വിനീതവും അനാഥവുമായ മരണയാത്ര / എം. എന്‍. കാരശ്ശേരി

Kuttikrishna_Marar

കുറേ മുമ്പാണ്.1973-ല്‍. ഏപ്രില്‍ മാസം.
ഞാന്‍ മലയാളം എം.എ.യ്ക്കു തേഞ്ഞിപ്പലത്ത് പഠിക്കുകയാണ്.

അന്ന് പുലര്‍ച്ചയ്ക്ക് ഞങ്ങളുടെ സഹപാഠി കൊടുങ്ങല്ലൂര്‍ക്കാരന്‍ അബ്ദുല്ല മാഷ് മെന്‍സ് ഹോസ്റ്റലിന്റെ വരാന്തയില്‍ പെട്ടിയും പ്രമാണവുമായി പുറപ്പെടാന്‍ നില്ക്കുന്നതു കണ്ട് ഞാന്‍ ചോദിച്ചു:
”എന്താ മാഷേ, വിശേഷിച്ച്?”
”ഒന്നൂല്ലെടാ അപ്പാ. ഒരു ബന്ധൂന് ദീനം കലശലാ. നാട്ടീപ്പോണം.”
”ബസ്സ് സ്റ്റോപ്പുവരെ ഞാനും വരാം.”
”വേണ്ടെടാ. ബസ്സ് വന്നാ ഞാനങ്ങു പോവും. നീ ചൂടുള്ള ഒരു ചായേം കുടിച്ച് ഇവിടിരുന്നോ.”
”ചായ ബസ്റ്റോപ്പില്‍ നിന്ന് കുടിക്കാം. അല്ലെങ്കിലും ഞാന്‍ നടക്കുന്ന നേരമല്ലേ?”

ഞങ്ങള്‍ സ്റ്റോപ്പിലെത്തിയതും പത്രം വന്നു. മാഷ് ഉടനെ ഒരു മാതൃഭൂമി വാങ്ങി. ഒന്നാം പേജിലേയ്ക്ക് നോക്കിയ മൂപ്പരുടെ മുഖം ഇരുണ്ടു. ”എടോ” എന്നു വിളിച്ച് പത്രം എന്റെ കയ്യിലേക്കു തന്നു.
ആ വാര്‍ത്ത കണ്ടതും ഭൂമി ഒന്നിളകിയപോലെ എനിക്കു തോന്നി: ‘കുട്ടികൃഷ്ണമാരാര്‍ അന്തരിച്ചു.’
ഞാന്‍ താഴോട്ടു വായിച്ചില്ല. ഇനി എന്താ വായിക്കാനുള്ളത്? എന്താ കൂടുതലായി അറിയാനുള്ളത്? എല്ലാം കഴിഞ്ഞില്ലേ?
ഇടിവെട്ടേറ്റവനെപ്പോലെ ഞാന്‍ നിന്നു- ഇനി എന്താ ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല.

അബ്ദുല്ല മാഷ്‌ക്ക് എന്റെ മാരാര്‍ഭ്രാന്ത് അസ്സലായി അറിയാം. രാപകല്‍ അതു കേള്‍ക്കുന്നതല്ലേ?
മാഷ് എന്നെ തൊട്ടുവിളിച്ചു: ”എടാ, നീ വേഗം പൊയ്‌ക്കോ. എന്റെ ബസ്സ് വരാന്‍ കാക്കണ്ട. പൊയ്‌ക്കോ.”
”ങ്ഏ”
എന്നെ ഉണര്‍ത്താന്‍ വേണ്ടിയാവണം,
മാഷ് ചോദിച്ചു: ”മാരാരുടെ വീടെവിടെയാ?”
”മീഞ്ചന്തയിലെവിടെയോ ആണ്. കൃത്യമായിട്ടറിയില്ല.”
”എന്നാ വേഗം പൊയ്‌ക്കോ.”
എന്തു വേണമെന്ന് തീര്‍ച്ചയും മൂര്‍ച്ചയുമില്ലാതെ ഞാന്‍ നിന്നു.
”കാരശ്ശേരീ , നീ അടുത്ത കോഴിക്കോട് ബസ്സിന് കേറിക്കോ.”
”ശരി, മാഷേ.”
”നിനക്ക് ഉടുപ്പ് മാറണ്ടേ?”
”വേണ്ട.”
”നിന്റെ കൈയില്‍ പൈസയുണ്ടോ?”
കാപ്പയില്‍ തപ്പി നോക്കി- രണ്ടുറുപ്പികയുണ്ട്.
”പൈസ വെച്ചോ” എന്നു പറഞ്ഞ് മാഷ് ഇരുപത് ഉറുപ്പിക തന്നു- പത്തുറുപ്പികയുടെ രണ്ട് നോട്ട്: ”കാരശ്ശേരി മാരാരെക്കാണാന്‍ പോവുകയാണ് എന്ന് പറഞ്ഞാ കണ്ടക്ടര്‍ ടിക്കറ്റ് വേണ്ടാന്ന് പറയില്ല, കേട്ടോ” എന്നൊരു ചിരിയും പാസ്സാക്കി- എന്നെ ഒന്നാശ്വസിപ്പിക്കാനാവാം.

മാഷോട് യാത്രപോലും പറയാതെ ഞാന്‍ ഉടനെ വന്ന കോഴിക്കോട് ബസ്സില്‍ ഓടിക്കയറി, മീഞ്ചന്തയ്ക്ക് ടിക്കറ്റെടുത്ത്, മിക്കവാറും കാലിയായ ബസ്സില്‍ ഒരു സൈഡ് സീറ്റിലിരുന്നു. നേരം വെളുത്തു തുടങ്ങുന്നേയുള്ളൂ.

എങ്ങോട്ടാണ് പോവുന്നത്? എന്തിന്? ഈ കുട്ടികൃഷ്ണമാരാര് എന്റെ ആരാണ്? ഉണ്ടായതില്‍ പിന്നെ കണ്ടിട്ടില്ലാത്ത ആള്‍. അദ്ദേഹം മരിച്ചു കിടക്കുന്ന വീട്ടിലേക്ക് എന്തിനു പോകുന്നു? ആ വീട്ടിലാരും എന്നെ അറിയില്ല; അവരെ ആരെയും ഞാനും അറിയില്ല.
പത്താംതരത്തിലെത്തുന്നതുവരെ ഞാന്‍ അങ്ങനെയൊരു പേരേ കേട്ടിരുന്നില്ല. മാഷമ്മാരാരെങ്കിലും പറഞ്ഞിരുന്നിരിക്കാം, എന്റെ തലയില്‍ കയറിയിട്ടില്ല. പത്താംതരത്തിലെ മലയാളം പാഠപുസ്തകം കിട്ടിയപ്പോള്‍ ആവേശപൂര്‍വം ഞാനതു മറിച്ചുനോക്കി. വീട്ടില്‍ പുസ്തകങ്ങളായി ഉണ്ടായിരുന്നത് ഖുര്‍ആന്‍, 33 വക മൗലിദ് കിത്താബ്, മുഹിയിദ്ദീന്‍ മാല തുടങ്ങി അറബിയിലും അറബി-മലയാളത്തിലുമായി ചിലത് മാത്രം. നാട്ടിലെ ‘സര്‍വോദയ വായനശാല’യിലെ കുറച്ചു പുസ്തകങ്ങള്‍ ഞാന്‍ ഒമ്പതിലെത്തുമ്പോഴേയ്ക്ക് വായിച്ചുതീര്‍ത്തിരുന്നു. തൊട്ടടുത്ത ഗ്രാമമായ കക്കാടിലെ ‘കെ.പി. സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബി’ലെ പുസ്തകങ്ങളായിരുന്നു ഹൈസ്‌കൂള്‍ കാലത്ത് ഒരേയൊരാശ്രയം. അവിടെ പുസ്തകമെടുത്തുതരാനൊന്നും ആളില്ല. ചെന്നിരുന്ന് വായിക്കണം. ഞാന്‍ അങ്ങനെ ചെയ്തിരുന്നുതാനും. ക്ലാസ്സില്‍ എടുക്കുംമുമ്പെ പാഠപുസ്തകങ്ങളിലെ ഗദ്യപദ്യങ്ങള്‍ വായിക്കുന്നത് പതിവായത് ഈ പുസ്തകദാരിദ്ര്യംകൊണ്ടാണ്. പത്താം തരത്തിലെ ‘രണ്ട് അഭിവാദനങ്ങള്‍’ എന്ന പാഠം തിലകന്‍ മാസ്റ്റര്‍ എടുക്കുംമുമ്പെ വായിക്കാനിടയായത് അങ്ങനെയാണ്.

