തെക്കുംകൂർ രാജ്യചരിത്രം / പള്ളിക്കോണം രാജീവ് (സെക്രട്ടറി, കോട്ടയം നാട്ടുകൂട്ടം)

(ഏപ്രിൽ 21ന് വാകത്താനത്ത് നടന്ന പ്രാദേശിക ചരിത്ര സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം)

കേരളചരിത്രപഠനങ്ങൾക്ക് അവലംബിക്കാവുന്ന അക്കാദമിക് ചരിത്ര ഗ്രന്ഥങ്ങളിൽ ഏറെയൊന്നും പരാമർശവിധേയമാകാതെ മങ്ങിയും മറഞ്ഞും കാണപ്പെടുന്നതാണ് മീനച്ചിലാറിനും പമ്പയാറിനും ഇടയിലായി സ്ഥിതി ചെയ്തിരുന്ന തെക്കുംകൂർ നാട്ടുരാജ്യത്തിന്റെ ചരിത്രം. കാർഷികവ്യവസ്ഥിതിയുടെ കാലാകാലമുള്ള വളർച്ചയും നാണ്യവിളകളുടെ ഉദ്പാദനവും വ്യാപാരവും കൊണ്ട് മലയാളനാട്ടിലെ മറ്റേതു പ്രദേശത്തിനും മുന്നേ സഞ്ചരിച്ച ഈ ദേശത്തിന്റെ വിപുലമായ ചരിത്രം വേണ്ടത്ര അർഹതയോടെ അന്വേഷണ വിധേയമാക്കുവാൻ ഇതുവരെ സാധിക്കാതെ പോയതിനാലാവാം നിലവിലുള്ള ചരിത്രരചനകളിൽ ഇടമില്ലാതായതും. അത് പ്രാദേശിക ചരിത്ര പഠനങ്ങളിൽ മുൻകാലത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്താനുള്ള ശ്രമങ്ങൾ ഇല്ലാതിരുന്നതുകൊണ്ടു തന്നെയാണ്.

വിവിധ ജനവിഭാഗങ്ങളുടെ വിവിധ കാലഘട്ടങ്ങളിലുണ്ടായ കുടിയേറ്റവും അതിനെ പ്രോത്സാഹിപ്പിച്ച നാടുവാഴിത്ത കാലത്തെ ഭരണവർഗ്ഗത്തിന്റെ നയസമീപനങ്ങളും നൂറ്റാണ്ടുകളോളം ചരിത്രഗതിയെ നിയന്ത്രിച്ചിരിക്കുന്ന ഈ പ്രദേശത്തിന്റെ ചരിത്രം പഠനവിധേയമാക്കാനുള്ള ഗൗരവതരമായ പരിശ്രമങ്ങൾ വർത്തമാനകാലത്ത് ഉണ്ടാകുന്നു എന്നത് എടുത്തു പറയേണ്ടതാണ്.

പ്രാദേശിക ചരിത്രരചനയിൽ ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, പ്രകൃതി വിഭവങ്ങൾ, കാലാകാലമായുള്ള കാർഷിക വ്യവസ്ഥ, ഉദ്പാദന ബന്ധങ്ങൾ, വിവിധ ജനവിഭാഗങ്ങളുടെ കുടിയേറ്റം, സാംസ്കാരിക ചരിത്രം, ആചാരാനുഷ്ഠാനങ്ങൾ, സാമൂഹ്യ ബന്ധങ്ങൾ, നാണയവ്യവസ്ഥ എന്നിവയെല്ലാം വിശദമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതാണ്. അതുപോലെ തന്നെ ഭരണ വർഗ്ഗചരിത്രത്തിനും പ്രസക്തിയുണ്ട്.

ഏഴര നൂറ്റാണ്ടുകാലത്തോളം ഒരു ഭൂഭാഗത്തിന്റെയും അവിടെ അധിവസിക്കുന്ന ജനതയുടെയും ഉത്കർഷക്കു വേണ്ടി മാത്രം പരമ്പരാഗതമായി രാജധർമ്മം സേവനമനുഷ്ടിച്ച തെക്കുംകൂർ രാജവംശത്തിലെ ഭരണാധികാരികളെയും അവരുടെ ജനോപകാരപ്രദമായ ഭരണ നടപടികളെയും ഒഴിവാക്കി തെക്കുംകൂർ രാജ്യചരിത്രം രചിക്കാനാവില്ല. തെക്കുംകൂർ രാജ്യചരിത്രത്തിന് കേരള ചരിത്രപഠനങ്ങളിൽ സ്ഥാനമില്ലാതെ പോയതുപോലെ തന്നെ തികച്ചും അറിയപ്പെടേണ്ട ഈ ഭരണാധികാരികളും വിസ്മരിക്കപ്പെട്ടു പോയി എന്നത് വലിയ കുറവായി തന്നെ അവശേഷിക്കുന്നു.

ഏതൊരു പ്രദേശത്തിന്റെയും ചരിത്രത്തെയും പഠനവിധേയമാക്കുമ്പോൾ ഭരണവർഗ്ഗചരിത്രത്തിന് പ്രാമുഖ്യമുണ്ട്. അത് ഭരണാധികാരികളുടെ വംശമേന്മയെയോ ഭരണവംശത്തിന്റെ പിന്മുറക്കാരെയോ ഉയർത്തിക്കാട്ടാനുള്ള ശ്രമമായി മാറുമ്പോഴാണ് ചരിത്രരചന വഴിതെറ്റുന്നത്. അത്തരം രചനകൾ ചരിത്രകാരന്റെ അപക്വവും വൈകാരികവുമായ വിധേയത്തിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു. എന്നാൽ ചരിത്രരചനാ രംഗത്തെ ആധുനികമായ രീതിശാസ്ത്രത്തിന് വിധേയമായി തെക്കുംകൂർ രാജവാഴ്ചയേയും അതിന് കീഴിലുണ്ടായിരുന്ന പ്രദേശത്തിന്റെ ചരിത്രത്തെയും ലഘുവായി പരാമർശിക്കാനുള്ള ശ്രമമാണ് ഈ പ്രബന്ധം കൊണ്ട് ഉദ്ദേശിക്കുന്നത്.

പെരുമാൾ വാഴ്ചയുടെ അന്ത്യത്തോടെ നാട്ടുരാജ്യങ്ങളിലുണ്ടായ ഭരണവ്യതിയാനപ്രക്രിയകളുടെ ഫലമായാണ് തെക്കുംകൂർ ഉദയം ചെയ്യുന്നത്. തളികളുടെ വിപുലീകരണത്തിലൂടെയും കാർഷികഭൂമിയായിരുന്ന ചേരികൾ സ്വാധീനപ്പെടുത്തിയതിലൂടെയും ഭൂമിയുടെ ഭൗതിക അവകാശം കൈവശപ്പെടുത്തിയ ബ്രാഹ്മണാധികാരം നിശ്ചയിച്ച പ്രകാരമായിരുന്നു നാടുവാഴി സ്വരൂപങ്ങൾ ഉയർന്നുവന്നത്. ചെറിയ സാമന്ത നാടുവാഴികൾ വെമ്പലനാട് പോലെയുള്ള രാജവംശങ്ങൾക്ക് കീഴ്പ്പെട്ടു. ഭൂമിശാസ്ത്രപരമായി വിസ്തൃതി വർദ്ധിച്ചതിനാലാകാം വെമ്പലനാട് വിഭജിച്ച് തെക്കുംകൂർ, വടക്കുംകൂർ എന്നിങ്ങനെ രണ്ടു നാട്ടുരാജ്യങ്ങൾ സ്ഥാപിതമായത്. ഇത് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ സംഭവിച്ചിരിക്കാമെന്നതിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭേദമില്ല. എങ്കിലും കൂറുവാഴ്ച അതിനും നൂറ്റാണ്ടിനും മുമ്പ് തന്നെ ആരംഭിച്ചിരുന്നു എന്നതിനും ചില ലക്ഷ്യങ്ങൾ കാണാവുന്നതാണ്. പൂർണ്ണമായ രാജാധികാരത്തിലേക്ക് അത് രൂപപ്പെട്ടിരുന്നില്ല എന്നു മാത്രം.

വെമ്പള്ളിയിൽ വസിച്ചിരുന്ന വെമ്പൊലിനാട്ടിലെ ഒരു ഇളംകൂർ കുടുംബമാണ് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വെന്നിമല ആസ്ഥാനമായി തെക്കുംകൂർ രാജവാഴ്ച ആരംഭിക്കുന്നത്.ഭാസ്കര രവിവർമ്മ രണ്ടാമൻ സ്ഥാപിച്ചു എന്നു കരുതുന്ന വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിന്റെ കോയിലധികാരം തെക്കുംകൂർ രാജാവിന് ആയതിനാലും ശത്രുവിന് അപ്രാപ്യമാം വിധം സുരക്ഷിത സ്ഥാനം ആയതിനാലുമാകാം വെന്നിമല ആസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്.

