യസിദികള്‍ മലയാള സാഹിത്യത്തില്‍ / ഡോ. എം. കുര്യന്‍ തോമസ്

ഇറാക്കിലും സിറിയായിലും ഐസിസിന്‍റെ ഭീകരതാണ്ഡവം ആരംഭിച്ചതോടെയാണ് യസിദികള്‍ എന്ന മത-വംശീയ ന്യൂനപക്ഷത്തെ ലോകമറിയുന്നത്. ഇറാക്കില്‍ മാത്രം കാണപ്പെടുന്ന ഈ അതിന്യൂന പക്ഷത്തിനു യഹൂദ-ക്രിസ്ത്യന്‍-ഇസ്ലാം എന്നീ സെമറ്റിക് മതങ്ങളുമായി ബന്ധമില്ല. സെറവസ്ട്രിയനിസം സ്വാധീനിച്ച പ്രാചീന മെസപ്പെട്ടോമിയന്‍ മതവിശ്വാസമാണ് ഇവര്‍ പിന്തുടരുന്നത്. വംശീയമായി ഇവര്‍ കുര്‍ദ്ദുകളാണെന്നു പറയപ്പെടുന്നുണ്ടെങ്കിലും കുര്‍ദ്ദീഷ് സംസ്കാരവു മായി ഇവര്‍ക്ക് പറയത്തക്ക ബന്ധമൊന്നുമില്ല.
പേര്‍ഷ്യന്‍ ഭാഷയില്‍ യസാദാന്‍ എന്ന വാക്കിന് ആരാധിക്കാന്‍ യോഗ്യം എന്നാണ് അര്‍ത്ഥം. യാര്‍സനിസം, ഇഷിക്കിസം എന്നിങ്ങനെ ഇന്നു രണ്ടു ചിന്താഗതികളുണ്ടെങ്കിലും യസിദിസത്തിന്‍റെ അടിസ്ഥാന വിശ്വാസം ഒന്നു തന്നെ യാണ്. ഭൗതികലോകത്തില്‍ നിന്നും തീര്‍ത്തും സ്വതന്ത്രമായ ഒരു ദൈവമാണ് പ്രപഞ്ചം ഭരിക്കുന്നത് എന്നാണ് യസിദി വിശ്വാസം. അദ്ദേഹമാണ് പ്രപഞ്ചത്തെ ഒരുമിച്ചു നിര്‍ത്തുന്നത്. അദ്ദേഹം ഏഴു ദൂതന്മാരിലൂടെ പ്രത്യക്ഷനാകുന്നു. മാലേക് തൗസ് അഥവാ മയില്‍ മാലാഖയാണ് ഇവരില്‍ മുഖ്യം. യസിദി വേദശാസ്ത്രത്തിലെ പ്രധാന ആരാധനാ മൂര്‍ത്തിയും മാലേക് തൗസ് ആണ്. ഇതില്‍നിന്നും അവര്‍ മയിലിനെ ആരാധിക്കുന്നവരാണെന്ന വിശ്വാസം ഇതര മതസ്ഥര്‍ക്കിടയില്‍ കടന്നുകൂടി. ബാബാ ഷെയ്ക്ക് എന്ന സ്ഥാനിയാണ് യസിദികളുടെ മുഖ്യ പുരോഹിതനും ആത്മീയ-ലൗകിക ഭരണാധികാരിയും ന്യായാധിപനും.
തികച്ചും യാഥാസ്ഥിതികരായ യസിദികളെപ്പറ്റി പുറംലോകത്തിനു കാര്യമായ അറിവുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അവരുടെ വ്യതിരിക്തമായ ആരാധനാരീതികള്‍ മൂലം പിശാചിനെ ആരാധി ക്കുന്നവര്‍ എന്ന രീതിയില്‍ ഭയപ്പാടോടെയാണ് അന്യര്‍ അവരെ വീക്ഷിച്ചിരുന്നത്. ഇസ്ലാമിന്‍റെ പ്രചാരണത്തോടെ വടക്കന്‍ ഇറാക്കിലെ അപൂര്‍വം പോക്കറ്റുകളിലായി ഒതുങ്ങിയ യസിദികളുടെ മുഖ്യ കേന്ദ്രങ്ങളായിരുന്നു ടെല്‍ കെയ്ഫ്, ബഷീക്കാ എന്നീ സ്ഥലങ്ങള്‍.
