വിവ ക്യൂബ…! വിവ ഫിദല്‍…!

ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

geevarghese-mar-kurilose

ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയ്ക്ക് ക്യൂബന്‍ ജനത നിര്‍മിച്ച് നല്‍കിയ കത്തീഡ്രല്‍ ദേവാലയത്തിനുമുന്നില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സമര്‍പ്പണവേളയില്‍ ദേവാലയത്തിന്റെ താക്കോല്‍ ഫിദല്‍ കാസ്ട്രോ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമെ

സോഷ്യലിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയുടെയും സ്വപ്നങ്ങളില്‍ ഒന്നായിരിക്കും ക്യൂബ എന്ന രാജ്യം ഒരിക്കലെങ്കിലും സന്ദര്‍ശിക്കുക എന്നത്. എനിക്ക് അത് ഒരു പ്രാവശ്യമല്ല, മൂന്നുവട്ടം സാധിച്ചിരിക്കുന്നു. ഈ സൌഭാഗ്യത്തിന് ദൈവത്തിന് നന്ദി പറയുന്നു. ഒപ്പം, ഈ മൂന്ന് സന്ദര്‍ശനങ്ങള്‍ക്കും ഹേതുവായ അഖിലലോക സഭാ കൌണ്‍സിലിനോടുള്ള കടപ്പാടും നിസ്സീമമാണ്. ഈ പ്രാവശ്യം സഭാ കൌണ്‍സിലിന്റെ പത്തുപേരടങ്ങുന്ന ഒരു ചെറിയ പ്രവര്‍ത്തന ഗ്രൂപ്പിന്റെ നാലുദിവസത്തെ സമ്മേളനത്തിനാണ് ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ എത്തിയത്. ക്യൂബയില്‍ ചെലവഴിക്കുന്ന ഓരോ ദിനവും സ്ഥിതിസമത്വത്തിലും സാമൂഹിക സാമ്പത്തിക നീതിയിലും വിശ്വമാനവികതയിലും വിശ്വസിക്കുന്ന ഏതൊരാള്‍ക്കും പുതിയ ഊര്‍ജം പകരും എന്ന കാര്യത്തില്‍ സംശയമില്ല. സ്പാനിഷ് കോളനിവല്‍ക്കരണത്തിനെതിരായ ക്യൂബയുടെ ചെറുത്തുനില്‍പ്പും സ്വാതന്ത്യ്രത്തിനുശേഷം പിന്നീട് വന്ന ബാറ്റിസ്റ്റയുടെ ഏകാധിപത്യവാഴ്ചയ്ക്കെതിരെ ഫിദല്‍ കാസ്ട്രോയുടെയും ചെ ഗുവേരയുടെയും നേതൃത്വത്തില്‍ നടന്ന ഐതിഹാസിക വിമോചനപ്പോരാട്ടങ്ങളും പുരോഗമന സാമ്രാജ്യത്വവിരുദ്ധ ശക്തികള്‍ക്ക് ഇന്നും ആവേശംപകരുന്ന സ്മരണകളാണ്. അരനൂറ്റാണ്ടിലേറെയായി തുടരുന്ന അമേരിക്കന്‍ സാമ്പത്തിക ഉപരോധത്തിന്റെ നവ കൊളോണിയല്‍ നയങ്ങളെയും ധീരമായി പ്രതിരോധിച്ചുകൊണ്ട് ക്യൂബ ശിരസ്സുയര്‍ത്തി, നെഞ്ചുവിരിച്ച് 21–ാം നൂറ്റാണ്ടിലും ഒരു സോഷ്യലിസ്റ്റ് സമൂഹമായി നിലനില്‍ക്കുന്നു എന്നത് ഒരു ജനതയുടെ രാഷ്ട്രീയ ഇച്ഛാശക്തിയും പോരാട്ടവീര്യവുമാണ് പ്രകടമാക്കുന്നത്.