തെക്കുംകൂർ രാജ്യത്തിന്റെ മുക്കാൽ ഭാഗവും ഉഗ്ര വനങ്ങളായിരുന്നു എന്നത് ഉണ്ണുനീലിസന്ദേശം പോലെയുള്ള സാഹിത്യരചനകളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. പുരാതന കാലം മുതൽ ഈ പ്രദേശത്തെ കുരുമുളകിനും മറ്റു വനവിഭവങ്ങൾക്കും കടൽ കടന്നുള്ള വ്യാപാരത്തിൽ കൂടുതൽ മുൻഗണന ഉണ്ടായിരുന്നതിനാൽ ഉദ്പാദനം വർദ്ധിപ്പിക്കേണ്ടതായി വന്നു. നാടുവാഴി വർഗ്ഗത്തിന് കൃഷി വികസിപ്പിക്കുന്നതിന് കാട് കയ്യേറി വെട്ടിത്തെളിക്കുന്നതിന്റെയും കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ആവശ്യകത ക്രമേണ വർദ്ധിച്ചുവന്നു.

മലയോര വാണിജ്യകേന്ദ്രങ്ങളായിരുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, റാന്നി എന്നിവിടങ്ങളിൽ നിന്നും മീനച്ചിലാർ, മണിമലയാർ, പമ്പ എന്നീ നദികളിലൂടെ പുറക്കാട്, കുടവെച്ചൂർ, ചെമ്മനാകരി തുടങ്ങിയ തുറമുഖ വാണിജ്യകേന്ദ്രങ്ങളിലേയ്ക്ക് പ്രവഹിച്ചിരുന്ന വാണിജ്യ വിഭവങ്ങളുടെ അളവ് വർദ്ധിപ്പിക്കേണ്ടിയിരുന്നു. അതിരമ്പുഴ, താഴത്തങ്ങാടി, ഇരവിനല്ലൂർ, തെങ്ങണാൽ തുടങ്ങിയ ഉൾനാടൻ വ്യാപാരകേന്ദ്രങ്ങളും (അങ്ങാടികൾ ) മദ്ധ്യകാലത്തു തന്നെ ഉയർന്നുവന്നു. വ്യാപാരവും കൃഷിയും ഉപജീവന മാർഗ്ഗമാക്കിയ വിവിധ ജനവിഭാഗങ്ങളുടെ കുടിയേറ്റം ഇതോടെയാണ് ത്വരിതഗതിയിലാകുന്നത്.

വെന്നിമല ആസ്ഥാനമായി ഭരണം ആരംഭിച്ചുവെങ്കിലും ആദ്യ നൂറ്റാണ്ടുകളിൽ തന്നെ കാടുകൾ വെട്ടിത്തെളിച്ച് ജനവാസ മേഖലയാക്കി വികസിപ്പിച്ച മണികണ്ഠപുരം തലസ്ഥാനമാക്കിയാണ് തെക്കുംകൂർ ഭരണം ശക്തി പ്രാപിക്കുന്നത്.

എഡി 1152 ൽ ഇരവി മണികണ്ഠൻ എന്ന രാജാവ് മണികണ്ഠപുരം ക്ഷേത്രം സ്ഥാപിച്ചു എന്നു കരുതുന്നു. ഒരു തലസ്ഥാനത്തിന് അത്യാവശ്യമായ ഭരണസംവിധാനവും ജനപദവുമൊക്കെയായി മണികണ്ഠപുരവും സമീപ പ്രദേശങ്ങളും വികാസം പ്രാപിച്ചു. തെക്കുംകൂർ രാജവാഴ്ചയുടെ പിൽക്കാല ആസ്ഥാനങ്ങളായിരുന്ന ചങ്ങനാശ്ശേരിയിലും കോട്ടയത്തും ഉണ്ടായിരുന്നതു പോലെ കോട്ടയും തുരങ്കപ്പാതകളും മണികണ്ഠപുരത്തും ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്.

വടക്കുംകൂറിന്റെയും തെക്കുംകൂറിന്റെയും അതിർത്തിലൂടെ ഒരു മൺകോട്ട അതിരമ്പുഴയിൽ നിന്നും ആരംഭിച്ച് പാലായ്ക്ക് കിഴക്ക് കൊണ്ടൂർ വരെ ഉണ്ടായിരുന്നു. ആദ്യകാലത്ത് സഹ്യപർവ്വതനിരകൾ മുതൽ വേമ്പനാട്ടു കായൽ വരെയും കാണക്കാരി മുതൽ കൈപ്പട്ടൂർ കടവ് വരെയും ആയിരുന്നു അതിർത്തിയായി കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ തെക്കുകൂറിന്റെ അന്ത്യകാലമായ പതിനെട്ടാം നൂറ്റാണ്ടിൽ രാജ്യവിസ്തൃതി കുറയുകയുണ്ടായി. AD1743 ലെ ഒരു ഡച്ച് ഭൂപടത്തിൽ സൂചിപ്പിക്കുന്നതു പ്രകാരം അതിരുകൾ ഇപ്രകാരമാണ്:

കുമരകത്ത് കൈപ്പുഴയാർ അതിരായി കുട്ടോമ്പുറം വരെ, അവിടെനിന്നും മൺകോട്ടയായി അതിരമ്പുഴ, കോട്ടമുറി, കാണക്കാരി, കൂടല്ലൂർ, കിടങ്ങൂർ, ളാലം എന്നീ പ്രദേശങ്ങൾ കടന്ന് മീനച്ചിലാറിന്റെ തീരത്ത് കൊണ്ടൂരിൽ തീരുന്നു. മീനച്ചിലാറിന്റെ ശാഖയായ ചിറ്റാർ കിഴക്കുഭാഗത്ത് അതിരു തീർക്കുന്നു. ചിറ്റാറിന് കിഴക്ക് തെക്കുംകൂർ 1419 ലെ ഉടമ്പടി പ്രകാരം വിറ്റ പൂഞ്ഞാറിന്റെ ഭാഗങ്ങളാണ്. ചിറ്റാർ തിടനാട്, ചെമ്മലമറ്റം വരെ അതിരു തീർക്കുന്നു. പിന്നീട് ചോറ്റി, എരുമേലി എന്നീ പ്രദേശങ്ങൾ കടന്ന് റാന്നി അങ്ങാടി വരെയാണ് കിഴക്കേ അതിര്. റാന്നി മുതൽ ബുധനൂർ വരെ പമ്പയാണ് തെക്കേ അതിര്.ആറന്മുളയും കോഴഞ്ചേരിയും തെക്കുംകൂറിൽ ഉൾപ്പെടുന്നതായും കോഴഞ്ചേരിയിൽ അധികാരസ്ഥാനമായി ഒരു കൊട്ടാരമുണ്ടായിരുന്നതായും ചില ചരിത്രരേഖകളിൽ കാണുന്നു. അതിന് കൃത്യമായും വ്യക്തത പോര. വഞ്ഞിപ്പുഴമഠത്തിന് അധികാരമുണ്ടായിരുന്ന ചെങ്ങന്നൂർ പ്രദേശത്ത് തെക്കുംകൂർ മേൽക്കോയ്മ നിലനിർത്തിയിരുന്നു.ബുധനൂർ, നിരണം, നീരേറ്റുപുറം, മുട്ടാർ ,കിടങ്ങറ, ഈര എന്നീ പ്രദേശങ്ങൾ കടന്ന് കുമരകത്ത് തീരുന്നതായിരുന്നു പടിഞ്ഞാറെ അതിര്.

AD 1419 ൽ തെക്കുംകൂറിലെ കോത വർമ്മ രാജാവ് പാണ്ഡ്യ വംശജനായ മാനവിക്രമവർമ്മനുമായി ഉണ്ടാക്കിയ കരാറുടമ്പടി പ്രകാരമാണ് തിടനാടിന് കിഴക്കോട്ട് ഇന്നത്തെ ഇടുക്കി ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങൾ പൂഞ്ഞാറിന് ലഭ്യമാകുന്നത്. പടിഞ്ഞാറൻ കായൽ കരിനിലങ്ങൾ ഉൾപ്പെടുന്ന കുട്ടനാടൻ കായൽപ്രദേശങ്ങളാകട്ടെ പതിമൂന്നാം നൂറ്റാണ്ടിൽ കുടമാളൂരിൽ പുളിക്കൽ ചെമ്പകശ്ശേരി ഉണ്ണി നമ്പൂതിരിക്ക് നീരേറ്റുപുറത്ത് നടന്ന ചടങ്ങിൽ ഭൂദാനമായി സമർപ്പിച്ചതുമാണ്. അമ്പലപ്പുഴ ആസ്ഥാനമായി ചെമ്പകശ്ശേരി രാജവംശം ഉദയം ചെയ്യുന്നത് അതോടെയാണ്.

