ദുഷ്ടുകിടക്കെ വരട്ടും വൃണമതു പൊട്ടും പിന്നെയുമൊരുസമയത്തില്‍ / ഡോ. എം. കുര്യന്‍ തോമസ്

Dr. M. Kurian Thomas 1

അങ്ങിനെ മലങ്കരസഭയുടെ അസോസിയേഷന്‍ സെക്രട്ടറി തിരഞ്ഞെടുപ്പും കഴിഞ്ഞു. 2017-ലെ മലങ്കര സഭയിലെ തിരഞ്ഞെടുപ്പു പ്രക്രിയയും അതോടെ പൂര്‍ത്തിയായി. മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിച്ചത് ഏതാണ്ട് അതിന്റെ ദൗത്യം പൂര്‍ത്തിയാക്കി. കലഹത്തിന്റെ ആത്മാവിനുപകരം അനുരജ്ഞനത്തിന്റെ ആത്മാവ് മലങ്കരസഭമേല്‍ വ്യാപരിക്കുമെന്ന ശുഭപ്രതീക്ഷ നസ്രാണികള്‍ക്കിടയില്‍ രൂഡമൂലമായി. അന്ധകാരത്തില്‍ ഇരുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു എന്ന സ്ഥിതിയിലാണ് അസോസിയേഷനും അനുബന്ധ തിരഞ്ഞെടുപ്പുകളും പൂര്‍ത്തിയായ ഈ അവസരത്തെ ശരാശരി നസ്രാണി കണക്കാക്കുന്നത്.

മലങ്കര സഭ ശരിക്കും ജീര്‍ണ്ണതയുടെ കയത്തിലായിരുന്നു എന്ന വസ്തുത അംഗീകരിച്ചേ മതിയാവു. അതിന്റെ പാരമ്യതയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ദൃശ്യമായത്. മാനേജിംഗ് കമ്മറ്റിയില്‍ ഇതഃപര്യന്തം ഉണ്ടാകാത്ത അനിഷ്ഠ സംഭവങ്ങള്‍, വൈദീകരുടെ തെരുവുനൃത്തം…. അച്ചടക്കരാഹിത്യം നടമാടുന്ന ദുരവസ്ഥ.

ഇതൊരുപക്ഷേ ചരിത്രത്തിന്റെ അനിവാര്യത ആയിരിക്കാം. കാരണം മലങ്കരസഭയുടെ ഈ അവസ്ഥയെ താരതമ്യം ചെയ്യാവുന്നത് ധനശാസ്ത്രത്തിലെ വാണിജ്യചക്രവുമായി (Trade Cycle) മാത്രമാണ്.
~ഒരു സാമ്പത്തിക വ്യവസ്ഥിതിയില്‍ ഉയര്‍ച്ചകളും താഴ്ചകളും ചാക്രികമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാണിജ്യചക്രത്തിന്റെ അടിസ്ഥാന തത്വം. ഉയര്‍ച്ചയുടെ (Prospirity) പാരമ്യതയില്‍നിന്നും മാന്ദ്യത്തിലേയ്ക്കുള്ള (Depression) വീഴ്ച ആരംഭിക്കും. ഇത്തരം ഗതിമാറ്റങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിയന്ത്രിക്കപ്പെടാത്ത വളര്‍ച്ചപോലും അതിനൊരു കാരണമാണ്. ഭരണസംവിധാനത്തിന്റെ ദൗര്‍ബല്യം, ഘടനയുടെ ദ്രവീകരണം, ലക്ഷ്യബോധമില്ലായ്മ, അച്ചടക്കരാഹിത്യം, ധൂര്‍ത്ത് മുതലായവും ഈ ഗതിവ്യതിയായനത്തിനു ഹേതുവാകും.

അഭിവൃദ്ധിയുടെ കാലത്തുനിന്നും പിന്‍വലിയലിലേയ്ക്കു (Recession) ധനചക്രം ഗതിമാറുമ്പോള്‍ അതിനെ തിരിച്ചൊഴുക്കാന്‍ പല തിരുത്തല്‍ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. വ്യക്തവും കൃത്യവുമായ അത്തരം നടപടികളിലൂടെ പിന്‍വലിയല്‍ മാന്ദ്യത്തിലേയ്ക്കു മുന്നേറുന്നതിന്റെ വേഗത കുറയ്ക്കുകയോ പിടിച്ചു നിര്‍ത്തുകയോ മാത്രമല്ല, വീണ്ടും ധനചക്രത്തെ തിരിച്ചു അഭിവൃദ്ധിയുടെ പാതയിലേയ്ക്കു നയിക്കാനും സാധിക്കും. പലപ്പോഴും ഛേദനം (Amputation) തന്നെ തിരുത്തലിനായി വേണ്ടിവരും. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ മാന്ദ്യത്തിനു ആക്കംകൂട്ടുക മാത്രമല്ല, പലപ്പോഴും വ്യവസ്ഥിതിയെ പാടെ തകര്‍ക്കുകകൂടി ചെയ്യും.