കരീബിയന്‍ സമുദ്രവും മെക്സിക്കന്‍ ഗള്‍ഫ് സമുദ്രവും അറ്റ്ലാന്റിക് സമുദ്രവും സംഗമിക്കുന്ന മനോഹരിയായ കരീബിയന്‍ ദ്വീപാണ് ക്യൂബ. പതിനൊന്നുകോടി ജനങ്ങള്‍ പാര്‍ക്കുന്ന ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്. പതിനഞ്ചാം നൂറ്റാണ്ടിലെ സ്പാനിഷ് അധിനിവേശത്തിന് മുമ്പുവരെ വിവിധ തദ്ദേശീയവംശങ്ങള്‍ പാര്‍ത്തിരുന്ന നാട്. രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നും നേരിട്ട എല്ലാവിധ ഏകാധിപത്യവാഴ്ചകളെയും ചെറുത്തുതോല്‍പ്പിച്ച ഉശിരുള്ള പാരമ്പര്യമാണ് ക്യൂബയെ ഇന്നും മുന്നോട്ടുനയിക്കുന്നത്. ഇതില്‍ സ്പാനിഷ് അധിനിവേശത്തില്‍നിന്നുള്ള സ്വാതന്ത്യ്രത്തിനുശേഷം അമേരിക്കയുടെ ഒത്താശയോടെ ഏകാധിപത്യത്തിലേക്കുനീങ്ങിയ ബാറ്റിസ്റ്റയുടെ ഭരണത്തിനെതിരെ ഫിദല്‍ കാസ്ട്രോ നയിച്ച വിപ്ളവമാണ് ക്യൂബയുടെ ചരിത്രത്തിലെ ഏറ്റവും പ്രോജ്വലമായ അധ്യായം. ഇത്തവണയും വിപ്ളവചത്വരം സന്ദര്‍ശിക്കാന്‍ ഞാന്‍ സമയം കണ്ടെത്തി. ക്യൂബയുടെ സ്വാതന്ത്യ്രസമരത്തിലെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന ഹോസേ മാര്‍ട്ടിയുടെ പ്രതിമ ഈ ചത്വരത്തില്‍ വച്ചിട്ടുണ്ട്. ചെ ഗുവേര, ഫിദല്‍ കാസ്ട്രോ തുടങ്ങിയ പേരുകള്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ ഹൃദയത്തില്‍ പതിഞ്ഞിരുന്നു. എന്റെ രണ്ടാമത്തെ ക്യൂബന്‍ സന്ദര്‍ശനത്തില്‍ ഫിദല്‍ കാസ്ട്രോയെ നേരില്‍ കാണാന്‍ ഒരു അവസരം കൈവന്നിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ സ്വപ്നം യാഥാര്‍ഥ്യമായില്ല. പത്തുവര്‍ഷം മുമ്പ് ഫിദല്‍ കാസ്ട്രോയുടെ 80–ാം പിറന്നാള്‍ ആഘോഷവേളയായിരുന്നു ആ അസുലഭ സന്ദര്‍ഭം. അഖിലലോക സഭാ കൌണ്‍സിലിന്റെ മറ്റൊരു സമ്മളനത്തില്‍ പങ്കെടുക്കാന്‍ ഹവാനയില്‍ എത്തിയതായിരുന്നു ഞാന്‍. ആ സമ്മേളനം നടന്നത് മറ്റാന്‍സാസ് എന്ന സ്ഥലത്തെ പ്രോട്ടസ്റ്റന്റ് സെമിനാരിയില്‍ ആയിരുന്നു. എന്റെകൂടെ പങ്കെടുത്ത സൌത്ത് ആഫ്രിക്കയില്‍നിന്നുള്ള സുഹൃത്ത്  പ്രൊഫസര്‍ മാക്കേ മസാംഗെയ്ക്കും (അദ്ദേഹം മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രസംഗിച്ചിട്ടുണ്ട്) എനിക്കും വളരെ അപ്രതീക്ഷിതമായി ഒരു ക്ഷണക്കത്ത് ലഭിച്ചു. ഫിദല്‍ കാസ്ട്രോയുടെ 80–ാം പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ലോകനേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്തായിരുന്നു അത്. അവിശ്വസനീയമായിരുന്നു ആ ക്ഷണം. ഇന്ത്യയില്‍നിന്ന് സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉള്‍പ്പെടെ ഒരുസംഘം ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഫിദല്‍ കാസ്ട്രോയെ നേരില്‍ കാണാനുള്ള ആകാംക്ഷയോടെയാണ് ചടങ്ങിന് പോയതെങ്കിലും രോഗബാധിതനായിരുന്ന കാസ്ട്രോയെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. ഒത്തിരി നിരാശ തോന്നിയെങ്കിലും സഹോദരനും ഇപ്പോഴത്തെ പ്രസിഡന്റുമായ റൌള്‍ കാസ്ട്രോ ഉള്‍പ്പെടെ ലോകത്തിലെ ഒട്ടനവധി ഇടതുപക്ഷ നേതാക്കളെ കാണാന്‍ സാധിച്ചതില്‍ സന്തോഷിച്ചു. ചടങ്ങില്‍ ഉപയോഗിച്ച എന്റെ പേര് അച്ചടിച്ച ബാഡ്ജ് നല്ല സ്മരണകള്‍ സമ്മാനിക്കുന്ന ഒരു സ്മാരകമായി ഇന്നും സൂക്ഷിക്കുന്നു. പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനമായി ലഭിച്ച ആയിരത്തിലധികം പേജ് വരുന്ന കാസ്ട്രോയെക്കുറിച്ചുള്ള ഒരു പുസ്തകവും എന്റെ പുസ്തകശേഖരത്തില്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്.

പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ക്യൂബയില്‍ വരുമ്പോള്‍ വീണ്ടും വീണ്ടും എന്നെ വിസ്മയിപ്പിക്കുന്ന സംഗതി എങ്ങനെ ഈ രാജ്യത്തിന് ഇപ്പോഴും ഒരു സോഷ്യലിസ്റ്റ് രാജ്യമായി നിലനില്‍ക്കാന്‍ കഴിയുന്നു എന്നതാണ്. ഒരു വശത്ത് അമേരിക്കന്‍ സാമാജ്യത്വത്തിന്റെ അരനൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന സാമ്പത്തിക ഉപരോധം. മറുവശത്ത് ലോകത്തെ ആകമാനം അടിമുടി സ്വാധീനിച്ചുകഴിഞ്ഞ സാമ്പത്തിക ആഗോളവല്‍ക്കരണം. ഇതിന്റെ മധ്യത്തിലും പല കമ്യൂണിസ്റ്റ് രാജ്യങ്ങളും സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഉപേക്ഷിച്ചപ്പോഴും ക്യൂബ ഇപ്പോഴും സ്ഥിതിസമത്വം ഉപേക്ഷിച്ചിട്ടില്ല എന്ന വസ്തുത അഭിമാനകരമായ നേട്ടമാണ്. സാമ്പത്തിക വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും കുറച്ചൊക്കെ സ്വകാര്യ പങ്കാളിത്തം സാമ്പത്തികമേഖലയില്‍ അനുവദിച്ചു തുടങ്ങിയെങ്കിലും അടിസ്ഥാനപരമായി ക്യൂബ ഇന്നും ഒരു സോഷ്യലിസ്റ്റ് സമൂഹമായി നിലനില്‍ക്കുന്നു. 21–ാം നൂറ്റാണ്ടിലും ക്യൂബയില്‍ സ്കൂള്‍ തലം മുതല്‍ സര്‍വകലാശാല ഉപരിപഠനം വരെയും വിദ്യാഭ്യാസം സൌജന്യമാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. പക്ഷേ, ക്യൂബയില്‍ അത് യാഥാര്‍ഥ്യമാണ്. സ്ഥിതിസമത്വം പ്രഘോഷിച്ച യേശുക്രിസ്തുവിന്റെ അനുയായികളായ ക്രൈസ്തവസഭകള്‍ വിദ്യാഭ്യാസത്തെ ഇന്ന് കച്ചവടവല്‍ക്കരിക്കുന്നതുകാണുമ്പോള്‍ ക്യൂബയില്‍നിന്ന് ക്രൈസ്തവ സഭകള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു. ക്യൂബയിലെ സാക്ഷരത 99.8 ശതമാനമാണ്. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നവരുടെ ശതമാനം 94 ശതമാനം ആണ്. ഏത് മുതലാളിത്ത രാജ്യത്തിന് ഈ നേട്ടം കൈവരിക്കാന്‍ കഴിയും? ആരോഗ്യരംഗത്ത് ക്യൂബയുടെ നേട്ടങ്ങള്‍ അസൂയാവഹമാണ്. ലോകത്തിലെതന്നെ ഒരുപക്ഷേ, ഏറ്റവും വിദഗ്ധരായ ഡോക്ടര്‍മാര്‍ ക്യൂബയില്‍ ഉണ്ട്. അവരുടെ സേവനം ഇന്ന് മറ്റു രാജ്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഒരു സമയത്ത് കേരളത്തിന് ലോകരാജ്യങ്ങളുടെ ഇടയില്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളില്‍, ഉണ്ടായിരുന്ന ഉയര്‍ന്ന സ്ഥാനമാണ് ക്യൂബ ഇന്നും നിലനിര്‍ത്തുന്നത്. കേരളത്തിന് ഇന്ന് അത് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ഈ മേഖലകളെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതിക്കൊടുത്തതുകൊണ്ടാണ് എന്നു മനസ്സിലാക്കാന്‍ വലിയ ഗവേഷണത്തിന്റെ ആവശ്യമില്ല.

