ഒരു അമ്മയും മകനും / ദീപ നിശാന്ത്

deepa_nisanth

രാവിലെ കോളേജിൽ പോകുന്ന സമയത്ത് ബസ്സിൽ നല്ല തിരക്കായിരിക്കും. പർവ്വതാരോഹകരെപ്പോലെ ബാഗ് ചുമലിലേറ്റിയുള്ള കുട്ടികൾക്കും ജോലിക്കാർക്കുമിടയിൽ തിങ്ങി ഞെരുങ്ങിയാണ് രാവിലത്തെ യാത്ര.

പുറകിലോട്ട് നീങ്ങി നിൽക്കാനുള്ള കണ്ടക്ടറുടെ ആഹ്വാനമുയർന്നപ്പോൾ ഞാൻ പുറകിലോട്ടു മാറി കമ്പിയിൽപ്പിടിച്ചു നിന്നു.തൊട്ടടുത്ത് ഒരു പുരുഷൻ നിൽപ്പുണ്ട്. ചുറ്റും സ്ത്രീകൾക്കിടയിലുള്ള അയാളുടെ നിൽപ്പിലൊരു പന്തികേട് മണത്തു.അതിർത്തിയിൽ തോക്കുമായി കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ മനസ്സുമായാണ് പലപ്പോഴും ബസ്സിൽ സ്ത്രീകൾ യാത്ര ചെയ്യാറുള്ളത്. ഏതു നിമിഷവും ശരീരത്തിൽ വന്നു വീഴാവുന്ന കൈകളെക്കുറിച്ച് അവർ നിതാന്തജാഗ്രതയിലായിരിക്കും.

മധ്യവയസ്കനായ അയാൾ ഇടയ്ക്കിടയ്ക്ക് അസ്വസ്ഥതയോടെ അങ്ങോട്ടുമിങ്ങോട്ടും തിരിയുന്നുണ്ട്. അയാളാരെയോ അന്വേഷിക്കുന്നതായി തോന്നി. സീറ്റിനു പുറകിലെ കമ്പിയിൽ പിടിച്ചാണ് അയാൾ നിൽക്കുന്നത്. അയാളുടെ തിരിയലിലൊക്കെ ചുറ്റുമുള്ള സ്ത്രീകൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്.

“ഇയാൾക്ക് പുറകിലോട്ടിറങ്ങി നിന്നൂടേ ?” എന്ന ചോദ്യം എൻ്റെയുള്ളിൽ കിടന്ന് തിളയ്ക്കുന്നുണ്ട്. ചുറ്റും സ്ത്രീകളാണ്. അതിനിടയിൽ ഇയാളെന്തിനു നിൽക്കണം എന്ന സോകോൾഡ് സദാചാരചിന്തയിൽ ഞാൻ വിറച്ചു. എൻ്റെ ശരീരത്തെ അയാളിൽ നിന്നും പരമാവധി അകറ്റിനിർത്തി ഞാൻ നിന്നു. ..

” താനെങ്ങട്ടാ ഈ തിരിഞ്ഞ് കളിക്കണേ” തൊട്ടടുത്തു നിന്ന തടിച്ച സ്ത്രീ പരുഷമായി അയാളോടു ചോദിച്ചു. അയാളാ ചോദ്യം പൂർണ്ണമായും അവഗണിച്ച് ചുറ്റും വേവലാതി നിറഞ്ഞ കണ്ണുകളോടെ പരതി.

“മ്മ്ച്ചീ ” എന്ന് അവ്യക്തമായ സ്വരത്തിൽ പരിഭ്രാന്തിയോടെ അയാൾ വിളിച്ചു.ഒരപരിചിതലോകത്ത് തീർത്തും തനിച്ചായവനെപ്പോലെ അയാൾ നിസ്സഹായനായി നിന്നു.അതു കേട്ടപ്പോൾ, ” അതിന് സുഖല്യാന്ന് തോന്ന്ണ്ട് ” എന്ന് എൻ്റെ പുറകിലുള്ള സ്ത്രീ ശബ്ദം താഴ്ത്തി പറഞ്ഞു.

“ഞാനിവിടേണ്ട് ” എന്ന തീരെ മയമില്ലാത്തശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. എഴുപത്തഞ്ചോളം വയസ്സ് പ്രായം വരുന്ന ഒരു സ്ത്രീയാണ്. അയാളുടെ അമ്മയായിരിക്കണം.കനത്ത മുഖവുമായി അവർ ഇരിക്കുകയാണ്.അവരെ കാണാതായപ്പോഴാവാം അയാളുടെ പരിഭ്രമക്കണ്ണുകൾ ജോലി തുടങ്ങിയത്.