‘സൂര്യനുദിച്ചു’ എന്ന ലളിതമെങ്കിലും നാടകീയമായ തുടക്കം എന്നെ വശീകരിച്ചു. പാണ്ഡവരില്‍ മൂത്തവനായ യുധിഷ്ഠിരന്‍ കുരുക്ഷേത്രയുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പ്, അങ്കക്കലികൊണ്ടു നില്ക്കുന്ന ഇരുഭാഗത്തെയും സൈനികര്‍ സാക്ഷി നില്‌ക്കെ, ശത്രുപക്ഷത്തിന്റെ മുഖ്യനായ ഭീഷ്മരെ ചെന്ന് നമസ്‌കരിക്കുന്നു. കൗരവപക്ഷത്തെ പോരാളികളില്‍ എണ്ണം പറഞ്ഞവനായ കര്‍ണന്‍ യുദ്ധത്തില്‍ പരിക്കേറ്റ് വീണ് മരണം കാത്ത് ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരെ മറ്റാരുമില്ലാത്ത സന്ദര്‍ഭം നോക്കി ചെന്ന് കണ്ട് നമസ്‌കരിക്കുന്നു. ഈ രംഗങ്ങളുടെ നാടകീയത മുറ്റിനില്ക്കുന്ന വിവരണം. പിന്നെ അതിന്റെ വിശകലനം. രൂപപ്പൊലിമ ആദ്യത്തെ രംഗത്തിനാണെങ്കില്‍ ഭാവപ്പൊലിമ രണ്ടാമത്തെതിനാണെന്ന സമര്‍ത്ഥനം. യുക്തിയുടെ തിളക്കം. ഗദ്യത്തിന്റെ മൂര്‍ച്ച. അതിനുമുമ്പ് ഞാന്‍ ആ ജാതിയൊന്നും വായിച്ചിട്ടില്ല. നല്ലൊരു ചെറുകഥ വായിക്കുമ്പോലെ വിവരണഭാഗങ്ങള്‍ വായിച്ചുപോകാം. കാര്യം പുറമെ കാണുന്നതല്ല എന്നും അകത്തേയ്ക്ക് നോക്കിയാല്‍ കാണുന്നതാണ് എന്നും ഒരു തോന്നലുണ്ടായി. നല്ല രസം. ആവര്‍ത്തിച്ചുവായിച്ചിട്ടും ഒട്ടും മുഷിഞ്ഞില്ല. അപ്പോഴാണ് പാഠത്തിനു ചുവടെ വലതുഭാഗത്ത് കുട്ടികൃഷ്ണമാരാര് എന്നും ഇടതു ഭാഗത്ത് ‘ഭാരതപര്യടനം’ എന്നും കൊടുത്തത് ശ്രദ്ധിച്ചത്.

ആ ലേഖനം എന്നെ ഇളക്കി മറിച്ചു. അതിന്റെ ഭംഗിയും മൂര്‍ച്ചയും മാത്രമല്ല, വീക്ഷണവും. അത്രയധികം ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ എന്നെ മുമ്പ് പിടിച്ചുകുലുക്കിയിട്ടില്ല. അന്ന് അതൊക്കെ പറയാന്‍ വീട്ടിലോ നാട്ടിലോ ആരിരിക്കുന്നു? സ്‌കൂളിലാര്‍ക്കും അമ്മാതിരി വിഷയങ്ങളൊന്നുമില്ല. അതെഴുതിയ ആള്‍ ആരാണെന്നോ എവിടെയാണെന്നോ അറിയില്ല. ജീവിച്ചിരിപ്പുണ്ടോ എന്നുപോലും നിശ്ചയമില്ല. ഞാന്‍ ചെന്നുചോദിച്ചെങ്കിലും സ്‌കൂള്‍ ലൈബ്രറിയില്‍ ‘ഭാരതപര്യടനം’ ഉണ്ടായിരുന്നില്ല.

പത്താംതരം പാസ്സായി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ചേര്‍ന്നിട്ട് ഞാനാദ്യം കണ്ടെത്തിപ്പിടിച്ചത് ‘ഭാരതപര്യടനം’ ആണ്. അതിലെ ‘അര്‍ജുനവിഷാദയോഗം’ എന്ന അധ്യായം വായിച്ച് സ്ത്രീ ജന്മത്തിന്റെ നിരാലംബതയോര്‍ത്ത് ഞാന്‍ ആരും കാണാതെ തേങ്ങിക്കരഞ്ഞു. കോളേജ് ലൈബ്രറിയില്‍ കിട്ടിയ മാരാര്‍കൃതികളൊക്കെ വായിച്ചുതീര്‍ത്തു. സഹപാഠികളില്‍ പലരും -വിജയരാഘവന്‍, സോമന്‍ മുതല്‍ പേര്‍ – എന്റെ മാരാര്‍ഭ്രമത്തില്‍ ബോറടിച്ചു.

മലയാളം അധ്യാപകരില്‍ എനിക്കേറ്റം സ്‌നേഹവും ബഹുമാനവും ഉണ്ടായിരുന്നത് ഞങ്ങള്‍ ‘തമ്പുരാന്‍’ എന്നു വിളിച്ചിരുന്ന പി.സി.ഏട്ടനുണ്ണി രാജയോടാണ്. മഹാപണ്ഡിതന്‍. പാഠകവിദഗ്ധന്‍. മാരാരുടെ സുഹൃത്താണ് അദ്ദേഹം എന്നതായിരുന്നു എനിക്കേറ്റവും വലുതായി തോന്നിയത്. ഒരിക്കല്‍ തമ്പുരാന്‍ പറഞ്ഞിട്ടാണ് മാരാര് മീഞ്ചന്തയിലാണ് താമസമെന്നും മാതൃഭൂമിയിലെ പ്രൂഫ് റീഡര്‍ പണിയില്‍ നിന്ന് പിരിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയാണെന്നും മനസ്സിലായത്.

