാം എസ്റ്റേറ്റ് – മാധ്യമങ്ങൾ

8. രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന നീതിന്യായ സംവിധാനങ്ങൾ

9. ചരിത്രത്തെ വളച്ചൊടിക്കൽ

10. നെഹ്രുവിയൻ ചിന്തകളെ ഒരു പകപോക്കലോടെ തിരസ്കരിച്ചു, പെരിയാർ രാമസ്വാമിസ്മരണകളെ തച്ചുടച്ചു സ്ഥാപിക്കപ്പെടുന്ന പുതിയ പ്രതീകങ്ങൾ

11. പശുവിനുവേണ്ടി നടത്തുന്ന നരഹത്യകൾ

ജനാധിപത്യത്തിന്റെ മാറുന്ന മുഖങ്ങൾ

സമവാക്യങ്ങൾ മാറി വരുമ്പോൾ ഇന്ന് ഏറ്റവും അപകടം പിടിച്ച പദം – ജനാധിപത്യം. ‘ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനങ്ങളുടെ സംവിധാനം’ എന്ന എബ്രഹാം ലിങ്കന്റെ നിർവചനവും, ജനാധിപത്യത്തിന്റെ പിള്ളത്തൊട്ടിലായ ഗ്രീസിലെ സിറ്റി- സ്റ്റേറ്റ് എന്ന രൂപകൽപ്പനയും ഇന്നത്തെ നമ്മുടെ ഇന്ത്യയിലെ ജനാധിപത്യവും രൂപത്തിലും ഭാവത്തിലും ആകെ മാറിയിരിക്കുന്നു.

പോളിറ്റി സ്കെയിൽ (Polity Scale)

ഓരോ രാജ്യത്തിന്റെയും ജനാധിപത്യ നിലവാരം അളക്കുന്ന സംവിധാനം – 10 മുതൽ – 6 വരെ സ്വേച്ഛാധിപത്യം, – 5 മുതൽ 5 വരെ ഭാഗിക ജനാധിപത്യം, 6 മുതൽ 10 വരെ ജനാധിപത്യo എന്ന സംവിധാനത്തിൽ ഇന്ത്യക്കു 9, പാകിസ്താന് 7 , യു .കെ 10 , അമേരിക്ക 8 , സൗദി അറേബ്യ 0 , ഇങ്ങനെ നോക്കുമ്പോൾ വലിയ കുഴപ്പം കാണാനില്ല.

ജനാധിപത്യനിലവാരം തിരഞ്ഞെടുപ്പ് രീതികൾ, വിവിധ മതവിശ്വാസം, പൗര സ്വാതന്ത്ര്യം, രാഷ്ട്രീയ നീതി, ബഹുസ്വരത, സർക്കാരുകളുടെ പ്രവർത്തന ക്ഷമത, സമ്മതിദായകരുടെ സുരക്ഷിതത്വം, ബാഹ്യ ഇടപെടലുകൾ, ഉദ്യോഗസ്ഥരുടെ കാര്യസ്ഥത, തുടങ്ങിയ മാനദണ്ഡങ്ങൾ വച്ച് വിലയിരുത്തുമ്പോൾ ഇന്ത്യയുടെ ജനാധിപത്യ നിലവാരം ലോകത്തിലെ 167 രാജ്യങ്ങളിൽ വച്ച് 42–ാം സ്ഥാനമാണ്. അതായതു ‘അപര്യാപ്‌തമായ ജനാധിപത്യം ” എന്നാണ് കാണിക്കുന്നത്. ആദ്യത്തെ 20 രാജ്യങ്ങളുടെ പട്ടികയിൽ ഇടം തേടിയില്ല എന്നത് അപായമണിയാണ് മുഴക്കുന്നത്.

സ്വാതന്ത്യ്രത്തിന്റെ നിലവാര സൂചികകൾ – പത്രസ്വാതന്ത്ര്യം, ധാർമ്മിക നിലവാരം, സാമ്പത്തീക സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ‍ തുടങ്ങിയ സൂചികകൾ വച്ചു നോക്കുമ്പോഴും ദുഷ്കരമായ – അപര്യാപ്‌തമായ ജനാധിപത്യം എന്ന കണക്കുകൾ ആണ് കാണിക്കുന്നത്.