വികൃതമായി ഒന്നുറക്കെ ചിരിച്ച് അന്വേഷിച്ച ആളെ കണ്ടെത്തിയ സന്തോഷത്തിൽ അയാൾ ആ സീറ്റിനടുത്തേക്ക് ഞെരുങ്ങി നീങ്ങാൻ ശ്രമിച്ചു.അടുത്തുള്ള സ്ത്രീകൾ അയാൾക്ക് വഴിയൊരുക്കി.

“അവടെ നിന്നാ മതി…. എറങ്ങാറായി ”

പരുപരുത്ത ഒച്ചയിൽ ഇരുന്നിരുന്ന സ്ത്രീ പറഞ്ഞു.

അതുകേട്ട് നിസ്സഹായനായി നിന്ന അയാളോട് സഹതാപം തോന്നിയിട്ടാവണം ആ സ്ത്രീയുടെ അടുത്തിരുന്ന പെൺകുട്ടി എഴുന്നേറ്റ് മാറി നിന്നു.അമ്മയ്ക്കരികിൽ ഇടം കിട്ടിയ ആഹ്ലാദത്തിൽ തിടുക്കപ്പെട്ട് തൻ്റെ ശരീരത്തെ അയാളാ സീറ്റിലേക്ക് ഇറക്കി വെച്ചു.ഇരുന്ന പാടെ പ്രായമായ സ്ത്രീയുടെ കൈ പിടിച്ച് തൻ്റെ മടിയിലേക്ക് വെച്ചു. ആ പ്രവൃത്തിയിൽ ഒട്ടും ഭാവമാറ്റം കാണിക്കാതെ സ്ത്രീ പുറത്തോട്ടു നോക്കിയിരുന്നു.

പ്രത്യക്ഷത്തിൽ അയാൾ ആരോഗ്യവാനായിരുന്നു.പത്തു നാൽപ്പത്തഞ്ച് വയസ്സു വരും.. മുടി അവിടവിടെയായി നരച്ചിട്ടുണ്ട്. നരച്ച പാൻ്റും ഷർട്ടുമാണ് വേഷം.ആ ഷർട്ട് അയാൾക്ക് വലുതായിരുന്നു. ആ അയഞ്ഞ ഷർട്ട് ബസ്സിലെ കാറ്റേറ്റ് വീർത്തു നിന്നു.

” അമലാസ്പത്രി എത്താറായാ?”

വൃദ്ധയായ സ്ത്രീ ചോദിച്ചത് എൻ്റെ മുഖത്ത് നോക്കിക്കൊണ്ടാണ്.

” ഇപ്പോ എത്തും… എണീറ്റോളൂ…” എന്ന് പറയുമ്പോഴേക്കും അവർ തിടുക്കപ്പെട്ട് എണീറ്റു. അയാളും ചാടിയെണീറ്റു..
ഞെരുങ്ങി പുറത്തേക്കിറങ്ങാൻ നോക്കിയ മകനെ അവർ നിസ്സംഗമായി തടഞ്ഞു.

“നിക്ക്…. വണ്ടി നിർത്തട്ടെ…”

സ്ത്രീ മുന്നിൽ കയറി നിന്നു. അനുസരണയുള്ള ഒരു കൊച്ചു കുട്ടിയായി അയാൾ പിന്നിൽ നിന്നു. ചുറ്റും അയാൾ പകച്ചു നോക്കുന്നുണ്ടായിരുന്നു. അമ്മയുടെ സാരിത്തുമ്പിനു നേരെ അയാൾ കൈ നീട്ടി. അവരുടെ കൈത്തണ്ടയിൽ അഭയം പ്രാപിച്ചു.

“മോനാലേ?”

നേരത്തെ അയാളെ ശകാരിച്ച സ്ത്രീ കണ്ണിൽ ആവോളം സഹതാപം നിറച്ച് വൃദ്ധയോട് ചോദിച്ചു.

” ആ… “അവർ അലക്ഷ്യമായി പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

“എങ്ങട്ടാ…. ഇദിനീം കൊണ്ട് ?”

തീർത്തും സ്വാഭാവികമെന്നോണം അവർ ചോദിച്ച ആ ചോദ്യം കേട്ട് വൃദ്ധ രൂക്ഷമായി അവരെയൊന്ന് നോക്കി.’ ഇത് ‘ എന്ന പ്രയോഗമാവണം അവരെ ചൊടിപ്പിച്ചിട്ടുണ്ടാവുകയെന്ന് ഞാൻ കണക്കുകൂട്ടി.തൻ്റെ ചോദ്യത്തിലെ അപകടം മനസ്സിലാക്കിയാവണം ചോദിച്ച സ്ത്രീ തൻ്റെ ചോദ്യം മടക്കി വെച്ച് പെട്ടെന്ന് തിരുകി മുന്നിൽക്കയറാൻ അനാവശ്യമായി തിരക്കുകൂട്ടി..

അമല സ്റ്റോപ്പിലെത്തിയപ്പോൾ വൃദ്ധ ആദ്യമിറങ്ങി. വികാരരഹിതമായ കണ്ണുകളോടെ തിരിഞ്ഞു മകനെ നോക്കി. അയാൾ പരിഭ്രമത്തോടെ ചാടിയിറങ്ങാൻ നോക്കുകയായിരുന്നു. അയാളുടെ ലോകം മുഴുവൻ, മുൻപേ ഇറങ്ങിപ്പോയ വൃദ്ധയായ സ്ത്രീയാണെന്ന് ആ പരിഭ്രമപ്പാച്ചിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. തൻ്റെ ജീവിതത്തിൽ നിന്നും അവരെങ്ങാനും പെട്ടെന്ന് ഇറങ്ങി നടന്നാലോ എന്ന വെപ്രാളം അയാളുടെ ഓരോ ചലനങ്ങളിലുമുണ്ടായിരുന്നു. ഇറങ്ങിയ പാടേ അയാളാ സ്ത്രീയുടെ കൈ പിടിച്ചു. അവർ തൻ്റെ വിരലിൽ തൂങ്ങിയ ആ മുതിർന്ന പുരുഷനെ ഒരു കൊച്ചുകുഞ്ഞിനെ എന്നോണം റോഡരികിലേക്ക് നീക്കി നിർത്തി. അയാൾ പകച്ച കണ്ണുകളോടെ ചുറ്റും നോക്കിക്കൊണ്ട് നിന്നു.ആശുപത്രി അപ്പുറത്താണ്. റോഡ് മുറിച്ചുകടക്കാൻ ബസ്സ് മുന്നോട്ടെടുക്കുന്നതും കാത്ത് അവർ നിന്നു. അവരുടെ മുന്നിലൂടെ ബസ്സ് കടന്നു പോകുമ്പോൾ ഞാൻ കണ്ണിൽ നിന്ന് മറയുവോളം അവരെ തിരിഞ്ഞു നോക്കി. എനിക്ക് പെട്ടെന്ന് ടെൻസിയെയാണ് ഓർമ്മ വന്നത്.

മോൻ്റെ പിറന്നാൾ ദിവസം ഞാൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ട് ടെൻസി അയച്ച ആ മെസേജ് എന്നെ ഇടയ്ക്കിടെ ലജ്ജിപ്പിക്കാറുണ്ടായിരുന്നു.

ധ്യാനൂൻ്റെ പിറന്നാൾ ഭാനുമതി ടീച്ചർക്കും കുട്ടികൾക്കുമൊപ്പം അരണാട്ടുകരയിലെ ‘അംഹ ‘യിൽ ആഘോഷിക്കാമെന്ന് തീരുമാനിച്ചപ്പോൾ വരാമെന്ന് കുറേപ്പേർ ഏറ്റു.മാനസികമായും ശാരീരികമായും വെല്ലുവിളികൾ നേരിടുന്ന കുറേപ്പേർ അംഹയിലുണ്ട്. ഞങ്ങൾ എല്ലാവരുമായി അവിടേക്കു പോയി. മധുര പലഹാരങ്ങളും സമ്മാനങ്ങളുമായാണ് പലരും വന്നത്.. കേക്ക് വാങ്ങിയിരുന്നില്ല. പകരം ഞങ്ങൾ ധ്യാനുവിനെക്കൊണ്ട് കോഴിക്കോടൻ ഹൽവ മുറിപ്പിച്ചു.തലയിൽ പിറന്നാൾത്തൊപ്പി വെച്ച് ധ്യാനു നിന്നപ്പോൾ ചുറ്റും ആരവമുയർന്നു. പകച്ച കണ്ണുകളോടെ കുറേ കുട്ടികളും മുതിർന്നവരും നിന്നു. ഹൽവ മുറിക്കുന്നതിനു മുമ്പേ അവർ കൈനീട്ടി.