ഈ സിദ്ധാന്തത്തില്‍ ധനകാര്യം എന്നതിനു പകരം സഭാകാര്യം എന്നാക്കി മലങ്കര സഭ ഇന്ന് എവിടെ നില്‍ക്കുന്നു എന്നു പരിശോധിച്ചാല്‍ സമ്പൂര്‍ണ്ണ മാന്ദ്യത്തിന്റെ വക്കില്‍ എന്നുതന്നെ പറയേണ്ടിവരും. 1980-കളിലെ സുവര്‍ണ്ണയുഗത്തില്‍ നിന്നും പ്രതിലോമ വികസനത്തിലേയ്ക്കു മലങ്കരസഭയ്ക്കു ദിഗ്ഭൃംശം സംഭവിച്ചതിനു പല കാരണങ്ങള്‍ ഉണ്ട്. അവയൊന്നും ഇവിടെ പരാമര്‍ശന വിധേയമാക്കേണ്ടതില്ല. 1970-80-കളെ അപേക്ഷിച്ച് കേസുകളും അനുബന്ധ പ്രശ്‌നങ്ങളും നിയന്ത്രണ വിധേയമായിട്ടും, സഭാംഗങ്ങളുടേയും തദ്വാരാ സഭയുടേയും സാമ്പത്തികനില മെച്ചപ്പെട്ടിട്ടും സഭാ സംവിധാനം വളരുകയായിരുന്നില്ല, മറിച്ച് അനുദിനം തകരുകയായിരുന്നു. പ. ദിദീമോസ് പ്രഥമന്‍ ബാവായുടെ തപഃശക്തിക്കോ പ. പൗലൂസ് ദ്വിതീയന്‍ ബാവായുടെ ഊര്‍ജ്ജസ്വലതയ്‌ക്കോ ഒരു പരിധിയിലധികം ഈ വീഴ്ചയെ തടഞ്ഞുനിര്‍ത്താനായില്ല എന്നതാണ് സത്യം. ഇടയ്ക്കു കടന്നുകൂടിയ തെറ്റായ ഘടകങ്ങളും, നിഗമനങ്ങളും, നയങ്ങളും, വ്യക്തികളുമാണ് ഇത്തരമൊരു വിഷാദാത്മക സ്ഥിതിയിലേയ്ക്കു സഭയെ നയിച്ചതും, സഭാദ്ധ്യക്ഷന്മാര്‍ക്ക് മാന്ദ്യം തടായാനവാതെ പോയതും.

മലങ്കരസഭയുടെ സ്ഥിതി ഗുരുതരമാണന്നതില്‍ രണ്ടുപക്ഷമില്ല. താരതമ്യേന ചെറുപ്രായത്തില്‍ അത്യുന്നത മഹാപുരോഹിത സ്ഥാനത്തെത്തിയ പ. പൗലൂസ് ദ്വിതീയന്‍ ബാവായ്ക്ക് ഇനിയും പ. സഭയെ രക്ഷിയ്ക്കാന്‍ ധാരാളം അവസരങ്ങളുണ്ട്. അതിനുള്ള വേദിയൊരുക്കലായിരുന്നു 2017-ലെ തിരഞ്ഞെടുപ്പുകള്‍. ചില്ലറ ചികിത്സകൊണ്ടും മരുന്നുകൊണ്ടും ഭേദമാവുന്ന ഒന്നല്ല മലങ്കരസഭയുടെ അസുഖം. അങ്ങിനെ ചെയ്തു താല്‍ക്കാലിക ശമനം ഉണ്ടാക്കിയിട്ടും കാര്യമില്ല. അവയൊക്കെ താമസമന്യേ വീണ്ടും തലപൊക്കും. ധനശാസ്ത്രത്തിലെപോലെ ദീര്‍ഘകാല പദ്ധതിയും നയവുമാണ് ആവശ്യം. കൂട്ടത്തില്‍ അവയുടെ ഫലപ്രദമായ നടപ്പാക്കലും.

ആയുര്‍വേദ വിധിപ്രകാരം മലങ്കര സഭ ഇന്നു ചെന്നെത്തിനില്‍ക്കുന്ന ഈയൊരവസ്ഥയെപ്പറ്റിയും അതിന്റെ പ്രതിവിധിയേപ്പറ്റിയും കിരാതം തുള്ളലില്‍ കുഞ്ചന്‍ നമ്പ്യാര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്.