ലോകത്തിലെ സ്വതന്ത്ര രാജ്യങ്ങൾ – സമ്മതിദാനം വിനയോഗിക്കപ്പെടുന്ന രാജ്യങ്ങളുടെ പൗരസ്വാതന്ത്ര്യവും രാഷ്ട്രീയ നീതിയും കഴിഞ്ഞ 18 വര്ഷങ്ങളായി നോക്കുമ്പോൾ, ഇന്ത്യ നിലവാരമുള്ള സ്വതന്ത്ര രാജ്യങ്ങളുടെ പട്ടികയിൽ തന്നെയാണെന്നത് തൽക്കാലം ആശ്വാസം പകരും. എന്നാൽ ഈ സ്ഥിതി തുടരാനാവുമോ എന്നാണ് വിലയിരുത്തേണ്ടത്. 71 വർഷം പഴക്കമുള്ള ഇന്ത്യൻ ജനാധിപത്യം പീഡിതമായ ഒരു അവസ്ഥയിലേക്കാണോ പോകുന്നത് എന്ന് ആശങ്കപ്പെടുന്നവർ കൂടുതലുണ്ട്.

ജനാധിപത്യത്തിന്റെ ഭീഷണികൾ

വികസനത്തിന്റെ പേരിൽ ആട്ടിയോടിക്കപ്പെടുന്ന വലിയ കൂട്ടം ഇന്ത്യയിൽ കൂടിവരുന്നു എന്നത് ആശങ്കയുളവാക്കുന്നു. ഇന്ത്യയുടെ ആകെ സമ്പാദ്യ വർദ്ധനവ് 2017 ഇൽ 25 ശതമാനം കൂടും എന്നാണ് കണക്കു കൂട്ടുന്നത്. ഇത് ലോകത്തിലെ ആറാമത്തെ ധനിക രാജ്യത്തിൻറെ നിലയിലേക്കാണ് ഉയരുന്നത്. ഇരുപതിനായിരത്തിലേറെ ശതകോടീശ്വരന്മാർ ഇന്ത്യയിലുണ്ട്. മുംബൈ, ലോകത്തിലെപന്ത്രണ്ടാമത്തെ സമ്പന്നമായ സിറ്റി ആയി മാറുന്നു.

എന്നാൽ രാജ്യം വളരുന്നതോടൊപ്പം ദാരിദ്ര്യവും വളരുന്നു. ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം എക്കാലത്തെയുംകാൾ കൂടുതൽ, ആസാദ് ഇന്ത്യാ ഫൌണ്ടേഷൻ കണക്കു പ്രകാരം ഇന്ത്യയിലെ 38 ശതമാനം (380 മില്യൺ) ജനങ്ങളും ദരിദ്രരാണ്. ഈ പോക്ക് ഇപ്പോഴത്തെ എസ്റിമേറ്റ് കടത്തി വെട്ടും. കുറഞ്ഞ ഉൽപാദനക്ഷമതയും തൊഴിലില്ലായ്മയും ഗ്രാമീണജീവിതങ്ങളെ ദുരിതത്തിൽ പൊതിഞ്ഞു വച്ചിരിക്കുന്നു. മൂലധന – മത- രാഷ്ട്രീയ കൂട്ടുകെട്ടിൽ രാജ്യം കൊള്ളയടിക്കപ്പെടുമ്പോൾ ആട്ടിയോടിപ്പിക്കപ്പെടുന്ന ജനങ്ങൾ 12 കോടിയോളമാണ്. ഭവനരഹിതർ 78 മില്യൺ, 11 മില്യൺ കുട്ടികൾ നിരത്തിൽ അന്തി ഉറങ്ങുന്നു. കോർപറേറ്റ് ഫാസിസിസത്തിന്റെ ഇരകളായി പശുവിന്റെ പേരിൽ തല്ലികൊല്ലപ്പെടുന്നവർ, പീഡിപ്പിക്കപ്പെടുന്ന ദളിതർ, കുടിയിക്കപ്പെടുന്ന അരക്ഷിതരായ ജനലക്ഷങ്ങൾ. ഫാസിസത്തിന്റെ അനിഷേദ്ധ്യ നേതാവായിരുന്ന മുസോളിനി പറഞ്ഞു, വലതുപക്ഷ തീവ്രവാദം കേവലം സംഘടിതമായ പദ്ധതിയുടെ അനിർവാര്യമായ അടയാളങ്ങൾ മാത്രമാണ് എന്ന്. ഇടശ്ശേരിയുടെ കുടിയിറക്കം എന്ന കവിത ഇവിടെ അന്വർഥമാണ്, ‘കുടിയിറക്കപ്പെട്ടവരെ പറയിൻ നിങ്ങൾ ഏതു ദേശക്കാർ’. അപര്യാപ്‌തമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ ഇരകളാവുന്നു അറിയാതെ നമ്മൾ.