കമ്യൂണിസത്തെയും സോഷ്യലിസത്തെയും ഭയക്കുന്ന മുതലാളിത്തശക്തികള്‍ എപ്പോഴും വളരെ സമര്‍ഥമായി ഉപയോഗിക്കുന്ന ഒരു ആയുധമാണ് നിരീശ്വരവാദം എന്നത്. ക്യൂബയുടെ ഭരണഘടന 1992ല്‍ ഭേദഗതിചെയ്ത് മത/വിശ്വാസ സ്വാതന്ത്യ്രം ഭരണകൂടം ഉറപ്പുവരുത്തി. ഇന്ന് ക്രൈസ്തവരുടെ എണ്ണം ഏകദേശം 65 ശതമാനം ഉണ്ട്. 2003ല്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒരു കത്തീഡ്രല്‍ ദേവാലയം ക്യൂബന്‍ ജനത നിര്‍മിച്ച് നല്‍കുകയുണ്ടായി. ഇതിന്റെ സമര്‍പ്പണവേളയില്‍ ഫിദല്‍ കാസ്ട്രോ നേരിട്ട് എത്തി ദേവാലയത്തിന്റെ താക്കോല്‍ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമയെ ഏല്‍പ്പിച്ചത് ക്യൂബയില്‍ നിലനില്‍ക്കുന്ന മതസ്വാതന്ത്യ്രത്തിന്റെ ഏറ്റവും പ്രകടമായ സാക്ഷ്യമായിരുന്നു. താക്കോല്‍ദാനത്തിന്റെ ചിത്രം പള്ളിയുടെമുമ്പില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ സന്ദര്‍ശനത്തില്‍ ഈ ദേവാലയം ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ഇത്തവണ ഈ പള്ളിയില്‍ ആരാധനയില്‍ സംബന്ധിക്കാന്‍ ഭാഗ്യമുണ്ടായത് അവിസ്മരണീയമായ അനുഭവമായിരുന്നു.

മറ്റൊരു സവിശേഷത ക്യൂബന്‍ ജനതയുടെ സമത്വഭാവമാണ്. ജനസംഖ്യയിലെ ഏകദേശം 65 ശതമാനം വെള്ളവംശക്കാരും 10 ശതമാനം കറുത്ത വംശക്കാരുമാണ്. മറ്റ് തദ്ദേശീയവംശക്കാര്‍ വേറെയും. എന്നാല്‍, ഇവിടെ പ്രകടമായ വംശ/വര്‍ണവിവേചനം ഇല്ല എന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്. ജാതിയുടെപേരില്‍ ഭാരതത്തിലും വര്‍ണത്തിന്റെയും വംശത്തിന്റെയുംപേരില്‍ മറ്റു രാജ്യങ്ങളിലും നിലനില്‍ക്കുന്ന വിവേചനത്തിന്റെ പശ്ചാത്തലത്തില്‍  ആരാണ് പരിഷ്കൃതസമൂഹം എന്ന സമസ്യക്ക് ഉത്തരമാണ് ക്യൂബ. ഓണാഘോഷത്തിന് തൊട്ടുപിന്നാലെയാണ് ഞാന്‍ ക്യൂബയില്‍ എത്തിയത്. ചവിട്ടിത്താഴ്ത്തിയ ആളിന്റെ ജയന്തിയായി ഓണം പുനര്‍വ്യാഖ്യാനിക്കപ്പെടുന്ന ഫാസിസത്തിന്റെ നാളുകളില്‍ ഓണത്തിന്റെ യഥാര്‍ഥ മൂല്യങ്ങളായ സമത്വവും സാഹോദര്യവും തുല്യനീതിയും ഉറപ്പാക്കുന്ന, അഴിമതിയും കരിഞ്ചന്തയും ഇല്ലാത്ത ഭരണം ഇപ്പോഴും ക്യൂബയിലുണ്ട് എന്നത് ഒരു ശുഭസന്ദേശമാണ്.

