പാപ്പാ രാജിവെച്ചാല്‍…. / ഡോ. എം. കുര്യന്‍ തോമസ്

benedict_pope_resignpope_benedict_resign_1pope_benedict_resignpope_benedict

റോമന്‍ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ സ്ഥാനത്യാഗം ചെയ്തപ്പോള്‍ അത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വേറിട്ട ഒരു അനുഭവമായി. ചത്താലും കട്ടിലൊഴിയാതെ സിംഹാസനത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന മതാധികാരികള്‍ക്കും, ചോരപ്പുഴയില്‍ മുങ്ങിപ്പൊങ്ങിയാലും അധികാരക്കസേര വിട്ടൊഴിയാത്ത ഭരണാധികാരികള്‍ക്കും മുമ്പില്‍ അദ്ദേഹം കാണിച്ച മാതൃക തികച്ചും ഒരു ക്രൈസ്തവ സാക്ഷ്യമാണെന്നതില്‍ രണ്ടു പക്ഷമില്ല. ലോകമെമ്പാടുമുള്ള റോമന്‍ കത്തോലിക്കരുടെ അപ്രമാദിത്യമുള്ള സഭാദ്ധ്യക്ഷനും, വത്തിക്കാന്‍ എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിന്‍റെ ഭരണാധികാരിയുമായിരുന്നു അദ്ദേഹം എന്ന പശ്ചാത്തലത്തില്‍ വേണം ഈ സ്ഥാനത്യാഗത്തെ പരിഗണിക്കുവാന്‍.
പക്ഷേ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായുടെ സ്ഥാനത്യാഗ പ്രഖ്യാപനം ഒരു നിമിഷത്തേക്കെങ്കിലും റോമന്‍ കത്തോലിക്കാ സഭയെ ഞെട്ടിച്ചു എന്നത് ഒരു വസ്തുതയാണ്. എട്ടു നൂറ്റാണ്ടു കള്‍ക്കിടയ്ക്ക് ഒരിക്കലും സംഭവിക്കാത്ത മാര്‍പാപ്പായുടെ സ്ഥാനത്യാഗം റോമന്‍ കത്തോലിക്കാ സഭയുടെ ഭരണ സംവിധാനത്തില്‍ അപ്രതീക്ഷിതമായ അസ്വസ്ഥത സൃഷ്ടിച്ചു. മാര്‍പാപ്പാമാരുടെ മരണം, കബറടക്കം, ഇടക്കാല ഭരണം, തിരഞ്ഞെടുപ്പ്, സ്ഥാനാരോഹണം എന്നിവയ്ക്ക് അക്ഷരംപ്രതി പാലിക്കപ്പെട്ടുപോരുന്ന നിശ്ചിതമായ ക്രിയാസംഹിത രൂപപ്പെടുത്തിയിട്ടുള്ള റോമന്‍ കത്തോലിക്കാ സഭയ്ക്ക് ഈ നൂതന സാഹചര്യത്തെ നേരിടുവാന്‍ പെട്ടെന്ന് സാധിച്ചില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.
രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 1294-ല്‍ മാര്‍പാപ്പാ സ്ഥാനത്തേയ്ക്കു തിരഞ്ഞെടുക്കപ്പട്ട സെലസ്റ്റൈന്‍ അഞ്ചാമനാണ് രാജിവെച്ച അവസാനത്തെ പോപ്പ്. സന്യാസിയും ഏകാന്തവാസിയുമായിരുന്ന അദ്ദേഹത്തിനു മാര്‍പാപ്പാസ്ഥാനം തനിക്കു വഹിക്കാന്‍ സാദ്ധ്യമല്ല എന്ന തോന്നല്‍ ആദിമുതല്‍ ഉണ്ടായിരുന്നത്രെ. സ്ഥാനമേറ്റ് കാലവിളംബമെന്യേ ഇതു ബോദ്ധ്യപ്പെട്ട അദ്ദേഹം സ്ഥാനത്യാഗം ചെയ്ത് തന്‍റെ ആശ്രമത്തിലേയ്ക്കു സന്യാസിയായി മടങ്ങി. 1294 ഡിസംബറില്‍ അദ്ദേഹം രാജിവയ്ക്കുന്നതിനു മുമ്പ് മാര്‍പാപ്പാ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ കല്പനകളില്‍ നിലനില്‍ക്കുന്നത് രാജിവയ്ക്കാനുള്ള മാര്‍പാപ്പായുടെ അവകാശം ശരിവെച്ചുകൊണ്ടുള്ള ഒന്നു മാത്രമാണ്. ഈ കല്പന ഇറക്കി ഒരാഴ്ചയ്ക്കുള്ളില്‍ 1295 ഡിസംബര്‍ 13-ന് അദ്ദേഹം രാജിവെച്ചു. ചില ചരിത്രകാരന്മാരുടെ നിഗമനപ്രകാരം ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായെ കൂടാതെ സ്വമനസാലെ രാജിവെച്ച ഏക റോമാ പോപ്പും അദ്ദേഹമാണ്.
അതേസമയം മാര്‍പാപ്പായുടെ സ്ഥാനത്യാഗത്തെ എതിര്‍ക്കുന്ന അനേകം വിഭാഗങ്ങള്‍ അന്ന് ഉണ്ടായിരുന്നു. ഇവര്‍ സെലസ്റ്റൈന്‍ അഞ്ചാമനെ, തനിക്കെതിരെ വീണ്ടും പോപ്പാക്കി അവരോധിക്കുമോ എന്ന് അദ്ദേഹത്തിന്‍റെ പിന്‍ഗാമി ബോനിഫസ് എട്ടാമന്‍ ഭയപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തെ കാമ്പഞ്ഞ പ്രദേശത്തെ ഫ്യൂമോണ്‍ കൊട്ടാരത്തില്‍ ബോനിഫസ് എട്ടാമന്‍ തടവിലാക്കി. തടവില്‍ കിടക്കവേ പത്തു മാസത്തിനു ശേഷം 1296 മെയ് 19-ന് അദ്ദേഹം അന്തരിച്ചു. സെലസ്റ്റൈന്‍ അഞ്ചാമനെ തടവില്‍ വെച്ച് ബോനിഫസ് എട്ടാമന്‍ മാര്‍പാപ്പാ പീഡിപ്പിച്ചു കൊന്നതാണ് എന്ന ആരോപണം അന്നേ നിലവിലുണ്ടായിരുന്നു. ഏതായാലും 1313-ല്‍ റോമന്‍ കത്തോലിക്കാ സഭ അദ്ദേഹത്തെ ഒരു പരിശുദ്ധനായി പ്രഖ്യാപിച്ചു.
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ സെലസ്റ്റൈന്‍ അഞ്ചാമനില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടിരുന്നു എന്നത് നിശ്ചയമാണ്. 2009 ഏപ്രില്‍ 28-ന് സെലസ്റ്റൈന്‍ അഞ്ചാമന്‍റെ കബറിടം സ്ഥിതിചെയ്യുന്ന അക്വിലായിലെ സാന്താ മരിയാ ദ് കോളാഞ്ചിയോ കത്തീഡ്രല്‍ സന്ദര്‍ശിച്ച ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ തന്‍റെ സ്ഥാനാരോഹണ സമയത്തു ധരിച്ചിരുന്ന കമ്പിളികൊണ്ടുള്ള പാലിയം എന്ന സ്ഥാനവസ്ത്രം അദ്ദേഹത്തിന്‍റെ തിരുശേഷിപ്പില്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ ആ വര്‍ഷം ഓഗസ്റ്റ് 28 മുതല്‍ ഒരു വര്‍ഷക്കാലത്തെ സെലസ്റ്റൈന്‍ വര്‍ഷമായി അദ്ദേഹം പ്രഖ്യാപിച്ചു. വീണ്ടും അദ്ദേഹം 2010 ജൂലൈ 4-ന് അക്വിലായ്ക്കു സമീപമുള്ള സുള്‍മൊനാ കത്തീഡ്രല്‍ സന്ദര്‍ശിച്ചു സെലസ്റ്റൈന്‍ അഞ്ചാമന്‍ കൂദാശ ചെയ്തതും ഇപ്പോള്‍ അദ്ദേഹത്തിന്‍റെ തിരുശേഷിപ്പു സ്ഥാപിച്ചിരിക്കുന്നതുമായ അള്‍ത്താരയ്ക്കു മുമ്പില്‍ പ്രാര്‍ത്ഥിച്ചു.
അറിയപ്പെടുന്ന കാനോന്‍-വേദശാസ്ത്ര പണ്ഡിതനായ ബനഡിക്ട് പതിനാറാമന് തന്‍റെ രാജി റോമന്‍ കത്തോലിക്കാ സഭയില്‍ ഉയര്‍ത്തുന്ന താത്വിക പ്രശ്നങ്ങളേപ്പറ്റി അറിവില്ലായിരുന്നു എന്നു ചിന്തിക്കുന്നത് മൗഢ്യമാണ്. പക്ഷേ തന്‍റെ പ്രായവും അനാരോഗ്യവും ഉയര്‍ത്തുന്ന ബലഹീനത സഭാഭരണത്തെ ബാധിക്കരുതെന്ന വിശാലമായ കാഴ്ചപ്പാടും നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തെ തന്‍റെ സ്ഥാത്യാഗ തീരുമാനത്തില്‍ ഉറപ്പിച്ചു നിര്‍ത്തി.
യഥാര്‍ത്ഥത്തില്‍ അധികാരത്തിന്‍റെ പ്രാഭവ സ്ഥാനത്തേയും (ീൗൃരെല ീള മൗവേീൃശ്യേ) അതിന്‍റെ വിതരണ സമ്പ്രദായത്തേയും (റശൃശെേയൗശേീി ീള മൗവേീൃശ്യേ) പറ്റിയുള്ള കാഴ്ചപ്പാടാണ് മാര്‍പാപ്പായുടെ സ്ഥാനത്യാഗം, സ്ഥാനത്യാഗം ചെയ്ത മാര്‍പാപ്പായുടെ സഭയിലെ സ്ഥാനം ഇവയെപ്പറ്റി റോമന്‍ കത്തോലിക്കാ സഭയ്ക്ക് സങ്കീര്‍ണ്ണമായ താത്വിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. റോമാ സാമ്രാജ്യത്തിന്‍റെ ഭരണ സംവിധാനം സ്വീകരിച്ചിരിക്കുന്ന റോമന്‍ കത്തോലിക്കാ സഭയിലും, ആ സാമ്രാജ്യത്തിനുള്ളില്‍ രൂപംകൊണ്ട ഇതര സഭകളിലും ഈ പ്രശ്നം നിലവിലുണ്ട്. അപ്പോസ്തോലന്മാരില്‍ നിന്നും പരമ്പരയാ അവിശ്ചിന്നമായി കൈമാറിവരുന്ന പട്ടത്വ നല്‍വരം പ്രധാന മഹാപുരോഹിതന്മാരിലൂടെ മേല്പട്ടക്കാരിലും പട്ടക്കാരിലും സംക്രമിക്കുന്നു എന്ന വിശ്വാസത്തില്‍ സഭകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. ഒരിക്കല്‍ ദത്തമായ വൈദിക അധികാരം നഷ്ടമാകുന്നില്ല എന്നതിലും സഭകള്‍ക്കിടയില്‍ എതിരഭിപ്രായമില്ല.