ഹിന്ദുത്വതയുടെ പേരിൽ പൊള്ളയായ ദേശീയവാദം

വിശ്വാസത്തിന്റെ പേരിൽ എല്ലാവര്ക്കും അടയാളങ്ങൾ കൂടിവരുന്നു. കൈയ്യിലെ ചരട്, നെറ്റിയിലെ പ്രകടമായ കുറികൾ, കാവി മുണ്ടു ഒക്കെ അല്ലാതെ ദേശീയത പ്രകടിപ്പിക്കാനാവില്ല എന്ന അവസ്ഥ നാമറിയാതെ സമൂഹത്തിൽ പ്രകടമാവുന്നു. ജനങ്ങൾ എന്ത് ധരിക്കണം, എന്ത് കഴിക്കണം, ഒരുപോലെ ചിന്തിക്കണം, ഒരേ മതം, ഒരേ ഭാഷ, ഒരേ സംസ്കാരം ഇത് ഇന്ത്യയുടെ ആത്മാവിലെ നാനാത്വത്തിലെ ഏകത്വം എന്ന തീ തല്ലിക്കെടുത്തുകയാണ്. ദേശീയ ഗാനം ചെല്ലുമ്പോൾ തീയേറ്ററുകളിൽ പോലും എഴുന്നേറ്റു നിൽക്കണം എന്ന നിർബന്ധം ഒട്ടൊന്നുമല്ല പൗരസ്വാതന്ത്ര്യത്തിനുമേൽ അടിച്ചേൽപ്പിക്കുന്നത്. എന്നാൽ അടുത്ത കാലത്തു കർണാടകയിൽ പൊതു പരിപാടിയിൽ ദേശീയഗാനം ആലപിച്ചപ്പോൾ ഗവർണർ എഴുനേറ്റു പോയത് ടിവിയിൽ കാണുക ഉണ്ടായി.

ടാഗോറിന്റെ വരികൾ ബ്രിട്ടീഷ് രാജിന്റെ സ്തുതിഗീതമായതു കൊണ്ട് വന്ദേമാതരമാണ് ഇനി ദേശീയഗാനമായി കൊണ്ടുവരേണ്ടത് എന്നൊക്കെയുള്ള വിവാദങ്ങളും തുറന്നു വച്ചിരിക്കുന്നു. ഇതൊക്കെ ഇന്ത്യയുടെ ബഹുസ്വരത, മതനിരപേക്ഷമായ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ഗൂഢതന്ത്രം ആണെന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. ഭൂരിപഷം ന്യൂനപക്ഷത്തെ എന്തിനാണ് ഭയപ്പെടുന്നത്? അസ്ഹഷ്ണുത ആർക്കുവേണ്ടിയാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്? എല്ലാ മത സംഹിതകളെയും ഉൾകൊണ്ട ഭാരതീയ സംസ്കാരത്തിന് ആയിരക്കണക്കിന് വർഷങ്ങളായി അഭംഗുരം നില നിൽക്കാനായെങ്കിൽ മതപരിവർത്തനത്തെ എന്തിനു ഭയപ്പെടണം?