“ഷുഗറൊക്കെ ഉള്ളോരാട്ടാ ദീപേ…. ശ്രദ്ധിച്ചോണം… പിന്നേം ചോദിച്ചാ കൊടുക്കണ്ടാട്ടോ…” എന്ന് ഭാനു ടീച്ചർ നിർദ്ദേശം തന്നിരുന്നതുകൊണ്ട് രണ്ടാമതും നീട്ടുന്ന കൈകളെ ഞാൻ മനഃപൂർവ്വം അവഗണിച്ചു.ലാൽ ക്യാമറയിൽ ചിത്രങ്ങളെടുത്തു.ഉച്ചഭക്ഷണം കഴിഞ്ഞ് കുറേ സമയം പാട്ടും കളിയുമായി അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങൾ തിരിച്ചിറങ്ങി. വണ്ടിയിൽ കയറിയപ്പോൾ ധ്യാനു എന്നോടു ചോദിച്ചു.

“അമ്മേ…അവർക്കൊന്നും ബുദ്ധില്യേ ?”

അതിബുദ്ധിമാൻമാരെ മാത്രമേ അവൻ അതുവരെ കണ്ടിരുന്നുള്ളൂ.. സ്വാർത്ഥതാലേശമില്ലാതെ നിഷ്കളങ്കമായി ചിരിക്കുകയും കൈകൊട്ടുകയും ബഹളം വെക്കുകയും ചെയ്യുന്ന അവർക്ക് ‘ബുദ്ധിയില്ല’ എന്ന നിഗമനത്തിൽ ചുരുങ്ങിയ സമയം കൊണ്ടു തന്നെ അവൻ എത്തിച്ചേർന്നിരുന്നു.

” അവർക്ക് നമ്മളേക്കാൾ ബുദ്ധിണ്ട് മോനേ….. ” ഞാൻ പറഞ്ഞു.

ഞാൻ വെറുതെ പറഞ്ഞതല്ലായിരുന്നു. ഓർമ്മകളുടെ കാര്യത്തിൽ അവരെന്നെ അത്ഭുതപ്പെടുത്താറുണ്ടായിരുന്നു. ഭാനുമതി ടീച്ചറുടെ സ്ഥാപനം സന്ദർശിക്കണമെന്ന് പറഞ്ഞപ്പോൾ എൻ്റെ പുസ്തകപ്രകാശനദിവസം ഐസക്സാറുമായാണ് കഴിഞ്ഞ തവണ അവിടെ പോയത്.പിന്നെ ചെല്ലുന്നത് ഇപ്പോഴാണ്. എന്നെ കണ്ടപ്പോഴേക്കും, മഞ്ഞ ,സാരി, ടീച്ചറ്, മാഷ്, താടി, ജുബാ, മുണ്ട് എന്നൊക്കെ ഉറക്കെപ്പറഞ്ഞ് അവർ മുൻപരിചയം വിളിച്ചോതിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. എത്ര ശക്തമായാണ് അവർ ഓർമ്മയുടെ ഭൂപടത്തിൽ നമ്മെ അടയാളപ്പെടുത്തുന്നത്! ” ഓർമ്മയുണ്ടോ?” എന്ന ചിലരുടെ ചോദ്യത്തിനു മുന്നിൽ ബുദ്ധിമാന്മാരായ നമ്മൾ എത്ര തവണയാണ് ചൂളി നിൽക്കേണ്ടി വന്നിട്ടുള്ളത് ! പഠിച്ചിറങ്ങിയ കുട്ടികളെ പിന്നീടു കാണുമ്പോൾ പേരറിയാത്ത നിസ്സഹായാവസ്ഥയിൽപ്പിടഞ്ഞ് എത്രയെത്ര സന്ദർഭങ്ങൾ…. ഓർമ്മയുടെ ബലത്തെക്കുറിച്ചുള്ള നമ്മുടെ അഭിമാനങ്ങളൊക്കെ പൊള്ളയാണെന്ന് ബോധ്യപ്പെടുന്നത് അത്തരം സന്ദർഭങ്ങളിലാണ്.