പക്ഷേ റോമാ സാമ്രാജ്യത്തിലെ ഭരണ സമ്പ്രദായത്തില്‍ എല്ലാ അധികാരവും സീസറില്‍ കേന്ദ്രീകരിച്ചിരുന്നു. അദ്ദേഹം നിയോഗിക്കുന്നതനുസരിച്ച് അദ്ദേഹത്തിനു വേണ്ടി മാത്രമാണ് താഴേത്തട്ടു വരെയുള്ള അധികാരികള്‍ ഭരണം നടത്തിയിരുന്നത്. അധികാരത്തെപ്പറ്റി റോമന്‍ കത്തോലിക്കാ സഭ ഈ കാഴ്ചപ്പാടാണ് സ്വീകരിച്ചത്. റോമാ പാപ്പായില്‍ എല്ലാ അധികാരവും കേന്ദ്രീകരിച്ചു. അദ്ദേഹത്തിനു വേണ്ടി അദ്ദേഹത്താല്‍ നിയോഗിതരാകുന്ന മേല്പട്ടക്കാരും, അവരാല്‍ നിയോഗിതരാകുന്ന പട്ടക്കാരും അധികാരം നടത്തുക എന്ന സംവിധാനമാണ് അവിടെ നിലവിലുള്ളത്. നിയോഗിക്കപ്പെട്ട അധികാരം (റലഹലഴമലേറ
മൗവേീൃശ്യേ) എന്ന നിലയില്‍ മറ്റു മേല്പട്ടക്കാരുടെയും പട്ടക്കാരുടെയും അധികാരം നിയന്ത്രിക്കാന്‍ മേലധികാരിക്കു സാധിക്കും. പക്ഷേ പരമമായ അധികാരം (്ശൃൗലേഹ മൗവേീൃശ്യേ) കൈയാളുന്ന സഭാദ്ധ്യക്ഷന് ഇപ്രകാരം ഒരു നിയന്ത്രണം സാദ്ധ്യമല്ല. സ്ഥാനത്യാഗം ചെയ്താലും അപ്പോസ്തോലിക അധികാരം നിലനില്‍ക്കും. അതിനാല്‍ സഭാദ്ധ്യക്ഷന് റിട്ടയര്‍മെന്‍റോ, ജീവിതകാലത്ത് പിന്‍ഗാമിയോ ഉണ്ടാകാന്‍ പാടില്ല. കാരണം ഇരട്ട അധികാരകേന്ദ്രം എന്ന അവസ്ഥ ഇവ സംജാതമാക്കും. ഇതാണ് പഴയ റോമാ സാമ്രാജ്യത്തിലെ സഭകളുടെ പൊതുവായ കാഴ്ചപ്പാട്. ചുരുക്കത്തില്‍, സെലസ്റ്റൈന്‍ അഞ്ചാമനെപ്പറ്റി പിന്‍ഗാമി ബോണിഫെസ് എട്ടാമന്‍ ഭയപ്പെട്ട അതേ പ്രശ്നമാണ് ഈ മനോഭാവത്തിന്‍റെ പിന്നില്‍. ബനഡിക്ട് പതിനാറാമന് പിന്‍ഗാമിയായ ഫ്രാന്‍സിസ് ഒന്നാമന്‍റെ മുമ്പില്‍ പൂര്‍ണ്ണ വിധേയത്വം പ്രഖ്യാപിക്കേണ്ടി വന്നതും ഇതേ കാരണത്താലാണ്.
എന്നാല്‍ റോമാ സാമ്രാജ്യത്തിനു പുറത്ത് രൂപംകൊണ്ട് വികസിച്ച മലങ്കരസഭ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് സഭാദ്ധ്യക്ഷനെപ്പറ്റി വെച്ചുപുലര്‍ത്തുന്നത്. ഇന്ത്യയില്‍ തദ്ദേശീയ മെത്രാന്‍സ്ഥാനം രൂപംകൊണ്ട 1653 മുതല്‍ കഴിയുന്നത്ര മുന്‍ഗാമിയുടെ ജീവിതകാലത്തു തന്നെ പിന്‍ഗാമിയെ തിരഞ്ഞെടുത്തു വാഴിക്കുക എന്ന കീഴ്വഴക്കമാണ് പാലിച്ചു പോരുന്നത്. അവിശ്ചിന്നമായ മേല്പട്ടസാന്നിദ്ധ്യം സഭയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് എന്ന ചരിത്രപരമായ യാഥാര്‍ത്ഥ്യമാണ് ഈയൊരു സംവിധാനം വികസിക്കുവാന്‍ കാരണമായത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ തന്നെ നാടുകടത്തുമെന്ന അവസ്ഥ സംജാതമായപ്പോള്‍ അഞ്ചാം മാര്‍ത്തോമ്മാ പിന്‍ഗാമിയെ വാഴിച്ച് സുരക്ഷിത സ്ഥാനത്താക്കി. തന്‍റെ അഭാവം നസ്രാണി മാര്‍ഗ്ഗത്തെ ഇല്ലായ്മ ചെയ്യരുതെന്ന വ്യക്തമായ ഉദ്ദേശ്യമായിരുന്നു ഇതിനു പിമ്പിലുണ്ടായിരുന്നത്.
റോമന്‍ കത്തോലിക്കാ വിശ്വാസത്തില്‍ അകപ്പെട്ടു നസ്രാണി സമൂഹത്തില്‍ നിന്നും അകറ്റപ്പെട്ട വിഭാഗത്തെ മുഖ്യധാരയില്‍ മടക്കിക്കൊണ്ടുവരുവാന്‍ അവരുമായി ചര്‍ച്ച നടത്തിയ വലിയ മാര്‍ ദീവന്നാസ്യോസ് അനന്തിരവന്‍റെ പിന്‍ഗാമിത്വം ഉറപ്പാക്കാന്‍ ശ്രമിച്ചതും ഇതേ കാഴ്ചപ്പാടോടെയായിരുന്നു. അദ്ദേഹത്തിനു നേരേയുള്ള റോമന്‍ പീഡ മുറുകി വന്നപ്പോള്‍ അനന്തിരവന്‍ മാത്തന്‍ റമ്പാനെ വലിയ മാര്‍ ദീവന്നാസ്യോസ് മേല്പട്ടക്കാരനായി വാഴിച്ച് സഭയുടെ സുരക്ഷിതത്വം ഉറപ്പാക്കി.