കാർഷികവൃത്തി ഉപജീവന മാർഗ്ഗമായി ജീവിച്ചിരുന്ന അടിസ്ഥാനവർഗ്ഗവും നായർഭൂപ്രഭുക്കളും നിർമ്മാണരംഗത്തെയും മറ്റും ജനവിഭാഗങ്ങളും സമതലപ്രദേശങ്ങളിൽ വസിച്ചിരുന്നു. താരതമ്യേന ഉയർന്ന മറ്റങ്ങൾ കൃഷിയിടങ്ങളും ചേരികളുമായിരുന്നു. ഇവയൊക്കെയും സാമാന്യജനതയുടെ വാസ കേന്ദ്രങ്ങളായിരുന്നെങ്കിൽ നദീതീരങ്ങളിലോ പുറം ബന്ധങ്ങൾക്ക് എളുപ്പമായ ഗതാഗതസൗകര്യങ്ങളുള്ള തോ ആയ ഇടങ്ങൾ ദേശാന്തരഗമനം നടത്തിയെത്തിയ നമ്പൂതിരി ബ്രാഹ്മണർ ഗ്രാമങ്ങളായി മാറ്റിയെടുത്തു. പന്നിയൂർ – ശുകപുരം സംഘർഷങ്ങൾക്കിടയിൽ നാടുവിട്ട സംഘങ്ങളാണ് ഇത്തരത്തിൽ തങ്ങളുടെ അധികാരകേന്ദ്രങ്ങൾ ശക്തമാക്കിയത്. നൂറ്റാണ്ടുകളായി നിലവിലിരുന്നതും വികാസം പ്രാപിക്കാത്തതുമായ പരമ്പരാഗതമായ കാർഷിക ഭൂമിയിൽ മാത്രമേ ക്രമേണ ഉടമാവകാശം സ്ഥാപിക്കാൻ ബ്രാഹ്മണാധികാരത്തിന് സാധ്യമായുള്ളൂ. അതാകട്ടെ മറ്റെവിടത്തെയും പോലെ ജാതിവ്യവസ്ഥയുടെ നിയമങ്ങൾ അടിച്ചേൽപ്പിച്ചു തന്നെയായിരുന്നു. ഗ്രാമ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഈ അധികാരരൂപം നിലനിന്നിരുന്നത്. നാടുവാഴി വംശവും ബ്രാഹ്മണ ഊരാണ്മകളും തമ്മിൽ അധികാര വടംവലികൾ നടന്നതിന്റെ തെളിവായി കുമാരനല്ലൂർ ക്ഷേത്രത്തിലെ ശിലാശാസനം പോലെ ചിലത് അവശേഷിക്കുന്നുണ്ട്.

കിഴക്കൻ മേഖലയിലെ കാടുകൾ വെട്ടിത്തെളിച്ച് നാണ്യവിളകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് തെക്കുംകൂർ നാടുവാഴികൾ ആദ്യകാലത്ത് സ്വീകരിച്ചത്. കൊടുങ്ങല്ലൂർ നിന്നും കൊല്ലത്തു നിന്നും വിവിധ കാലങ്ങളിലായി കുടിയേറിപ്പാർത്ത നസ്രാണിസമൂഹത്തെ വാണിജ്യത്തിൽനിന്നും കാർഷികവൃത്തിയിലേയ്ക്ക് ആനയിച്ചതും കുരുമുളക്, ചുക്ക്, ഏലം തുടങ്ങിയ നാണ്യവിളകളുടെ കൂടിവരുന്ന ആവശ്യകതയ്ക്കനുസരിച്ച് കൃഷി ചെയ്യാൻ പ്രേരിപ്പിച്ച് വിവിധയിടങ്ങളിൽ കുടിയിരുത്തിയതും അവരുടെ ഭരണനയമായിരുന്നു. തുറമുഖങ്ങളിൽ കൂടുതൽ കൂടുതൽ വാണിജ്യ വിഭവങ്ങൾക്കായി പായ്ക്കപ്പലുകൾ നിരനിരയായി നങ്കൂരമിട്ടു കിടന്നതോടെ പ്രധാന സാമ്പത്തിക സ്രോതസ് നാണ്യവിളകളുടെ കാർഷിക-വാണിജ്യമേഖലയായി മാറുകയും രാജാധികാരം കൂടുതൽ ശക്തമാകുകയും ബ്രാഹ്മണ കേന്ദ്രീകൃത അധികാരഘടനയിൽ വിള്ളലുകൾ വീഴുകയും ചെയ്തു. സെമറ്റിക് ജനവിഭാഗങ്ങൾക്ക് സാമ്പത്തികമായി മേൽക്കൈ നേടുന്നതിന് ക്രമേണ സാധിച്ചു. ചെറുകിട മാടമ്പികളും ഭൂപ്രഭുക്കന്മാരും വലിയ നാടുവാഴിയായ കോവിലധികാരിക്ക് വിധേയരാകാനും കാർഷിക കരം കൃത്യമായി അടച്ച് നിലനിൽപ്പ് ഭദ്രമാക്കേണ്ട അവസ്ഥയും വന്നുചേർന്നു.

രാജാവ് എന്ന വാക്കു കൊണ്ട് നാമുദ്ദേശിക്കുന്ന വിപുലമായ അർത്ഥത്തിൽ തെക്കുംകൂർ നാടുവാഴികളെ വിലയിരുത്തുന്നത് ശരിയാവില്ല. യൂറോപ്യൻ ചരിത്രകാരന്മാരും ഡച്ച് കമാൻഡർമാരുമൊക്കെ “the local King” എന്ന് പരാമർശിക്കുന്നതു കൊണ്ടു മാത്രം രാജാവ് എന്ന പദം ഉപയോഗിക്കാമെന്നു മാത്രം.എന്നാൽ കേരളത്തിൽ അധികാരത്തിലിരുന്ന ക്ഷത്രിയസ്വരൂപങ്ങൾ തുടർന്ന ഭരണഘടനാ രീതി തന്നെ രാജ്യഭരണത്തിനായി തെക്കുംകൂറും തുടർന്നിരുന്നു. ഇടത്തിൽ തമ്പുരാൻ എന്നോ വലിയ തമ്പുരാൻ എന്നോ ആണ് സാമാന്യജനം ഭരണാധികാരിയെ സംബോധന ചെയ്തിരുന്നത്. കോയിലധികാരികൾ എന്നായിരുന്നു രാജാവിനെ രേഖകളിൽ സൂചിപ്പിച്ചു കാണാറുള്ളത്. ഇടത്തിൽ എന്നായിരുന്നു കോവിലകങ്ങൾ അറിയപ്പെട്ടിരുന്നത്. ഈ ഇടങ്ങൾക്ക് സമീപം പരദേവതയായ ചെറുവള്ളിക്കാവിൽ ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണുക സാധാരണയാണ്.

വെന്നിമലയിൽ ആസ്ഥാന കോവിലകവും മണികണ്ഠപുരത്ത് ഭരണതലസ്ഥാനവുമായി തെക്കുംകൂർ ഭരണവാഴ്ച നിലനിന്നത് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള മൂന്നു നൂറ്റാണ്ടുകാലമാണ്. ഇക്കാലത്താണ് തെക്കുംകൂർപ്രദേശത്തേക്ക് നസ്രാണി കുടിയേറ്റത്തിന് ആരംഭം കുറിക്കുന്നത്. അക്കാലത്തെ തെക്കുംകൂർ രാജാക്കന്മാരിൽ ചിലരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. മണികണ്ഠപുരം ക്ഷേത്രത്തിന്റെ ആവിർഭാവത്തിന് കാരണക്കാരനായ ഇരവി മണികണ്ഠര്, കാഞ്ഞിരപ്പള്ളിയിലെ പഴയ പള്ളി നിർമ്മിക്കാൻ മുൻകൈയെടുത്ത കോത വർമ്മര്, അതേ പള്ളിയിലെ കൽവിളക്ക് തെളിയിക്കാൻ കാത്തിരപ്പള്ളി ചന്തയിൽ വിൽക്കുന്ന പത്തു ചോതന എണ്ണയിൽ ഒരു ചോതന പള്ളിക്ക് നൽകാൻ നിബന്ധനയാക്കിയ വീരകേരളപ്പെരുമാൾ എന്ന കേരളവർമ്മ എന്നിവരെ കുറിച്ചൊക്കെ ഇത്തരത്തിൽ സൂചനകളുണ്ട്. 14-ാം നൂറ്റാണ്ടിൽ വിരചിതമായ ഉണ്ണുനീലിസന്ദേശത്തിൽ പരാമർശിക്കുന്നത് രാമവർമ്മ എന്ന തെക്കുംകൂർ രാജാവിനെയാണ്.

ഇടനാട്ടിലെ വാണിജ്യകേന്ദ്രങ്ങളായ അങ്ങാടികളുടെ വളർച്ചയുടെ ഭാഗമായി അതതിടങ്ങളിൽ ഗുണകരമായ ഇടപെടലുകൾ ഉണ്ടാകണമെന്ന ബുദ്ധിപരമായ നീക്കമാണ് വെന്നിമലയും മണികണ്ഠപുരവും വിട്ട് താഴത്തങ്ങാടിയും ചങ്ങനാശ്ശേരിയും ആസ്ഥാനങ്ങളാക്കിയതിലൂടെ നടപ്പിലാക്കപ്പെട്ടത്. പുരാതനമായ താഴത്തങ്ങാടിയിലുണ്ടായ കച്ചവടക്കുതിപ്പും ബ്രാഹ്മണഭരണകേന്ദ്രമെന്ന നിലയിലുള്ള തളിയുടെ തകർച്ചയുമാകാം തെക്കുംകൂർ രാജാധികാരം ഇവിടേക്ക് പറിച്ചുനടാൻ ഇടയാക്കിയത്. വ്യാപാരത്തിനു പുറമേ തെക്കൻ അയൽരാജ്യങ്ങളുമായുള്ള ഗതാഗതബന്ധങ്ങൾക്ക് ഏറ്റവും പറ്റിയ ഇടം എന്ന നിലയിലാണ് ചങ്ങനാശ്ശേരിയെ മികച്ച പട്ടണമെന്ന നിലയിൽ തെക്കുംകൂർ ഉയർത്തിക്കൊണ്ടുവന്നത്. ഭരണസിരാകേന്ദ്രം പിന്നീടുള്ള മൂന്നര നൂറ്റാണ്ടുകാലം കോട്ടയത്തെ തളിയിൽ കോട്ടയിൽ തന്നെ തുടർന്നുവെങ്കിലും മികച്ച പട്ടണവും രണ്ടാം ആസ്ഥാനവും ചങ്ങനാശ്ശേരിയായിരുന്നു.