അയല്‍വാസികള്‍ക്കു പോലും അപരിചിതരായ യസിദികള്‍ കുറ ഞ്ഞതു രണ്ടു തവണയെങ്കിലും മലയാള സഞ്ചാരസാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയിലൊന്നിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്നത് തികച്ചും കൗതുകകരമായ വാര്‍ത്തയാണ്. മെത്രാന്‍ സ്ഥാനം സ്വീകരിക്കുവാന്‍ ടര്‍ക്കിയിലെ ഡയര്‍ബക്കറിലേയ്ക്കു പോയ കുന്നംകുളം പുലിക്കോട്ടില്‍ ഇട്ടൂപ്പ് കത്തനാരുടെ (പിന്നീട് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ) ഒരു പരദേശയാത്രയുടെ കഥ എന്ന യാത്രാവിവരണത്തിലാണ് യസിദികള്‍ മലയാള ഭാഷയില്‍ ആദ്യം പരാമര്‍ശിക്കപ്പെടുന്നത്. കൊല്ലവര്‍ഷം 1038 കുംഭ മാസം 27-ന് കുന്നംകുളത്തു നിന്ന് ആരംഭിച്ച് 1040 തുലാം 20-ാം തീയതി അവസാനിച്ച (1862-1864) യാത്രയ്ക്കിടയിലാണ് അദ്ദേഹം യസിദികളെ കണ്ടുമുട്ടിയത്. ഒരു പരദേശയാത്രയുടെ കഥയിലെ പ്രസക്ത ഭാഗം:

dionysius_ii_pulikkottil
… (കൊല്ലവര്‍ഷം 1038) കര്‍ക്കടകം 10-ാം തീയതി തൂറാദ് അല്പെപ്പു എന്ന ദയറാ കാണ്മാണ്‍ നാം മെത്രാപ്പോലീത്തായോടു കൂടി പോയി. ഈ ദയറാ മാര്‍ മത്തായി എന്ന പരിശുദ്ധന്‍റെ ഉപയോഗത്തിനായി പണിയിച്ചതാണ്. ഇതു മൂസലില്‍ നിന്നു വടക്കുകിഴക്കു ഏകദേശം പന്ത്രണ്ടുനാഴിക ദൂരത്തില്‍ ഒരു മലയിന്‍മേലാണ്. അതിരാവിലെ പുറപ്പെട്ടു ഒമ്പതു മണിയായപ്പോള്‍ ബഹശീക്കാ എന്ന പട്ടണത്തിലെത്തി. ഇവിടെ സുറിയാനിക്കാരുടെ വക ഒരു പള്ളിയും 150 കുടുംബങ്ങളുമുണ്ട്. അന്യമതസ്ഥന്മാരായി ഇവിടെ ആരുമില്ല. ദയറായോടു അടുത്തപ്പോള്‍ ഞങ്ങള്‍ ഒരു പുതിയ ജാതിക്കാരെ കണ്ടു. ഇവരുടെ പേരു ഇസ്സീദികള്‍ എന്നാണ്. ഇവരുടെ കൂട്ടം കിടക്കുന്നതു ദയറായ്ക്കു വടക്കുള്ള മലകളിലാണ്. പല സ്ഥലങ്ങളിലായി ഇവരുടെ വക ഏകദേശം പതിനായിരം വീടുകളോളം കാണും. ഇവര്‍ മുസല്‍മാന്മാരെക്കാള്‍ ക്രൌര്യവും ശൗര്യവും കൂടുന്നവരാണ്. ഇവര്‍ വന്ദിക്കുന്നതു സ്വര്‍ണ്ണംകൊണ്ടുണ്ടാക്കപ്പെട്ട ഒരു മയിലിനെയാണു. ഇതിന്‍റെ നേരെ ഇവര്‍ക്കുള്ള ഭക്തി അനന്യസാധാരണമാണ്. ഇവരുടെ ക്ഷേത്രത്തില്‍ പൂജ കഴിക്കാനായി ഒരാളുണ്ട്. ഈ പൂജാരിയേയും ഇവര്‍ക്കു വലിയ കാര്യമാണ്. ഇവര്‍ വിഗ്രഹാരാധനക്കാരെന്നോ പിശാചിനെ വന്ദിക്കുന്നവരെന്നോ ഇവര്‍ കേള്‍ക്കെ ആരെങ്കിലും പറഞ്ഞാല്‍ നിശ്ചയമായി ഇവര്‍ അവനെ കൊല്ലാതെ അടങ്ങുന്നതല്ല. ഇവര്‍ക്കു സുറിയാനിവൈദികന്മാരുടെ നേരെ നിഷ്ക്കപടമായ ഭക്തിയുണ്ട്. മെത്രാന്മാരുടെ അടുക്കല്‍ വരുമ്പോള്‍ ഇവര്‍ കൈമുത്തുകയും വളരെ വണക്കത്തോടെ നില്‍ക്കുകയും ചെയ്യും. മറ്റു ഒരു മതക്കാരെയും ഇവര്‍ കൂട്ടാക്കാറില്ല. ഇവരെ അന്യജാതിക്കാരില്‍ നിന്നു തിരിച്ചറിയുന്നതു ഇവരുടെ ഒരു പ്രത്യേക സമ്പ്രദായത്തിലുള്ള തലപ്പാവുകൊണ്ടാണു. ഈ മാതിരി തലപ്പാവു വേറെ ആരും ധരിക്കുന്നതല്ല. ഇവരില്‍ പത്തിരുപതു പേര്‍ നമ്മെയും മെത്രാപ്പോലീത്തായെയും കാണ്മാന്‍ വന്നു ചില സാമാനങ്ങള്‍ കാഴ്ചവെക്കുകയുണ്ടായി. …


എഴുതപ്പെട്ട കാലം കണക്കാക്കിയാല്‍ മലയാള ഭാഷയിലെ രണ്ടാമത്തെ യാത്രാവിവരണമായ ഒരു പരദേശയാത്രയുടെ കഥ 1901-ല്‍ എം. പി. വര്‍ക്കി എഴുതി പ്രസിദ്ധീകരിച്ച പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍റെ ജീവചരിത്രത്തിന്‍റെ ഭാഗമായാണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. അതിനുശേഷം എണ്‍പതു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വീണ്ടും യസിദികള്‍ മലയാള സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 1970-കളില്‍ ഇറാഖിലെ മൂസൂള്‍ മെഡിക്കല്‍ കോളജില്‍ മനഃശാസ്ത്ര അദ്ധ്യാപകനായിരുന്ന ഒരു മലയാളി സൈക്കോ എന്ന തൂലികാനാമത്തില്‍ എഴുതി 1980-ല്‍ പ്രസിദ്ധീകരിച്ച യുഫ്രട്ടീസ് ടൈഗ്രീസ് തീരങ്ങളില്‍ എന്ന യാത്രാവിവരണത്തിലാണ് ഇവരെപ്പറ്റി വീണ്ടും പരാമര്‍ശിക്കപ്പെടുന്നത്. അതിലെ പ്രസക്ത ഭാഗം:
… മൂസൂളില്‍നിന്ന് ഒരു മണിക്കൂര്‍ കാര്‍ യാത്രയേ ബഅഷിക എന്ന സ്ഥലത്തേയ്ക്കുള്ളു. ഒലിവ് വൃക്ഷത്തോട്ടങ്ങള്‍ക്കിടയിലുള്ള ഒരു ഗ്രാമമാണ് ബഅഷിക. ഈ പ്രദേശത്തെ ജനങ്ങള്‍ പരമ്പരാഗതമായി പിശാസുക്കളെ പൂജിക്കുന്നവരാണ്. പിശാസ് എന്നര്‍ത്ഥം വരുന്ന അറബി വാക്കാണ് ڇശൈതാന്‍.ڈ ഈ പ്രദേശത്തുകാര്‍ നിത്യ സംഭാഷണങ്ങ ളില്‍പോലും ڇശڈ എന്ന വാക്കുപയോഗിക്കുകയില്ല. മറ്റുള്ളവര്‍ അവരോടു സംസാരിക്കുമ്പോള്‍ ڇശڈ ഉപയോഗിക്കുന്നതവര്‍ക്കിഷ്ടവുമില്ല.
