കോവൽ / Kovai fruit

koval
കുക്കുര്‍ബിറ്റേസി (Cucur bitaceae) സസ്യകുടുംബത്തില്‍ പെട്ട കോവയ്ക്കയെ കൊവൈ ഫ്രൂട്ട് (Kovai fruit) എന്ന് ഇംഗ്ലീഷിലും മധുശമനി, ഇന്ദിശം എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്നു.
ഭക്ഷ്യയോഗ്യമായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌ കോവൽ (വടക്കൻ കേരളത്തിൽ കോവ). നല്ല പോഷകാംശമുള്ളതും ശരീരത്തിനു കുളിര്‍മ്മയേകുന്നതും ആരോഗ്യദായകവുമാണ് കോവയ്ക്ക. സംസ്കൃതത്തിൽ തുണ്ഡികേരി, രക്തഫല, ബിംബിക, പീലുപർണ്ണി എന്നീ പേരുകൾ ഉണ്ടു്. ഈ സസ്യത്തിലുണ്ടാവുന്ന കോവക്ക പ്രോട്ടീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്‌.

കാര്യമായ വളപ്രയോഗമോ കീടനാശിനിയോ കൊവയ്ക്കക്ക് ആവശ്യമില്ല. മറ്റു പച്ചക്കറികളെക്കാള്‍ രോഗപ്രതിരോധ ശേഷി കൂടുതല്‍ ഉള്ളതു കൊണ്ട്‌ കാര്യമായ വിഷപ്രയോഗം ആവശ്യവുമില്ല. കോവയ്‌ക്കയുടെ തണ്ടാണ്‌ നടുന്നത്‌. പടര്‍ത്തി കൊടുത്താല്‍ ആവശ്യത്തിനു സൂര്യപ്രകാശവും വെള്ളവും ലഭിച്ചാല്‍ ധാരാളമായി ഉണ്ടാകുന്ന ഒരു പച്ചക്കറിയാണ്‌ കോവല്‍.

ഔഷധ ഗുണങ്ങള്‍
~*~*~*~*~*~*~*
കോവയ്ക്ക ഏറ്റവുമധികം ഫലംചെയ്തുകാണുന്നത് പ്രമേഹരോഗത്തിലാണ്. പ്രകൃതി അനുഗ്രഹിച്ച് നല്കിയ ഒരു ഇന്‍സുലിന്‍ ആണിത്. 100 ഗ്രാം കോവയ്ക്ക എന്നും (ഒരു കൊല്ലം) ഉപയോഗിക്കുകയാണെങ്കില്‍ പ്രമേഹരോഗിക്ക് രോഗത്തിന്റെ ശക്തിയനുസരിച്ച് പ്രമേഹഹര ഔഷധങ്ങളില്‍ നിന്നും മുക്തി നേടാം.

അഗ്ന്യാശയത്തിലെ പ്രവര്‍ത്തനക്ഷമമായ കോശങ്ങളെ കൂടുതല്‍ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുവാനും നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കുവാനും ഇതിന്റെ നിത്യോപയോഗം കൊണ്ട് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്.
കോവയ്ക്ക ഉണക്കിപ്പൊടിച്ചത് 10 ഗ്രാം വീതം 2 നേരം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാലും ഇതേ ഫലം കിട്ടും. ഇതുപയോഗിക്കുന്നവര്‍ക്ക് പ്രമേഹക്കുരു ഉണ്ടാകില്ല.

കോവയ്ക്കയുടെ വള്ളിയും യൂക്കാലിപ്റ്റസിന്റെ ഇലയും കൂട്ടി കൈവെള്ളയിലിട്ട് ഞെരടി മണപ്പിച്ചാല്‍ തലവേദനയും ചെന്നിക്കുത്തും ഉടനെ കുറയും.

കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശക്തി ലഭിക്കുന്നതിനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശേഷി വര്‍ധിപ്പിക്കുവാനും ശരീരമാലിന്യങ്ങളെ നീക്കി പുനര്‍നവമാക്കാനും സഹായിക്കും.

പിത്തഗ്രന്ഥിയിലോ വൃക്കകളിലോ ഉണ്ടാകുന്ന കല്ല് പൊടിച്ച് കളയുന്നതിന് കോവയ്ക്ക ഉണക്കി പൊടിച്ച് കറന്നയുടനെയുള്ള പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ ഗുണം ചെയ്യും.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും നീര്‍ക്കെട്ട്‌, രക്‌തക്കുറവ്‌, കഫകെട്ട്‌ ഇവയ്‌ക്കും കോവയ്‌ക്ക ഫലപ്രദമാണ്‌.

