ഏറ്റവും സുരക്ഷിതമായ ഐസ് ലാന്‍ഡ് എന്ന രാജ്യം

iceland

കരുത്തരായ അര്‍ജന്‍റീനയെ
സമനിലയില്‍ തളയ്ക്കുന്നതുവരെ
ഐസ് ലാന്‍ഡ് എന്ന രാജ്യത്തെക്കുറിച്ച്
കേട്ടവര്‍ തന്നെ വിരളമായിരിക്കും..
പക്ഷേ നാം അറിഞ്ഞിരിക്കേണ്ട
ഒട്ടേറെ പ്രത്യേകതകളുണ്ട് ഈ കൊച്ചുരാജ്യത്തിന്…

അന്താരാഷ്ട്രതലത്തില്‍ പുറത്തിറങ്ങിയ
സേഫ്റ്റി ഇന്‍ഡക്സ് അനുസരിച്ച്
ഇന്ന് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ
രാജ്യമാണ് ഐസ് ലാന്‍ഡ്.
ഇപ്പോള്‍ മാത്രമല്ല കഴിഞ്ഞ പത്തു വര്‍ഷമായി
ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്നത്
വടക്കൻ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ
ഈ കൊച്ചു ദ്വീപാണ്..

വിസ്തീര്‍ണ്ണം ഒരു ലക്ഷം ച.കി.മീറ്റര്‍
ജനസംഖ്യ വെറും മൂന്നര ലക്ഷം..

നന്മയാണ് ഐസ് ലാന്‍റിന്‍റെ മുഖമുദ്ര..
ഇവിടെ കൊലപാതകങ്ങള്‍ പതിവില്ല..
പ്രതിവര്‍ഷം അഞ്ചില്‍ താഴെയാണ്
കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്..
പോലീസ് ഓഫീസര്‍മാര്‍ തോക്ക് ഉപയോഗിക്കാറില്ല.
ജയിലുകളില്‍ തടവുപുള്ളികള്‍ വളരെ കുറവ്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഒട്ടുമില്ല.
ദ്വീപ് ആയതുകൊണ്ട് അതിര്‍ത്തി തര്‍ക്കങ്ങളുമില്ല..
അതുകൊണ്ടുതന്നെ സ്വന്തമായി സൈന്യവുമില്ല..

ഒരുതരത്തിലുമുള്ള ലിംഗഭേദങ്ങളോ
മറ്റു വിവേചനങ്ങളോ ഈ രാജ്യം
പ്രോല്‍സാഹിപ്പിക്കുന്നില്ല.
കഴിഞ്ഞ ഒന്‍പതുവര്‍ഷമായി
ലിംഗവിവേചനമില്ലാത്ത രാജ്യമായി
ദി വേള്‍ഡ് എക്കണോമിക് ഫോറം
തിരഞ്ഞെടുത്തിട്ടുള്ള രാജ്യമാണിത്.

പുരുഷന് സ്ത്രീകളേക്കാള്‍
കൂലി കൂടുതല്‍ നല്‍കുന്നതിനെ
നിയമംമൂലം തടഞ്ഞ
ലോകത്തിലെ ആദ്യ രാജ്യമാണ് ഐസ് ലാന്‍ഡ്..

ഐസ് ലാന്റിന്റെ പാര്‍ലമെന്റിലെ
48 ശതമാനവും സ്ത്രീകളാണ്.
ഒരു സംവരണ ആനുകൂല്യത്തിന്‍റെയും
പിന്‍ബലത്തിലല്ല ഇവര്‍ പാര്‍ലമെന്‍റ് അംഗങ്ങളായത്
എന്നതു തന്നെയാണ് സാമൂഹ്യ പദവിയില്‍
സ്ത്രീക്കും പുരുഷനും ആ രാജ്യം നല്‍കുന്ന
തുല്യപരിഗണനയുടെ സാക്ഷ്യപത്രം..