പത്തൊമ്പതാം നൂറ്റാണ്ടില്‍ പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസ് മലങ്കര മെത്രാപ്പോലീത്താ തന്‍റെ പിന്‍ഗാമിയായി തോമസ് അത്താസ്യോസിനെ വാഴിച്ചു. എങ്കിലും തിരഞ്ഞെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതിരുന്നതിനാല്‍ തോമസ് അത്താനാസ്യോസിന് മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ലഭിച്ചില്ല. പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ കടുത്ത എതിര്‍പ്പിനെ മറികടന്ന് ജീവിതകാലത്തു തന്നെ പിന്‍ഗാമിയായി തിരഞ്ഞെടുത്തിരുന്ന മലങ്കര മല്പാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് റമ്പാനെ ദീവന്നാസ്യോസ് എന്ന സ്ഥാനനാമത്തോടു കൂടിത്തന്നെ മേല്പട്ടക്കാരനാക്കുന്നതില്‍ വിജയിച്ചു. 1934-ല്‍ കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍ സംയോജിപ്പിച്ചതിനെ തുടര്‍ന്ന് ആ സ്ഥാനത്തേയ്ക്കുള്ള പിന്‍ഗാമിയെ മുന്‍ഗാമിയുടെ ജീവിത കാലത്തുതന്നെ തിരഞ്ഞെടുത്ത് അംഗീകരിക്കുക എന്ന രീതിയാണ് ഇന്ന് നിലവിലുള്ളത്.
പതിനെട്ടാം നൂറ്റാണ്ടു വരെ പിന്‍ഗാമിയെ തിരഞ്ഞെടുത്തു വാഴിക്കുക എന്ന പാരമ്പര്യം നിലനിന്നെങ്കിലും സഭാദ്ധ്യക്ഷന്‍ സ്ഥാനത്യാഗം ചെയ്യുന്ന പതിവ് മലങ്കര നസ്രാണികള്‍ക്കിടയില്‍ രൂപംകൊണ്ടില്ല. മൂന്നു മലങ്കര മെത്രാപ്പോലീത്താമാരെ വാഴിച്ച തൊഴിയൂരിന്‍റെ കിടങ്ങന്‍ മാര്‍ പീലക്സീനോസാണ് സ്ഥാനത്യാഗം എന്ന പതിവ് മലങ്കരയില്‍ ആരംഭിച്ചത്. സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് ദ്വിതീയന്‍, പുന്നത്ര ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് തൃതീയന്‍ എന്നിവരുടെ കാലശേഷം രണ്ടു പ്രാവശ്യം മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ലഭിച്ചെങ്കിലും അവരുടെ പിന്‍ഗാമികളായി യഥാക്രമം പുന്നത്ര മാര്‍ ദീവന്നാസ്യോസ് തൃതീയന്‍, ചേപ്പാട്ട് ഫീലിപ്പോസ് മാര്‍ ദീവന്നാസ്യോസ് നാലാമന്‍ എന്നിവരെ വാഴിച്ചശേഷം മലങ്കരയുടെ അധികാരത്തില്‍ നിന്നും അദ്ദേഹം സ്വമേധയാ വിട്ടുനിന്നു.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട് സ്ഥാനമൊഴിയേണ്ടി വന്ന ചേപ്പാട്ട് ഫീലിപ്പോസ് മാര്‍ ദീവന്നാസ്യോസ് നാലാമന്‍ പിന്നീട് തന്‍റെ മരണം വരെ ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം അധികാരത്തില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്നു. പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമനാകട്ടെ, പിന്‍ഗാമി മേല്പട്ടസ്ഥാനം പ്രാപിച്ച ഉടന്‍തന്നെ മാനേജിംഗ് കമ്മിറ്റി വിളിച്ചുകൂട്ടി സ്ഥാനം ഏല്‍പ്പിച്ചുകൊടുക്കുകയും ഭരണ കൈമാറ്റ വിവരം സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്നു മാത്രമല്ല, തന്നെ ഭരണത്തിലേയ്ക്ക് ആരും വലിച്ചിഴയ്ക്കാതിരിക്കാന്‍ മലങ്കരമെത്രാന്‍റെ ആസ്ഥാനമായ പഴയസെമിനാരിയില്‍നിന്ന് താമസം കോട്ടയം ചെറിയപള്ളിയിലേയ്ക്കു മാറ്റുകപോലും ചെയ്തു. അദ്ദേഹത്തിന്‍റെ മാതൃകയാണ് ഇപ്പോള്‍ വത്തിക്കാനില്‍ നിന്നും വാസം മാറ്റുക വഴി ബനഡിക്ട് പതിനാറാമന്‍ സ്വീകരിച്ചത് എന്നു പറയാം.
മലങ്കരയിലെ നാലു മുതലുള്ള കാതോലിക്കാമാര്‍ ജീവിത കാലത്തുതന്നെ സ്ഥാനത്യാഗം ചെയ്ത് വിശ്രമജീവിതത്തിലേയ്ക്കു പ്രവേശിക്കുക എന്ന പതിവാണ് സ്വീകരിച്ചു വരുന്നത്. ഇന്ന് മലങ്കര സഭാദ്ധ്യക്ഷനെ നേരത്തെ തിരഞ്ഞെടുക്കുമെങ്കിലും അധികാര കൈമാറ്റം മുന്‍ഗാമിയുടെ താല്പര്യമനുസരിച്ച് എന്ന കീഴ്വഴക്കമാണ് മലങ്കരസഭയിലുള്ളത്.
പട്ടത്വ നല്‍വരം പ്രധാന മഹാപുരോഹിതന്മാരിലൂടെ മേല്പട്ടക്കാരിലും പട്ടക്കാരിലും സഭയിലും സംക്രമിക്കുന്നു എന്നും, ഒരിക്കല്‍ ദത്തമായ വൈദിക അധികാരം ഒരിക്കലും നഷ്ടമാകുന്നില്ല എന്നും മലങ്കര സഭയും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ സഭാദ്ധ്യക്ഷന്‍റെ സ്ഥാനത്യാഗം സുഗമമായി നടക്കുകയും ചെയ്യുന്നു. വ്യക്തമായ രണ്ട് കാരണങ്ങളാലാണ് ഇത് സാദ്ധ്യമാകുന്നത്. ഒന്നാമതായി അത്യുന്നത മഹാപുരോഹിതന്‍റെ അധികാര വിനിയോഗത്തെപ്പറ്റി ഗ്രീക്കോ-റോമനില്‍ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാട്. രണ്ടാമതായി സഭാദ്ധ്യക്ഷന്‍റെ ആത്മീയ-ലൗകിക അധികാരങ്ങളുടെ വ്യക്തമായ വേര്‍തിരിവ്.