എന്തിനു ഭീതിപരത്തി ന്യൂനപക്ഷത്തെ കീഴ്പ്പെടുത്തണം? ദേശീയവാദം ഒരു ശല്യമാണെന്നും, ദേശഭക്തിഎന്റെ ആത്മീയ അഭയല്ലെന്നും, മനുഷ്യകുലം ആണ് എന്റെ അഭയമെന്നും പറഞ്ഞ ടാഗോറിനെ ചിലർക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. സങ്കുചിതമായ മതിലുകൾ ഭേദിക്കണം, അതിരുകളില്ലാത്ത ഒരു വലിയ ലോകത്തെപ്പറ്റി സ്വപ്നം കാണണം എന്നു പറഞ്ഞ നെഹ്രുവിന്റെ രൂപം പോലും ചരിത്രത്തിന്റെ ചവിട്ടു കൊട്ടയിൽ തള്ളിക്കളയാൻ ശ്രമിക്കുമ്പോൾ എന്താണ് നാം മനസ്സിലാക്കേണ്ടത്? ദേശീയതയുടെ പുത്തൻ പ്രതീകമായി ഉയർത്തിക്കാട്ടുന്ന സർദാർ പട്ടേലിന്റെ അതികായകരൂപം വാമനഅവതാരം പോലെ, ഇന്ത്യയുടെ ആത്മാവെന്ന മഹാബലിയെ പാതാളത്തിലേക്കു ചവിട്ടി താഴ്ത്താനുള്ള ശ്രമങ്ങളുടെ ഭാഗം അല്ലേ എന്ന് സംശയിക്കേണ്ടി വരുന്നു.

ചരിത്രത്തിൽ അതിരുകൾ ഒന്നും സ്ഥിരമായി നിലനിൽക്കാറില്ല, പേരുകൾ പോലും മാറിക്കൊണ്ടിരിക്കും. ഇന്ത്യയെ ഹിന്ദുരാജ്യം ആക്കാൻ ഒരു പക്ഷെ തീവ്ര നിലപാടുകൾക്ക് സാധിച്ചേക്കും, അപ്പോഴേക്കും ഇന്ത്യ മരിച്ചിരിക്കും, അതിരുകളും വേരുകളും മാറി വികൃതമായ ഒരു ഭൂപടം അവശേഷിക്കും. മതം മൂല്യമാണോ അനുഭൂതിയാണോ വെറും ആചാരമാണോ എന്ന് ചിന്തിക്കണം. സങ്കുചിതമായ മതിലുകൾ ഭേദിച്ച് മാനസീകമായി ഉയരണം. നാം അറിയാതെ മാനസീകമായി അകന്നു കഴിഞ്ഞ ഒരു മനുഷ്യക്കൂട്ം ആണിന്ന്‌. ആർക്കും ആരെയും വിശ്വസിക്കാനാവാത്ത എന്തിനോവേണ്ടി ആരൊക്കയോ മാർച്ചു ചെയ്യുന്നു, ആയോധനം നടത്തുന്നു. ഇതൊക്കെയാണ് ഒരു ചെറിയ കൂട്ടം തീവ്രവാദികൾ നിരന്തരം നമ്മുടെ കാതുകളിൽ മന്ത്രിച്ചിരുന്നത് എന്ന് തിരിച്ചറിയണം.

പല രാജ്യങ്ങളുടെയും സർവ്വനാശം സംഭവിച്ചാലേ ചില സാംപ്രാജ്യങ്ങൾ നിലനിൽക്കയുള്ളു. ഇന്ന് ആണവ ആയുധങ്ങളേക്കാൾ മാരകം മതഭ്രാന്തു നിറച്ച ദേശീയതയാണ്. സവർണ്ണ മേധാവിത്തത്തിനെതിരെ, പൗരോഹിത്യ അടിച്ചമർത്തലുകൾക്കെതിരെ, ജാതി വ്യവസ്ഥികൾക്കെതിരെ, ഒഴിവാക്കലുകൾക്കെതിരെ, കപട ദേശീയതക്കെതിരെ, വേട്ടയാടലുകൾക്കെതിരെ നിരന്തരം ജാഗ്രതയോടെ ജനമുന്നേറ്റം ഉണ്ടാവണം. ശ്രീബുദ്ധനുപദേശിച്ച കരുണ, വേദാന്തത്തിലെ തെളിവുള്ള ആത്മീയ അംശങ്ങൾ, പങ്കുവെക്കൽ, സഹവർത്തിത്വം, ഇതൊക്കെയാവട്ടെ നമ്മുടെ ഘർവാപ്പസി.