വേമ്പനാട്ടു കായലിൽ നിരന്തരമുണ്ടായിരുന്ന ചരക്കുകൊള്ളയെ അമർച്ച ചെയ്യുന്നതിനും ചെമ്പകശ്ശേരിയുടെ കായൽ ഭൂമി കയ്യേറ്റങ്ങളെ ചെറുക്കുന്നതിനും കോട്ടയത്തേയ്ക്ക് ആസ്ഥാനം മാറ്റിയതിലൂടെ എളുപ്പം സാധ്യമായി. വേമ്പനാട്ടു കായലിലെ പാതിരാമണൽ ദ്വീപിൽ ഒരു സൈനികവ്യൂഹത്തെ നിയോഗിച്ച് കായൽപ്രദേശം സുരക്ഷിതമാക്കി.

താഴത്തങ്ങാടിയിലെ വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി ക്രൈസ്തവ -മുസ്ലീം ജനവിഭാഗങ്ങളെ കൂടുതലായി വരുത്തി പാർപ്പിച്ചു.നിരവധി പണ്ടികശാലകൾ മീനച്ചിലാറിന്റെ തീരങ്ങളിൽ നാണ്യവിളസംഭരണത്തിനായി കെട്ടിയുയർത്തി. വ്യാപാരകാര്യങ്ങളുടെ ചുമതലയ്ക്കായി തരകൻമാരെ നിയോഗിച്ചു. അരുവിത്തുറ, പുന്നത്തുറ തുടങ്ങിയ കിഴക്കൻ അങ്ങാടികളിൽ നിന്നും ഇടനാട്ടിലെയും മലനാട്ടിലെയും കർഷകരിൽനിന്ന് നേരിട്ടും ജലഗതാഗതമാർഗ്ഗമായി എത്തുന്ന വിഭവങ്ങൾ തരകന്മാർ വാങ്ങി സംഭരിക്കുകയും പുറക്കാട്ട് കപ്പലുകൾ എത്തുന്ന മുറയ്ക്ക് എത്തിച്ചേരുന്ന ജലയാനങ്ങളിൽ കയറ്റി വിടുകയും ചെയ്തിരുന്നു. കച്ചവടത്തിൽ ലഭിക്കുന്ന ലാഭവിഹിതം ഖജനാവിലേക്ക് കൃത്യമായി ചേർക്കപ്പെട്ടിരുന്നു.

AD 1450 നോടടുത്താണ് തളിയിൽകുന്നിന് ചുറ്റും കോട്ട കെട്ടിയുയർത്തിയത് എന്ന് കരുതാം. ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവും പന്ത്രണ്ടടി ഉയരവുമുള്ള കടുപ്പമുള്ള ചെങ്കല്ലു കൊണ്ടു കെട്ടിയ കോട്ടയ്ക്ക് ആറു കൊത്തളങ്ങളും (വീക്ഷണഗോപുരം) ഏഴുകോൽ വീതിയുള്ള ചുറ്റുകിടങ്ങും ഉണ്ടായിരുന്നു. കോട്ടയുടെ ഉള്ളിലുള്ള തളിയിൽ ശിവക്ഷേത്രം വാസ്തു വൈഭവത്തോടെ പുതുക്കിപ്പണിതു. വിശേഷപ്പെട്ട തരത്തിലുള്ള ചുവർചിത്രം ശ്രീകോവിലിന്റെ ഭിത്തികളിൽ ആലേഖനം ചെയ്തിരിക്കുന്നത് ഒട്ടൊക്കെ മാഞ്ഞെങ്കിലും ഇന്നും വിസ്മയമായി നില നിൽക്കുന്നു. താഴത്തങ്ങാടിയിലെ മുസ്ലിം ആരാധനാലയമായ താഴത്തങ്ങാടി ജുമാ മസ്ജിദ് മികച്ച ആകാരഭംഗിയോടെ പുതുക്കിപ്പണിയാൻ ഏർപ്പാടാക്കി. AD 1445 ൽ ആസ്ഥാനമായ തളിയന്താന പുരത്തിന് കിഴക്കായി ഒരു നാട്ടുചന്ത സ്ഥാപിച്ചു. AD 1880 ൽ കോട്ടയത്തെ ദിവാൻ പേഷ്കാരായ സർ ടി. രാമറാവു ചന്ത മാറ്റി സ്ഥാപിക്കും വരെയും നാലു നൂറ്റാണ്ടോളം കോട്ടയത്തെ പഴയ ചന്ത സജീവമായിരുന്നു.

AD 1419ലെ ഉടമ്പടി പ്രകാരം പൂഞ്ഞാർ എലുക തിരിച്ച് എഴുതി കൊടുക്കുന്നത് കോട്ടയം തളിയിൽ വച്ചാണ്. പ്രാദേശിക ഭരണസമിതികളായ നാട്ടുകൂട്ടവും തറയും വിളിച്ചു ചേർത്ത് നാട്ടാരുടെ മനമറിഞ്ഞാണ് ഈ കരണമുണ്ടായത് എന്നതുകൊണ്ടുതന്നെ ജനാഭിപ്രായത്തെ തെക്കുംകൂർ ഭരണാധികാരികൾ എത്രത്തോളം വില കല്പിച്ചിരുന്നു എന്നു മനസ്സിലാക്കാം.

ഭരണതലസ്ഥാനമെന്ന നിലയിൽ തിരഞ്ഞെടുത്ത തളിയന്താനപുരത്ത് കോട്ട കെട്ടിയ ശേഷം അതിനുളളിൽ കോവിലകങ്ങളും ഭരണകാര്യാലയങ്ങളും തളിയിൽ ക്ഷേത്രത്തിന്റെ വടക്കും വടക്കുകിഴക്ക് ഭാഗങ്ങളിലും പണി കഴിപ്പിച്ചു. ചെട്ടികൾ, ചാലിയർ,വിശ്വകർമ്മജർ, കുലാലർ, വെളുത്തേടത്ത് – വിലക്കിത്തല നായൻമാർ, പാണൻമാർ, വാളൻമാർ, കണക്കർ തുടങ്ങി വിവിധ തൊഴിൽമേഖലകളിലുള്ള സമൂഹങ്ങളെയും നഗര സംവിധാനത്തിന്റെ വികസനത്തിന്റെ ഭാഗമായി വരുത്തി പാർപ്പിച്ചു. പറങ്കി – ഡച്ച് വ്യാപാരങ്ങൾ ആരംഭിക്കുന്ന പതിനേഴാം നൂറ്റാണ്ടിലാണ് കൊങ്കണി ബ്രാഹ്മണരും കുടുംബി ചെട്ടികളും തളിക്കോട്ടയ്ക്ക് സമീപം വാസമുറപ്പിച്ചു തുടങ്ങുന്നത്.

മൈസൂരിൽ നിന്ന് എത്തിച്ചേർന്ന കുലാലർ മൺപാത്ര നിർമ്മാണം മാത്രമല്ല, കോവിലകങ്ങളിലെയും ക്ഷേത്രങ്ങളിലെയും ദീപങ്ങളും വഴിവിളക്കുകളും തെളിക്കുന്ന ചുമതലയും നിർവഹിച്ചിരുന്നു. പ്രദേശത്തെ ക്ഷേത്രങ്ങളിൽ ഉത്സവകാലത്ത് തീവെട്ടി പിടിക്കുന്നത് ഇന്നും അവകാശമായി ഇവരിൽ തുടരുന്നു.

