സാഹിത്യകൃതികള്‍ക്കു വേണ്ടി വിമര്ശനമെഴുന്നവരുണ്ട്. അവരുടെ തൊഴില്‍ ഓരോകാലത്തുമുണ്ടാകുന്ന കൃതികളെ അനുവാചകശ്രദ്ധയില്‍ കൊണ്ടുവരുക എന്നതാണ്. അവര്‍ ദല്ലാള്‍ പണി നടത്തും. അവര്‍ക്ക് ചില സാഹിത്യ കൃതികളുടെ തണലിലേ നില്ക്കാന് പറ്റൂ. സുകുമാര്‍ അഴീക്കോട് ഈ വിഭാഗത്തില്‍പ്പെടുന്നില്ല. അദ്ദേഹം സാഹിത്യകൃതിയുടെ സൗന്ദര്യ നിയമങ്ങള്‍ക്ക് പുറത്തേക്ക് തന്റെ വ്യക്തിത്വം വികസിപ്പിക്കുകയായിരുന്നു. അദ്ദേഹം ആരുടെയെങ്കിലും കൃതികളുടെ പ്രചാരണം ഏറ്റെടുത്തില്ല. എന്നാല്‍ ചില ആശയങ്ങളുടെ തെളിമയ്ക്കും വികാസത്തിനുമായി അദ്ദേഹം കവിതയെ ഉപാധി ആക്കിയിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞു സാഹിത്യകൃതി വിമര്‍ശകനു വെറും അസംകൃതവസ്തു മാത്രമാണെന്ന് മറ്റൊന്നുകൂടി അദ്ദേഹം പറഞ്ഞു. സാഹിത്യകൃതിയുടേത് ഒരു കാലവും വിമര്‍ശകന്റേത് മറ്റൊരു കാലവുമാണെന്ന്. അതായത് ഭാഷയില്‍ കവിതയോ നോവലോ ഉണ്ടാകുന്നതനുസരിച്ച് വിമര്‍ശനം എഴുതാന്‍ പറ്റില്ല. അത് മറ്റൊരു കാഴ്ചയും പ്രേരണയുമാണ്. വിമര്ശകന് എഴുത്തുകാരുടെ തലമുറകളുടെ കണക്കെടുപ്പുകാരനല്ല. അയാള്‍ സകല കൃതികളുടേയും, വ്യാഖ്യാതവല്ല. അയാള്‍ സ്വന്തം അന്തര്സന്നിവേശങ്ങളെ സാഹിത്യത്തിനുപോലും അതീതമായ ചില വിതാനങ്ങളില്‍ വച്ചാണ് മറ്റൊരു രീതിയില്‍ കണ്ടുമുട്ടുന്നത്. കവിതയുടെ അര്‍ത്ഥമോ, വിശദീകരണമോ അല്ല നിരൂപണം. അത് വിമര്‍ശകന്റെ നിമിഷമാണ്. അഴീക്കോട് കുമാരനാശാന്റെ കവിതയെപ്പറ്റി ഒരേയൊരു പുസ്തകമാണ് എഴുതിയത് ആശാന്റെ സീതാ കാവ്യം. ഇതാകട്ടെ അഴീക്കോട് എന്ന വ്യക്തിയുടെ ചിന്താരീതിയുടെ പ്രകാശനമാണ്; ‘ആശാന്’ എന്ന കവിയെപ്പറ്റിയുള്ള പഠനമല്ല.
സാഹിത്യ പഠനങ്ങളെ, സാഹിത്യ കൃതികളെ സര്‍വ്വതിന്റെയും ഉച്ചകോടിയായി കാണാന്‍ അദ്ദേഹം തയ്യാറായില്ല. അതിനപ്പുറത്തും ചിലത് പ്രലോഭിപ്പിക്കുന്നു. സാഹതീയമായ തൃഷ്ണയുടെ ആഴത്തിലുള്ള അന്വേഷണമാണ് ‘തത്ത്വമസി’യില്‍ കാണാനാകുന്നത്. തത്ത്വമസി ഉപനിഷത്തിന്റെ അനുഭൂതിയിലേക്കുള്ള യാത്രയാണ്. എപ്പോഴും ഉപനിഷത്ത് അനുഭൂതിയാകണമെന്നില്ല. അഴീക്കോടില്‍ എല്ലാത്തിനെയും കോര്‍ത്തിണക്കുന്ന ഒരു ചരടായാണ് ഉപനിഷത്ത് പ്രവര്‍ത്തിച്ചത്. പൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള ഭാഗമാണ് അതില്‍ നിഴലിക്കുന്നതെന്നു കാണാം.
അദ്ദേഹത്തിന്റെ പ്രസംഗ പര്യടനങ്ങളും സാമൂഹ്യ വിഷയങ്ങളിലുള്ള പ്രതികരണങ്ങളും സാഹിത്യ ബാഹ്യമായ രചനകളും എല്ലാം ചേര്‍ത്തു വച്ചാല്‍, ഒരു കാര്യം വ്യക്തമാകും. അദ്ദേഹം നമ്മുടെ കാലത്ത് വ്യക്തിപരമല്ലാതെ തന്നെ വളരെ അസ്വസ്ഥപ്പെട്ടവരുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുന്നത്. നോക്കുന്നിടത്തെല്ലാം കുഴഞ്ഞുമറിഞ്ഞ ലോകത്തെ അദ്ദേഹം കണ്ടു. ഈ കാഴ്ചയാണ് അഴീക്കോട് നല്കുന്ന അഗ്നി. എല്ലാം വാങ്ങി മിണ്ടാതിരിക്കുന്നവരുടെ യുഗത്തില്‍ ഒന്നിനോടെങ്കിലും പരസ്യമായി വിയോജിക്കുന്നവന് അല്പം പ്രസക്തി കൂടുതലാണ്. ൂ
(ജാലകം, മെയ് 2018)