പരമോന്നത നീതിന്യായ വ്യവസ്ഥയുടെ അപചയം

ഇന്ത്യൻ സുപ്രീം കോടതിയിലെ പ്രമുഖ ന്യാധിപന്മാർ ഒന്നായി ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി പത്രസമ്മേളനം നടത്തി മാറാലകൾ അഴിച്ചിട്ടത് സ്വതന്ത്ര ഇന്ത്യയുടെ മുഖത്തു വസൂരിക്കല പടർന്നപോലെയായി. എത്ര ശ്രമിച്ചാലും ആ കളങ്കത്തിന് ഒരു മറുമരുന്നില്ല. ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടാവണമല്ലോ സമുന്നതരായ ന്യാധിപന്മാർ വിഷയം മാദ്ധ്യമങ്ങളിൽ കൊണ്ടുവന്നത്. ഹോണറബിൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, പതിവുകൾ തെറ്റിച്ചു കൊളിജിയത്തിനെ അവഗണിച്ചു രാഷ്ട്രീയ ലക്ഷ്യത്തോടെ സമുന്നത ജഡ്ജിമാരെ നിയമിക്കാൻ ഒരുമ്പെട്ടത്, എതിർപ്പുകളെ അവഗണിച്ചു മുന്നോട്ടു പോകുന്നത് എന്തിനുള്ള ശ്രമമാണ്? താൻ ഉൾപ്പെടുന്ന അഞ്ചംഗ ന്യാധിപന്മാരുടെ കൊളിജിയ നിർദേശകപ്രകാരമാണ് സുപ്രീം കോർട്ട് ജഡ്ജിമാരെ പ്രസിഡന്റ് നിയമിക്കേണ്ടത്. ഇത് ഒഴിവാക്കി നേരിട്ട് തങ്ങളുടെ അജന്ത നടപ്പാക്കേണ്ടവരെ ചീഫ് ജസ്റ്റിസിനെക്കൊണ്ട് നിയമിക്കുന്നു. ഇവിടെ പരമോന്നത നീതിപീഠം രാഷ്രീയക്കാരുടെ വെറും ഉപകരണമായി മാറുന്ന അവസ്ഥ, ജനാധിപത്യത്തിന് ഏറ്റ കനത്തആഘാതമാണ്.

ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പടെ നിരവധി നേതാക്കളെ പ്രതികൂട്ടിൽ നിർത്തിയ, ഡിസംബർ 2014 ലെ, സിബിഐ സ്പെഷൽ ജഡ്ജ് ബി. എച്‌. ലോയയുടെ, സംശയകരമായ സാഹചര്യത്തിലെ മരണം, ഒരു മാധ്യമ പ്രവർത്തകനായ ബി. ആർ. ലോണെ സുപ്രീം കോർട്ടിൽ ഉന്നയിച്ചിരുന്നു. സൊഹ്രാബുദ്ദിൻ ഷെയ്ഖ് കൊല്ലപ്പെട്ടത് കൃത്രിമമായ ഏറ്റുമുട്ടൽ എന്ന പകപോക്കലാണെന്നു പരക്കെ സംസാരം ഉണ്ടായിരുന്നു. ജഡ്ജ് ബി. എച്‌. ലോയ ഈ കേസിൻറെ ചുമതലയിൽ ആയിരുന്ന മുഹൂർത്തത്തിലാണ് അദ്ദേഹത്തിന്റെ ദുരൂഹ മരണം. ന്യായാധിപന്മാർ തമ്മിൽ സംശയവും ഒറ്റപ്പെടുത്താലും ഒഴിവാക്കലും പകപോക്കലും ഉണ്ടാവുന്നു. സുതാര്യമല്ലാത്ത നിയമനം ആരൊക്കയോ എന്തൊക്കയോ ഒളിക്കുന്നു എന്ന വിവരങ്ങൾ അപ്രിയമായ സംവിധാനം ആണ് മറനീക്കി കാണുന്നത്. അപര്യാപ്‌തമായ ജനാധിപത്യത്തിന്റെ കരുവാളിച്ച മുഖമാണ് ഇവിടെ കാണുന്നത്.