ആയിടെ ഒരു മോഹം ജനിച്ചു. മാരാര്‍കൃതികളൊക്കെ സ്വന്തമാക്കണം. വായിച്ചാല്‍ മാത്രം പോരാ: ഇടയ്ക്കിടെ വായിച്ചതുതന്നെ വായിക്കണം. പിന്നെ, അതൊക്കെ കയ്യിലുണ്ടാവുന്നത് വലിയ അന്തസ്സായിത്തോന്നി. വാങ്ങാന്‍ പൈസയില്ല. എന്നെ പഠിപ്പിക്കുന്നത് ബാപ്പയുടെ ജ്യേഷ്ഠനാണ് മൂത്താപ്പ എന്‍.സി.കോയക്കുട്ടി ഹാജി. വലിയ പ്രമാണിയാണ്. പണക്കാരന്‍. മൂപ്പരുടെ മകനാണ് സിനിമാ നിര്‍മാതാവ് സലാം കാരശ്ശേരി. ഞാന്‍ മൂത്താപ്പയുടെ കൂടെ ആഴ്ചവട്ടത്തുള്ള വീട്ടിലാണ് താമസം-ഗുരുവായൂരപ്പന്‍ കോളേജിന് അടുത്തു തന്നെ. പാഠപുസ്തകം വാങ്ങാന്‍ മൂപ്പര് എത്ര പൈസ വേണമെങ്കിലും തരും. പക്ഷേ, പാഠപുസ്തകമല്ലാത്ത മാരാര്‍കൃതികള്‍ അങ്ങനെയാണെന്ന് നുണ പറഞ്ഞ് വാങ്ങാന്‍ തോന്നിയില്ല.അങ്ങനെ മൂത്താപ്പ ഉച്ചക്ക് ഊണിനു തരുന്ന പൈസ ബാക്കിയാക്കി, ബാക്കിയാക്കി ഞാന്‍ മിക്ക മാരാര്‍ പുസ്തകങ്ങളും സംഘടിപ്പിച്ചു. വിശപ്പായിരുന്നില്ല, പ്രശ്‌നം ആ 1967-69 കാലത്ത് അവയില്‍ പലതും കിട്ടാനുണ്ടായിരുന്നില്ല. ആവശ്യക്കാരും കമ്മി. കോഴിക്കോട്ടെ പഴയ പ്രസാധകരായ പി.കെ.ബ്രദേഴ്‌സ്, കെ.ആര്‍. ബ്രദേഴ്‌സ് തുടങ്ങിയവയുടെ തട്ടിന്‍പുറങ്ങളില്‍ പൊടിപിടിച്ചുകിടന്ന പഴയ പുസ്തകങ്ങളില്‍ നിന്ന് മാരാരെ കണ്ടെത്തിപ്പിടിക്കുക എന്നതായിരുന്നു പ്രയാസം. വലിയ വിലയില്ലാത്ത ആ പുസ്തകങ്ങള്‍ തപ്പിയെടുത്തുതരാന്‍ പുസ്തകശാലക്കാര്‍ക്ക് മടിയായിരുന്നു. ഭാഗ്യം, അവരെന്നെ ആ പഴമയുടെ മാറാലകളില്‍ മുങ്ങിത്തപ്പാന്‍ അനുവദിച്ചു. അങ്ങനെ മിക്ക പുസ്തകങ്ങളും സ്വന്തമായി! ഞാന്‍ നേടിയ മറ്റൊന്നിനെപ്പറ്റിയും എനിക്ക് ജീവിതത്തില്‍ ഇത്രമാത്രം മേനി തോന്നിയിട്ടില്ല.

ഇതിനിടയില്‍ കുഞ്ഞുണ്ണിമാഷുമായി ഞാന്‍ അടുപ്പത്തിലായിക്കഴിഞ്ഞിരുന്നു. അദ്ദേഹം ഇടക്കിടെ കണ്ട വര്‍ത്തമാനം പറയുമ്പോഴാണ് മാരാര് രാമകൃഷ്ണമിഷനടുത്താണ് താമസം എന്ന് തിരിഞ്ഞത്. ”ഒരു ദിവസം മാരാരെകാണാന്‍ ഞാനും പോരട്ടെ?” എന്ന് മാഷോട് ചോദിക്കാന്‍ ധൈര്യം കിട്ടിയില്ല – ഇത്രയും വലിയ ഒരെഴുത്തുകാരന്റെ മുമ്പില്‍ ഞാനെങ്ങനെ നില്ക്കും? എന്തു പറയും?

ഗുരുവായൂരപ്പന്‍ കോളേജില്‍ ബി.എ.യ്ക്കു ചേര്‍ന്നതോടെ സാഹിത്യചര്‍ച്ചക്കുള്ള അന്തരീക്ഷം വിപുലമായി-കവി എസ്.സുന്ദര്‍ദാസ്, കഥാകൃത്ത് യു.കെ.കുമാരന്‍, ലേഖനകാരന്‍ ബാലകൃഷ്ണന്‍ ആറാട്ടുപുഴ മുതലായവരായിരുന്നു കൂട്ടുകാര്‍. എന്റെ പ്രധാന ചര്‍ച്ചാപ്രമേയം മാരാര് തന്നെ. ഭാഗ്യത്തിന് അവരെല്ലാം എന്നോട് യോജിക്കുന്നവരായിരുന്നു. ഞങ്ങള്‍ ‘സാഹിത്യരംഗം’ എന്നൊരു വേദി രൂപവത്കരിക്കുകയും ഉണ്ടായി. മാരാരെ കോളേജില്‍ പ്രസംഗിക്കാന്‍ കൊണ്ടുവരണം എന്നതായിരുന്നു എന്റെ ആവശ്യം. സുന്ദര്‍ദാസ് എന്നെ പുച്ഛിച്ചു: ”നിനക്ക് ഇത്ര വിവരമില്ലാതെ പോയല്ലോ. മാരാര് വലിയ പണ്ഡിതനാ. വലിയ എഴുത്തുകാരനാ. സംശല്ല. പക്ഷേ, പ്രസംഗം മോശാ.”

”മോശായിക്കോട്ടെ. മാരാരെ ഒന്ന് കാണാലോ” എന്ന് ഞാന്‍ തര്‍ക്കിച്ചു.
”എടോ, മൂപ്പര്‍ക്ക് സുഖല്ല. വയസ്സായി. വീട്ടിലിരിപ്പാ. നീ മാരാരെ ടൗണ്‍ഹാളിലോ മറ്റോ കണ്ടിട്ടുണ്ടോ?”

”അതിന് ഞാന്‍ മൂപ്പരെ കണ്ടാലറിയൂല. ഏതോ ചില പുസ്തകത്തിന്റെ ചട്ടേല് ഫോട്ടോ കണ്ടിട്ടുണ്ട്. അതു പഴേകാലത്തേതാ. കണ്ടാലറിയില്ല.”
”അതല്ല. മാരാര് പുറത്തെവിടെയും പോകാറില്ല. ചെന്ന് വിളിച്ചാല് വരില്ല. അക്കിത്തം പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്- മാരാര് വീട്ടിലിരിപ്പാണ്.”