വിശ്വകർമ്മജരുടെ വിവിധ വിഭാഗങ്ങൾ ദേവാലയം ഗൃഹ നിർമ്മിതിയ്ക്കായും ആയുധ – പണിയായുധ നിർമ്മാണങ്ങൾക്കും കരകൗശല നിർമ്മാണങ്ങൾക്കുമായി രാജപക്ഷത്തുനിന്നുള്ള പ്രത്യേക അവകാശങ്ങളോടെ പ്രദേശത്ത് താമസം തുടങ്ങി. തുണിനെയ്ത്തിനായി ചാലിയരെയും വില്പനയ്ക്കായി ചെട്ടികളെയും പട്ടണത്തിന്റെ കിഴക്കേ പ്രാന്തപ്രദേശത്ത് കുടിയിരുത്തി.
മധുരയിൽ നിന്നെത്തിയ വൈശ്യവിഭാഗക്കാരെ കുമ്മനത്തിൽ വസിപ്പിച്ചു. ചേരാനല്ലൂർ, കൊടുങ്ങല്ലൂർ പ്രദേശത്തു നിന്ന് മേത്തർ വിഭാഗക്കാരായ മുസ്ലിങ്ങളെ വരുത്തി മീനച്ചിലാറിന്റെ ഇരുകരകളിലും കച്ചവടത്തിനായി പാർപ്പിച്ചു. കുറവിലങ്ങാട്, പുന്നത്തുറ, വെള്ളൂർ, നിരണം, ചെങ്ങന്നൂർ, കായങ്കുളം എന്നിവിടങ്ങളിൽ നിന്നും നസ്രാണി സമൂഹത്തിലെ കൂടുതൽ പേരെ ക്ഷണിച്ചു വരുത്തി പാർപ്പിച്ചു. AD 1547 നോടടുത്ത് ക്നാനായ ക്രൈസ്തവർ എത്തിയപ്പോൾ വലിയങ്ങാടി എന്ന വ്യാപാര കേന്ദ്രം അവരുടെ മേൽനോട്ടത്തിൽ താഴത്തങ്ങാടിയുടെ വടക്കേ ഭാഗത്ത് ആരംഭിച്ചു.

വിവിധ ജനസമൂഹങ്ങൾ എത്തിച്ചേർന്നതോടെ കോട്ടയുടെയും അങ്ങാടിയുടെയും പരിസരങ്ങൾ ജനബാഹുല്യമുള്ളതായി. ഭരണസിരാകേന്ദ്രത്തിലേയ്ക്ക് വരുന്ന തെക്കുംകൂറിലെ ഇതര ദേശത്തുകാർ തളിയന്താനപുരം എന്നത് മാറ്റി കോട്ടയകം എന്ന് പറഞ്ഞു തുടങ്ങി. പിൽക്കാലത്ത് കോട്ടയകം ലോപിച്ച് കോട്ടയം എന്ന സ്ഥലനാമമുണ്ടായി. കോട്ടയം വലിയ പള്ളിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട രേഖയിലാണ് കോട്ടയകം എന്ന സ്ഥലനാമം ആദ്യമായി സൂചിപ്പിച്ചു കാണുന്നത്.
കടുത്തുരുത്തിയിൽ നിന്ന് കുടിയേറിയ പന്ത്രണ്ടു ക്നാനായ കുടുംബങ്ങൾക്കും നിലവിലുണ്ടായിരുന്ന മാർത്തോമാ നസ്രാണികൾക്കുമായി AD 1550 ൽ ആദിച്ചവർമ്മ രാജാവിന്റെ അനുമതിയോടെ സ്ഥാപിക്കപ്പെട്ടതാണ് കോട്ടയം വലിയപള്ളി.AD 1579 ൽ വലിയപള്ളിയിൽ നിന്ന് പിരിഞ്ഞ മാർതോമാ ക്രിസ്ത്യാനികൾക്കായി ചെറിയപള്ളി സ്ഥാപിച്ചത് പിന്നീട് വന്ന കോതവർമ്മ രാജാവാണ്. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ സ്ഥാപിതമായ തിരുനക്കര മഹാദേവ ക്ഷേത്രത്തിന്റെ സ്ഥാപനം ഇരവിവർമ്മ എന്ന രാജാവിന്റെ കാലത്താണ്.

വാസ്തുവിദ്യയുടെയും ശില്പ ചിത്രകലയുടെയും പുഷ്കലകാലമാണ് തെക്കുംകൂർ കാലഘട്ടം. വാസ്തുവിദ്യാ മികവോടെ നിരവധി ദേവാലയങ്ങൾ തെക്കുംകൂർ രാജ്യത്തെമ്പാടും ഉയർന്നുവന്നു. അവയിൽ ക്ഷേത്രങ്ങളും കൃസ്ത്യൻപള്ളികളും മുസ്ലിം പള്ളികളും ഉൾപ്പെടും. അവയൊക്കെയും തെക്കുംകൂർ രാജാക്കൻമാർ നേരിട്ടോ അവരുടെ സഹായത്താലോ ആണ് നിർമ്മിക്കപ്പെട്ടത്. താഴത്തങ്ങാടിയിൽ വ്യത്യസ്ഥ മതവിഭാഗക്കാരുടെ ദേവാലയങ്ങൾ അടുത്തടുത്തായി കാണപ്പെടുന്നതു പോലെ തന്നെയാണ് ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലും കാണാൻ സാധിക്കുന്നത്. ചുവർചിത്രകലയിലെ വേമ്പനാടൻ ശൈലി എന്ന തനതുരീതിയുടെ ഉദാഹരണങ്ങളാണ് കോട്ടയം തളി, ആർപ്പൂക്കര തൃക്കൊടിത്താനം, പനയനാർക്കാവ് എന്നീ ക്ഷേത്രങ്ങളിൽ കാണാൻ കഴിയുന്നത്.

കേരളീയ വാസ്തുവിദ്യയെ സുറിയാനി -പോർട്ടുഗീസ് ശൈലികളുമായി സങ്കലനം ചെയ്ത് രൂപപ്പെട്ട തനതു ഗൃഹനിർമ്മാണ രീതികളുടെ അവശേഷിക്കുന്ന മാതൃക കൾ പഴയ കോട്ടയത്ത് താഴത്തങ്ങാടിയിൽ കാണാം. ഇത് തെക്കുംകൂർ കാലഘട്ടത്തിന്റെ അനന്യ സംഭാവനയാണ്.
താഴത്തങ്ങാടി കൂടാതെ വലിയങ്ങാടി, പുത്തനങ്ങാടി എന്നീ രണ്ടു വ്യാപാര കേന്ദ്രങ്ങൾ യഥാക്രമം പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും ആരംഭിച്ചു എന്നതിൽ നിന്നു തന്നെ കോട്ടയത്തെ വ്യാപാരസമൂഹത്തിന്റെ വളർച്ചയും അതിൽ ഭരണാധികാരികളുടെ ഇടപെടലും എത്രത്തോ ളമായിരുന്നു എന്നു മനസിലാക്കാം.

തെക്കുംകൂർ രാജ്യം പതിനെട്ടു ദേശങ്ങളായി തിരിച്ചിരുന്നു. ഓരോ ദേശങ്ങളിലും മാടമ്പി ഭരണമായിരുന്നു നിലനിന്നിരുന്നത്. ഈ മാടമ്പിമാർ കാർഷിക നികുതി പിരിച്ച് രാജസമയത്ത് എത്തിച്ച് പ്രാദേശികഭരണം നിലനിർത്തിയിരുന്നു. വ്യാപാര രംഗത്തെ സാമ്പത്തികനേട്ടങ്ങളിൽ മാടമ്പിമാർക്ക് വലിയ പങ്കാളിത്തമുണ്ടായില്ല. ഗതാഗതമാർഗ്ഗം നദികളും അവയെ ബന്ധിപ്പിക്കുന്ന തോടുകളും മാത്രമായിരുന്നു. കരയിലൂടെയുള്ള സഞ്ചാര പാതകൾ വളരെ വിരളമായിരുന്നു. ഇടനാട്ടിലെ വനമേഖല വിപുലമായതിനാൽ കരമാർഗ്ഗമുള്ള സഞ്ചാരം ദുർഘടമായി പതിനെട്ടാം നൂറ്റാണ്ടുവരെ തുടർന്നു.

മാടമ്പിമാരെ സംബന്ധിച്ചിടത്തോളം അന്യദേശത്ത് നിന്നുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിന് കൂട്ടായ സൈനികശേഷി ആവശ്യമായി വരുന്നു. രാജാവ് അതു നിറവേറ്റിക്കൊടുക്കുന്നു. സാമന്തഭരണം പലയിടത്തും നിലനിന്നിരുന്നു. “അഞ്ചു കർത്താവും അഞ്ചു കൈമളും’ എന്നാണ് തെക്കുംകൂറിലെ മന്ത്രിമാർ എന്നു പറഞ്ഞു വരുന്നത്. ഇതിൽ പലരും മേല്പറഞ്ഞ സാമന്തന്മാരോ മാടമ്പിമാരോ കളരി നായകന്മാരോ ആയിരുന്നു. മീനച്ചിൽ കർത്താ, അമ്പഴത്തുങ്കൽ കർത്താ, നൈനാടത്ത് കൈമൾ, കുന്നുതറ എന്നിവരൊക്കെയും ഈ നിരയിൽ പെടുന്നു,

