ചങ്ങമ്പുഴ എങ്ങനെയാണ് മരിച്ചത് / എം. എന്‍. വിജയന്‍

changampuzha

1948-ലാണ് ചങ്ങമ്പുഴ മരിക്കുന്നത്. തൃശൂര്‍ മംഗളോദയം നഴ്‌സിംഗ് ഹോമില്‍ വെച്ചായിരുന്നു അദ്ദേഹം അന്ത്യദിനങ്ങള്‍ പിന്നിട്ടത്. ഇതിന് ഏതാനും നാള്‍ മുമ്പ് ഇടപ്പള്ളിയിലുള്ള വീട്ടിലായിരുന്നു. കടുത്ത ക്ഷയരോഗ ബാധിതനായിരുന്നു അദ്ദേഹം. മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുമായിട്ടായിരുന്നു ചങ്ങമ്പുഴയുടെ വിദ്യാഭ്യാസം. അന്ന് ചങ്ങമ്പുഴ മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധന്‍. ഒരുപാടു പേര്‍ അദ്ദേഹത്തിന്റെ ആരാധകര്‍. ചങ്ങമ്പുഴയെ കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ഒരു ചെറുനദിപോലെ നിറുത്താതെയൊഴുകുന്ന വാക്കുകള്‍ കേള്‍ക്കണമെന്ന തോന്നല്‍ ഓരോ ദിവസവും എന്നില്‍ ശക്തിപ്പെട്ടുകൊണ്ടിരുന്നു.

ഞാന്‍ ഇടപ്പള്ളിയിലെ വീട്ടിലെത്തുമ്പോള്‍ മുറ്റത്ത് മറ്റൊരു കുടില്‍. ഭാര്യയ്ക്കും മക്കള്‍ക്കും രോഗം വരാതിരിക്കാനായി ചങ്ങമ്പുഴ മാറി താമസിക്കയാണ്. ”എന്തിനാണ് മറ്റൊരു വീട്?” ഞാന്‍ ചോദിച്ചു. ”കുഞ്ഞുങ്ങള്‍ക്ക് അസുഖം വരാതെ നോക്കണ്ടേ” അദ്ദേഹത്തിന്റെ ചോദ്യം എന്നോടായി. ഏറെ പ്രസാദവാനായി ചിരിച്ചുകൊണ്ട് അദ്ദേഹം തലയിണക്കിടയില്‍ സൂക്ഷിച്ചിരുന്ന മദ്യമെടുത്ത് ഗ്ലാസില്‍ പകരാന്‍ തുടങ്ങി. മദ്യപിക്കരുതെന്ന് ഡോക്ടര്‍മാര്‍ കര്‍ക്കശമായി വിലക്കിയിരുന്നു. പക്ഷേ, ഒരു വിലക്കും ചങ്ങമ്പുഴയെ ബാധിച്ചില്ല. അദ്ദേഹം നിര്‍ബാധം മദ്യപിച്ചുകൊണ്ടിരുന്നു. ആരുടെയും ശാസന കേള്‍ക്കാതെ മദ്യപിക്കാനുള്ള അവസരമൊരുക്കാനാണ് മുറ്റത്ത് വേറിട്ടൊരു കുടിലൊരുക്കിയിരുക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ചങ്ങമ്പുഴ മണിക്കൂറുകളോളം സംസാരിച്ചു. സംസാരിക്കുന്നതിനിടയില്‍ ഒരു ഇനാമല്‍ മഗ്ഗിലേക്ക് തുപ്പിക്കൊണ്ടിരുന്നു. ആഹ്ലാദത്തിന്റെ കുമിളകള്‍ അദ്ദേഹത്തില്‍ പതഞ്ഞുയരുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ വാക്കുകളില്‍ എനിക്ക് പിടികിട്ടാത്തൊരു ലയമുണ്ടായിരുന്നു. സ്വപ്‌നവും യാഥാര്‍ത്ഥ്യവും അവയില്‍ ഇടകലര്‍ന്നു. അത്ഭുതങ്ങളുടെ നേര്‍ത്ത വീണക്കമ്പികള്‍ പൊട്ടിവീണു. പക്ഷേ, ഞാനൊരു ചോദ്യവും ഉന്നയിച്ചില്ല. എനിക്ക് സംശയങ്ങളില്ലായിരുന്നു. മാന്ത്രിക സ്പര്‍ശമുള്ള ആ വാക്കുകളില്‍ ഞാന്‍ മുഗ്ധനായി.