അവന്‍ ഗാന്ധിഗൃഹത്തിലാണ് താമസം. തൊട്ടടുത്ത മുറിയിലാണ് ആകാശവാണിയില്‍ ഉദ്യോഗമുള്ള അക്കിത്തം-ശരിയായിരിക്കും.

പ്രസിദ്ധ കഥാകാരന്‍ എന്‍.പി. മുഹമ്മദ് ആഴ്ചവട്ടത്ത് എന്റെ അയല്‍ക്കാരനാണെന്ന് അദ്ഭുതത്തോടെ ഞാന്‍ കണ്ടെത്തിയതും ഇക്കാലത്താണ്. എന്‍.പി.യെ എനിക്ക് വലിയ ഇഷ്ടമായി.

ഒന്നാമത് വലുപ്പചെറുപ്പമില്ലാതെ പെരുമാറ്റം. രണ്ടാമത് എന്തിനെപ്പറ്റിയും ആരെപ്പറ്റിയും പറയാനുള്ളത് വെട്ടിത്തുറന്നു പറയും. പിന്നെ എനിക്ക് ഇഷ്ടമുള്ള ബഷീര്‍, ഉറൂബ്, ആര്‍.രാമചന്ദ്രന്‍, എം.ടി. മുതലായ എഴുത്തുകാരെപ്പറ്റിയൊക്കെ അദ്ദേഹത്തിന് നല്ലതേ പറയാനുള്ളൂ- മാരാരെപ്പറ്റി വിശേഷിച്ചും. മുഹമ്മദിന്റെ വര്‍ത്തമാനങ്ങള്‍ക്ക് കേള്‍വിക്കാരെ ഉയര്‍ത്തിയെടുക്കുന്ന ഒരു തലമുണ്ട്: ചിന്തയുടെ തിളക്കവും പാണ്ഡിത്യത്തിന്റെ അടിയുറപ്പും പരിഹാസത്തിന്റെ മധുരവും കൊണ്ട് സമ്പന്നമായ ആ നിരീക്ഷണങ്ങളെല്ലാം തെളിഞ്ഞ ജനാധിപത്യബോധത്തിന്റെ പ്രകാശനങ്ങളായിരുന്നു.

‘സുതലം’ എന്ന് ഒരു പാതാളത്തിന്റെ പേരിട്ടിരിക്കുന്ന എന്‍.പി.യുടെ വീട്ടിലേക്ക് കൂടെക്കൂടെ ചെല്ലാന്‍ എന്നെ പ്രചോദിപ്പിച്ചത് ആ വീട്ടില്‍ പുലര്‍ന്നുകണ്ട സൗഹാര്‍ദത്തിന്റെയും സാംസ്‌കാരിക ചര്‍ച്ചയുടെയും അന്തരീക്ഷമാണ്. അദ്ദേഹത്തിന്റെ പത്‌നി ബിച്ചാത്തു വിനീതവും നിശ്ശബ്ദവുമായ ആ ചിരിയോടെ ആളുകളെ സ്വീകരിച്ചുപോന്നു: നിറഞ്ഞ മനസ്സോടെ സല്ക്കരിച്ചു പോന്നു. സ്വന്തം മക്കള്‍ വിളിക്കുമ്പോലെ ഞാനും അവരെ ‘ഇത്താത്ത’ എന്നു വിളിച്ചു. എന്‍.പി.യും മുതിര്‍ന്ന മക്കളായ നാസറും ഹാഫിസ് മുഹമ്മദും ഒക്കെ തീന്‍മേശക്കു ചുറ്റുമിരുന്ന് സാഹിത്യം, ചരിത്രം, മതം മുതലായ പ്രശ്‌നങ്ങളെപ്പറ്റി നിരന്തരം പരസ്പരം തര്‍ക്കിച്ചു പോന്നു-കൂട്ടത്തില്‍ എന്നെപോലുള്ള അതിഥികളും. എന്‍.പി യുടെ നേതൃത്വത്തില്‍ ‘ഇസ്‌ലാം ആന്‍ഡ് മോഡേണ്‍ ഏജ് സൊസൈറ്റി’ ഉടലെടുത്ത കാലമാണത്-സൊസൈറ്റി ശരീഅത്ത് വിമര്‍ശനം പൊടിപൊടിക്കുന്നു. എനിക്ക് അതിന്റെ ഊറ്റവുമുണ്ട്. എന്റെ വീരനായകനാണ് എന്‍.പി-പൗരോഹിത്യത്തെയും രാഷ്ട്രീയനേതൃത്വത്തെയും വെല്ലുവിളിച്ചുകൊണ്ട് എഴുതുമ്പോഴും പ്രസംഗിക്കുമ്പോഴും ആ മുഖത്ത് തെളിയുന്ന ഊര്‍ജത്തിന്റെ അലകള്‍ എനിക്കിപ്പോഴും കണ്ണില്‍കാണാം. അക്കൂട്ടത്തില്‍ ഞാന്‍ എന്‍.പി.യുടെ മാരാര്‍ വിശകലനങ്ങളിലും ആണ്ടുമുങ്ങിപ്പോന്നു: ‘ഭരതപര്യടന’ ത്തിലെ പല ഖണ്ഡികകളും മൂപ്പര്‍ക്ക് കാണാപ്പാഠമാണ്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിനെതിരെ മാരാര്‍ തൊടുത്തുവിട്ട പരിഹാസശരങ്ങളെല്ലാം എന്‍.പി. തന്റെ ആവനാഴിയില്‍ സംഭരിച്ച് വെച്ചിരിക്കുന്നു. എന്‍.പി.ക്കും എനിക്കും ഇടയിലെ ഒരു പാലം കുട്ടികൃഷ്ണമാരാര് ആയിരുന്നു.

വളരെ പ്രധാനപ്പെട്ട ആ കാര്യം പറഞ്ഞുതന്നത് തമ്പുരാനാണ്. അദ്ദേഹം ‘കേരളപാണിനീയം’ പഠിപ്പിക്കുകയാണ്-ദ്വിത്വസന്ധി. അക്ഷരം ഇരട്ടിക്കുന്നതിന് ഉദാഹരണം പറഞ്ഞു:”താമര അധികം കുളം സമം താമരക്കുളം.”

ഞാന്‍ എഴുന്നേറ്റുനിന്ന് ചോദിച്ചു: ”സാര്‍, സന്ധി അനുസരിച്ച് കുട്ടി അധികം കൃഷ്ണന്‍ സമം ‘കുട്ടിക്കൃഷ്ണന്‍’ എന്നു വരണ്ടേ? എന്നിട്ട് മാരാരെന്താ എല്ലാ പുസ്തകത്തിലും ‘കുട്ടികൃഷ്ണമാരാര്’ എന്നെഴുതുന്നത്?”