” അവരെന്താമ്മേ അങ്ങനൊക്കെ സംസാരിക്കണേ?” അച്ചടി ഭാഷയിലല്ലാതെ അവ്യക്തമായി ഉച്ചരിക്കപ്പെട്ട അവരുടെ വാക്കുകൾ ധ്യാനുവിന് അത്ഭുതമായിരുന്നു.

ഞാൻ ഒന്നും പറഞ്ഞില്ല.

” ഒരു ചേട്ടനെൻ്റെ കൈ പിടിച്ച് തിരിച്ചു ” ധ്യാനു പരാതി പറഞ്ഞു. ഞാനതിന് മറുപടി പറയുന്നതിനു മുമ്പേ തന്നെ അവൻ പറഞ്ഞു.

“സ്നേഹം വന്ന്ട്ടാവും ലേ ?”

വീട്ടിൽ സോനുവോ സൂര്യയോ ഒന്നു പതുക്കെ തട്ടിയാൽപ്പോലും വിപ്ലവവീര്യമുണരുന്നോനാണ്..‌ ഒന്നു കിട്ടിയാൽ നാലെണ്ണം തിരിച്ചു കൊടുക്കുന്നവനാണ്… ശരീരം നൊന്താൽ അലറിക്കരയുന്നവനാണ്… ഈ കൈ പിടിച്ചു തിരിക്കൽ സ്നേഹം കൊണ്ടാണെന്ന തിരിച്ചറിവ് അവനുണ്ടായെങ്കിൽ ഈ വരവിൻ്റെ ലക്ഷ്യം പൂർണ്ണമായെന്ന് ഞാൻ ആഹ്ലാദത്തോടെ ചിന്തിച്ചു…

” അടുത്ത പിറന്നാളും ഇങ്ങനെ മതീട്ടാ ” എന്നവൻ പറഞ്ഞപ്പോൾ എൻ്റെ ആഹ്ലാദം പൂർണ്ണമായി.

വീട്ടിലെത്തിയപ്പോഴേക്കും ലാൽ ഫോട്ടോസൊക്കെ അയച്ചു തന്നു. ഞാനത് ഫേസ്ബുക്കിലിട്ടു. ആളുകൾ ആശംസകളും അഭിനന്ദനങ്ങളുമായെത്തി.’ദീപ ടീച്ചർടെ നല്ല മനസ്സിനെ’വാഴ്ത്തി.യു.ജി.സി.സ്കെയിലിൽ ശമ്പളം വാങ്ങുന്ന ഒരാളുടെ ഒരു നേരത്തെ അന്നദാനത്തെ ഒരു മഹത്കർമ്മമായി ആളുകൾ വാഴ്ത്തുന്നതു കേട്ട് ഒരു ലജ്ജയുമില്ലാതെ ഞാനഭിമാനിച്ചു. ആത്മരതിയുടെ തീർത്ഥക്കുളത്തിൽ ഞാൻ മുങ്ങി നിവർന്നു. അഭിമാനഗർവ്വത്തിലേറി അങ്ങനെ നിൽക്കുമ്പോഴാണ് ടെൻസിയുടെ ഇൻബോക്സ് മെസേജ്… നെറുകയിൽ കൂടം കൊണ്ടടിയേറ്റതു പോലെ ഞാൻ പിടഞ്ഞത് അപ്പോഴാണ്.

“ദീപ ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ?” എന്ന ടെൻസിയുടെ ചോദ്യം എന്നിൽ അലോസരമുണ്ടാക്കി. അത്രയൊന്നും ഹൃദയവിശാലത എനിക്കില്ലായിരുന്നു. ചില വിമർശനങ്ങൾക്കു മുന്നിൽ അസഹിഷ്ണുതയോടെ നിൽക്കുന്ന ഞാനാണ് പലപ്പോഴും അസഹിഷ്ണുതയെക്കുറിച്ച് പലയിടത്തും ഘോരഘോരം സംസാരിക്കുകയും എഴുതുകയും ചെയ്യുന്നതെന്നോർത്ത് ആത്മനിന്ദ തോന്നാറുണ്ട്… പിന്നീടോർക്കുമ്പോൾ ലജ്ജ കൊണ്ട് തല കുനിഞ്ഞു പോകാറുണ്ട്. ടെൻസിയുടെ വാക്കുകളും ആദ്യം എന്നിൽ നീരസമാണുണർത്തിയത്.