ഇത്രയും എഴുതിയതില്‍നിന്ന് ക്യൂബയില്‍ എല്ലാം ശുഭമാണ് എന്ന് അര്‍ഥമില്ല. അമ്പതിലേറെ വര്‍ഷമായി നിലനില്‍ക്കുന്ന അമേരിക്കയുടെ സാമ്പത്തിക ഉപരോധം ക്യൂബയുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ഒരുകാലത്ത് വമ്പിച്ച തോതില്‍ കയറ്റുമതിചെയ്തിരുന്ന പഞ്ചസാര, കാപ്പി മുതലായ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞത് വലിയ തകര്‍ച്ച

ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഉണ്ടാക്കി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ഇതിന് ആഘാതം കൂട്ടി. എങ്കിലും വെനസ്വേല, ബൊളീവിയ പോലെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ സഹകരണം ക്യൂബയെ നിശ്ചയദാര്‍ഢ്യത്തോടെ പിടിച്ചുനില്‍ക്കാന്‍ സഹായിക്കുന്നു. ക്യൂബ ഒരു വികസ്വര രാജ്യമായി കണക്കാക്കപ്പെടുന്നെങ്കിലും ഇവിടെ മൂന്നാം ലോകരാജ്യങ്ങളിലെപ്പോലെയുള്ള ദാരിദ്യ്രം കാണാനില്ല. ഭക്ഷണമില്ലാതെ, പാര്‍പ്പിടമില്ലാതെ, ശുദ്ധജലമില്ലാതെ, വസ്ത്രമില്ലാതെ ഇവിടെ ആരും മരിക്കുന്നില്ല. പൊതുനിരത്തുകളില്‍ ഭിക്ഷക്കാരെ കാണാനില്ല. വൃത്തിയുള്ള പൊതുനിരത്തുകളും വഴികളും. ഒരു കമ്പോളവല്‍ക്കൃത, ഉപഭോഗസമൂഹമല്ലാത്തതിനാല്‍ മാലിന്യക്കൂമ്പാരങ്ങളും കാണാനില്ല. വേതനം വളരെ കുറവെങ്കിലും ഇപ്പോഴും ശക്തമായി തുടരുന്ന പൊതുവിതരണ റേഷന്‍ സമ്പ്രദായം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നു. എന്നാല്‍, വികസിതരാജ്യങ്ങളിലെ അതിസമ്പന്നത ഇവിടെ കാണാനേയില്ല. അത് വികസനത്തിന്റെ തോതായും ക്യൂബ കാണുന്നില്ല. വെല്ലുവിളികള്‍ ഏറെയാണ് ക്യൂബയുടെ മുമ്പില്‍. കൂടുതല്‍ സുഖങ്ങളും സമ്പത്തും സമ്പന്നതയും ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. അങ്ങനെയുള്ളവര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നു. മുന്നോട്ടുള്ള നാളുകളില്‍ ജോലിചെയ്യുന്നവരുടെ വേതനം വര്‍ധിപ്പിക്കേണ്ടിവരും. പുതിയ വരുമാനസ്രോതസ്സുകള്‍ കണ്ടെത്തേണ്ടിവരും. ടൂറിസംസാധ്യതകള്‍ തുറന്നിരിക്കുന്നത് ആ വഴികളില്‍ ഒന്നാണ്. ഇതിന് രണ്ടുവശങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ കരുതലോടെയാണ് ഗവണ്‍മെന്റ് ഈ വിപണി തുറക്കുന്നത്. എങ്കിലും ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോള്‍ ക്യൂബയില്‍ ഇനിയും വരാനുള്ള ആഗ്രഹമാണ് മനസ്സില്‍. വേദപുസ്തകവും യേശുക്രിസ്തുവും ആദിമസഭയും എന്നെ പഠിപ്പിച്ച സ്ഥിതിസമത്വത്തിന്റെ ആശയങ്ങള്‍ ഒരുപക്ഷേ, ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു രാജ്യമാണ് ക്യൂബ. ഇന്ന് ക്രിസ്തുവിന്റെ അനുയായികളുടെ കൂട്ടമായ ക്രൈസ്തവസഭകള്‍ ഈ ദര്‍ശനത്തെ തള്ളിക്കളയുമ്പോഴും ക്രിസ്തുദര്‍ശനവുമായി ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്ത മുതലാളിത്തവ്യവസ്ഥിതിയെ നാണമെന്യേ ആശ്ളേഷിക്കുമ്പോഴും അറിയാതെതന്നെ ഞാന്‍ മനസ്സില്‍ മന്ത്രിക്കുന്നു: വിവ ക്യൂബ.. ! വിവ ഫിദല്‍..!
Source