മതം കാര്യമായ സ്വാധീനം ചെലുത്താത്ത
പ്രദേശം കൂടിയാണ് ഐസ് ലാന്‍ഡ്.
ജനസംഖ്യയില്‍ ഭൂരിപക്ഷവും
മതത്തിലോ ദൈവത്തിലോ
വിശ്വസിക്കാത്തവരാണ്…
തീവ്രമായ മതവിശ്വാസത്തേക്കാള്‍
മനുഷ്യനിലുള്ള വിശ്വാസങ്ങളാണ്
ഐസ് ലാന്‍ഡുകാരെ മുന്നോട്ടു നയിക്കുന്നത്…
ആ രാജ്യത്ത് ശാന്തിയും സമാധാനവും
പുലരുന്നതിന് ഇനി മറ്റു കാരണങ്ങള്‍
തേടിപോകേണ്ടതില്ലല്ലോ…

ഇനി ഈ രാജ്യത്തിന്‍റെ
ഫുട്ബോള്‍ ചരിത്രം കൂടി നോക്കാം…

കേവലം രണ്ടു പതിറ്റാണ്ടുകളായിട്ടേയുള്ളു
ഐസ് ലാന്‍ഡുകാര്‍ കാല്‍പ്പന്തുകളിയെ
ഗൗരവമായി കണ്ടു തുടങ്ങിയിട്ട്..
ഫുട്ബോളിന് ഒട്ടും അനുയോജ്യമായ
കാലാവസ്ഥയല്ല ആ രാജ്യത്തിന്‍റേത്
എന്നതുതന്നെയായിരുന്നു പ്രധാന തടസ്സം.
പലപ്പോഴും മൈനസിലും താഴെ പോകുന്ന താപനില.
വര്‍ഷത്തിലെ ശരാരശരി താപനില ഏഴ് ഡിഗ്രി.
എപ്പോഴും വീശിയടിക്കുന്ന ശീതക്കാറ്റ്.
ഫുട്ബോളെന്നല്ല മിക്കവാറും സമയത്തും
എല്ലാ ഔട്ട്‌ഡോര്‍ ഗെയിമുകളും
ഏറെക്കുറെ അസാധ്യമായ സ്ഥലമാണ്
ഐസ്‌ലാന്റ് എന്ന ദ്വീപ്‌രാഷ്ട്രം.
എന്നാല്‍, ഇച്ഛാശക്തികൊണ്ടും
പ്രായോഗിക ബുദ്ധികൊണ്ടും ഐസ്‌ലാന്റ് ജനത
ആ പരിമിതികളെ മറികടക്കുകയായിരുന്നു.

ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഫിഫ റാങ്കിംഗില്‍
131ാം സ്ഥാനത്തായിരുന്ന ഈ രാജ്യം
ഇപ്പോള്‍ 22ാം സ്ഥാനത്താണ്….
ഒരു രാജ്യത്തിന്‍റെ നിശ്ചയദാര്‍ഢ്യത്തിന്‍റെയും
കൃത്യമായ ആസൂത്രണത്തിന്‍റെയും
കഠിന പ്രയത്നത്തിന്റെയും
വീരഗാഥയുണ്ട് ഈ കുതിച്ചു ചാട്ടത്തിനു പിന്നില്‍…

