സമാധാനത്തിന് ഒരു ഊഴം / ജിജി തോംസണ്‍ ഐ.എ.എസ്.

church-unity-jiji-thomson

മലങ്കരയിലെ ‘സഭാവഴക്കിന്’ ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. ഈ തർക്കം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുക്കുന്നു എന്ന വാർത്ത ബഹുഭൂരിപക്ഷം പേരും ആശ്വാസത്തോടെയാണ് സ്വീകരിച്ചത്. 2017 ജൂലായ് മൂന്നിലെ സുപ്രീംകോടതിവിധി നടപ്പാക്കിയാൽ മാത്രംമതി; ചർച്ച വേണ്ടാ എന്ന നിലപാട് ഓർത്തഡോക്സ് പക്ഷവും, മുടക്കപ്പെട്ട ഓർത്തഡോക്സ് പക്ഷവുമായി ഒരു യോജിപ്പും വേണ്ടാ എന്ന നിലപാട് പാത്രിയാർക്കിസ് പക്ഷവും ഉപേക്ഷിച്ചാൽ യോജിപ്പിന്റെ മേഖലകൾ കണ്ടെത്താൻ കഴിയുമെന്ന് നിസ്സംശയം പറയാം. ഈ സഭാവഴക്കിന് വിശ്വാസപരമായ ഒരു അടിസ്ഥാനവുമില്ലെന്നതാണ് അതിനുകാരണം. ഒരേ വിശ്വാസമുള്ള, ഒരേ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്ന, ഒരേ പാരമ്പര്യമുള്ള വിശ്വാസികൾ തമ്മിൽ പോർവിളിക്കുന്നത് ഐഹികകാര്യങ്ങൾക്കു വേണ്ടിയാണ്. ഒരു കുടുംബവഴക്കിൽനിന്ന്‌ രൂപമെടുത്ത്, വിശ്വാസികളെ വിരുദ്ധചേരികളിലാക്കി തമ്മിലടിപ്പിച്ച്, ഒരു ക്രിസ്തീയസഭയെ നെടുകെ പിളർത്തുന്ന തന്ത്രം ദൈവത്തിന്റേതാകാൻ വഴിയില്ല. ലൗകിക മോഹങ്ങളോടുള്ള ആസക്തിയാണ് ഇതിന്റെ അടിസ്ഥാന കാരണം. കഴിഞ്ഞ നൂറുവർഷമായി വ്യവഹാരത്തിനുവേണ്ടി ഇരുവിഭാഗവും ചെലവഴിച്ച തുക ശതകോടികളാണ്.

ക്രിസ്തീയസഭ എന്നത് യേശുക്രിസ്തുവിന്റെ ശരീരമാണെന്നാണ് ഇരുവിഭാഗവും പഠിപ്പിക്കുന്നത്. പൗലോസ് അപ്പോസ്തലനെ ഉദ്ധരിച്ചുകൊണ്ട്‌ (റോമർ 12:5) ‘‘പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു’’ എന്ന് ഓർമിപ്പിക്കുന്നു. അങ്ങനെയെങ്കിൽ, ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയെ വെട്ടിമുറിക്കാൻ നമുക്ക് എന്താണവകാശം?

അസൗകര്യമുള്ള വകുപ്പുകളെ തമസ്കരിക്കുന്നത് എങ്ങനെ ന്യായീകരിക്കാം ?

ഇന്നത്തെ പ്രതിസന്ധി, ഓർത്തഡോക്സ് വിഭാഗം ഭരണഘടനാനുസൃതമായ പദവികൾ പാത്രിയാർക്കിസിനു നൽകുന്നില്ലെന്നതും എതിർവിഭാഗം ആവശ്യത്തിൽക്കൂടുതലുള്ള അധികാരം പാത്രിയാർക്കിസിനു കൊടുത്തതുമാണ്. മലങ്കരസഭ ഒരു പരമാധികാര സഭയാണെന്നുള്ളത്‌ വസ്തുതയാണ്. സിറിയൻ ഓർത്തഡോക്സ് സഭയുടെ ഒരു അതിഭദ്രാസനമാക്കി തരംതാഴ്‌ത്തിയതാണ്. ഇതു രണ്ടും തെറ്റാണ്. സഭാ ഭരണഘടനയുടെയും പാരമ്പര്യത്തിന്റെയും സഭാവിജ്ഞാനീയത്തിന്റെയും അടിസ്ഥാനത്തിൽ സുപ്രീംകോടതി കണ്ടെത്തിയ വിധി അനുസരിച്ചുള്ള അവകാശം യോജിച്ച സഭയിൽ പാത്രിയാർക്കിസിനു നൽകണം. വി. കുർബാനയിൽ ചൊല്ലുന്ന ‘തുബ്ദേനിൽ’ ഇന്നും പ. പാത്രിയാർക്കിസിനു നൽകണം. വി. കുർബാനയിൽ ചൊല്ലുന്ന ‘തുബ്ദേനിൽ’ ഇന്നും പ. പാത്രിയാർക്കിസ് ബാവയെ ഓർക്കുന്ന ഓർത്തഡോക്സുകാർക്ക് ഇതിന് ഒരു പ്രയാസവും ഉണ്ടാകേണ്ടതില്ല.

നാല്പതിലധികംവർഷം പ്രശ്നമുഖരിതമായിരുന്നെങ്കിലും സഭയിലെ വിശ്വാസികൾക്കിടയിൽ സ്ഥായിയായ ശത്രുതയോ അകൽച്ചയോ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഇരുവിഭാഗത്തിലും രക്തബന്ധവും വിവാഹബന്ധവും ഉള്ളവരുണ്ട്. പാത്രിയാർക്കിസ് വിഭാഗക്കാരൻ പരുമലയിലും പാമ്പാടിയിലും ഓർത്തഡോക്സുകാരൻ കോതമംഗലത്തും മണർകാടും തീർഥാടനം നടത്തുന്നു. ഇവർക്കിടയിൽ ‍എവിടെയാണ് അകലം?

ഒരുവനുള്ള നൂറ്‌ ആടുകളിൽ ഒന്ന് കാണാതെപോയാൽ, ബാക്കി തൊണ്ണൂറ്റിഒമ്പതിനെയും വിട്ടിട്ട്, നഷ്ടപ്പെട്ടുപോയ ഒന്നിനെ അന്വേഷിക്കുന്ന ഇടയനെയാണ് സാധാരണ വിശ്വാസികൾ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി ഇന്ന്‌ വിളിച്ചിരിക്കുന്ന അനുരഞ്ജന ചർച്ച ഒരു സുവർണാവസരമാണ്. അവരവരുടെ കടുംപിടിത്തങ്ങൾ ഉപേക്ഷിച്ച്, അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച് ക്രൈസ്തവ സാക്ഷ്യം ഉയർത്തിപ്പിടിക്കാൻ ഇരുവിഭാഗത്തിനും കഴിയട്ടേ.
(മുൻ ചീഫ് സെക്രട്ടറിയാണ് ലേഖകൻ)