1912-ല്‍ മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപിച്ചപ്പോള്‍ അന്നുവരെ നിലനിന്ന മലങ്കര സഭാദ്ധ്യക്ഷസ്ഥാനമായ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം നിര്‍ത്തല്‍ ചെയ്തില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ മലങ്കര നസ്രാണികള്‍ ചില പ്രത്യേക സാഹചര്യങ്ങളാല്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതമായ പാശ്ചാത്യ സുറിയാനി സഭാവിജ്ഞാനീയം മൂലം മേല്പട്ടക്കാരെ വാഴിക്കുക, വി. മൂറോന്‍ കൂദാശ ചെയ്യുക എന്നീ അധികാരങ്ങള്‍ മലങ്കരമെത്രാപ്പോലീത്തായ്ക്ക് ഇല്ലാതെയായി. ഈ അധികാരങ്ങളോടു കൂടിയാണ് 1912-ല്‍ ഇവിടെ കാതോലിക്കേറ്റ് സ്ഥാപിച്ചത്. മലങ്കരയിലെ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്തായുടെ ആത്മീയ അധികാരിയാണ്. അതിനാല്‍ കാതോലിക്കേറ്റ് സ്ഥാപനത്തോടെ മലങ്കര മെത്രാപ്പോലീത്തായുടെ സഭാദ്ധ്യക്ഷസ്ഥാനം ഇല്ലാതായി എന്നു പറയാം. പക്ഷേ ലൗകിക-ദൈനംദിന ഭരണം അപ്പോഴും മലങ്കര മെത്രാപ്പോലീത്തായില്‍ നിക്ഷിപ്തമായിരുന്നു.
സഭാതലവന്‍റെ അപ്പോസ്തോലികമായ ആത്മീയ അധികാരം ശ്ലൈഹിക പിന്തുടര്‍ച്ചയിലൂടെ പ്രധാന മേലദ്ധ്യക്ഷനു ലഭിക്കുകയും അത് മേല്പട്ടക്കാര്‍, പട്ടക്കാര്‍ വഴി സഭയില്‍ വ്യാപരിക്കുകയും ചെയ്യുന്നു എന്ന സിദ്ധാന്തത്തില്‍ മലങ്കരസഭ ഗ്രീക്കോ-റോമന്‍ പശ്ചാത്തലമുള്ള സഭകളുമായി വ്യവഹരിക്കുന്നില്ല. അതേസയംതന്നെ, സഭാദ്ധ്യക്ഷന്‍റെ ലൗകിക അധികാരം നിര്‍ദ്ധാരണം ചെയ്യപ്പെടുന്നത് വിപരീത ദിശയില്‍ ആണന്നും മലങ്കര നസ്രാണികള്‍ കണക്കാക്കുന്നു. ഇടവക പള്ളിയോഗങ്ങളും അവയുടെ പ്രാതിനിദ്ധ്യം വഹിക്കുന്ന മലങ്കര പള്ളിയോഗവുമാണ് മലങ്കര നസ്രാണികളുടെ സഭാദ്ധ്യക്ഷസ്ഥാനത്തിന്‍റെ ലൗകിക ഭാഗം സംവഹിക്കുന്ന മലങ്കര മെത്രാപ്പോലീത്തായുടെ അധികാരം നിര്‍ദ്ധാരണം ചെയ്യുന്നത്. അതിനാലാണ് ജനത്തിന്‍റെ തിരഞ്ഞെടുപ്പ് ഇവരുടെ സ്ഥാനലബ്ദിക്ക് അനിവാര്യമാകുന്നതും. ഇത്തരമൊരു അധികാര വിഭജനം നടത്താന്‍ ഗ്രീക്കോ-റോമന്‍ സഭകള്‍ക്കു സാധിച്ചിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം എല്ലാ അധികാരവും സീസറില്‍ – സഭാ തലവനില്‍ – കേന്ദ്രീകരിച്ച് താഴേക്ക് ഒഴുകുകയാണ്. അവിടെ ജനം ഭരിക്കപ്പെടേണ്ടവര്‍ എന്നതിലുപരി അപ്രസക്തവുമാണ്.
മലങ്കരയിലെ കാതോലിക്കായ്ക്ക് നിയമപരമായി അപരിമിതമായ അധികാരം ഇല്ല എന്ന വസ്തുത അതീവ പ്രാധാന്യമുള്ളതാണ്. മേല്പട്ടക്കാരെ വാഴിക്കുക, വി. മൂറോന്‍ കൂദാശ ചെയ്യുക എന്നിവ കാതോലിക്കായുടെ അധികാരമാണെങ്കിലും അതും, കാതോലിക്കായ്ക്ക് എന്തൊക്കെ സവിശേഷാധികാരങ്ങള്‍ ഉണ്ടോ അവയെല്ലാം മലങ്കര മെത്രാപ്പോലീത്താ അദ്ധ്യക്ഷനായ സുന്നഹദോസിന്‍റെ നിര്‍ദ്ദേശത്തിനു വിധേയമായി മാത്രം വിനിയോഗിക്കണമെന്ന് 1912-ല്‍ ഒന്നാം കാതോലിക്കായ്ക്ക് ലഭ്യമായ സ്ഥാത്തിക്കോനില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാതോലിക്കാ ആത്മീയ അദ്ധ്യക്ഷന്‍ ആണെങ്കിലും ഭരണഘടനപ്രകാരം വിശ്വാസം, പട്ടത്വം, അച്ചടക്കം എന്നിവയില്‍ പരമാധികാരം പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനാണ്. ചുരുക്കത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന കാതോലിക്കായ്ക്കുപോലും നിയമാനുസൃത സംവിധാനത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായിട്ടല്ലാതെ തന്‍റെ സവിശേഷാധികാരങ്ങളൊന്നും പ്രയോഗിക്കാന്‍ സാദ്ധ്യമല്ല. കുറേക്കൂടി വ്യക്തമാക്കിയാല്‍ മലങ്കരസഭയില്‍ പരമമായ അധികാരം (്ശൃൗലേഹ മൗവേീൃശ്യേ) സഭയ്ക്കാണുള്ളത്. അത് ഏതെങ്കിലും വ്യക്തിയിലോ സ്ഥാനിയിലോ നിക്ഷിപ്തമല്ല.