ഇത്തരമുള്ളൊരു ഗര്‍വ്വു ശമിപ്പാന്‍
ഇത്തിരപാകം വന്നേതീരു
യുദ്ധംചെയ്തു തളര്‍ച്ചവരുമ്പോള്‍
ബുദ്ധിയില്‍ നല്ല വിവേകവുമുണ്ടാം
പാരംവന്നുപഴുത്തോരകിടിനു
നീരുംകെട്ടിയുറച്ചുചമഞ്ഞാല്‍
ക്ഷാരംവെച്ചു പഴുപ്പിച്ചവിടെ
ദ്വാരംവെച്ചു മൃദുത്വംവന്നാല്‍
വ്യാധിയെടുത്തു കളഞ്ഞതിനകമേ
ശോധനവന്നാലുടനെതന്നെ
വരളാനുള്ള കുഴമ്പുമതിന്മേല്‍
പിരളുംനേരം താനേ വരളും;
……………………………………..
ദുഷ്ടുകിടക്കെ വരട്ടും വൃണമതു
പൊട്ടുംപിന്നെയുമൊരുസമയത്തില്‍;

ഇവിടെ ഗര്‍വ്വ് എന്തെന്നൊ ആരെന്നോ തിരക്കേണ്ട ആവശ്യമില്ല. മലങ്കര സഭയ്ക്ക് പൊതുവായുണ്ടായ അപചയം എന്നു അതിനെ കണക്കാക്കിയാല്‍ മതി. അതിനു ഹേതുവായ പല ഘടകങ്ങള്‍ ഉണ്ട്. അവയെ നീരുംകെട്ടിയുറച്ചുചമഞ്ഞ ജീര്‍ണ്ണതയെ പഴുപ്പിച്ചു പുറത്തുകളായാനുള്ള ക്ഷാരം ആയി പരിഗണിച്ചാല്‍ മതി. ഇത്തവണത്തെ മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുപ്പു മുതല്‍ ഉള്ളിലെ പഴുപ്പു പുറത്തുവരുന്ന പ്രക്രിയയാണ് കണ്ടത്.

ആരോപണപ്രത്യാരോപണങ്ങളും വ്യക്തിഹത്യകളും പുറത്തുവന്ന വ്യാധിയുടെ ദുര്‍ഗ്ഗന്ധമാണ് പേറിയത്. അതോടൊപ്പം സഭയ്ക്ക് ഒരു ശസ്ത്രക്രിയയുടെ അടിയന്തര ആവശ്യവും അതു വെളിപ്പെടുത്തി. അതിന്റെ പരിസമാപ്തിയായി വ്യാധിയെടുത്തു കളയുന്ന പ്രക്രിയയാണ് ഇന്നു പൂര്‍ത്തിയായത്. അതോടൊപ്പം അതിനു ഹേതുവായ ക്ഷാരവും പുറത്തുപോയി. സഭ ശുദ്ധമായി. അതു അനിവാര്യമായിരുന്നു. കാരണം ശസ്ത്രക്രിയ കൂടാതെ ഇനിയൊരു മുറിവുണക്കല്‍ തികച്ചും അപകടകരമായേനെ. … ദുഷ്ടുകിടക്കെ വരട്ടും വൃണമതു പൊട്ടും പിന്നെയുമൊരുസമയത്തില്‍ … എന്നതു തികച്ചും വ്യക്തമായിരുന്നു. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ സഭയുടെ ജീവന്‍തന്നെ തുലാസില്‍ ആടിയേനേ. അത്തരമൊരു അത്യാഹിതമാണ് – ഇസഡ്. എം. പാറേട്ടിന്റെ വാക്കുകളില്‍ – രണ്ടു സഹസ്രാബ്ദമായി മലങ്കരസഭയെ കാത്തു പരിപാലിക്കുന്ന പ്രതികാരപ്രേമി ഇല്ലാതാക്കിയത്.

ഇതുകൊണ്ടു കാദീശ്‌ല ഈത്തോ – സഭയുടെ ശുദ്ധീകരണം – പൂര്‍ത്തിയായി എന്നാരും കരുതേണ്ട. ഇനിയും പല ചെറുവൃണങ്ങളും പൊട്ടിയൊലിച്ചു പോകാനുണ്ട്. പലതും മുറിച്ചു മാറ്റാനുണ്ട്. പക്ഷേ വിദഗ്ദമായ ചികിത്സകൊണ്ടു അവയെ ഭേദപ്പെടുത്താവുന്നതേയുള്ളു. മേശക്കു വെയ്ക്കുന്ന വെണ്‍മണി വര്‍ക്കിയും രായസം കൊച്ചുവര്‍ക്കിയും അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത് അത്തരമൊരു കായകല്പ ചികിത്സ അനിവാര്യമാണ്. അക്കാര്യത്തില്‍ പ. പിതാവും പുതിയ അഷ്ടവൈദ്യന്മാരും നടത്തുന്ന വിദഗ്ദചികിത്സയാണ് മലങ്കരസഭയുടെ ഭാവി നിര്‍ണ്ണയിക്കുന്നത്. ആ ചികിത്സാവിധിയിലേയ്ക്കാണ് ഇന്ന് നസ്രാണികള്‍ ഉറ്റുനോക്കുന്നത്.