18 കളരികളിലെ അഭ്യാസികളായിരുന്നു രാജ്യത്തെ സൈനിക വിഭാഗം. ചെങ്ങന്നൂർ ആതിയെന്ന തെക്കൻപാട്ടിൽ പരാമർശിക്കുന്നത് ഈ 18 കളരികളാവാം. കളരിയുടെ ആശാന്മാരും നായകന്മാരുമായിരുന്നവർ കളരിപ്പണിക്കർ എന്നറിയപ്പെട്ടു. രാജ്യത്തെ പടനായകരും ഇവർ തന്നെയായിരുന്നു. വേളൂരിലെ മുഞ്ഞനാട്ടു പണിക്കർ ,അയ്മനം കുറുപ്പംവീട്ടിൽ കൈമൾ,വാകത്താനത്ത് നന്തിക്കാട്ട് പണിക്കർ, പാക്കിൽ പണിക്കർ, ചങ്ങനാശ്ശേരി വാഴപ്പാടത്ത് പണിക്കർ, അഞ്ചേരി വലിയ വീട്ടിൽ പുന്നൂസ് മാപ്പിള, മകൻ കൊച്ചിട്ടി, മീനടത്ത് പാടത്തു മാപ്പിള, കാഞ്ഞിരപ്പളളി ഉണ്ണി മാത്തു തരകനും മകൻ കുഞ്ചാക്കോ തരകനും, വാഴക്കൂട്ടത്തിൽ മമ്മാലി (വള്ളപ്പട), കുന്നന്താനത്ത് പണിക്കർ ഇവരൊക്കെയാണ് സൈനിക പരിശീലനത്തിനായി കളരികൾ സ്ഥാപിച്ച് രാജ്യരക്ഷ തീർത്തിരുന്നത്.തെക്കുംകൂറിന്റെ മന്ത്രിസ്ഥാനത്ത് മഴുവഞ്ചേരിപ്പണിക്കർ, കല്ലിക്കുന്നേൽ മേനോൻ ( പിൽക്കാലത്ത് മാമ്പുഴക്കരി മേനോൻ), കല്ലറയ്ക്കൽ തരകൻ എന്നിവരെയും വിവിധ കാലഘട്ടങ്ങളിലായി പറഞ്ഞുവരുന്നു. കാര്യവിചാരിപ്പുകാർ പദവിയിലുള്ള ആളാണ് ഉദ്യോഗതലത്തിൽ ഭരണനിർവഹണത്തിന് ചുക്കാൻ പിടിച്ചിരുന്നത്. അതിനു താഴെ കാര്യക്കാർ പദവിയിൽ നിരവധി പേർ ഉണ്ടായിരുന്നു.

കോട്ടയം, ചങ്ങനാശ്ശേരി എന്നീ പ്രധാന ആസ്ഥാനങ്ങൾ കൂടാതെ പ്രവിശ്യാ ഭരണത്തിനായി വിവിധ സ്ഥലങ്ങളിൽ “ഇടങ്ങൾ” തെക്കുംകൂറിലുണ്ടായിരുന്നു. ഒളശ്ശ (പൈങ്ങുളത്ത് ) ളാലം (കൊട്ടാരമറ്റം), കാഞ്ഞിരപ്പള്ളി, തിരുനക്കര (കേരളപുരം), വടവാതൂർ: പള്ളം ( സ്രാമ്പി), മുട്ടാർ (സ്രാമ്പി), കോഴഞ്ചേരി എന്നിവിടങ്ങളിലൊക്കെയുമാണ് ഈ ഇടങ്ങൾ ഉണ്ടായിരുന്നത്. ഇളംകൂർ രാജകുടുംബങ്ങളിൽ പെട്ടവർ അതത് ഇടങ്ങളിൽ വസിച്ച് മാടമ്പിമാരുടെ മേലുള്ള അധികാരം ഉറപ്പിച്ചു കൊണ്ടിരുന്നു.

ചങ്ങനാശ്ശേരിയിൽ പുഴവാത് രാജാവിന്റെ സാമീപ്യം എക്കാലത്തുമുണ്ടായിരുന്നു. കോട്ടയത്തെ ഭരണസിരാകേന്ദ്രമായ തളിക്കോട്ടയിൽ നിന്ന് ചങ്ങനാശ്ശേരിയിൽ മുറയ്ക്ക് എത്തി തെക്കൻ പ്രദേശങ്ങളുടെ ഭരണത്തിൽ ശ്രദ്ധ ചെലുത്തിപോന്നു. വേണാട്, ചെമ്പകശ്ശേരി, ഇളയിടത്തു സ്വരൂപം തുടങ്ങിയ തെക്കൻ രാജ്യങ്ങളുമായുള്ള നയപരമായ സമ്പർക്കം ചങ്ങനാശ്ശേരിയിൽ വച്ച് ആയിരുന്നതിനാൽ പിൽക്കാലത്തെ തിരുവിതാംകൂർ രേഖകളിൽ ചങ്ങനാശ്ശേരി രാജാവ് എന്നാണ് തെക്കുംകൂർ രാജാവിനെ പറ്റി പരാമർശിച്ചു കാണുന്നത്. പി. ശങ്കുണ്ണി മേനോനെ പോലെയുള്ള തിരുവിതാംകൂർ പക്ഷപാതികളായ ചരിത്രകാരന്മാർ ഒരു കൂർ അഥവാ സ്വരൂപം എന്ന പദവി പോലും തെക്കുംകൂറിന് ചാർത്തി കൊടുക്കാൻ ഇഷ്ടപ്പെട്ടില്ല. തിരുവിതാംകൂർ പക്ഷചരിത്രകാരന്മാരുടെ രചനകൾ തെക്കുംകൂർ ചരിത്രം തിരയുന്നവരിൽ പലരെയും വഴി തെറ്റിച്ചിട്ടുമുണ്ട്. അവരുടെ രചനകളിലൊക്കെയും തെക്കുംകൂർ രാജാവ് ചങ്ങനാശ്ശേരിയുടെ രാജാവായി മാത്രം ഒതുങ്ങുന്നു. നാട്ടുകാരാകട്ടെ ഇടത്തിലെ വലിയ തമ്പുരാൻ എന്നാണ് രാജാക്കന്മാരെ അഭിസംബോധന ചെയ്തു വന്നത്.

തെക്കുംകൂർ ഒരു യൂറോപ്യൻ വ്യാപാരശക്തിയുമായി കച്ചവടക്കരാറിൽ ഏർപ്പെടുന്നത് AD 1664 ൽ ആണ്. ആ വർഷം ജൂലൈ 14ന് ഡച്ച് ക്യാപ്റ്റനായ ഹ്യൂസ്റ്റാർട്ടുമായി തെക്കുംകൂറിലെ കോതവർമ്മ ഉണ്ടാക്കിയ കരാർ പ്രകാരം രാജ്യത്ത് വിളയുന്ന മുഴുവൻ കുരുമുളകിന്റെയും കുത്തകാവകാശം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ (VOC) വന്നു ചേർന്നു.പത്തു വർഷങ്ങൾ കൂടുന്തോറും പുതുക്കിയിരുന്ന ഈ കരാർ AD 1744 വരെയും നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ അവസാന നാളുകളിൽ തിരുവിതാംകൂറിനെ പ്രതിരോധിക്കുന്നതിന് ഡച്ച് സഹായം ഉണ്ടാകാതിരുന്നതിന് കാരണം പുതുതായി തുടങ്ങിയ ഇംഗ്ലീഷ് ബന്ധങ്ങൾ ആയിരിക്കാം. അന്ത്യനാളുകളിൽ തെക്കുംകൂറിലെ ഇളയതമ്പുരാന് ഇംഗ്ലീഷ്കാരുടെ അഞ്ചുതെങ്ങ് കോട്ടയിൽ വച്ച് പതിനൊന്ന് ആചാരവെടികൾ ഉതിർത്ത് സൈനിക ബഹുമതി നൽകിയതും ശ്രദ്ധേയമാണ്.

AD 1664 ലെ കരാറിനെ തുടർന്ന് തെക്കുംകൂറിലെ ഡച്ച് വ്യാപാരം പൊടിപൊടിച്ചു. തെക്കുംകൂർ പ്രദേശത്തെ ഭൗതികമായ വളർച്ചയെ സഹായിച്ചത് ഒരു നൂറ്റാണ്ടോളം നീണ്ടു നിന്ന ഡച്ച് ബന്ധങ്ങളാണ് എന്നത് വേണ്ടുംവിധം പഠനവിധേയമാക്കാതെ അവശേഷിക്കുന്നു. പുറക്കാട്ട് നിന്ന് ഡച്ച്കാർ ഇറക്കുമതി ചെയ്ത ചെമ്പും വെളുത്തീയവും പമ്പയാറ്റിലൂടെ മാന്നാറിലെത്തിച്ച് തുടങ്ങി വച്ച ഓട്ടുപാത്രനിർമ്മാണം തലമുറകൾ കഴിഞ്ഞിട്ടും നിലനിൽക്കുന്നു. തെക്കുംകൂർ രാജ്യത്തിലെ നാട്ടുവഴികൾ ഗതാഗത യോഗ്യമാകുന്നത് ഡച്ചുകാലത്താണ്. ഇതോടെ ഇടനാട്ടിലെ കുടിയേറ്റങ്ങൾ ശക്തി പ്രാപിച്ചു. നാണ്യവിളകളുടെ ഉദ്പാദനത്തിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടായി. സാമ്പത്തികരംഗത്തെ കുതിച്ചുചാട്ടം ദേവാലയങ്ങളും വാസഗൃഹങ്ങളും ആഡംബരങ്ങളോടെയും വാസ്തുമികവോടെയും നിർമ്മിക്കപ്പെടുന്നതിന് കാരണമായി.