വാക്കുകള്‍ ഇടയ്ക്കുവെച്ച് നിറുത്തി ചങ്ങമ്പുഴ മകനെ ‘ശ്രീ’ എന്ന് നീട്ടി വിളിച്ചു. നാടകങ്ങളിലും സിനിമകളിലും കാണുന്ന ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെപ്പോലെ വള്ളി ട്രൗസറിട്ട്, മൂക്കൊലിപ്പിച്ച് ‘ശ്രീ’ എന്ന ‘ശ്രീകുമാര്‍’ കടന്നുവന്നു. അന്ന് ശ്രീകുമാറിനെക്കൂടാതെ ഭാര്യയും രണ്ട് പെണ്‍കുട്ടികളുമാണ് ചങ്ങമ്പുഴയുടെ വീട്ടില്‍ ഉണ്ടായിരുന്നത്്. ചങ്ങമ്പുഴ മകനോട് ആഹ്ലാദത്തോടെ എന്തോ പറഞ്ഞു. ഈ അനല്‍പമായ സന്തോഷവും ലാഘവത്വവും എന്നെ അസ്വസ്ഥനാക്കി. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ക്ഷയരോഗത്തിന് മരുന്ന് കണ്ടുപിടിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. പെന്‍സിലിന്‍ പ്രചാരത്തിലുണ്ട്. ക്ഷയരോഗത്തിന് കൊടുത്തിരുന്ന ഐ.എന്‍.എച്ച്. പോലുള്ള മരുന്നുകള്‍ രോഗികള്‍ക്ക് അമിതമായ സന്തോഷം പ്രദാനം ചെയ്യുന്നവയായിരുന്നു. ചങ്ങമ്പുഴയുടെ ആഹ്ലാദനിമിഷങ്ങളുടെ അര്‍ത്ഥം ഇതായിരുന്നുവെന്ന് എനിക്ക് പിന്നീട് മനസ്സിലായി. പെന്‍സിലിന്‍ കണ്ടുപിടിച്ച ഫ്‌ളെമിങ്ങ് അക്കാലത്തെ ഏറ്റവും ആരാധ്യനായ മനുഷ്യനാണ്. മദ്രാസ് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ കോണ്‍ഫറന്‍സിനു വന്ന അലക്‌സാണ്ടര്‍ ഫ്്‌ളെമിങ്ങിനെ ഒരു നോക്കുകാണാന്‍ ഞാന്‍ ആരാധനയോടെ കാത്തുനിന്നു. മദ്രാസിലെ ഏറ്റവും തിരക്കുപിടിച്ച തെരുവിലൂടെ അദ്ദേഹം കാറില്‍ നീങ്ങുന്നത് ഞാന്‍ അതിരറ്റ സംതൃപ്തിയോടെ നോക്കിക്കണ്ടു.

ചങ്ങമ്പുഴ സുന്ദരനായിരുന്നു. ഒഴുകി നീണ്ടുപോകുന്ന വിരലുകള്‍. അറ്റമില്ലാത്തതുപോലെ. എപ്പോഴും സ്വര്‍ണ്ണക്കണ്ണട ധരിക്കും. ചിലയവസരങ്ങളില്‍ കാവിയും രുദ്രാക്ഷവും ധരിച്ചാണ് ചങ്ങമ്പുഴ പ്രത്യക്ഷപ്പെടുക. ചിലപ്പോള്‍ സ്വര്‍ണനിറമുള്ള സില്‍ക്ക്ു ജുബ്ബയും മുണ്ടും സ്വര്‍ണ്ണക്കണ്ണടയും ധരിച്ച് തന്റെ സ്വര്‍ണ്ണനിറമുള്ള ശരീരത്തിന്റെ പ്രകാശവും പരത്തി ഒരു സ്വര്‍ണ്ണ വിഗ്രഹമായി വരും. ഒരുതരം വേഷംകെട്ടലായിരുന്നു ചങ്ങമ്പുഴയുടേത്. നമ്മുടെ കമലാദാസിനും ഇത്തരം ഒരു മാനസികാവസ്ഥയുണ്ട്. ചങ്ങമ്പുഴ ജാതകവുമെഴുതിയിരുന്നു. അദ്ദേഹം ജ്യോത്സ്യത്തെക്കുറിച്ച് എഴുതിയ ഒരു പുസ്തകം കണ്ണൂരില്‍ ഒരാളുടെ കയ്യില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒരേയൊരു ജ്യോത്സ്യഗ്രന്ഥം വായിച്ചാണ് അദ്ദേഹം ജ്യോത്സ്യം പഠിച്ചത്. പിന്നെ ജാതകം എഴുതാന്‍ തുടങ്ങി. കണ്ടുമുട്ടുന്നവരുടെയൊക്കെ ഫലം പറയും. ജാതകം എഴുതി നല്‍കും. ഇടപ്പള്ളിയിലെ വീടിന്റെ മുറ്റത്തുള്ള ഇടവഴിയിലൂടെ പോകുന്നവരെയൊക്കെ ജാതകമെഴുതാനായി ചങ്ങമ്പുഴ മാടിവിളിച്ചിരുന്നു. നിന്റെ ജാതകം ഞാന്‍ എഴുതുമെന്ന് പറഞ്ഞ് നിരവധി പേരെ ചങ്ങമ്പുഴ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എറണാകുളത്തെ ‘വൈറ്റ്ഹാള്‍’ എന്ന തുണിക്കടയില്‍ ഇടവിട്ട് ചങ്ങമ്പുഴ കടന്നുചെല്ലും. കടയുടെ മധ്യത്തില്‍ ഒരു കസേര വലിച്ചിട്ട് കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് സ്റ്റൈലായി ഇരിക്കും. സ്വര്‍ണ്ണക്കണ്ണട എടുത്ത് ഇടവിട്ട് തുടച്ചുകൊണ്ടിരിക്കും. ഒരു വസ്ത്രതലപ്പുപോലും അവിടെ നിന്ന് ചങ്ങമ്പുഴ വാങ്ങുന്നത് ആരും കണ്ടിട്ടുണ്ടാവില്ല. ഈ ലോകത്തോട് ചങ്ങമ്പുഴ എന്ന ഞാന്‍ ഇവിടെയുണ്ട് എന്ന പ്രഖ്യാപനമായിരുന്നു അത്.

ഓണേഴ്‌സിന് ചങ്ങമ്പുഴ തോറ്റു. ആ ‘ഉള്ളൂര്‍’ എന്നെ തോല്‍പ്പിച്ചുവെന്ന് ചങ്ങമ്പുഴ പലരെയും തടുത്തുനിര്‍ത്തി പറഞ്ഞു. ഫൈനാന്‍സ് സെക്രട്ടറിയായിരുന്ന ഉള്ളൂര്‍ ചങ്ങമ്പുഴയുടെ എക്‌സാമിനറായിരുന്നു. വ്യാകരണാധ്യാപകന്‍ ഗോദവര്‍മ്മയും. താനൊരു മഹാകവിയായതുകൊണ്ടുള്ള അസൂയമൂലം രണ്ടുപേരും ചേര്‍ന്ന് എന്റെ പണികഴിച്ചു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വാസ്തവത്തില്‍ ചങ്ങമ്പുഴക്ക് ഗ്രാമര്‍ അറിയില്ലായിരുന്നു. ഗ്രാമര്‍ പഠിക്കേണ്ട ഒരു സാധനമാണെന്ന് അദ്ദേഹം കരുതിയില്ല. വൃത്തവും പ്രാസവും ചങ്ങമ്പുഴയുടെ ലോകത്തേക്ക് കടന്നുവന്നതേയില്ല. ഇടപ്പള്ളി ചങ്ങമ്പുഴയുടെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന് ബുദ്ധി കുറവായിരുന്നു. പത്താം ക്ലാസിലും വിദ്വാന്‍ പരീക്ഷയിലും അദ്ദേഹം തുടര്‍ച്ചയായി തോറ്റു. ജീവിതത്തിലുണ്ടായ ദുരന്തങ്ങള്‍കൊണ്ട് അദ്ദേഹം ആരോടും അധികമൊന്നും സംസാരിച്ചില്ല. കറുത്ത് വിരൂപനായ അദ്ദേഹത്തെ ‘അസ്ഥിക്കറുമ്പന്‍’ എന്നാണ് ഇടപ്പള്ളിയിലെ സ്‌കൂള്‍ കുട്ടികള്‍ വിളിച്ചിരുന്നത്. ഇ.വി.