‘ദേവലോകം’ എന്ന പേര് അന്വര്‍ത്ഥമാക്കി അനുഗ്രഹിനും ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം

HH_Baselius_Paulose_II_anugrah_fathima-1

കോട്ടയം: ഭിന്നശേഷിക്കാരന്‍ അനുഗ്രഹിനും സഹപാഠിയും സുഹൃത്തുമായ ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അതിഥികളായി കോട്ടയത്ത് എത്തിയ ഇരുവര്‍ക്കും സഭയുടെ പരമാദ്ധ്യക്ഷന്‍ മലങ്കരമെത്രാപ്പോലീത്തായും കാതോലിക്കായുമായ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവയുടെ നേത്യത്വത്തില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണ് സ്വീകരണം നടന്നത്.

ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു സ്വീകരണം. ജനശതാബ്ദി എക്‌സ്പ്രസ് സ്റ്റേഷനില്‍ എത്തിയതും പരിശുദ്ധ കാതോലിക്കാ ബാവാ സ്റ്റേഷനില്‍ എത്തിയതും ഒരേ സമയത്തായിരുന്നു. അനുഗ്രഹും ഫാത്തിമയും സഞ്ചരിക്കുന്ന കമ്പാര്‍ട്ട്‌മെന്റിനരികിലേയ്ക്ക് നടന്ന് നീങ്ങിയ പരിശുദ്ധ കാതോലിക്കാ ബാവായെ കണ്ടവരെല്ലാം പതിവില്ലാത്ത കാഴ്ച കണ്ട് കാര്യം തിരക്കി.

പലരും കൈമുത്തി അനുഗ്രഹം തേടി. റെയില്‍വേ ഉദേ്യാഗസ്ഥരും യാത്രക്കാരും അനുഗമിച്ചു. ഡി 2 കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാതാപിതാക്കളുടെ സഹായത്തോടെ ഇറങ്ങിയ അനുഗ്രഹ് തിരുമേനിയെ കണ്ട് തുറന്ന ചിരിയോടെ തിടുക്കത്തില്‍ നടന്ന് വന്ന് ചിരപരിചിതരെപോലെ തിരുമേനിയെ കെട്ടിപിടിച്ചു.

പിന്നാലെ എത്തിയ ഫാത്തിമ കൂപ്പുകൈകളോടെ തിരുമേനിയെ അഭിവാദ്യം ചെയ്തു. പിന്നെ സ്വന്തം പതാവിന്റെ ഒക്കത്ത് ഇരിക്കുന്നതു പോലെ ഇരിക്കുന്നതുപോലെ ബാവ കൈ നീട്ടിയതോടെ ചാടികയറി.അനുഗ്രഹിന്റെ ഫാത്തിമായുടെയും കഥ പുറത്ത് വന്നതിന് പിന്നാലെ കാതോലിക്കാബാവ ഇരുവരെയും കോഴിക്കോടുള്ള ഇരുവരുടെയും വീട്ടില്‍ പോയി കണ്ടിരുന്നു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിയ അനുഗ്രഹ്, ഫാത്തിമ, മീനാക്ഷി എന്നിവര്‍ പരിശുദ്ധ കാതോലിക്കാ ബാവായൊടൊപ്പം ഉച്ചഭക്ഷണം കഴിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കറ്റ് അരമനയില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമത്തില്‍ വിദ്യാര്‍ത്ഥികളും മാതൃകാ സഹപാഠികളുമായ അനുഗ്രഹിനും ഫാത്തിമയ്ക്കും 5 ലക്ഷം രൂപ സമ്മാനമായി കാതോലിക്കാ ബാവാ നല്‍കി.

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍പത്താംക്ലാസ്സ് മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച 800 പേരെ ആദരിച്ചു. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സമൂഹത്തില്‍ നരക സമാനമായ സാഹചര്യം നിലവിലുളളപ്പോഴും പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും അനുകരണീയ സ്വര്‍ഗീയ മാതൃകയാണ് സഹപാഠികളായ അനുഗ്രഹും ഫാത്തിമായും കാണിച്ചിരിക്കുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു.

അച്ഛന്‍ മരിച്ചതിനുശേഷം അമ്മയുടെ മാത്രം തണലില്‍ കഠിനപരിശ്രമംകൊണ്ട് മലയാളം ഉള്‍പ്പെടെ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ തമിഴ് വിദ്യാര്‍ത്ഥിനി മീനാക്ഷിയ്ക്ക് തുടര്‍വിദ്യാഭ്യാസത്തിനായി 1 ലക്ഷം രൂപ സമ്മാനിച്ചു.

മാതൃകാ സഹപാഠികളെ ആദരിച്ചതോടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലമായ ദേവലോകം എന്ന പേര് ഇന്നത്തോടെ അന്വര്‍ത്ഥമായിരിക്കുന്നു എന്ന് എം.ജി. യൂണി. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

വൈദീകട്രസ്റ്റി ഫാ. ഡോ. എം.ഓ. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമ ബിസ്മിയും പറമ്പില്‍കടവ് എം.എ.എം യൂ.പി സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.സി ദേവാനന്ദും മറുപടി പറഞ്ഞു. ഈ വാര്‍ത്തകള്‍ പൊതു ജനശ്രദ്ധയില്‍ കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരായ ജി. സതീഷ് എം.എം. ശ്യാംകുമാര്‍, കെ.മധു,എന്നിവര്‍ക്ക് പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, മാനേജിംഗ് കമ്മിറ്റിയംഗം ജേക്കബ് കൊച്ചേരി, ഫാ. അലക്‌സ് ജോണ്‍, സണ്‍ഡേസ്‌ക്കൂള്‍ പ്രതിഭ കരിഷ്മ ഗീവര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Source: Kerala Online News