കാതോലിക്കേറ്റിന്‍റെ ആവിര്‍ഭാവത്തോടെ മലങ്കര മെത്രാപ്പോലീത്തായുടെ സഭാദ്ധ്യക്ഷസ്ഥാനം ഇല്ലാതായി എന്നതിനാല്‍ അദ്ദേഹം സ്ഥാനത്യാഗം ചെയ്യുന്നത് മറ്റേതൊരു മെത്രാപ്പോലീത്തായും റിട്ടയര്‍ ചെയ്യുന്നതുപോലെ മാത്രമാണ്. മേല്പട്ടക്കാരുടെ നിയമാനുസൃതമോ സ്വമനസാലെയോ ഉള്ള റിട്ടയര്‍മന്‍റ് റോമന്‍ കത്തോലിക്കാ സഭയടക്കമുള്ള എല്ലാ സഭകളിലും അനുവദനീയവും പ്രാബല്യത്തിലുള്ളതുമാണ്. ഒരിക്കല്‍ റിട്ടയര്‍മെന്‍റ് (വിശിഷ്യാ സ്വമേധയാ) നിലവില്‍ വന്നാല്‍ പിന്നീട് അതില്‍ നിന്നും പിന്നോട്ടു പോകാനോ, സ്ഥാനത്തിന്‍റെ അധികാരങ്ങള്‍ തുടര്‍ന്ന് ഉപയോഗിക്കാനോ സാദ്ധ്യമല്ല എന്നതും ലോകനിയമമാണ്.
1934-ല്‍ മലങ്കരസഭാ ഭരണഘടന പാസ്സാക്കിയപ്പോള്‍ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം നിര്‍ത്തലാക്കുന്നതിനു പകരം കാതോലിക്കാ തന്നെ ഈ സ്ഥാനവും വഹിക്കണമെന്ന് തീരുമാനിച്ചു. ഇരു സ്ഥാനവും രണ്ടായിത്തന്നെ നിര്‍വചിക്കുകയും ചെയ്തു. അതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് മലങ്കരസഭാദ്ധ്യക്ഷന്‍ സ്ഥാനത്യാഗം ചെയ്യുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് പരിശോധിക്കാം. സ്ഥാനത്യാഗ സന്നദ്ധത (രാജി) പ്രാബല്യത്തില്‍ വരുന്നതോടെ മറ്റേതൊരു മെത്രാപ്പോലീത്തായേയും പോലെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തു നിന്നും റിട്ടയര്‍ ചെയ്ത് ആ അധികാരത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാകുന്നു. അപ്പോള്‍തന്നെ നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ട പിന്‍ഗാമി മലങ്കര മെത്രാപ്പോലീത്താ ആയി മാറുന്നു. മുന്‍ഗാമി കാതോലിക്കാ ആയി തുടരുന്നു. പക്ഷേ മലങ്കരയിലെ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരിക്കുന്ന സുന്നഹദോസിനാല്‍ നിയന്ത്രിക്കപ്പെടുന്ന വ്യക്തി ആയതിനാല്‍ പിന്നീട് കാതോലിക്കാ എന്ന നിലയിലുള്ള അധികാരങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ അത് പിന്‍ഗാമിയുടെ (മലങ്കര മെത്രാപ്പോലീത്താ) നിയന്ത്രണത്തിനു വിധേയമായി മാത്രം ആയിരിക്കും.
പിന്‍ഗാമിയെ കാതോലിക്കാ ആയി വാഴിക്കുന്നത് സഭയാണ്. പക്ഷേ ആ സമയത്ത് മുന്‍ഗാമിയുടെ (അപ്പോള്‍ കാതോലിക്കാ മാത്രം) ഒരു സ്ഥാനവും എടുത്തു മാറ്റുന്നില്ല. അദ്ദേഹം അപ്പോഴും പിന്നീടും കാതോലിക്കാ തന്നെയാണ്. അതേ സമയം തന്നെ, മലങ്കരസഭയില്‍ കാതോലിക്കായുടെ സ്ഥാനം പിന്‍ഗാമിക്ക് (അപ്പോള്‍ മലങ്കര മെത്രാപ്പോലീത്താ) സഭ നല്‍കുകയാണ്. അതിനാല്‍ അന്നു മുതല്‍ സഭയാക്കായി കാതോലിക്കായുടെ ആത്മീയ അധികാരങ്ങള്‍ പ്രയോഗിക്കേണ്ടതും അതിനുള്ള നിര്‍ദ്ദേശം സഭ നല്‍കേണ്ടതും പുതിയ കാതോലിക്കായ്ക്കാണ്. മേല്പട്ടക്കാരെ വാഴിക്കുക, വി. മൂറോന്‍ കൂദാശ ചെയ്യുക എന്നീ അധികാരങ്ങള്‍ അപ്പോഴും മുന്‍ഗാമിക്കു നിലനില്‍ക്കുന്നുണ്ട്. പക്ഷേ അതിന് നിയമപരമായി അത്യന്താപേക്ഷിതമായ നിര്‍ദ്ദേശം അദ്ദേഹത്തിനു നല്‍കാന്‍ തുടര്‍ന്നു സഭയ്ക്കാവില്ല. അതു കൂടാതെ അദ്ദേഹം ചെയ്യുന്ന അത്തരം കര്‍മ്മങ്ങള്‍ക്കു നിയമ സാധുതയുമില്ല. ഇക്കാരണത്താല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ പിന്‍ഗാമി ഫ്രാന്‍സിസ് മാര്‍പാപ്പായോടു നടത്തിയതുപോലുള്ള വിധേയത്വ പ്രഖ്യാപനം സീനിയര്‍ കാതോലിക്കാ പിന്‍ഗാമിയോടു നടത്തേണ്ടതില്ല. കാരണം ഇരുവരും സഭയ്ക്കു വിധേയരാണ്.