വിലക്കെടുക്കുന്ന മാധ്യമങ്ങളും, സ്വതന്ത്ര ചിന്തകരെ തുടച്ചു നീക്കുന്നതും

മാധ്യമങ്ങളെ ഏകോപിപ്പിച്ചു ചൊൽപടിയിൽ നിർത്താൻ ശ്രമിക്കുക എന്നത് ഒരു പുതിയ സംഗതി അല്ല. എന്നാലും വൻ മുതൽ മുടക്കും ലാഭവും ഉണ്ടാക്കുന്ന മുതാളിമാർ ഈ വ്യവസ്ഥിതി തുടരാനായി കനത്ത വില തന്നെ കൊടുത്തു പ്രധാനപ്പെട്ട മാധ്യമങ്ങൾ സ്വന്തമാക്കുകയും ഒരു കൂട്ടം പ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്ന് വിപണി നിയന്ത്രിക്കുന്നവ്യവസ്ഥ വളരെ അപകടകരമാണ്. മാധ്യമങ്ങളുടെ വിശ്വസ്തത ചോദ്യം ചെയ്യപ്പെടേണ്ട അവസ്ഥ, നെറ്റ്‌ ന്യൂട്രാലിറ്റി സന്ദിഗ്‌ദ്ധാവസ്ഥ നരിടുക, പത്ര സ്വാതന്ത്യവും എഡിറ്റോറിയൽ ഇന്റെഗ്രിറ്റിയിലും അപകട സൂചന, ഒക്കെ അപര്യാപ്‌തമായ ജനാധിപത്യത്തിന്റെ മുന്നറിയിപ്പാണ്. സ്വതന്ത്ര ചിന്തകരായ ഗൗരി ലങ്കേഷ്, കൽബുർഗി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദബോൽക്കർ ഒക്കെ ക്രൂരമായി വധിക്കപ്പെട്ടത് ഒരു അജന്തയുടെ ഭാഗം തന്നെയാണ് എന്നാണ് വെളിവാക്കുന്നത്. പത്ര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ, 180 രാജ്യങ്ങളിൽ വച്ച് 136 ആം സ്ഥാനമാണ് ഇന്ത്യക്കു നൽകപ്പെട്ടത്.

പാർലമെന്ററി സംവിധാനത്തെ അവഗണിക്കുക

ബജറ്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, പാർലമെന്റിന്റെ അകത്തളത്തിൽ തന്നെ ഉപവാസ സമരം എന്ന നാടകം അരങ്ങേറിയത് കാണുകയുണ്ടായി. സഭയുടെ പുറത്തു ബിജെപി നേതാക്കൾ ദേശവ്യാപകമായ സമരവും പ്രഖ്യാപിച്ചു. സഭയിൽ ദുർബലമായ കോൺഗ്രസ് പാർട്ടി, പാർലമെൻറ്ററി സംവിധാനത്തെ വെല്ലുവിളിച്ചു തടസ്സങ്ങൾ സൃഷ്ടിക്കുന്നു എന്നായിരുന്നു പരാതി. ദളിതർക്കുനേരെ രാജ്യത്തുടനീളം നടക്കുന്ന പീഡനങ്ങൾ‍, വർഗീയ സംഘർഷം എന്നീ വിഷയങ്ങളിൽ കോൺഗ്രസ് പാർട്ടി എടുത്ത കടുത്ത സമരപരിപാടികളെ പൊളിക്കുക എന്നതായിരുന്നു ഉദ്ദേശം. ജനാധിപത്യത്തിന്റെ അന്തകരെ തുറന്നു കാട്ടുകയായിരുന്നു എന്നാണ് പ്രധാനമന്ത്രികോൺഗ്രസ് സമരത്തെ ആക്ഷേപിച്ചത്. ഇതിനിടെ വലിയ ചർച്ചകളോ ഒന്നുമില്ലാതെ ബഹളത്തിനിടെ ബജറ്റ് പാസ് ആയി. ഗൗരവമായ ഒരു കാര്യത്തിനും ചോദ്യമോ ഉത്തരമോ ഉണ്ടായില്ല. അത്യാവശ്യം കാര്യങ്ങൾ ഒക്കെ ക്യാഷ് ബേസിസിൽ സ്പെഷ്യൽ ഓർഡിനൻസ് ആയി മുന്നോട്ട് പോയി. ഇത് പാർലമെൻറ്ററി സംവിധാനത്തെ കളിയാക്കുക ആയിരുന്നു എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജനപ്രതിനിധി സഭകൾ, അവയുടെ സബ് കമ്മറ്റികൾ ഒക്കെ വെറും ഉണ്ടുപിരി കമ്മറ്റികളായി അധഃപതിച്ചു എന്ന് വേണം വിലയിരുത്താൻ. ഇവിടെ ജനാധിപത്യ മര്യാദകൾ കടപുഴകുന്നത് വെറുതേ നോക്കി നിൽക്കാനേ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും സാധിച്ചുള്ളൂ.