ഐസ്‌ലാന്റില്‍ ഔട്ട്‌ഡോര്‍
ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളെല്ലാമുണ്ട്.
എന്നാല്‍ കാലാവസ്ഥയില്‍ ഭൂരിഭാഗം സമയവും
ഫുട്‌ബോള്‍ കളി ദുഷ്‌കരമായതിനാല്‍
സോക്കര്‍ ഹൗസു’കള്‍ എന്ന പേരില്‍
ഭീമന്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുകയാണ്
അവര്‍ ആദ്യം ചെയ്തത്.
അങ്ങനെ താപനില ക്രമീകരിച്ച
ഇന്‍ഡോര്‍ ഫുട്ബോള്‍ ഗ്രൗണ്ടുകള്‍
പ്രവര്‍ത്തനക്ഷമമായി.
പിന്നീട് രാജ്യത്തിന്റെ മുക്കിലും മൂലയിലും
ലീഗുകളും പരിശീലന കേന്ദ്രങ്ങളും സ്ഥാപിച്ചു.
എല്ലായിടത്തും ചെറുതും വലുതുമായ
സോക്കര്‍ ഹൗസുകള്‍ സ്ഥാപിച്ചു.
മികച്ച പരിശീലകരെ വാര്‍ത്തെടുത്തു.
ഫുട്ബോള്‍ ഒരു പ്രൊഫഷനായി മാറി.
ദേശീയ ഫുട്ബോള്‍ ടീം
രാജ്യത്തെ ജനങ്ങളുടെ വികാരമായി.
ടീമിന്റെ മത്സരങ്ങള്‍ അവര്‍ക്ക് യുദ്ധങ്ങളായി…

ഇന്ന് ഐസ്‌ലാന്‍ഡില്‍ ചെറുതും വലുതുമായ
200ലേറെ പരിശീലന കേന്ദ്രങ്ങളുണ്ട്.
ഫിഫയുടെ ബി ലൈസന്‍സുള്ള
ആയിരത്തോളം പരിശീലകരുണ്ട്.
നിരവധി ഫുട്ബോള്‍ ക്ലബുകളുണ്ട്.
ഫുട്ബോള്‍ കളിക്കുന്ന ഒരു കുട്ടിയ്ക്കും
മികച്ച പരിശീലകനെ കിട്ടാതെ പോകില്ലെന്ന്
തങ്ങള്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ
ഉറപ്പാക്കിയിട്ടുണ്ടെന്ന്
ഐസ്‌ലാന്‍ഡ് ഫുട്ബോള്‍ അസോസിയേഷനിലെ
ഒരു പ്രമുഖന്‍ പറയുന്നു.
ഇപ്പോള്‍ എത്തിനില്‍ക്കുന്നതല്ല
അതിലുമേറെ ഉയരത്തിലാണ്
ഐസ്‌ലാന്‍ഡിന്റെ ലക്ഷ്യമെന്ന്
അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.

ഫുട്ബോളിന് ആ രാജ്യത്തെ ജനങ്ങള്‍ നല്‍കുന്ന
പിന്തുണയുടെ കാര്യത്തില്‍
ഐസ്‌ലാന്‍ഡ് ഒരു അദ്ഭുതമാണ്.
ആദ്യമായി ഐസ്‌ലാന്‍ഡ് പങ്കെടുത്ത
2016 യുവേഫ കപ്പ് മത്സരങ്ങള്‍ കാണാനെത്തിയത്
ആ രാജ്യത്തെ ജനസംഖ്യയുടെ
പത്ത് ശതമാനത്തോളം പേരായിരുന്നുവത്രെ…

കരുത്തരായ ഇംഗ്ലണ്ടിനെ ഈ രാജ്യം
പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചപ്പോള്‍
ഐസ് ലാന്‍ഡ് ജനസംഖ്യയിലെ
99.8 ശതമാനം ആളുകളും ആ മത്സരം
ടിവിയില്‍ കണ്ടിരുന്നു എന്നറിയുമ്പോള്‍
നമുക്ക് മനസ്സിലാകും ഫുട്ബോളിനെ
ആ ജനത എത്രത്തോളം ഹൃദയത്തില്‍
ഏറ്റുവാങ്ങി കഴിഞ്ഞിരിക്കുന്നു എന്ന്…