ഞാനെന്തപരാധമാണ് ചെയ്തത്? ഭാനുമതി ടീച്ചറെക്കുറിച്ചും, അവർ നടത്തുന്ന സ്ഥാപനത്തെക്കുറിച്ചും ലോകത്തെ അറിയിക്കാനുള്ള ഏത് സന്ദർഭവും പാഴാക്കിക്കൂടാ എന്നായിരുന്നു എൻ്റെ ഉദ്ദേശം. അറിയട്ടെ… ഇങ്ങനൊരാളുണ്ടെന്ന്… ഞാനിത്തരം പോസ്റ്റിടുമ്പോൾ പലരും അവരെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും എന്നോട് ചോദിക്കുമായിരുന്നു. അവിടേക്ക് സാമ്പത്തിക സഹായം ചെയ്യുമായിരുന്നു. അത്തരം ലക്ഷ്യങ്ങൾ കൂടി മുന്നിൽ കണ്ടാണ് ഞാൻ ഇതൊക്കെ വിളിച്ചു പറയുന്നത്… അത് നല്ല കാര്യമല്ലേ? അതിന് ടെൻസിക്കെന്താണ്? എനിക്ക് ടെൻസിയോട് ദേഷ്യം തോന്നി. ഞാൻ എൻ്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു..

“ദീപ ചെയ്യുന്നതൊക്കെ നല്ല കാര്യമാണ്.. അത് കണ്ട് ചിലർക്ക് അങ്ങനെ ചെയ്യാനുളള പ്രേരണയുമുണ്ടാകും. അതൊക്കെ ശരിയാണ് ദീപാ.. പക്ഷേ ഇങ്ങനെ പിറന്നാളാഘോഷങ്ങൾ അവിടെ നടത്തല്ലേ.. അവർക്ക് ചോറുവാരിക്കൊടുക്കുന്ന ചിത്രങ്ങൾ ഇടല്ലേ… അത് കണ്ട് ചിലർ അഭിനന്ദിക്കും… ചിലർ സഹതപിക്കും… ചിലർ കരയും…. ചിലരാശ്വസിക്കും… നമ്മുടെ മക്കൾക്ക് ഈ ഗതി വന്നില്ലല്ലോ എന്നോർത്ത്… പക്ഷേ അത് കണ്ട് നെഞ്ചു പൊട്ടുന്ന എന്നെപ്പോലെ ചിലരുണ്ട് ദീപാ… അവർക്കാ ചിത്രം ഒരിക്കലും ആഹ്ലാദം നൽകില്ല. നമ്മുടെ മക്കൾ അന്യൻ്റെ ഔദാര്യത്തിനു വേണ്ടി പാത്രം നീട്ടുന്നത്…വികൃതമായി വാ പൊളിക്കുന്നത്… അത് കണ്ട് കുറേപ്പേർ സഹതപിക്കുന്നത്… ദീപയ്ക്ക് കഴിയു മോ?മക്കളെ ആ അവസ്ഥയിൽ കാണാൻ?”

ആ ചോദ്യത്തിനു മുമ്പേ തന്നെ എൻ്റെ ഗർവ് പത്തി മടക്കിയിരുന്നു. ഞാൻ തോൽക്കാൻ തയ്യാറായിക്കഴിഞ്ഞിരുന്നു. എനിക്കറിയില്ലായിരുന്നു, എപ്പോഴും ചിരിച്ചു കൊണ്ട് നിൽക്കുന്ന ടെൻസിയുടെ ഉള്ളിലൊരു സമുദ്രഹൃദയമുണ്ടെന്ന്. അതിടയ്ക്കിടെ ആർത്തലച്ച് കരയിലേക്ക് കയറുമെന്ന് എനിക്കറിയില്ലായിരുന്നു.

ഞാൻ നിശ്ശബ്ദയായി…

“ഞാൻ ടെൻസിയെ വിളിച്ചോട്ടെ?”എൻ്റെ ചോദ്യം ദയനീയമായിരുന്നു. എനിക്ക് ഒന്നു മുങ്ങിനിവരണമായിരുന്നു.എല്ലാ ഈഗോയും മാറ്റി വെച്ച് ടെൻസിയോട് ക്ഷമ ചോദിക്കണമായിരുന്നു.