കൃഷ്ണപ്പിള്ളയുടെ അവതാരികയില്‍ ചങ്ങമ്പുഴയുടെ കവിതാസമാഹാരം പുറത്തുവന്നപ്പോള്‍ സെക്രട്ടറിയേറ്റിലെ ആരെയോ സ്വാധീനിച്ച് ഉള്ളൂരിന്റെ അവതാരികയില്‍ ഇടപ്പള്ളി പുസ്്്തകമിറക്കി. അങ്ങനെയാണ് ഉള്ളൂര്‍ ചങ്ങമ്പുഴയുടെ ശത്രുവായത്. തനിക്ക് പാണ്ഡിത്യമുണ്ടെന്ന് കാണിക്കാന്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ കോട്ടയം മീറ്റിങ്ങില്‍ പ്രസിദ്ധരുടെ ഉദ്ധരണികള്‍ ഉദ്ധരിച്ച ്ചങ്ങമ്പുഴ മണിക്കൂറുകളോളം പ്രസംഗിച്ചു. തനിക്ക് പാണ്ഡിത്യമില്ലായെന്ന വിമര്‍ശനത്തിന് അങ്ങനെ ചങ്ങമ്പുഴ മറുപടി പറഞ്ഞു. ചങ്ങമ്പുഴ കാളിദാസന്റെ തര്‍ജ്ജമയെടുത്ത് ഈസിയായി പരിഭാഷപ്പെടുത്തിയിരുന്നു. ഇംഗ്ലീഷിലും സംസ്‌കൃതത്തിലുമുള്ള ജയദേവന്റെ ഗീതഗോവിന്ദം മണിക്കൂറുകള്‍കൊണ്ട് ചങ്ങമ്പുഴ മലയാളത്തിലാക്കി. അദ്ദേഹം അത്രയേറെ നിപുണന്‍ ആയിരുന്നു. തനിക്കുതോന്നുമ്പോള്‍ അദ്ദേഹം ഒരുപാട് സ്‌നേഹിച്ചു. തോന്നുമ്പോള്‍ ഒരുപാട് വെറുക്കുകയും ചെയ്തു.

സ്വന്തം കവിത എം.എ.യ്ക്ക് ചങ്ങമ്പുഴയുടെ പാഠപുസ്തകമായിരുന്നു എന്നു പറയുന്നത് തെറ്റാണ്. ആരാധന കൊണ്ട് പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ചങ്ങമ്പുഴയുടെ കവിത പാഠപുസ്തകമാകുന്നത് ചര്‍ച്ചവന്നപ്പോള്‍ ‘മലരണിക്കാടുകള്‍ തിങ്ങിവിങ്ങി’ എന്ന വരിയുടെ അര്‍ത്ഥം എന്താണെന്നാണ് അധ്യാപകര്‍ ചോദിച്ചത്. ഒരു സ്ത്രീയുടെ അതീവമൃദുലമായ സ്പര്‍ശം ചങ്ങമ്പുഴയുടെ കവിതയില്‍ നിറഞ്ഞിരുന്നു. കവിതയില്‍ ചങ്ങമ്പുഴ ഒരു സ്ത്രീയായി മാറി. ഈ തരളസ്പരശവും ചങ്ങമ്പുഴയുടെ രൂപവും നിരവധി സ്്ത്രീകളെ ചങ്ങമ്പുഴയിലേക്ക് ആകര്‍ഷിച്ചു. ഒരു ഡോക്ടറുടെ ഭാര്യയെ ചങ്ങമ്പുഴ പ്രണയിച്ചു. അവര്‍ക്കുവേണ്ടി നിരവധി പ്രണയലേഖനങ്ങളെഴുതി. അദ്ദേഹത്തിന്റെ ജുബ്ബയുടെ പോക്കറ്റില്‍ കവിത തുളുമ്പുന്ന പ്രണയലേഖനങ്ങള്‍ കിടന്നിരുന്നു. അദ്ദേഹം എപ്പോഴും കവിതയിലൂടെ ചിന്തിച്ചു. പ്രിയപ്പെട്ടതൊക്കെ അദ്ദേഹം യാഥാര്‍ത്ഥ്യത്തിലൂടെയോ സ്വ്്പനത്തിലൂടെയോ സ്വന്തമാക്കി. അദ്ദേഹം പറയുന്നത് യാഥാര്‍ത്ഥ്യമാണോ സ്വപ്‌നമാണോയെന്ന് ആരും സംശയിക്കുമായിരുന്നില്ല. വല്ലാത്തൊരു ലയം അദ്ദേഹത്തിന്റെ സത്തയായിരുന്നു. അതുകൊണ്ടാണ് തന്നെ കണ്ടിട്ടുപോലുമില്ലാത്ത പെണ്‍കുട്ടികള്‍ തന്നെ പ്രണയിക്കുന്നുവെന്ന് ചങ്ങമ്പുഴ ഇടവിട്ട് പറഞ്ഞുകൊണ്ടിരുന്നു. തൃപ്പൂണിത്തുറ മഹാത്മ വായനശാലയില്‍ കൂടിയ യോഗത്തില്‍ ചങ്ങമ്പുഴ എഴുതരുതെന്ന പ്രമേയം പാസ്സാക്കി. ചങ്ങമ്പുഴ എഴുതുന്നത് ആര്‍ക്കും തടുക്കാന്‍ കഴിയാത്ത കവിതയായതുകൊണ്ടാവാം അത്തരം പ്രമേയം പാസ്സാക്കപ്പെട്ടത്. ചങ്ങമ്പുഴ കവിതയുടെ വിഷാദാത്മകത്വത്തെക്കുറിച്ചാണ് സഞ്ജയന്‍ പറഞ്ഞത്. എന്നാല്‍ ജീവിതത്തില്‍ നൂറുജന്മം ദുഃഖിക്കാനുള്ള ദുരന്തങ്ങളായിരുന്നു സഞ്ജയന്റേത്. ദുഃഖം സഞ്ജയന്‍ ചിരിച്ചുതീര്‍ക്കുകയായിരുന്നു. കരളെരിഞ്ഞാലും തലപുകഞ്ഞാലും ചിരിക്കണമെന്നതായിരുന്നു സഞ്ജയന്റെ മതം. സഞ്ജയന് ദുഃഖിക്കാനുള്ളതിന്റെ ഒരു ശതമാനും പോലും ദുഃഖിക്കാന്‍ ചങ്ങമ്പുഴക്കുണ്ടായില്ല. എന്നിട്ടും ചങ്ങമ്പുഴ എപ്പോഴും കരഞ്ഞുകൊണ്ടിരുന്നു. ചങ്ങമ്പുഴ എന്ന കാറ്റാടി ഒരു ചെറുകാറ്റില്‍ പോലും തിരിഞ്ഞ് ഒരിക്കലും ഉറങ്ങാതെ മറ്റുള്ളവരുടെ ദുഃഖങ്ങള്‍ പിടിച്ചെടുത്തുകൊണ്ടിരുന്നു.

കേസരി പറഞ്ഞത് കുഞ്ചന്‍നമ്പ്യാര്‍ക്ക് ശേഷം ഭാഷയെ ഇതുപോലെ ഉപയോഗിച്ച ഒരാള്‍ ഉണ്ടായിട്ടില്ല എന്നാണ്. എല്ലാവരും ചങ്ങമ്പുഴയെ സ്‌നേഹിച്ചു. കൊതിച്ചു. സഞ്ജയന്‍ മുതല്‍ വിപ്ലവകാരികള്‍ വരെ ചങ്ങമ്പുഴയുടെ കൂടെപോയി. ചങ്ങമ്പുഴ ആര്‍ക്കും പിടികൊടുത്തില്ല. ചങ്ങമ്പുഴയുടെ മരണശേഷം ഞാന്‍ മലയാള അധ്യാപകനായി നിരവധി കുട്ടികളെ പഠിപ്പിച്ചു. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ കവിതയുടെയും ജീവിതത്തിന്റെയും ലയം ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്നു. പത്തൊമ്പതു വയസ്സില്‍ എനിക്ക് മനസ്സിലാവാത്തത് പിന്നീട് മനസ്സിലാവുമെന്ന് കരുതി. ഇടപ്പള്ളി തന്നെ നിരന്തരം തോല്‍പിച്ച ചങ്ങമ്പുഴയെക്കുറിച്ച് ‘അടിച്ചുതളിക്കാരിയുടെ മകന്‍’ എന്നാണ് അസൂയ പറഞ്ഞുനടന്നിരുന്നത്. അതേക്കുറിച്ച് ചങ്ങമ്പുഴ സങ്കടപ്പെട്ടിരുന്നു. ഹോട്ടലില്‍നിന്ന് ഊണുകഴിച്ചാല്‍ അടിച്ചുതളിക്കാരിയുടെ മകന്‍ നല്‍കുന്നത് രണ്ടുവരി കവിത. ക്ലാസില്‍നിന്ന് ടീച്ചര്‍ പുറത്താക്കുമ്പോള്‍ ടീച്ചര്‍ക്കായി രണ്ടുവരി കവിത. ടീച്ചര്‍ മരിച്ചുപോയി. അടിച്ചുതളിക്കാരിയുടെ മകനും അദ്ദേഹത്തിന്റെ കവിതയും ഇനിയും മരണത്തിന് പിടികൊടുക്കാതെ എന്റെ ഉറക്കം കെടുത്തുന്നു.