വേണ്ടത്

ചായ തിളപ്പിക്കുമ്പോൾ പാത്രം നിറയെ വെള്ളം നിറക്കാറില്ല, വെള്ളം വെട്ടി തിളക്കാനുള്ള ആവശ്യംഇടം നിലനിർത്തേണ്ടതുണ്ട്. അടുപ്പിനു താങ്ങാനാവുന്നതിൽ കൂടുതൽ വെള്ളം കയറ്റി വയ്ക്കരുത്. തിളക്കലിന്റെ ചിലമ്പല്‍ കേൾക്കുമ്പോൾ ശ്രദ്ധിക്കുക!! ചായ പാകത്തിനു ചൂടും കടുപ്പവും ഉണ്ടായിരിക്കണമെങ്കിൽ ജാഗ്രത കൈവിടാതിരിക്കണം. ഇന്ത്യൻ ജനാധിപത്യത്തിന് ചൂടു പിടിച്ചെങ്കിൽ നിതാന്തമായ ജാഗ്രത അതാവശ്യം ഉണ്ടാവണം.

അഴിമതിക്ക് കനത്ത തിരിച്ചടിയെന്നോണം ഭരണത്തിലെത്തിയ മോഡി സർക്കാരിന്റെ പേരിൽ അങ്ങനെ പറയത്തക്ക കുംഭകോണ ആരോപണങ്ങൾ ഒന്നും ഇല്ല എന്നത് ശുഭകാര്യo, ഹിന്തുവതയുടെ പേരിൽ തീവ്രവാദികൾ കുത്തിപ്പൊക്കുന്ന അസഹിഷ്ണുതകൾ നിയന്ത്രിക്കുകയും ന്യൂനപക്ഷത്തെ ഉൾകൊള്ളാൻ ശ്രമിക്കയും ചെയ്താൽ ഇന്ത്യക്കു നന്മയുള്ള സംവത്സരങ്ങൾ പ്രതീക്ഷിക്കാം. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തെ തിളക്കമുള്ളതാക്കും. എന്നാൽ കോൺഗ്രസ് പാർട്ടി ഇപ്പോഴും അവരുടെ ശീലദോഷങ്ങൾ മാറ്റാൻ ശ്രമിക്കാത്തതും, കുടുംബ വാഴ്ചക്കും, അഴിമതിക്കും നേരെ ഉറച്ച സമീപനം എടുക്കാത്തതും ആ ഗ്രാൻഡ് ഓൾഡ് പാർട്ടിയെ വെറും നഴ്‌സറിസ്കൂൾ നിലവാരത്തിലേക്ക് തരം താഴ്ത്തുകയാണ്. പ്രാദേശിക പാർട്ടികളുടെ സംയുക്ത നിലപാടുകൾ പലപ്പോഴും ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ സഹായകമായിട്ടില്ല. അൽപായുസ്സായ അത്തരം കൂട്ടുകെട്ടുകളേക്കാൾ ദേശീയ വീക്ഷണമുള്ള ശക്തമായ ഒരു രാഷ്ട്രീയ നീക്കം ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം.

ശുഭപ്രതീക്ഷകൾ

ഇത്രയും വൈവധ്യമായ ജനതതിയും ഭൂരിഭാഗവും ഉള്ളതിനാൽ ഒരു സൈന്യത്തിനു പോലും ശക്തമായി ഭരണം എല്ലാ ഭാഗങ്ങളിലും ഒരുപോലെ ചെലുത്താനാവില്ല എന്ന ഗുണകരമായ ഒരു തോന്നൽ, തൽക്കാലം രാജ്യത്തെ എല്ലാ തിരഞ്ഞെടുക്കപ്പെട്ട ജാനാധിപത്യ സംവിധാനങ്ങളും കോട്ടമില്ലാതെ പ്രവർത്തിക്കുന്നു. മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങില്ലാതെ പ്രവർത്തിക്കുവാനുള്ള കരുത്ത് നഷ്ടപ്പെട്ടില്ല. ശുഭകരമായ പ്രതീക്ഷകൾ വന്നു നിറയുമ്പോഴും ജാഗ്രതയോടെ ഉണർന്നിരിക്കേണ്ട സമയം ഉറക്കം നടിച്ചിരിക്കുവാൻ പാടില്ല. നല്ല ഒരു ജനമുന്നേറ്റത്തിനു രാജ്യത്തിന്റെ ജനധിപത്യം സംരക്ഷിക്കാനാവും.