തമ്പുരാന് ചോദ്യം ക്ഷ പിടിച്ചു. വിടര്‍ന്നുചിരിച്ചുകൊണ്ട് പറഞ്ഞു: ”അതോ പറയാം. നിയ്ക്കും ഈ സംശയണ്ടായിര്ന്ന്, മാരാര് വ്യാകരണപണ്ഡിതന്‍ മാത്രല്ലല്ലോ, അച്ചു പിഴ നോക്ക്ണ ആളുംകൂടി അല്ലേ? അക്ഷരപ്പെഴ വരാന്‍ വയ്‌ക്ക്യോ? ഞാന്‍ ഒരിക്കെ നേരിട്ടു തന്നെ ചോദിച്ചൂ, ന്താ ങ്ങനെ വ്യാകരണം തെറ്റിച്ചെഴ്ത്‌ണേന്ന്? മാരാര് മറ്പടി പറഞ്ഞതെന്താ നിശ്ശണ്ടോ-തമ്പ്‌രാന്‍ ചോദിച്ചത് ശര്യാ. എന്നെ അമ്മ വിളിക്ക്യ ‘കുട്ടിക്കൃഷ്ണാ’ ന്നല്ല, ‘കുട്ടികൃഷ്ണാ’ന്നാ. അമ്മ വിളിച്ചതല്ലേ, പേര്? എനിക്ക് അത് മതീന്ന് ഞാന്‍ തീര്‍ച്ച്യാക്കി. കുട്ടികൃഷ്ണന്‍-ന്നേ ഞാന്‍ എഴുതൂ; മറ്റുള്ളോരും അങ്ങനെ എഴുതിയാ മതീന്ന്”

ആ ഉത്തരം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. വ്യാകരണത്തിലും മേലെയാണ് അമ്മ, എല്ലാറ്റിലും മേലെയാണ് അമ്മ എന്ന് അതെന്നെ പഠിപ്പിച്ചു-ഈ മാതൃഭക്തി മാരാരോടുള്ള ആരാധന വളര്‍ത്തി. ഉമ്മ എന്നെ വിളിക്കുന്നത് ‘കുഞ്ഞി’ എന്നാണ്. വീട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും മാത്രമേ അതറിയാവൂ എന്ന് ഞാന്‍ ഓര്‍ത്തുപോയി; ‘ഭാരതപര്യടനം’ സമര്‍പ്പിച്ചിരിക്കുന്നത് അമ്മയ്ക്കാണല്ലോ എന്നും. ‘നിഴലാട്ടം’ സമര്‍പ്പിച്ചതും അമ്മയ്ക്കു തന്നെ.

ഒരിക്കല്‍ രണ്ടും കല്പിച്ച് ഞാന്‍ കുഞ്ഞുണ്ണിമാഷോട് കെഞ്ചി:
”മാഷ് ഇനി മാരാരെ കാണാന്‍ പോവുമ്പോ എന്നേം കൊണ്ടുപോണം.”
മയമില്ലാത്ത മറുപടി:
”എന്തിനാ?”
”ഒന്നിനും അല്ല. എനിക്കൊന്ന് കണ്ടാമതി. മൂപ്പര് പുറത്തിറങ്ങല് ഇല്ലാന്ന് കേട്ടു.”

”ഞാന്‍ തന്നെ കൊണ്ടുപൂവില്ല. ഒര് കാര്യം കൂടിപ്പറയാം-ഇത് പറഞ്ഞേന് ഒറ്റയ്‌ക്കോ വേറെ ആരേം കൂട്ടീട്ടോ താന്‍ അവടെ പോവരുത്, ട്ടോ.”
”അതെന്താ മാഷേ?” ”തന്റെ ഉള്ളില് ഒര് മാരാര് ണ്ട്. അതിന്റെ വലുപ്പം നിയ്ക്കറ്യാം. ഇപ്പളത്തെ അവസ്ഥേല് താന്‍ മാരാരെ ചെന്നുകണ്ടാ അത് തനിക്ക് നഷ്ടാവും. അതു വേണ്ട. മനസ്സിലാവ്ണ്‌ണ്ടോ?”
”അത്ര മോശാണോ ആരോഗ്യം?”
”ആരോഗ്യത്തിന്റെ മാത്രം കാര്യല്ല. ഓര്‍മയും കഥയും കൊറവാ. ചെലപ്പോ ഉടുത്തൂന്നും ചെലപ്പോ ഉടുത്തില്ലാന്നും ഒക്കെ വരും.”
പതിവില്ലാതെ മാഷ് ഗൗരവം പൂണ്ടു:”വിസ്തരിക്കണ്ട. അങ്ങട്ട് പോണ്ട.”

വ്യസനത്തോടുകൂടി ഞാന്‍ അംഗീകരിച്ചു-കുട്ടികൃഷ്ണമാരാരെ ചെന്ന് കാണില്ല. മാഷ് വെറും വാക്ക് പറയില്ല. അദ്ദേഹം ഞങ്ങള്‍ക്ക് നല്ലതു മാത്രം പറഞ്ഞുതരുന്ന ഗുരുനാഥനാണ്; നല്ലതു മാത്രം വരണം എന്ന് വിചാരിക്കുന്ന ബന്ധുവാണ്.
പിറ്റേ ആഴ്ച ഞാന്‍ തമ്പുരാനോട് ചോദിച്ചു: ”എന്താ സാര്‍ മാരാര്‍ക്ക് സുഖക്കേട്?”
സഹതാപം കലര്‍ന്ന, തെളിച്ചം കുറഞ്ഞ ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു:”മാരാര്‍ക്ക് സൂക്കേടാന്ന് നിങ്ങളാച്ചെലരൊക്കെ പറയും. അദ്ദേഹം ലൗകികബന്ധങ്ങളൊക്കെ വിട്ടിര്ക്കുണൂ. അത് മനസ്സിന്റെ ഒരവസ്ഥയാ. അല്ലാതെ ദെണ്ണൊന്നൂല്ല.”
മലയാളം എം.എ.യ്ക്ക് തേഞ്ഞിപ്പലത്തു ചേരുമ്പോള്‍ ‘മാരാരീയനായ’ അഴീക്കോട് മാഷാണല്ലോ, വകുപ്പധ്യക്ഷന്‍ എന്നത് എന്റെ സ്വകാര്യ സന്തോഷങ്ങളിലൊന്നായിരുന്നു. അവിടെ എന്നോളം തന്നെ മാരാര്‍ഭക്തനായ ദയാനന്ദനെ സഹപാഠിയായും കിട്ടി.
..
മീഞ്ചന്തയില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ ഞാന്‍ ചാടിയിറങ്ങി- ഒറ്റയ്ക്കു പോകാന്‍ ഒരു സങ്കോചം. വീടറിയില്ല. ഞാന്‍ നേരെ രാമകൃഷ്ണാശ്രമം സ്‌കൂളിന്റെ വളപ്പിലേക്കു ചെന്നു. ഹോസ്റ്റലിന്റെ ഇങ്ങേയറ്റത്തെ മുറിയില്‍ കുഞ്ഞുണ്ണി മാഷ് ഉണ്ടാകുമല്ലോ.
വളപ്പിലേക്കു കടന്നതും പ്രധാന കെട്ടിടത്തിന്റെ വരാന്തയില്‍ നടക്കുന്ന സ്വാമിയുടെ കണ്ണില്‍പെട്ടു. നേരം വെളുക്കും മുന്‍പ് വന്നതാരെന്ന ആകാംക്ഷയിലാവും ആ സന്യാസി ശബ്ദം ഉയര്‍ത്തി ചോദിച്ചു:
”ആരാ, എന്താ വേണ്ടേ?”