ഓരോ വര്‍ഷവും വസന്തകാലത്ത് ഒരു ദിവസം ഗ്രാമോത്സവമാണ്. ഈ ദിവസം ഗ്രാമമൊരു പട്ടണമായി മാറുന്നു. എല്ലാ റോഡുകളും ബഅഷികയിലേയ്ക്ക്. കാറുകളുടേയും മറ്റു വാഹനങ്ങളുടേയും ഘോഷയാത്ര. ഞങ്ങളും പുറപ്പെട്ടത് ഈ ദിനം തന്നെ. ഗ്രാമീണരായ സ്ത്രീകളും പുരുഷന്മാരും വര്‍ണ്ണപ്പകിട്ടുള്ള പുടവകളണിഞ്ഞു വട്ടമിട്ട് തൊട്ടുരുമ്മി നൃത്തം ചവിട്ടുന്ന ദൃശ്യങ്ങളാണെല്ലായിടത്തും. നിറപ്പകി ട്ടാര്‍ന്ന തലപ്പാവ് ധരിച്ച പുരുഷന്‍ പീപ്പിളി വായിക്കുകയും വാദ്യമേളക്കാര്‍ ڇദബ്ബ്ڈ മുട്ടുകയും ചെയ്യുന്നതനുസരിച്ചാണീ ദബ്ക്കാ നൃത്തം. കാണികളിലാര്‍ക്കും എപ്പോള്‍ വെണമെങ്കിലും ഈ നൃത്തത്തില്‍ പങ്കുചേരാം. മനുഷ്യവളയത്തിനടുത്തെത്തി രണ്ടുപേരുടെ കൈകള്‍ പിടിച്ചാല്‍ മാത്രം മതി. കേരളത്തിലെ നാട്ടിന്‍പുറങ്ങളിലുണ്ടാവുന്ന വേനല്‍ക്കാല ഉത്സവത്തിന്‍റെ പ്രതീതി. ദബ്ക്കാ നൃത്തത്തിനും കൈകൊട്ടിക്കളിക്കും സാദൃശ്യമുണ്ടെന്നു തോന്നുന്നു. …
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മൂന്നാം പാദത്തില്‍ കേവലം സാമാന്യ വിദ്യാഭ്യാസം മാത്രമുണ്ടാ യിരുന്ന, മലയാളവും സുറിയാനിയും ലേശം ഹിന്ദുസ്ഥാനിയും മാത്രം വശമുണ്ടായിരുന്ന, പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മെത്രാപ്പോലീത്തായുടെ വിവരണത്തെപ്പോലെ സൂക്ഷ്മാംശങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യ പാദത്തില്‍ എഴുതിയ ഉന്നത വിദ്യാഭ്യാസമുള്ള അദ്ധ്യാപകനായ സൈക്കോയുടെ കൃതിയില്‍ ഇല്ല എന്നതു ഖേദകരം തന്നെ. ഈ വ്യത്യാസം തന്നെയാണ് ഒരു പരദേശയാത്രയുടെ കഥയെ മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ യാത്രാവിവരണ ഗ്രന്ഥമാക്കുന്നതും.
മലയാളിക്ക് അഭിമാനിക്കാം. ഇറാഖിനു പുറത്ത് ലോകഭാഷകളില്‍ ആദ്യം യസിദികളെ അവതരിപ്പിച്ചത് മിക്കവാറും മലയാളത്തിലാവാം. അതും സൂക്ഷ്മാംശങ്ങളില്‍ കാര്യമായ തെറ്റും ഊഹാപോഹങ്ങളുമില്ലാതെ!