കയ്‌പ്പു രസമുള്ള കോവയ്‌ക്ക രോഗപ്രതിരോധത്തിനും ത്വക്ക്‌ രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ ഇല്ലാതാക്കാനും സഹായിക്കുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.കയ്‌പ്പു രസമുള്ള കോവയ്‌ക്ക “കോക്ലീന ഗ്രാന്‍ഡിസ്‌” എന്നതാണ്‌ ഇതിന്റെ ശാസ്‌ത്രീയ നാമം.
(Courtesy:Kerala innovation foundation.gov.in)

കോവയ്‌ക്ക വിഭവങ്ങള്‍ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും നീര്‍ക്കെട്ട്‌, രക്‌തക്കുറവ്‌, കഫകെട്ട്‌ എന്നിവയ്ക്കും ഫലപ്രദമാണ്‌.
ഔഷധ ഗുണങ്ങള്‍

കോവയ്‌ക്കയുടെ കായ, ഇല, തണ്ട്‌, വേര്‌ ഇവയെല്ലാം പ്രചീനകാലം മുതല്‍ ഗൃഹവൈദ്യത്തില്‍ ഉപയോഗിച്ച്‌ വരുന്നു. കോവയ്‌ക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പ്രമേഹം നിയന്ത്രണ വിധേയമാക്കാം. ഇന്‍സുലിന്‍ ഒഴിവാക്കുവാന്‍ കോവയ്‌ക്ക ശീലമാക്കാം.

കോവയ്‌ക്ക നീരു കവിള്‍ കൊള്ളുന്നത്‌ വായ്‌പ്പുണ്ണ്‌ പ്രതിരോധിക്കും.
രോഗപ്രതിരോധശക്‌തി വര്‍ധിപ്പിക്കുന്നതിനും ശരീര മനസുകളുടെ ഊര്‍ജസ്വലത നിലനിര്‍ത്തുന്നതിനും കോവയ്‌ക്കയേക്കാള്‍ ഫലപ്രദമായ മറ്റൊരു ഔഷധമില്ല.

കോവയ്‌ക്കയ്‌ക്ക്‌ മാത്രമല്ല ഔഷധഗുണം. ഇലയ്‌ക്കും ഔഷധഗുണമുണ്ട്‌. കോവ്‌ക്കയുടെ ഇല വേവിച്ച്‌ ഉണക്കി പൊടിയാക്കുക.ഈ പൊടി ദിവസവും മൂന്നു നേരം ചൂടുവെള്ളത്തില്‍ കലക്കി കഴിക്കുകയാണെങ്കില്‍ സോറിയാസിസിനും ശമനം ലഭിക്കും.

കോവലില അരച്ച്‌ നെറുകയിലിടുന്നത്‌ സുഖനിദ്ര പ്രദാനം ചെയ്യും. പഴയ കാലത്ത്‌ തൊടിയില്‍ സുലഭമായി ലഭിച്ചിരുന്ന പച്ചക്കറിയായിരുന്നു കോവല്‍. എന്നാല്‍ ഇന്ന്‌ വില കൂടിയ പച്ചക്കറി വിഭവമായി ഇത്‌ മാറിയിരിക്കുന്നു.