ടെൻസി തന്ന നമ്പറിൽ ഞാൻ വിളിച്ചു. ടെൻസി ,ടെൻസിയുടെ തോമസിനെക്കുറിച്ച് പറഞ്ഞു.. ഒരമ്മയുടെ അതിജീവനത്തിൻ്റെ കഥ പറഞ്ഞു. കാത്തിരുന്ന് കിട്ടിയ മോന് ബുദ്ധിവളർച്ചയില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അലറി വിളിച്ച് ഡോക്ടറുടെ മുറിയിൽ നിന്ന് ഇറങ്ങിയോടിയ ടെൻസിയെ എനിക്ക് കൺമുന്നിൽ കാണാം… ടെൻസി സ്റ്റെപ്പിറങ്ങി ഓടി എങ്ങോട്ടെന്നില്ലാതെ പരക്കം പായുന്നത് കാണാം… ആ സ്റ്റെപ്പിൽ തട്ടി വീണ് ഉരുണ്ടുരുണ്ട് താഴോട്ടു വരുന്നത് കാണാം… നിസ്സഹായനായ ഒരാൾ അവളുടെ പിറകെ ഓടുന്നതു കാണാം.. അടക്കിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതു കാണാം.. പിന്നീടാ വേദനയിൽ നിന്നും വർദ്ധിതവീര്യത്തോടെ അവർ ചാടിയെഴുന്നേൽക്കുന്നത് കാണാം… ജീവിതം തിരികെ പിടിക്കുന്നതു കാണാം..അവർക്കു മാത്രം തിരിച്ചറിയുന്ന ആത്മദുഃഖത്തിൻ്റെ അഗാധ സമുദ്രത്തിൻ്റെ അലകൾ ആരുടെ നേർക്കും ഇരച്ചു കയറ്റാതെ അവർ ജീവിക്കുന്നത് കാണാം..

ആത്മസംഘർഷത്തിൻ്റെ അഗാധഗർത്തത്തിൽ ഇപ്പോൾ വീണു കിടക്കുന്നത് ഞാനാണ്.എഴുന്നേൽക്കാനാവാത്ത നിസ്സഹായതയിൽ പിടയുന്നത് ഞാനാണ്.. ടെൻസി ഉള്ളിൽ പേറുന്ന തീക്കാറ്റ് വാക്കുകളായി എൻ്റെ കാതിൽ ആഞ്ഞു പതിക്കുന്നുണ്ട്. ഇടയ്ക്കിടെ ഉയരുന്ന ആ ദീർഘനിശ്വാസത്തിൽ ഞാൻ പൊള്ളിയടർന്നു പോയേക്കുമോ എന്ന് സത്യമായും ഞാൻ ഭയന്നു..

ഞാൻ തിരിച്ചറിയുന്നുണ്ട്… പിറന്നാളില്ലാത്തവരുടെ മുന്നിൽ ചെന്നു നിന്ന് അത്തരം ആഘോഷങ്ങൾ നടത്തുന്നതിൻ്റെ അനൗചിത്യം.. നമ്മുടെ പിറന്നാൾ അവരുടെ മുന്നിൽപ്പോയി ആഘോഷിക്കുന്നതിലും നല്ലത് അവരുടെ പിറന്നാൾ നമ്മളാഘോഷിക്കുന്നതാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്… എൻ്റെ മോൻ്റെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് പിറന്നാളാശംസകൾ പറയുമ്പോഴും കൈയടിക്കുമ്പോഴും ചുറ്റും നിന്നിരുന്ന മുഖങ്ങളുടെ ഓർമ്മകൾ എന്നെ ആത്മനിന്ദയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്നുണ്ട്. തങ്ങളുടെ നഷ്ടങ്ങളെക്കുറിച്ച് അവരോർത്തു കാണുമോ? തങ്ങൾക്കു നഷ്ടപ്പെട്ട ഉമ്മകളെക്കുറിച്ചോർത്ത് ഉള്ളു പിടഞ്ഞിരിക്കുമോ? തങ്ങൾക്കന്യമായ വീടിനെക്കുറിച്ച്…. ബന്ധങ്ങളെക്കുറിച്ച്…. തങ്ങളെ അകറ്റി നിർത്തിയ ആഘോഷങ്ങളെക്കുറിച്ച് അവർ അവ്യക്തമായെങ്കിലും ഓർത്തു കാണുമോ?

എൻ്റെ ആത്മാഭിമാനം ആത്മനിന്ദയിലേക്ക് തലകുത്തി വീണു.
ഞാൻ ഭൂമിയോളം താണു.

എല്ലാ ഗർവ്വും പത്തി മടക്കി.