പുറക്കാട്ട് ഡച്ചുകാരുടെ കമ്മീഷൻ ഏജൻറുമാരായി പ്രവർത്തിച്ചു ഗൗഡ സാരസ്വത ബ്രാഹ്മണ സമൂഹം കച്ചവടത്തിനായി കോട്ടയത്തും കുടിയേറി പാർത്തു.

പോർച്ചുഗീസ് സ്വാധീനം തെക്കുംകൂറിൽ തുലോം പരിമിതമായിരുന്നു എങ്കിലും ഗോവൻ ബിഷപ്പ് അലക്സിസ് ഡി മെനസിസിന്റെ തുടർച്ചയായ സഞ്ചാരങ്ങളും പരിവർത്തന പ്രക്രിയകളും തെക്കുംകൂറിൽ ചങ്ങനാശ്ശേരിയിലും മീനച്ചിലിലും കാഞ്ഞിരപ്പള്ളിയിലുമൊക്കെ ക്രിസ്ത്യാനികളിൽ സ്വാധീനം ചെലുത്തി. പിന്നീടു വന്ന ഡച്ചുകാരുടെ തന്ത്രപരമായ ഇടപെടൽ ക്രിസ്ത്യാനികളിലെ കത്തോലിക്ക പക്ഷത്തേയ്ക്കുള്ള ഒഴുക്കിനെ ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്തി.

തെക്കുംകൂർപ്രദേശത്ത് ക്രൈസ്തവരിൽ പ്രൊട്ടസ്റ്റൻറ്റ് വിശ്വാസം പ്രചരിപ്പിക്കുന്നതിനായി കൊച്ചിയിലെത്തി ചേർന്ന പുരോഹിതരിൽ ചിലരെ ഡച്ചുകാർ നിയോഗിച്ചുവെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല. AD 1668ൽ ഡച്ചു ഗവർണർ ഹെൻറിക് വാൻ റീഡിന്റെ ശ്രമഫലമായി കോട്ടയത്ത് തളിയിൽ കോട്ടയുടെ പുറത്ത് തെക്കു കിഴക്കേഭാഗത്ത് ഒരു ഭാഷാ സ്കൂൾ സ്ഥാപിക്കപ്പെട്ടു. അന്നത്തെ രാജാവായ കോതവർമ്മയുടെ പൂർണ്ണ അനുമതിയോടെയും ആശീർവാദത്തോടെയും സ്ഥാപിക്കപ്പെട്ട ഒലന്തക്കളരിയാകാം ഇന്ത്യയിലെ ആദ്യത്തെ വൈദേശിക ബഹുഭാഷാ സ്കൂൾ. ഹെർമൻ ഹാസൻ കാംപ് എന്നറിയപ്പെട്ട ബഹുഭാഷാജ്ഞാനിയായിരുന്ന് ഒരു ഡച്ചു സൈനികനായിരുന്നു ഈ സ്കൂളിലെ ആദ്യത്തെ അവബോധകൻ (Percepter). ഡച്ച്, ലാറ്റിൻ, സംസ്കൃതം, മലയാളം എന്നീ ഭാഷകൾ പഠിപ്പിച്ചിരുന്ന ഈ സ്കൂളിൽ കോതവർമ്മ രാജാവ് സംസ്കൃതം പഠിപ്പിച്ചിരുന്നത് വാൻറീഡിനെ അത്ഭുതപ്പെടുത്തി എന്ന് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോതവർമ്മ AD 1674-ൽ നാടുനീങ്ങി. ചേറ്റുവായ്, പറവൂർ, കൊച്ചി, കുടവെച്ചൂർ, പുറക്കാട്, കായങ്കുളം, കൊല്ലം എന്നിവിടങ്ങളിലെ ഡച്ചു ഡിപ്പോകളിലെ യുവഉദ്യോഗസ്ഥർ സംസ്കൃതവും മലയാളവും പഠിച്ചപ്പോൾ ക്രിസ്ത്യാനികളും കൊങ്കണി ബ്രാഹ്മണരും ഡച്ചും ലാറ്റിനും അഭ്യസിച്ചു. ഏതാണ്ട് 20 വർഷക്കാലമേ ഈ സ്കൂൾ നിലനിന്നുള്ളൂ. ഹെൻറിക് വാൻറീഡിന്റെ ചുമതലയിൽ രചിക്കപ്പെട്ട കേരളത്തിലെ സസ്യങ്ങളെ പറ്റിയുള്ള ഹോർത്തുസ് മലബാറിക്കൂസ് ഇൻഡി ക്കൂസിന്റെ രചനാകാലം ഇതേ കാലഘട്ടമായതിനാലും സ്കൂളുമായി ബന്ധപ്പെട്ട പലരും രചനാ കാര്യങ്ങളിൽ പങ്കാളികളായിരുന്നതിനാലും ഒലന്തക്കളരിയും ഈ ഗ്രന്ഥവും തമ്മിലുള്ള ബന്ധം അനാവരണം ചെയ്യുന്നതിന് കൂടുതൽ പഠനം ഉണ്ടാവേണ്ടതാണ്.

ഡച്ചുകമാൻഡൻമാരുടെ ലേഖനങ്ങളിൽ നിന്നും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രേഖകളിൽ നിന്നും തെക്കുംകൂറിലെ പതിനേഴ് പതിനെട്ടു നൂറ്റാണ്ടുകളിലെ സ്ഥിതിഗതികൾ അറിയാൻ കഴിയുന്നുണ്ട്. ക്യാപ്റ്റൻ ഗോളനേസിന്റെ ലേഖനത്തിൽ തെക്കംകൂറിന്റെ അവസാന ഭരണാധികാരിയായിരുന്ന ആദിത്യവർമ്മയെ പ്രശംസിക്കുക മാത്രമല്ല ഈ രാജ്യത്തെ വ്യാപാരത്തിന്റെ പ്രാമുഖ്യത്തെക്കുറിച്ചും പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. AD 1719 ൽ കോട്ടയത്ത് എത്തിച്ചേർന്ന ഡച്ച് ചാപ്ലയിൻ ജേക്കോബസ് കാന്റർ വിഷർ അക്കാലത്തെ കുറിച്ച് Letters from Malabar എന്ന കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

AD 1674ൽ അധികാരത്തിലേറിAD 1691 വരെ ഭരിച്ച ഉണ്ണിക്കേരള വർമ്മ, AD 1691 മുതൽ AD 1717 വരെ ഭരിച്ച ഉദയ മാർത്താണ്ഡവർമ്മ ,AD 1717 മുതൽ AD 1750 വരെ ഭരണം നടത്തിയ ആദിത്യവർമ്മ എന്നിവരുടെ കാലത്ത് തെക്കുംകൂറിന്റെ സാമൂഹ്യ സാമ്പത്തിക വികസനരംഗത്ത് വലിയ പുരോഗതിയുണ്ടായി. അതാകട്ടെ ഡച്ച് വ്യാപാര ബന്ധങ്ങളുടെ കാലവുമായിരുന്നു. തിരുനക്കര പട്ടണത്തിനോട് ചേർന്നുള്ള മറ്റൊരു ജനവാസകേന്ദ്രമായി വികാസം പ്രാപിക്കുന്നതും അക്കാലത്താണ്. നാട്ടുവഴികൾ വന്നതോടെ കാളവണ്ടിയിലൂടെ ചരക്കുകടത്ത് ആരംഭിച്ചു.ഇടനാട്ടിൽ ചെറിയ അങ്ങാടികൾ ഉയർന്നുവന്നു.

കുന്നതറ കൈമളുടെ ഗ്രന്ഥവരിയിൽ നിന്നുള്ള സൂചനകൾ പ്രകാരം പടിഞ്ഞാറൻ കരിനിലങ്ങളിൽ വരമ്പുകുത്തി കൃഷിയോഗ്യമാക്കുന്നതിൽ ഉദയമാർത്താണ്ഡവർമ്മ, ആദിത്യവർമ്മ എന്നിവരുടെ നിസ്തുലമായ പങ്ക് വ്യക്തമാക്കപ്പെടുന്നു. നാണ്യവിളകളുടെ വ്യാപനത്തിനായി കുടിയേറ്റ ങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നതിന് പുറമേ നെൽകൃഷി വ്യാപനത്തിനായി ചതുപ്പുനിലങ്ങളെ കൃഷിയോഗ്യമാക്കുകയും ജലസേചനത്തിനായി നിരവധി തോടുകൾ വെട്ടിയുണ്ടാക്കുകയും ചെയ്തതിന്റെ വിവരങ്ങൾ ചരിത്രരേഖകളിൽ നിന്നും വാമൊഴിവഴക്കങ്ങളിൽ നിന്നും ലഭ്യമായതാണ്.

നഗരസംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇരവി മണികണ്ഠന്റെ കല്പനപ്രകാരം കുത്തിയെടുത്ത മണികണ്ഠപുരം ചിറ, AD 1700-ൽ ഉദയമാർത്താണ്ഡവർമ്മയുടെ നിർദ്ദേശത്താൽ കുത്തിയെടുത്ത ചങ്ങനാശ്ശേരിയിലെ ചിത്രക്കുളം എന്നിവ ഇവരുടെ പ്രജാക്ഷേമ താൽപ്പര്യങ്ങളുടെ നിദർശനങ്ങളാണ്.