മലങ്കരയിലെ ഏതൊരു മെത്രാനെയും പോലെ ലൗകിക (ഇടവക) ഭരണം ഒഴിഞ്ഞാല്‍ പിന്നീട് സഭാദ്ധ്യക്ഷനും മലങ്കരസഭയുടെ അത്യുന്നത അധികാരകേന്ദ്രമായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലും അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലും അംഗമല്ല. അതേ സമയം അവര്‍ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസില്‍ അംഗങ്ങളാണുതാനും. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ നിരണം ഭദ്രാസനാധിപന്‍റെ സ്ഥാനം ഒഴിഞ്ഞശേഷവും ക്രമമായി പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് യോഗങ്ങളില്‍ പങ്കെടുക്കുമായിരുന്നു. പക്ഷേ പിന്നീട് ഒരിക്കലും അസോസിയേഷനിലോ മാനേജിംഗ് കമ്മിറ്റിയിലോ പങ്കെടുത്തിട്ടുമില്ല. പ. ദിദിമോസ് പ്രഥമന്‍ വലിയ ബാവാ ഇപ്പോഴും നാമമാത്രമായെങ്കിലും പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
ഇതേ അടിസ്ഥാനത്തില്‍ത്തന്നെ പ. ദിദിമോസ് പ്രഥമന്‍ ബാവാ പിന്‍ഗാമിയെ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയനായി കാതോലിക്കാ സ്ഥാനത്തു വാഴിച്ചതിനെ വിശദീകരിക്കാം. സഭാ ഭരണഘടനപ്രകാരം കാതോലിക്കായെ സ്ഥാനാരോഹണം ചെയ്യേണ്ടത് മലങ്കരയിലെ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസാണ്. അതിന്‍റെ അദ്ധ്യക്ഷന്‍ കാതോലിക്കായുടെ അഭാവത്തില്‍ സീനിയര്‍ മെത്രാപ്പോലീത്തായുമാണ്. ഇവിടെ കാതോലിക്കായുടെ അഭാവം ഉണ്ടാകുന്നില്ല. കാരണം പ. ദിദിമോസ് പ്രഥമന്‍ ബാവാ അപ്പോഴും കാതോലിക്കാ തന്നെയാണ്. പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അംഗവുമാണ്. പ്രായത്തില്‍ കൂടിയ ആരെങ്കിലും ആ സുന്നഹദോസില്‍ ഉണ്ടായാല്‍പോലും കാതോലിക്കാ എന്ന നിലയില്‍ അദ്ദേഹം തന്നെയാണ് സീനിയര്‍ മെത്രാപ്പോലീത്താ. മറ്റൊരു കാതോലിക്കാ നിലവിലില്ല താനും. എന്നാല്‍ സഭ (സീനിയര്‍ ബാവായുടെ അദ്ധ്യക്ഷതയിലും പ്രധാന കാര്‍മികത്വത്തിലും ആണെങ്കില്‍പോലും) വേറൊരു കാതോലിക്കായെ നിയമാനുസൃതം വാഴിച്ചാല്‍ പിന്നീട് സീനിയര്‍ ബാവായ്ക്ക് സുന്നഹദോസ് അദ്ധ്യക്ഷസ്ഥാനം തുടര്‍ന്ന് ഉപയോഗിക്കാനാവില്ല. എന്നാല്‍ വൈദിക സ്ഥാനമുറയില്‍ അപ്പോഴും മുമ്പന്‍ വലിയ ബാവാ തന്നെയായിരിക്കും. ഇവിടെ ഇപ്പോള്‍ സംഭവിക്കുന്നതും അതാണ്.
സഭാദ്ധ്യക്ഷന്‍റെ ആത്മീയ-ലൗകിക അധികാരങ്ങളെ വ്യക്തമായി വേര്‍തിരിച്ചു കാണുന്ന ഇത്തരമൊരു സംവിധാനത്തെ ഗ്രീക്കോ-റോമന്‍ ക്രൈസ്തവ വിജ്ഞാനീയത്തിന് ഉള്‍ക്കൊള്ളാനാവില്ല. അതിനാലാണ് റോമാ സാമ്രാജ്യത്തില്‍ ജന്മമെടുത്ത ക്രൈസ്തവ സഭകള്‍ മുന്‍ഗാമിയുടെ ജീവിതകാലത്ത് പിന്‍ഗാമിയെ തിരഞ്ഞെടുക്കാത്തത്. അന്ത്യോഖ്യന്‍ സുറിയാനി സഭ എല്ലാക്കാലത്തും മുന്‍ഗാമിയുടെ ജീവിതകാലത്ത് പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനേയും സഭാദ്ധ്യക്ഷന്‍ സ്ഥാനത്യാഗം ചെയ്യുന്നതിനേയും എതിര്‍ത്തുവന്നത് ഇക്കാരണത്താലാണ്. കോപ്റ്റിക് സഭയില്‍ ഏതെങ്കിലും കാരണവശാല്‍ പോപ്പ് സ്ഥാനത്യാഗം ചെയ്താല്‍ അദ്ദേഹത്തിന്‍റെ അധികാരം നഷ്ടപ്പെടും. പക്ഷേ അദ്ദേഹത്തിന്‍റെ ജീവിതകാലം കഴിയുംവരെ മറ്റൊരു പോപ്പിനെ വാഴിക്കില്ല.