സ്വാമിക്ക് കാത് അല്പം പതുക്കെയാണെന്ന് മാഷ് പറഞ്ഞുകേട്ടത് ഓര്‍മയുണ്ടായിരുന്നതിനാല്‍ ഞാന്‍ ലേശം ഉച്ചത്തില്‍ പറഞ്ഞു:
”ഒര് വിദ്യാര്‍ഥിയാ. പേര് മൊഹിയുദ്ദീന്‍. കുഞ്ഞുണ്ണിമാഷെ നോക്കി വന്നതാ.”
”മാരാര് മരിച്ചട്ക്ക്ണൂ. മാഷ് അങ്ങട്ട് പോയതാ.”

ഞാന്‍ നിരാശയോടെ ഗേറ്റ് കടന്നു പോന്നു. തീവണ്ടിപ്പാളം മുറിച്ചു കടന്നു വേണം, മാരാരുടെ വീട്ടിലേക്കു പോവാന്‍ എന്ന് മുന്‍പ് മാഷ് പറഞ്ഞു കേട്ട ധാരണയില്‍ ഞാന്‍ ആ വഴിക്കു നടന്നു. പാല്‍ക്കുപ്പിയുമായി എതിരെ വന്ന മധ്യവയസ്‌കനോട് ചോദിച്ചു:

”ഏതാ മരിച്ച വീട്? മാരാര്-എവിടെയാ?”

അയാള്‍ ഒന്നും മിണ്ടാതെ കൈ ചൂണ്ടിയ ഭാഗത്തേക്കു ഞാന്‍ നടന്നു. കുറച്ചു ചെന്നപ്പോള്‍ വീടു കണ്ടു. ചുമരില്‍ ‘ഋഷിപ്രസാദം’ എന്ന ചെറിയ ബോര്‍ഡ് കണ്ടപ്പോള്‍ ഉറപ്പായി. പുറത്തെങ്ങും ആരുമില്ല. ഒച്ചയും അനക്കവുമില്ല. കുഞ്ഞുണ്ണി മാഷെ കാണാനില്ല. എന്റെ ചങ്കിടിച്ചു. മരണം അന്വേഷിച്ചെത്തുന്ന ആദ്യത്തെ ആളാണ് ഞാന്‍. എന്തും പറഞ്ഞ് കയറിച്ചെല്ലും? ഞാന്‍ ഇവിടെ ആരാണ്?

ഒരു നിമിഷം ആലോചിച്ചു നിന്നശേഷം ഞാന്‍ സിമന്റുപടികള്‍ കയറിച്ചെന്നു. വീട് തീര്‍ത്തും നിശ്ശബ്ദമാണ്. കരച്ചില്‍ പോലുമില്ല. കോലായില്‍ പുതപ്പിച്ചു കിടത്തിയിരിക്കുന്നു. ഞാന്‍ തരിച്ചു നിന്നു. ഒരു ചെറുപ്പക്കാരന്‍ വന്ന് പുത മാറ്റി ഫോട്ടോകളില്‍ മാത്രം കണ്ടിരുന്ന മുഖം കാട്ടിത്തന്നു-ഈശ്വരാ! ഞാന്‍ മാരാരെ നല്ലേരം കാണുകയാണ്… മുഖത്തോടു മുഖം കാണാന്‍ യോഗമുണ്ടായില്ല; ആ മുഖത്തുനിന്ന് ഒരു വാക്ക് പുറപ്പെടുന്നത് കേള്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല; ഞാന്‍ അങ്ങയ്ക്ക് കടപ്പെട്ടവനാണ് എന്ന് നേരില്‍ പറയാന്‍ സുകൃതമുണ്ടായില്ല… അങ്ങയുടെ കണ്ണില്‍പ്പെടാന്‍ നിയോഗമുണ്ടായില്ല… അങ്ങയുടെ ഗുരുത്വം നേടാന്‍ പുണ്യമുണ്ടായില്ല… എന്നെക്കാള്‍ നിര്‍ഭാഗ്യവാനായി മറ്റാരുള്ളൂ…

പൊട്ടിപ്പോവും എന്നു തോന്നിയപ്പോള്‍ പതുക്കെ മുറ്റത്തേയ്ക്കിറങ്ങി, മുറ്റത്തിന്ന് ചുറ്റുമുള്ള അരച്ചുമരില്‍ തളര്‍ന്നിരുന്നു. പുറപ്പെട്ടുവരുന്ന നിലവിളി അടക്കാന്‍ പ്രയാസമായപ്പോള്‍ കാല്‍മുട്ടുകളില്‍ വളച്ചുവെച്ച കൈത്തണ്ടകളില്‍ ഞാന്‍ മുഖം ഒളിപ്പിച്ചു. പിന്നെ ഏങ്ങിയേങ്ങിക്കരഞ്ഞു.

അകത്തുനിന്ന് വന്ന ചെറുപ്പക്കാരന്‍ ചോദിച്ചു: ”ആരാന്ന് ചോയ്ക്കാന്‍ പറഞ്ഞൂ, മുരളി മാരാര്.”

ആരാണെന്ന് പറയും? ഒരു നിമിഷം കഴിഞ്ഞ് മറുപടി പറഞ്ഞു: ”തേഞ്ഞിപ്പലത്ത് മലയാളം എം.എ.യ്ക്കു പഠിക്കുന്ന കുട്ടിയാ. പേര് മൊഹിയുദ്ദീന്‍.”

ഞാന്‍ വീണ്ടും കാല്‍മുട്ടുകളില്‍ മുഖം പൂഴ്ത്തി. ആ മരണം ഉണ്ടാക്കിയ നഷ്ടത്തെപ്പറ്റിയും തേങ്ങിക്കരയുന്നതിന്റെ നിരര്‍ത്ഥകതയെപ്പറ്റിയും ആലോചിക്കുമ്പോഴും ഞാന്‍ മൂക്ക് ചീറ്റുന്നുണ്ട്, ഉടുതുണിയുടെ തുമ്പുകൊണ്ട് കണ്ണും മൂക്കും തുടയ്ക്കുന്നുണ്ട്.

ഏതോ കൈപ്പടം വാത്സല്യത്തോടെ നെറുകയില്‍ പതിഞ്ഞതായി അനുഭവപ്പെട്ടപ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി- കുഞ്ഞുണ്ണിമാഷ്!

”താന്‍ വരുംന്ന് നിയ്ക്കറ്യായിരുന്നു. എന്റെ മുമ്പേ എത്തി, അല്ലേ?”
മാഷെ കണ്ടതോടെ വ്യസനം പാതിയായി- ആ കൂടെ നില്ക്കുമ്പോള്‍ ഏതോ ബലം ഉണ്ടായി വരുന്നതുപോലെ.

ആ വീട്ടിലെ സ്വന്തക്കാരനായ അദ്ദേഹം അകത്തേയ്ക്കു പോയി. ഞാന്‍ ദൂരേയ്ക്ക് കണ്ണും നട്ട് ഇരുന്നു- ഏത് വാക്കും വരിയും ഒന്നമര്‍ത്തിനോക്കിയാല്‍ പെണ്ണിന്റെ കണ്ണീര് കിനിഞ്ഞു വരും എന്ന് മാരാര് കാണിച്ചുതരുന്ന രീതികളെപ്പറ്റിയാണ് ഞാന്‍ ആ നേരത്ത് ആലോചിച്ചു പോയത്.

കുറച്ചു കഴിഞ്ഞ് മാഷ് വന്ന് ചോദിച്ചു: ”താന്‍ ചായ കഴിച്ചതാണോ? ഇല്ലെങ്കീ ചായപ്പീട്യേപ്പോയി കഴിച്ച് വര്വാ. ഉച്ചതിരിഞ്ഞിട്ടേ എടുക്കലുണ്ടാവൂ.”
”വേണ്ട മാഷേ”

ഞാന്‍ അവിടെത്തന്നെ കുത്തിയിരുന്നു. വാര്‍ത്തയും എഡിറ്റ് പേജിലെ ലേഖനങ്ങളുമെല്ലാം വായിച്ചു തീര്‍ത്തു.

ആളുകള്‍ വന്നുതുടങ്ങി. കുറേശ്ശെക്കുറേശ്ശെയായി. അത്രയധികമൊന്നുമില്ല- മാരാര് വാക്കുപയോഗിക്കുംപോലെ എന്ന് എനിക്കപ്പോള്‍ ഒരു തമാശ തോന്നി. പറയാന്‍ ആരുമില്ല- ദയാനന്ദനെ കൂടെ കൂട്ടാമായിരുന്നു. അത് അന്ധാളിച്ചു!

ഒറ്റയും തെറ്റയുമായി ആളുകള്‍. അയല്‍ക്കാര്‍. ബന്ധുക്കള്‍. പരിചയക്കാര്‍. നാട്ടുകാര്‍. ഏറെയും വയസ്സന്മാരാണ്. കുറച്ച് മധ്യവയസ്‌കര്‍. ഇടയ്ക്ക് ചില സ്ത്രീകളും കുട്ടികളും. ചിലരൊക്കെ അകത്തേയ്ക്കു പോയി. ചിലര്‍ മുഖം കണ്ടശേഷം മുറ്റത്തെ ബെഞ്ചിലിരുന്നു; ചിലര്‍ മടങ്ങിപ്പോയി.

യുവാക്കളെ ആരെയും അങ്ങനെ കാണാനില്ല; സാഹിത്യകാരന്മാരെയും!

വെയില് മൂത്തുവരുന്നു. നേരം പതിനൊന്നാവുന്നു. അപ്പോള്‍ മാതൃഭൂമി ചീഫ് എഡിറ്റര്‍ കെ.പി. കേശവമേനോന്‍, മാനേജിങ് എഡിറ്റര്‍ വി.എം. നായര്‍, ബാലാമണിയമ്മ മുതല്‍ പേര്‍ വന്നെത്തി. അന്നേയ്ക്ക് തീര്‍ത്തും അന്ധനായിക്കഴിഞ്ഞിരുന്ന കേശവമേനോന്റെ കൈ ഒരാള്‍ പിടിച്ചിട്ടുണ്ട്; പിന്നില്‍ നടക്കുന്ന ഒരാള്‍ കുട ചൂടിക്കൊടുക്കുന്നുണ്ട്. തൊട്ടുപുറകില്‍ ഫോട്ടോഗ്രാഫര്‍. അതിനും പിന്നില്‍ റീത്തും പിടിച്ച് ഒരു ചെറുപ്പക്കാരന്‍. കേശവമേനോന്‍ ‘മാതൃഭൂമി’ എന്നെഴുതിയ റീത്തുവെച്ചു. ക്യാമറ മിന്നി.

ആ നേരത്ത് കെ.എ. കൊടുങ്ങല്ലൂര്‍ വന്നു. പാറിപ്പറന്ന തലമുടി. വടിച്ചിട്ട് നാല് ദിവസമായി എന്ന് എപ്പോഴും തോന്നിക്കുന്ന താടിരോമങ്ങള്‍. മുഷിഞ്ഞ നീലക്കുപ്പായം. മാടിക്കെട്ടിയ തുണി. കക്ഷത്തില്‍ മടക്കിവെച്ച വാരികകള്‍. വലത്തേ കൈയിലെ വിരലുകള്‍ക്കിടയില്‍ പുകയുന്ന സിഗരറ്റ്. മുഖം പതിവിലും കനത്തിരിക്കുന്നു.

കൊടുങ്ങല്ലൂര്‍ സിഗരറ്റ് എറിഞ്ഞു കളഞ്ഞു. മാടിക്കെട്ടഴിച്ചിട്ട്, ചെരിപ്പൂരി കോലായില്‍ക്കയറി. കുറച്ചു നേരം മാരാരുടെ മുഖത്തേക്ക് നോക്കി നിന്നിട്ട് ഇറങ്ങിപ്പോന്നു. പിന്നെ, എന്റെ അടുത്തുവന്നിരുന്ന് പുതിയൊരു സിഗരറ്റിന് തീ കൊളുത്തി. പതിവുപോലെ ഒന്നും മിണ്ടിയില്ല.

എന്തെങ്കിലുമൊന്ന് ചോദിക്കണ്ടേ എന്നു വിചാരിച്ച് ഞാന്‍ ചോദിച്ചു: ”കൊടുങ്ങല്ലൂര് വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നോ?”
കനമേറിയ പതിവ് മൂളല്‍-
”ങ്ഉം.”
ആ കനത്ത നിശ്ശബ്ദതയില്‍ നിന്നെന്നപോലെ കൊടുങ്ങല്ലൂരില്‍ നിന്ന് പുകച്ചുരുളുകള്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു.

ഏതാനും നിമിഷംകഴിഞ്ഞ് അഴീക്കോട് മാഷും രണ്ടുമൂന്നു പേരും വന്നു. ആ ചെറുസംഘത്തിന്റെ പിന്നിലും ‘സമസ്ത കേരള സാഹിത്യ പരിഷത്ത്’ എന്നെഴുതിയ റീത്തും പിടിച്ച് ഒരാളുണ്ടായിരുന്നു. അഴീക്കോട് മാഷ് പരിഷത്തിന്റെ പ്രസിഡന്റാണ്.
മാഷെ കണ്ടപ്പോള്‍ ഞാന്‍ എഴുന്നേറ്റു. അപ്പോഴാണ് എന്നെ കണ്ടത്.
”ങ്ഹ! താന്‍ ഇവിടെയുണ്ടോ?”

ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. കൂടെച്ചെന്നു. അദ്ദേഹം റീത്തുവെക്കുമ്പോള്‍ എവിടെനിന്നോ പൊട്ടിവീണ ക്യാമറയുടെ കണ്ണില്‍നിന്ന് ഞാന്‍ ഒഴിഞ്ഞുമാറി.
കുടുംബാംഗങ്ങളോട് വര്‍ത്തമാനം പറഞ്ഞു കഴിഞ്ഞ് അഴീക്കോട് മാഷ് പോകാനൊരുങ്ങുകയാണ് എന്ന് തോന്നിയപ്പോള്‍ ഞാന്‍ വല്ലാതായി. ഇവിടെ നില്‌ക്കേണ്ട ആളല്ലേ?