കോവയ്‌ക്ക ചേരുവയായ ഔഷധങ്ങള്‍
~~~~~~~~~~~~~~~~~~~~~~~~~~~~~~
*വിദാര്യാദി കഷായം
*വിദാര്യാദി ഘൃതം
*വിദാര്യാദി ലേഹ്യം
*ദേഹ പോഷണയമകം
*ബ്രഹ്‌മ രസായനം
*വസ്‌ത്യാമായാന്തകം ഘൃതം
*വസ്‌ത്യാമായാന്തകം കഷായം

കോവയ്‌ക്ക വേവിക്കാതെ പച്ചയ്‌ക്കും കഴിക്കാം. ശരീരത്തിനു കുളിര്‍മ്മ നല്‌കുന്നതും ആരോഗ്യദായകവുമാണ്‌. തീര്‍ച്ചയായും കോവയ്‌ക്ക ഇഷ്ടമില്ലാത്തവരും ഇന്നു മുതല്‍ കോവയ്‌ക്ക ശീലമാക്കിയാല്‍ പ്രമേഹം മാത്രമല്ല ത്വക്‌ രോഗങ്ങളും ഒഴിവാക്കാം.

കോവയ്ക്കയെപറ്റിയുള്ള ഒരു ഐതിഹ്യം:
~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ബ്രാഹ്മണര്‍ക്ക്‌ കോവയ്‌ക്ക മാംസാഹാരമാണ്‌. അതിനു പിന്നില്‍ ഒരു ഐതിഹ്യം ഉണ്ട്‌. ബ്രാഹ്മണനായ വരരുചിക്ക്‌ പറയി സ്‌ത്രീയില്‍ ജനിച്ച മക്കളെ പലരാണ്‌ വളര്‍ത്തിയത്‌. പിന്നീട്‌ വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛനു ശ്രാദ്ധം ഊട്ടുവാന്‍ എത്തിച്ചേര്‍ന്ന മക്കള്‍ മേഴത്തോള്‍ അഗ്നിഹോത്രിയുടെ ഭവനത്തില്‍ ഒത്തുച്ചേര്‍ന്നു. ശ്രാദ്ധത്തിനു പാക്കനാര്‍ കൊണ്ടുവന്നത്‌ ചത്തപശുവിന്റെ അകിട്‌ ആയിരുന്നുവത്രേ. മാംസം കണ്ട്‌ കോപിഷ്‌ഠനായ അഗ്നിഹോത്രി പശുവിന്റെ മാംസം പുറത്തേയ്‌ക്ക്‌ വലിച്ചെറിഞ്ഞു. പെട്ടെന്ന്‌ ഈ അകിട്‌ ഒരു ചെടിയായി മാറിയെന്നും പശുവിന്റെ അകിടിനോട്‌ സാമ്യമുള്ള കോവയ്‌ക്ക്‌ ഉണ്ടായെന്നും ആ കാ പറിച്ച്‌ പാക്കനാര്‍ അച്ഛനു ശ്രാദ്ധം ഊട്ടിയെന്നും കഥ. ബ്രാഹ്മണര്‍ ഇന്നും കോവയ്‌ക്ക സസ്യാഹാരമായി കരതുന്നില്ലന്ന്‌ പറയപ്പെടുന്നു.

നമ്മുടെ ആഹാരത്തില്‍
*~*~*~*~*~*~*~~*~*
തൊടിയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കോവല്‍ നാട്ടിന്‍പുറത്തെ സാധാരണ കാഴ്‌ചയായിരുന്നു.‌കോവയ്‌ക്കാ വിഭവങ്ങള്‍ ഏവര്‍ക്കും ഏറെ പ്രിയപ്പെട്ടതും. ഇത് പോലെ രുചിയും ഗുണവും ഒരുപോലടങ്ങിയ മറ്റൊരു പച്ചക്കറിയില്ല. കോവയ്‌ക്ക കയ്‌പ്പുള്ളതും ഇല്ലാത്തതുമുണ്ട്‌. കയ്‌പ്പുളള കോവയ്‌ക്കയെ “കാട്ടുകോവയ്‌ക്ക” എന്നു വിളിക്കുന്നു. കയ്‌പ്പില്ലാത്ത കോവയ്‌ക്കയാണ്‌ സാധാരണ ആഹാരമായി ഉപയോഗിക്കുന്നത്‌.

കാഴ്‌ചയില്‍ ചെറുതെങ്കിലും വിഭവങ്ങളുടെ ഒരു നീണ്ടനിര കോവയ്‌ക്കകൊണ്ട്‌ തയാറാക്കാം. കോവയ്‌ക്ക തോരന്‍, കോവയ്‌ക്ക മെഴുക്കുപുരട്ടി, ചെമ്മീന്‍ കോവയ്‌ക്ക റോസ്‌റ്റ്, കോവയ്‌ക്ക കൊണ്ടാട്ടം, കോവയ്‌ക്ക പൊരിയല്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രം. കോവയ്ക്ക കൊണ്ടുള്ള രുചികരമായ ഒരു വിഭവം ഞാന്‍ ഇവിടെ അവതരിപ്പിക്കുന്നു.

കോവക്ക അച്ചാർ
~*~*~*~*~*~~*

വേണ്ടത്:

കോവക്ക – കാൽ കിലോ
പുഴുക്കലരി – 100 ഗ്രാം
ഉലുവ – ഒരു ചെറിയ സ്പൂൺ
കുരുമുളക്‌ – നാല്‌
ചെറുനാരങ്ങ – നാല്‌
ഉപ്പ്‌ – പാകത്തിന്‌

തയ്യാറാക്കുന്ന വിധം:

ചെറുനാരങ്ങ പിഴിഞ്ഞു നീരെടുക്കുക. കോവക്ക കഴുകി വൃത്തിയായി കനം കുറച്ച്‌ വട്ടത്തിലരിയുക. കോവക്കയും ചെറുനാരങ്ങനീരും പാകത്തിനു ഉപ്പും ചേർത്തു വയ്ക്കുക. അരി, ഉലുവ, കുരുമുളക്‌ എന്നിവ ചട്ടിയിലിട്ട്‌ വെവ്വേറെ തരിയില്ലാതെ പൊടിച്ചെടുക്കണം. പച്ചമുളകു ചതച്ചെടുക്കുക. അരിഞ്ഞു വച്ച കോവക്കയിൽ അരിപ്പൊടി, ഉലുവപ്പൊടി, കുരുമുളകുപ്പൊടി, പച്ചമുളകു എന്നിവ ചേർത്തു ഇളക്കി പാകത്തിനു ചൂടു വെള്ളം ചേർത്തു ഉപയോഗിക്കാം.

അറേബ്യൻ കോവക്ക അച്ചാർ
~*~*~*~*~*~*~*~*~*~*~*
അറേബ്യയിൽ വളരെ പ്രചാരത്തിലുള്ളയാണ് അച്ചാറുകൾ. അല്പം വിനാഗിരിയും ഉപ്പു ചേർത്ത ലായിനിയിൽ കോവക്ക വട്ടത്തിൽ അരിഞ്ഞ് എടുത്ത് വെക്കുക. രണ്ടാഴ്ച്ചക്കു ശേഷം ഉപയോഗിച്ച് തുടങ്ങാം. ഇത് 6 മാസത്തിൽ കൂടുതൽ കേടുകൂടാതെ ഇരിക്കും.
“കുബ്ബൂസ്” എന്നിവയുടെ കൂടെ ചേർത്ത് ഉപയോഗിക്കാം.