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ സ്ഥാനത്യാഗം ചെയ്തപ്പോള്‍ ഉയര്‍ന്ന പല താത്വിക പ്രശ്നങ്ങള്‍ക്കും ഇന്നും റോമന്‍ കത്തോലിക്കാ സഭയ്ക്ക് ഉത്തരം കണ്ടെത്താനായിട്ടില്ല. ഉദാഹരണത്തിന് പോപ്പ് എമിറേറ്റ്സ് ഇപ്പോള്‍ കോളജ് ഓഫ് കാര്‍ഡിനല്‍സിലെ അംഗമാണോ എന്ന ചോദ്യത്തിന് പെട്ടെന്നൊരുത്തരം തരാന്‍ റോമന്‍ കത്തോലിക്കാ സഭയ്ക്കു സാധിക്കുമെന്ന് തോന്നുന്നില്ല. റോമന്‍ കത്തോലിക്കാ സഭയുടെ നിയമപ്രകാരം എല്ലാ കര്‍ദ്ദിനാള്‍മാരും ജിവിതാന്ത്യംവരെ കോളേജ് ഓഫ് കാര്‍ഡിനല്‍സിലെ അംഗമാണ്. നിശ്ചിത പ്രായം കഴിഞ്ഞാല്‍ പേപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഇല്ലെന്നു മാത്രം. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ ഒരു കര്‍ദ്ദിനാളാണ്. എന്താണ് ഇന്ന് അദ്ദേഹത്തിന് ഈ സമിതിയിലെ സ്ഥാനം എന്ന് ആരും നിര്‍ണയിച്ചിട്ടില്ല.
ശക്തമായ നിയമ നിര്‍മ്മാണ-വ്യാഖ്യാന സംവിധാനമുള്ള റോമന്‍ കത്തോലിക്കാ സഭ താമസംവിനാ ഇത്തരം ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടത്തുമെന്നതു നിസംശയമാണ്. പോപ്പ് എമിറേറ്റ്സിന്‍റെ (വലിയ ബാവാ) സഭയിലെ സ്ഥാനം വ്യക്തമായി നിര്‍ണ്ണയിച്ചാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്കോ അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ക്കോ അടുത്ത പോപ്പിനെ വാഴിക്കുന്ന ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതിനു തടസമൊന്നുമില്ല.
കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍ രണ്ടായി നിന്നപ്പോല്‍ ഇരട്ട അധികാരകേന്ദ്രത്തിന്‍റെ പ്രശ്നം ചെറിയ തോതിലെങ്കിലും ഉടലെടുത്തു എന്നത് യാഥാര്‍ത്ഥ്യമാണ്. ഭാവിയില്‍ അതു രൂക്ഷമാകാനും ഉയര്‍ന്ന സാദ്ധ്യത ഉണ്ടായിരുന്നു. ഇതു മറികടക്കാന്‍ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഇല്ലാതാക്കി ആ അധികാരങ്ങള്‍ കാതോലിക്കായില്‍ ലയിപ്പിക്കണമെന്ന് പലരും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നസ്രാണിക്ക് മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തോടുള്ള വൈകാരിക ബന്ധവും, ആ സ്ഥാനം ഇല്ലാതാക്കിയാല്‍ സംഭവിക്കുന്ന ചരിത്ര-നൈയാമിക പിന്തുടര്‍ച്ചയുടെ നഷ്ടവുമാണ് ഇരു സ്ഥാനവും നിലനിര്‍ത്തി രണ്ടും ഒരേ വ്യക്തി വഹിക്കത്തക്കവിധം നിയമം രൂപപ്പെടുത്താന്‍ സഭാ ഭരണഘടനാ ശില്പികളെ പ്രേരിപ്പിച്ചത്. അന്ന് ചിന്തിച്ച വിഷയമല്ലെങ്കിലും മലങ്കരസഭാദ്ധ്യക്ഷന്‍റെ സ്ഥാനത്യാഗ പ്രക്രിയയെ അത് സുഗമമാക്കി.
മലങ്കര നസ്രാണികള്‍ക്ക് അഭിമാനിക്കാം. 1909 മുതല്‍ 2010 വരെയുള്ള നൂറ്റൊന്നു വര്‍ഷം കൊണ്ട് മലങ്കരസഭാദ്ധ്യക്ഷന് സ്ഥാനത്യാഗം ചെയ്യാനും അതിനു ശേഷവും ബഹുമാന്യതയോടെ വലിയ ബാവായായി കഴിയാനും തക്കവിധം കീഴ്വഴക്കങ്ങള്‍ സൃഷ്ടിച്ചതിന്. റോമന്‍ കത്തോലിക്കാ സഭയ്ക്കും അഭിമാനിക്കാം. ഭരണസംവിധാനത്തെ അസ്വസ്ഥമാക്കുമെന്നറിഞ്ഞിട്ടും തന്‍റെ ശാരീരിക ബലഹീനതകള്‍ സഭാഭരണത്തെ പ്രതികൂലമായി ബാധിക്കും എന്നു കണ്ടപ്പോള്‍ ധീരമായി സ്ഥാനത്യാഗം ചെയ്തു മാതൃക കാട്ടിയ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായേക്കുറിച്ച്.
കര്‍ക്കശബുദ്ധിയും യാഥാസ്ഥിതികനുമെന്ന് മാര്‍പാപ്പാ ആകുന്നതിനു മുമ്പു തന്നെ പ്രസിദ്ധിയാര്‍ജ്ജിച്ച ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ എന്ന ജോസഫ് കാര്‍ഡിനല്‍ റാറ്റ്സിംഗര്‍ വ്യക്തി താല്പര്യങ്ങളില്ലാത്ത ഒരു യഥാര്‍ത്ഥ സഭാസ്നേഹിയാണ് എന്നാണ് തന്‍റെ രാജിയിലൂടെ തെളിയിച്ചത്. അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ നിരാകരിക്കുന്നവരും ഈ വസ്തുത അംഗീകരിച്ചേ തീരൂ.