ഞാന്‍ പുണ്യവതിയല്ല
പ്രേമസ്വരത്തിന്‍റെ
നാരായവേരില്‍ തപസ്സിരിക്കുന്നവള്‍
ഞാന്‍ വന്യരതിയല്ല
നീലസരസ്സിലെ
നാളീകബന്ധം മുറിച്ചു മാറ്റാത്തവള്‍
ഞാന്‍ പാപനിഴലല്ല
ദൂരസമുദ്രത്തില്‍
സൂര്യനെ പ്രേമിച്ചു മൂവന്തിയായവള്‍
ഞാന്‍ സ്വപ്നമിഴിയല്ല
പേമഴത്തോര്‍ച്ചയില്‍
ഗോതമ്പു ചിക്കി വിശപ്പാറ്റി നിന്നവള്‍
ഞാന്‍ ദുഃഖശിലയല്ല
ചേലച്ചുരുള്‍ത്തീയില്‍
വേവുന്ന ശംഖുകള്‍ക്കുള്ളില്‍ തിളച്ചവള്‍
ഞാന്‍ പുഷ്പദലമല്ല
നീര്‍മണിത്തംബുരു
കോടിജന്മങ്ങളില്‍ മീട്ടിത്തളര്‍ന്നവള്‍
ഞാന്‍ രൗദ്രമുഖമല്ല
മൂകകാളീശ്വരം
മൂവുലകങ്ങളെ ചുംബിക്കുമഗ്നിയാള്‍
ഞാന്‍ ശാപശരമല്ല
ദാരിദ്ര്യമൂര്‍ഛയില്‍
താരാട്ടു പാടുമനാദി നോവായവള്‍
ഞാന്‍ നാഗവിഷമല്ല
നാദശൈലങ്ങളില്‍
തീകൂട്ടുമേകാന്ത മേഘാരിയായവള്‍
ഞാന്‍ നാട്യമെഴുകല്ല
നാടകശാലയില്‍
വേഷങ്ങളോരോന്നഴിച്ചുപേക്ഷിച്ചവള്‍!
നീ എന്‍റെ ഉദരത്തി-
ലാറാടുമെങ്കിലും
ആഴത്തിലെന്നെ വായിക്കാതെ പോയവന്‍
നീ എന്‍റെ ഹൃദയത്തില്‍
ജീവിക്കുമെങ്കിലും
ജീവനില്‍ കാവ്യശിവമെഴുതാത്തവന്‍
നീ എന്‍റെ ചുടുനിണം
പ്രാപിക്കുമെങ്കിലും
തൂവേര്‍പ്പില്‍ മുങ്ങി വിശുദ്ധനാകാത്തവന്‍
നീ ശോകമൃതിവനം
നിര്‍മ്മിക്കുമെങ്കിലും
ഞാനിരിക്കുന്നിടം തേടാതെ പോയവന്‍!!
(ജാലകം, മെയ് 2018)