ടെൻസി പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. .. ഒരു മൂളലിൻ്റെ പോലും പിന്തുണ കൊടുക്കാതെ ഞാൻ കേട്ടുകൊണ്ടേയിരിക്കുകയാണ്…

“മോൻ സ്കൂളീന്ന് വന്നാ പറയും ദീപേ, ഞാൻ മേരീനെ കല്യാണം കഴിക്കും, സാറേനെ കല്യാണം കഴിക്കും.. എന്നൊക്കെ.. എനിക്ക് പേടിയാണ് അത് കേൾക്കുമ്പോൾ… അവര് വികാരമില്ലാത്തവരല്ല.അവർക്കൊക്കെ എല്ലാ വികാരങ്ങളുമുണ്ട് ദീപേ… അത് പ്രകടിപ്പിക്കുന്ന രീതിയും അളവും മാത്രേ വ്യത്യാസമുള്ളൂ… ഞാൻ തോമസിനോടു പറയും… ” അമ്മ പിണങ്ങുംട്ടാ.. നീയമ്മേനെ കല്യാണം കഴിച്ചാ മതീ ” ന്ന്.. പേടിയായിട്ടാ ദീപേ… അവനെന്തേലും തോന്നിയാ, അത് പ്രകടിപ്പിച്ചാ മറ്റുള്ളോർക്കത് മനസ്സിലാവോ? എന്നോട് കാട്ടിക്കോട്ടെ അവനെന്തു വേണേലും… ഞാനങ്ങനെയാ ദീപേ പ്രാർത്ഥിക്കാ…. എനിക്ക്…എനിക്കല്ലേ എൻ്റെ കുഞ്ഞിനെ അറിയൂ… എനിക്കല്ലേ എൻ്റെ കുഞ്ഞിനോട് ക്ഷമിക്കാൻ പറ്റൂ… ”

ടെൻസീടെ ശബ്ദം ഇടറുന്നുണ്ട്.. പക്ഷേ ടെൻസി കരയുന്നില്ല. ഉള്ളിൽ ആർത്തലച്ചു കരയുന്നത് ഞാനാണ്..

“താനവിടില്ലേ?” ടെൻസി ചോദിക്കുന്നുണ്ട്.

“ഉണ്ടെ” ന്നു പറയണമെന്നുണ്ട് എനിക്ക്…

ഞാനെങ്ങനെ പറയാനാണ്?

ഒരു നശിച്ച കല്ല് തൊണ്ടയിൽക്കിടന്ന് ശബ്ദത്തെ പുറത്തേക്കു വിടാതെ തടഞ്ഞു നിർത്തുമ്പോൾ ഞാനെന്ത് പറയാനാണ്?

ടെൻസിക്കൊന്ന് ഫോൺ വെച്ചൂടേ എന്ന് ചിന്തിച്ച് ഞാൻ നിന്ന ആ വൈകുന്നേരം ഓർമ്മ വന്നപ്പോൾ എൻ്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു..

ബസ്സാണ്…. ആളുകളുണ്ട്… കരഞ്ഞു കൂടാ…

ബസ്സിൽ നിന്നിറങ്ങിപ്പോയ ആ അമ്മയേയും മകനേയും ഓർമ്മയിൽ നിന്നും ഇറക്കിവിടാനാവാത്ത നിസ്സഹായതയിൽ ഞാൻ നിന്നു…

ആ അമ്മ എപ്പോഴെങ്കിലും എല്ലാം മറന്ന് ഒന്നുറങ്ങിയിട്ടുണ്ടാവുമോ?

കല്ലു പോലെ മരവിച്ച ആ മുഖം എപ്പോഴെങ്കിലും ചിരിക്കാറുണ്ടായിരിക്കുമോ?

ജീവിതത്തിൻ്റെ ഈ അവസാനസമയങ്ങളിൽ സൗമ്യ സ്നേഹിതനായ മരണത്തെ കാത്ത് സ്വസ്ഥമായിരിക്കാൻ അവർക്കാവുമോ?

ടെൻസി ആത്മവിശ്വാസത്തോടെ പറഞ്ഞു നിർത്തിയ വാക്കുകളോർത്തു.

“ദൈവത്തിന് ചിലരെ വലിയ വിശ്വാസമാണ് ദീപേ…. അവരുടെ കൈയിലാണ് ദൈവം ഏറ്റവും പ്രിയപ്പെട്ടവരെ ഏൽപ്പിക്കുക…. തോമസിനെ എനിക്കു തന്നത് അതുകൊണ്ടാണ്.. അവനെ വേറാരു നോക്കിയാലും ശരിയാവില്ലാ… അതാ…”

Source