വേണാടിന്റെ ഏകോപനം എന്ന ലക്ഷ്യത്തോടെ ചെറിയ നാട്ടുരാജ്യങ്ങളെ വരുതിയിലാക്കിയും വെട്ടിപ്പിടിച്ചും മാർത്താണ്ഡവർമ്മ നടത്തിയ പടയോട്ടത്തിന്റെ ഭാഗമായി AD 1750 ൽ തെക്കുംകൂർ ഭരണം അവസാനിച്ചു. ഇളയിടത്തു റാണിക്ക് തളിക്കോട്ടയിൽ അഭയം നൽകിയതിനെ തുടർന്ന് മാർത്താണ്ഡവർമ്മ തെക്കുംകൂറിനോട് കടുത്ത ശത്രുതയിലായി.കായങ്കുളം ആക്രമിച്ച വേളയിൽ ചെമ്പകശ്ശേരിയോടൊപ്പം ചേർന്ന് തെക്കുംകൂർ സൈന്യം തിരുവിതാംകൂറിനെ പ്രതിരോധിച്ചത് ആ ശത്രുത കൂടുന്നതിന് ഇടയാക്കി. അമ്പലപ്പുഴ ആക്രമിച്ച് ചെമ്പകശ്ശേരി രാജാവിനെ തടവിലാക്കിയ ശേഷം മാർത്താണ്ഡവർമ്മ തെക്കുംകൂർ ആക്രമിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്തി.

എക്കാലത്തും കൊച്ചിയോട് വിധേയത്വം പുലർത്തിയിരുന്ന തെക്കുംകൂർ തിരുവിതാംകൂറിന്റെ മേൽക്കോയ്മ അംഗീകരിക്കാൻ വിസമ്മതിച്ചു. എന്നാൽ ആപത്ത് തൊട്ടടുത്തെത്തിയതിനാൽ ഗത്യന്തരമില്ലാതെയായതോടെ ഉപാധികളില്ലാതെ കീഴ്പ്പെടുന്നതിനും അങ്ങനെ യുദ്ധം ഒഴിവാക്കുന്നതിനുമായി ആദിത്യവർമ്മ അനുജനായ അപ്പൻ തമ്പുരാനെ സന്ധി സംഭാഷണങ്ങൾക്കായി മാർത്താണ്ഡവർമ്മയുടെ അടുക്കലേയ്ക്ക് പറഞ്ഞയച്ചു. ജേഷ്ഠാനുജൻമാർ തമ്മിൽ സ്വരചേർച്ച ഇല്ലാതിരുന്നത് നേരത്തേ അറിഞ്ഞിരുന്ന മാർത്താണ്ഡവർമ്മ ജ്യേഷ്ഠനെ നിഷ്കാസിതനാക്കി അധികാരം പിടിച്ചെടുക്കുന്നതിനുള്ള സഹായം അനുജന് വാഗ്ദാനം ചെയ്തു. അതിനെ നിരസിച്ച് അമർഷത്തോടെ തിരികെ പോന്ന തെക്കുംകൂറിലെ ഇളയതമ്പുരാനെ ജലമാർഗ്ഗം കോട്ടയത്തെത്തുമ്പോൾ നിഷ്കരുണം വധിക്കുന്നതിന് രാമയ്യൻ ദളവ കിങ്കരന്മാരെ ഏർപ്പാടാക്കി. കോട്ടയത്ത് ഇല്ലിക്കൽ കടവിൽ തൃസന്ധ്യനേരത്ത് വന്നടുത്ത ഇളയരാജാവിനെയും അകമ്പടിക്കാരെയും പിന്നാലെ വന്ന തിരുവിതാംകൂർ സൈനികർ വധിച്ചു. ഇളയരാജാവിന്റെ കൊലയ്ക്ക് ഉത്തരവാദി ജ്യേഷ്ഠനായ ആദിത്യവർമ്മയാണെന്ന് പ്രചരിപ്പിക്കുന്നതിന് തെക്കുംകൂറിലെ ശത്രുപക്ഷം ചേർന്ന മന്ത്രിമാരെയും മാടമ്പിമാരെയും രാമയ്യൻ നേരത്തേ തന്നെ ചട്ടം കെട്ടിയിരുന്നു. അനുജനെ ജ്യേഷ്ഠനാണ് കൊന്നതെന്ന വാർത്ത ഇവർ മൂലം നാടാകെ പരന്നു. ജ്യേഷ്ഠനുജൻമാർ തമ്മിലുള്ള വഴക്ക് നേരത്തേ നാടെങ്ങും പരന്നിരുന്നതിനാൽ കെട്ടിച്ചമച്ച ഈ കള്ളക്കഥയും ജനങ്ങൾ പെട്ടെന്നു വിശ്വസിച്ചു. രാജാവ് ഇതോടെ ഒറ്റപ്പെട്ടു. രാജധർമ്മം ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് മാർത്താണ്ഡവർമ്മ തെക്കുംകൂർ ആക്രമിക്കുന്നതായി പ്രഖ്യാപനം നടത്തുന്നത്. മിക്കവാറും കളരികൾ തിരുവിതാംകൂർ പക്ഷത്തേയ്ക്ക് ഒന്നൊന്നായി കൂറുമാറി. അതിനാൽ തന്നെ രക്തച്ചൊരിച്ചിലുകൾ വേണ്ടത്ര ഉണ്ടായില്ല.

ആറന്മുളയിൽ ആരംഭിച്ച ആക്രമണം AD1750 സെപ്തംബർ 11 ന് ചങ്ങനാശ്ശേരി പിടിച്ചെടുത്തതോടെ ശക്തി പ്രാപിച്ചു.വൈകാതെ തളിക്കോട്ടയും ആക്രമിച്ച് കീഴ്പെടുത്തിയതോടെ തെക്കുംകൂർ തിരുവിതാംകൂറിനോട് ചേർക്കപ്പെട്ടു. തിരുവിതാംകൂർ പക്ഷപാതികളായ ചരിത്രകാരന്മാർ ഇളയരാജാവിനെ മാർത്താണ്ഡവർമ്മ ചതിയിൽ പെടുത്തി കൊന്ന കഥ സൗകര്യപൂർവ്വം മറച്ചു വച്ച് ജ്യേഷ്ഠൻ വധിച്ചു എന്ന വ്യാജസൃഷ്ടിയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. തെക്കുംകൂർ രാജ്യചരിത്രമെഴുതാൻ പുറപ്പെടുന്നവരിൽ പലരും വിശദമായ അന്വേഷണപഠ നങ്ങളില്ലാതെ ഈ കള്ളക്കഥയിൽ പെട്ടു പോകുന്നതും കാണാറുണ്ട്.

യുദ്ധസന്നാഹങ്ങളുടെ പിന്നണിയിൽ എത്തിച്ചേർന്ന തിരുവിതാംകൂറിലെ യുവരാജാവായ കാർത്തിക തിരുനാൾ രാമവർമ്മ (ധർമ്മരാജാ )കോഴിക്കോട് സാമൂതിരിയുടെ പക്കൽ അഭയം പ്രാപിക്കുന്നതിനുള്ള അനുമതി തെക്കുംകൂർ രാജകുടുംബത്തിന് -നൽകുകയും ചെയ്തു. AD 1760 ൽ സാമൂതിരി ആത്മാഹൂതി ചെയ്തതോടെ കോഴിക്കോട്ടെ സാഹചര്യങ്ങൾ അനിശ്ചിതാവസ്ഥയിലായപ്പോൾ ധർമ്മരാജാവ് തന്നെ രാജകുടുംബത്തെ തിരികെ വിളിച്ച് ചങ്ങനാശ്ശേരിയിലെ നീരാഴിക്കൊട്ടാരത്തിൽ വസിപ്പിക്കുകയും പിന്നീട് വെട്ടിക്കവലയിലേക്ക് മാറ്റുകയും അതേ സമയത്ത് നട്ടാശ്ശേരിയിൽ കൊട്ടാരക്കെട്ടുകൾ പണിത് അടുത്തൂൺ അനുവദിച്ച് കുടിയിരുത്തി. അവരുടെ പിൻഗാമികൾ ഇപ്പോഴും അവിടെ വസിച്ചുവരുന്നു.

തെക്കുംകൂർ കാലഘട്ടത്തിന്റെ ചരിത്രം സമഗ്രതയോടെ പഠിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നത് പ്രതീക്ഷാനിർഭരമാണ്.
ആധുനിക ചരിത്ര രചനയ്ക്ക് അടിസ്ഥാനമാക്കാവുന്ന രീതിശാസ്ത്രത്തെ പിൻപറ്റിയും പുരാരേഖകളുടെയും പുരാവസ്തു പഠനത്തിലൂടെയും ഈ പ്രദേശത്തിന്റെ മറഞ്ഞു കിടക്കുന്ന ചരിത്രത്തെ കൂടുതൽ വ്യക്തതയിലേക്ക് എത്തിക്കാൻ ലഘുവായ ഈ ചരിത്രനിരീക്ഷണം കൊണ്ട് സാധിക്കുമെന്ന് കരുതട്ടെ.