ജോണ്‍സണ്‍ ഡിക്രൂസ്: വ്യവഹാര ജീവിതത്തിന് ഹൈക്കോടതി മുറ്റത്ത് അന്ത്യം

johnson_dicruz johnson_dicruz_1

 

പുലിവാൽ ജോൺസണ് ആദരാഞ്ജലികൾ

ഇന്ന് കേരള ഹൈക്കോടതി കെട്ടിടത്തിൽ നിന്നും വീണ് മരിച്ച ശ്രീ.കെ .എൽ .ജോൺസൺ എന്റെ കക്ഷിയും സുഹൃത്തും ആയിരുന്നു.
വിവാഹം കഴിക്കാതെ സ്വന്തം ജീവിതത്തിന്റെ ഏറിയ സമയം അദ്ദേഹം ചെലവഴിച്ചത് പൊതു കാര്യങ്ങൾക്കാണ്.
എന്നെ പരിചയപ്പെടുന്നത് തന്നെ പൊതുകാര്യങ്ങൾക്കായി അധികാര സ്ഥാപനങ്ങളിൽ സമർപ്പിക്കാനുള്ള ഹർജി എഴുതിക്കിട്ടാനായിരുന്നു.
ഉപജീവനത്തിനായി വാഹന ബ്രോക്കറായും കച്ചവടക്കാരനായും പ്രവർത്തിച്ചു. അതിൽ കിട്ടുന്ന ലാഭം ഹർജികൾ തയ്യാറാക്കുന്നതിനും തപാൽ ചെലവിനും യാത്രകൾക്കും ചെലവാക്കി.
ഇൻഡ്യൻ രാഷ്ട്രപതി മുതൽ നിരവധി വി.ഐ.പി കൾ ശ്രീ ജോൺസന് അയച്ച മറുപടികൾ മൂന്ന് വലിയ ഫയലുകളിൽ അദ്ദേഹം സൂക്ഷിച്ചിരുന്നു. അതിൽ നരസിംഹ റാവു, രാജീവ് ഗാന്ധി, വാജ്പേയ്, കെ.ആർ.നാരായണൻ, ഇ.എം.എസ്, എ.കെ.ആന്റണി, നായനാർ തുടങ്ങി ഒട്ടേറെ പേരുടെ കത്തുകൾ ഞാൻ കണ്ടിട്ടുണ്ട്.
കൊല്ലം ജില്ലാ ആശുപത്രിയിലെ വാച്ചർ മർദ്ദിച്ച് കൊന്ന രോഗിയുടെ വീട്ടുകാർക്കു വേണ്ടി അവർ പോലും അറിയാതെ മനുഷ്യാവകാശ കമ്മിഷനിൽ കേസ് നടത്തി പരിഹാരം വാങ്ങിക്കൊടുത്ത ചരിത്രമുണ്ട്.
ഏതോ ഒരു പൊതു പ്രശ്നമുന്നയിച്ച് അത് നിശ്ചിത ദിവസത്തിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ കൊല്ലം കളക്ടർക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് വർഷങ്ങൾക്ക് മുമ്പ് സമരാഹ്വാനം നടത്തിയത് എനിക്ക് ഓർമ്മയുണ്ട്.
ഇദ്ദേഹത്തെ കുറിച്ച് പ്രമുഖ മാധ്യമങ്ങൾ ഒന്നാം പേജിലും സപ്ലിമെന്റ് പേജുകളിലും പ്രകീർത്തിച്ച് എഴുതിയിട്ടുണ്ട്. അവരുടെ ആർക്കൈവ്സിൽ അതൊക്കെയുണ്ടാകും.
വെള്ള പാന്റ്സും ഷർട്ടും മാത്രം ഉപയോഗിച്ച് ശീലമുണ്ടായിരുന്ന ജോൺസൺ കൊല്ലത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് പുലിവാൽ ജോൺസൺ ആയിരുന്നു. അദ്ദേഹം നൽകുന്ന ഹർജിയിൽ നടപടിയുണ്ടായില്ലെങ്കിൽ അക്ഷരാർത്ഥത്തിൽ ആ ഉദ്യോഗസ്ഥൻ പുലിവാൽ പിടിച്ച പോലെ ആകുമായിരുന്നു.
പേരയം പഞ്ചായത്തിനും ചിറ്റുമല ബ്ലോക് പഞ്ചായത്തിനുമെതിരെ നീതിക്കായി അഡ്വ അലക്സാണ്ടർ പണിക്കർ മുഖേന നടത്തിയ കേസ് അനുകൂലമായി വിധിച്ചിരുന്നു. അതിനെതിരെ ബ്ലോക് പഞ്ചായത്ത് ഹൈക്കോടതിയിൽ പോയപ്പോൾ ജോൺസൺ നേരിട്ട് ഹാജരായിരുന്നതുമാണ്. അനുകൂലമായി നേടിയ വിധി ഇപ്പോൾ വിധി നടത്ത് ഘട്ടത്തിലുമായിരുന്നു.
വസ്ത്രത്തിൽ മാത്രമല്ല മനസ്സിലും വെളുപ്പ് സൂക്ഷിച്ചത് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചയാളാണ്.
അപൂർവ്വജന്മം. ഇത്തരം ആളുകളുടെ മരണമാണ് യഥാർത്ഥത്തിൽ സമൂഹത്തിന് നഷ്ടമുണ്ടാക്കുന്നത്.
പക്ഷെ ഇത്തരക്കാരെ ആരും അറിയാറില്ല. അറിയിക്കാൻ ബാധ്യസ്ഥരായവർ തന്നെ തമസ്കരിക്കും.
പ്രണാമം! പുലിവാൽ ജോൺസൺ.

By Adv. Boris Akhil Paul

johnson_dicruz

ഇതിങ്ങനെ ഒന്നംകോളത്തിൽ അച്ചടിച്ചുവെക്കാൻ തീരുമാനിക്കുന്ന ഒരു തലച്ചോറുണ്ടല്ലോ !
#MediaSadism