2016 യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ്
ഐസ്‌ലാന്റ് എന്ന രാജ്യത്തെ ലോകം
ശ്രദ്ധിച്ചു തുടങ്ങിയത്…
നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ
സമനിലയില്‍ തളച്ചുകൊണ്ടായിരുന്നു തുടക്കം.
ഓസ്ട്രിയയെ തോല്‍പ്പിച്ചും
ഹംഗറിക്കെതിരെ സമനിലയും നേടി
അവര്‍ നോക്കൗട്ട് റൗണ്ടിലെത്തി.
പ്രി ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനു മേല്‍ നേടിയ
2-1 ന്‍റെ ചരിത്ര വിജയവുമായി ക്വാര്‍ട്ടര്‍ പ്രവേശനം.
ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് 2 – 5 ന്‍റെ
പരാജയം ഏറ്റുവാങ്ങി
പുറത്തു പേകേണ്ടിവന്നുവെങ്കിലും അപ്പോഴേക്കും
യൂറോപ്പിന്‍റെ ഫുട്ബോള്‍ ചരിത്രത്തില്‍
അവര്‍ തങ്ങളുടെ പേര്
എഴുതിച്ചേര്‍ത്തുകഴിഞ്ഞിരുന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍
ഐ ഗ്രൂപ്പിലായിരുന്നു ഐസ്‌ലാന്റിന്റെ സ്ഥാനം.
പത്തു മത്സരങ്ങളില്‍ ഏഴിലും വിജയം..
ഒരു സമനിലയും രണ്ടു തോല്‍വിയും മാത്രം..
അങ്ങനെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി
ലോകകപ്പിന് യോഗ്യത നേടുമ്പോള്‍
ലോകകപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും
ചെറിയ രാജ്യമായി ഐസ് ലാന്‍ഡ്
ചരിത്രത്തില്‍ ഇടം പിടിച്ചു.
പത്തു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള
ഒരു രാജ്യം ലോകകപ്പ് കളിക്കുന്നത്
അതിന്‍റെ ചരിത്രത്തില്‍ ആദ്യമാണ്…

ലോകകപ്പില്‍ അര്‍ജന്റീനയുടെ
ഗ്രൂപ്പിലാണ് എന്നറിഞ്ഞപ്പോള്‍
അവര്‍ക്കെതിരേ കളിക്കുന്നത്
‘റൊമാന്റിക്’ ആണ് എന്നായിരുന്നു
ഐസ്‌ലാന്റ് കോച്ചിന്റെ ആദ്യ പ്രതികരണം…
ആ പറഞ്ഞത് നൂറു ശതമാനം സത്യമായിരുന്നുവെന്ന്
ഇന്നലെ കളി കണ്ടവര്‍ക്ക് തോന്നിപ്പോകും..
മെസ്സി എന്ന ഫുട്ബോള്‍ മാന്ത്രികന്‍റെ
ടിമിനെതിരെ യാതൊരു ഭയപ്പാടും കാണിക്കാതെ
കൃത്യമായ പ്രതിരോധത്തിലൂന്നി
എന്നാല്‍ പരുക്കന്‍ അടവുകളുടെ
അകമ്പടികളേതുമില്ലാതെ നടത്തിയ ചെറുത്തുനില്‍പ്പ്
അവര്‍ യഥാര്‍ഥത്തില്‍ ആ മത്സരം
ആസ്വദിക്കുകയാണോ എന്നു തോന്നിപ്പിക്കുന്നതായിരുന്നു..

ഇനിയുള്ള മത്സരഫലങ്ങള്‍ എന്തുതന്നെയായാലും
ഈ ഒരൊറ്റ മത്സരത്തിലൂടെ ഐസ് ലാന്‍ഡ്
ലോക ഫുട്ബോള്‍ ഭൂപടത്തില്‍
തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു..

ഒപ്പം പ്രതിബദ്ധതയും നിശ്ചയദാര്‍ഢ്യവും
ഒത്തുചേര്‍ന്നാല്‍ ഒരു രാജ്യത്തിന്
കീഴടക്കാന്‍ കഴിയാത്ത ഒരു മേഖലയുമില്ലെന്ന്
അവര്‍ ലോകത്തിനെ ബോധ്യപ്പെടുത്തുന്നു…