ധനതത്വശാസ്ത്ര സിദ്ധാന്തപ്രകാരം മാന്ദ്യത്തിന്റെ പരമകാഷ്ടയില്‍നിന്നു വാണിജ്യചക്രത്തിന്റെ തിരിച്ചുവരവിന് ഒരു ത്വരകം (Catalyst) പലപ്പോഴും ഉത്തേജകവും വഴിത്തിരിവുമാകും. ഇത് പലപ്പോഴും മനഃശാസ്ത്രപരമായ ഒരു പ്രതിഭാസം മാത്രമായിരിക്കും. അവ മിക്കവാറും നിസാരവും അപ്രസക്തവുമായ ചെറിയ സംഭവങ്ങളായിരിക്കും. 1920-കളിലെ മഹാമാന്ദ്യത്തില്‍നിന്നും (The Great Depression) അമേരിക്ക കരകയറാന്‍ ആരംഭിച്ചത് അന്ന് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായി ന്യൂയോര്‍ക്കിലെ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് പണി ആരംഭിക്കുന്നു എന്ന പ്രഖ്യാപനം മൂലമായിരുന്നു എന്ന് ചില ധനശാസ്ത്രവദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇത്തരമൊരവസ്ഥയെപ്പറ്റി യെശയ്യാ പ്രവചനവും ഘോഷിക്കുന്നുണ്ട്. …ദുഃഖത്തിലാണ്ടുപോയവരുടെ അന്ധകാരം നീങ്ങിപ്പോകും. സെബുലൂന്റെയും നഫ്താലിയുടേയും ദേശങ്ങളെ ദൈവം നിന്ദ്യമാക്കി. എന്നാല്‍ അവിടുന്നു ശക്തിപ്പെട്ടു സമുദ്രത്തിലേയ്ക്കുള്ള പാതയെ, യോര്‍ദ്ദാന്‍ നദീതീരങ്ങളെ, ജാതികളുടെ ഗലീലായെ, താന്‍ ശക്തമാക്കും. അന്ധകാരത്തില്‍ ഇരുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു. അന്ധകാരസ്ഥലത്തു ഇരുന്നവരുടെമേല്‍ പ്രകാശം ശോഭിച്ചു. … ( യെശ. 9: 1 – 2 പ്ശീത്താ)

മലങ്കരസഭയുടെ കാര്യത്തിലും ഇന്ന് മഹാമന്ദ്യത്തില്‍നിന്നും കരകയറാന്‍ അപ്രകാരം ഒരു ത്വരകം ഉണ്ടായിരുന്നു. ചരിത്രത്തില്‍ ഒരിക്കലും രേഖപ്പെടുത്തില്ലാത്ത ഒരു നിസാര സംഭവം. 2016 മെയ് 24-നു കേവലം നാലു നസ്രാണി മാപ്പിളമാര്‍ തമ്മിലുണ്ടായ ഒരു കൂടിക്കാഴ്ചയായിരുന്നു ആ ത്വരകം. ആ സമ്മേളനം തടയിട്ടത് മലങ്കരസഭയുടെ അധോഗതിയിലേയ്ക്കുള്ള പ്രയാണത്തിനായിരുന്നു. മലങ്കര സഭയെ വളര്‍ച്ചയുടെ പാതയിലേയ്ക്ക് – സുവര്‍ണ്ണ യുഗത്തിലേയ്ക്ക് – വീണ്ടും കൈപിടിച്ചുയര്‍ത്താന്‍ പ. പിതാവിനോടൊപ്പം ഒരു പുതിയ ഭരണസംവിധാനം ഉണ്ടായി എന്നതാണ് അതിന്റെ ത്വരിതഫലം. ഇനി അതിന്റെ ദീര്‍ഘകാലഫലങ്ങള്‍ മലങ്കരസഭയ്ക്ക് അനുഭവവേദ്യമാക്കേണ്ടത് ഈ ഭരണസംവിധാനത്തിന്റെ ബാദ്ധ്യതയും കഴിവും. അന്ധകാരത്തില്‍ ഇരുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു എന്ന പ്രവചനം അന്വര്‍ത്ഥമാക്കാനുള്ള സുവര്‍ണ്ണാവസരം.