പോകുമ്പോള്‍, പതിവില്ലാതെ, എന്നോട് ലോഹ്യം ചോദിച്ചു: ”താന്‍ വരുന്നുണ്ടോ?”
എനിക്ക് അതൊട്ടും പിടിച്ചില്ല. എന്റെ ശബ്ദം അല്പം കടുത്തുപോയോ: ”ഇല്ല സാര്‍.”

പിന്നെ അങ്ങനെയാരും വന്നുകണ്ടില്ല. ചിലര്‍ സ്ഥലത്തില്ലായിരിക്കാം, ചിലര്‍ക്ക് ദൂരദിക്കില്‍നിന്ന് സംസ്‌കാരത്തിനു മുമ്പെ എത്തിപ്പെടാന്‍ പറ്റില്ലായിരിക്കാം, ചിലരെ ഞാന്‍ തിരിച്ചറിയാതെ പോയിരിക്കാം. എന്നാലും മാരാരെപ്പോലൊരാളുടെ മരണം… അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ലെന്ന് എനിക്ക് തോന്നിപ്പോയി.

ഞാന്‍ കൊടുങ്ങല്ലൂരിനോട് സ്വകാര്യം ചോദിച്ചു: ”ഇതെന്താ ഇങ്ങനെ?”
”ഏത്?”
”ഇത്ര വലിയ ഒരാള്‍ മരിച്ചിട്ട് കോഴിക്കോട്ടുകാര്‍ തിരിഞ്ഞുനോക്കാത്തതെന്താ?”
കൊടുങ്ങല്ലൂരിന്റെ ധാര്‍മികരോഷം തിളച്ചു: ”നിങ്ങക്കെന്തായിപ്പോയി? മാരാര്‍ക്ക് അധികാരമുണ്ടോ? പണമുണ്ടോ? പദവിയുണ്ടോ? ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണയുണ്ടോ? ജാതിക്കാരുടെ പിന്‍ബലമുണ്ടോ? ഇയാളുടെ മക്കള്‍ക്ക് ഇതെന്തെങ്കിലുമുണ്ടോ? ഒരു പാവം പ്രൂഫ് റീഡര്‍. അയാള്‍ പോയി. പോട്ടെ.”
”എന്നാലും മാരാരല്ലേ?”

”അത് നിങ്ങള്‍ക്ക്. എനിക്ക്. നാട്ടുകാര്‍ക്കെന്ത് മഹാഭാരതപഠനം? അതുപോട്ടെ. എത്രയോ എഴുത്തുകാര്‍ കോഴിക്കോട് ടൗണിലുണ്ട്. സാഹിത്യപരിഷത്തിന് വന്നവരാ. അവര്‍ക്കറിയില്ലേ, മാരാര് ആരാണെന്ന്? ഇത്ര അടുത്തല്ലേ? തിരിഞ്ഞുനോക്കില്ല.’
”എന്താ കാരണം?”

”മാരാര് അവരെ ആരെയും പുകഴ്ത്തിക്കാണില്ല. ചിലപ്പോള്‍ വല്ലതും എഴുതിയതില്‍ വല്ല വിമര്‍ശനവും വന്നുപോയിക്കാണും. അതിന്റെ പക ഏഴ് ജന്മം കൊണ്ടുനടക്കുന്ന സൈസാ ഈ സാഹിത്യകാരന്മാര്!”
”എന്നാലും…?”
”നിങ്ങള്‍ കുട്ടിയായതുകൊണ്ടാ ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് വിട്…”

ഞാന്‍ മിണ്ടാതായി. കൊടുങ്ങല്ലൂര്‍ ഈറതീര്‍ക്കുംപോലെ സിഗരറ്റ് ആഞ്ഞുവലിച്ചു.
മണി രണ്ടര കഴിഞ്ഞു.

കുഞ്ഞുണ്ണിമാഷ് വന്ന് കൊടുങ്ങല്ലൂരിനോട് പറഞ്ഞു: ”എട്ക്ക്വായി.”

അങ്ങനെ കുട്ടികൃഷ്ണമാരാരുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആര്‍ഭാടരഹിതവും ശുഷ്‌ക്കവും ആയ ‘വിലാപയാത്ര’ മീഞ്ചന്തയില്‍നിന്ന് മാനാരിപ്പാടത്തെ ശ്മശാനത്തിലേക്കു പുറപ്പെട്ടു. മക്കള്‍, കുടുംബക്കാര്‍, ബന്ധുക്കള്‍, അയല്ക്കാര്, പിന്നെ ഞങ്ങളും. ഒച്ചയും പടയുമില്ലാതെ അത്യന്തം വിനീതമായി അത് മെല്ലെ നീങ്ങി.

വഴിക്കുവെച്ച് പെട്ടെന്ന് ബസ്സ് നിര്‍ത്തിച്ച്, ഖദര്‍ ജുബ്ബയിട്ട മെലിഞ്ഞുണങ്ങിയ ഒരാള്‍ ചാടിയിറങ്ങി ആ ചെറുസംഘത്തോട് ചേര്‍ന്നു-ആര്‍. രാമചന്ദ്രന്‍!

ഞാന്‍ രാമചന്ദ്രന്‍മാസ്റ്ററുടെ അടുത്തേക്ക് ചെന്നു:
”ഞാന്‍ പാലക്കാട്ടായിരുന്നു. പത്രം കണ്ടപ്പഴേ പുറപ്പെട്ടു. ദൂരത്ത് നിന്ന് കണ്ടപ്പോ എനിക്ക് സംശയമുണ്ടായിരുന്നു. കൊടുങ്ങല്ലൂരിനെയും കാരശ്ശേരിയെയും കണ്ടപ്പോ ഉറപ്പായി. അതാ ചാടിയിറങ്ങിയത്. ചിതയിലെത്തും മുമ്പ് വന്നു പറ്റിയത് ഭാഗ്യായി.”

ചുടുകാട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ആ യാത്രയില്‍ എത്ര പേരുണ്ടെന്ന് ഞാന്‍ വെറുതെ ഒന്നെണ്ണിനോക്കി-23 പേര്‍! സാഹിത്യത്തിന്റെ വകയില്‍ ആ കൂട്ടത്തിലുള്ളത് നാലു പേരാണ്: ആര്‍. രാമചന്ദ്രന്‍, കുഞ്ഞുണ്ണി, കെ.എ. കൊടുങ്ങല്ലൂര്, പിന്നെ മൂപ്പെത്താത്ത ഞാനും…
ചിത കത്താന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞുണ്ണിമാഷ് കല്പിച്ചു:

”കാരശ്ശേരീ, താന്‍ പൊയ്‌ക്കോള്വാ. നേരം വെളുത്തേപ്പിന്നെ ഒന്നും കഴിച്ചിട്ടില്ലല്ലോ. തല മിന്നി വീഴും. ചെന്ന് കുളിച്ച് ഊണ് കഴിക്ക്യാ. ഞാന്‍ തലച്ചോറ് പൊട്ടീട്ടേള്ളൂ. താന്‍ പൊയ്‌ക്കോള്വാ.”

ചിതയില്‍ ആളുന്ന തീനാളങ്ങളിലേക്ക് ഒരു നിമിഷം കൂടി നോക്കി നിന്ന് ഞാന്‍ നിശ്ശബ്ദം പിന്‍വാങ്ങി…