ദെവവിചാരണ (1845)

1845-deva_vicharana

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ദെവവിചാരണ
  • താളുകളുടെ എണ്ണം: ഏകദേശം 113 (യഥാർത്ഥ ഉള്ളടക്കം ഏകദേശം 55 താളുകൾ)
  • പ്രസിദ്ധീകരണ വർഷം:1845
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Source

വിനീതവും അനാഥവുമായ മരണയാത്ര / എം. എന്‍. കാരശ്ശേരി

Kuttikrishna_Marar

കുറേ മുമ്പാണ്.1973-ല്‍. ഏപ്രില്‍ മാസം.
ഞാന്‍ മലയാളം എം.എ.യ്ക്കു തേഞ്ഞിപ്പലത്ത് പഠിക്കുകയാണ്.

അന്ന് പുലര്‍ച്ചയ്ക്ക് ഞങ്ങളുടെ സഹപാഠി കൊടുങ്ങല്ലൂര്‍ക്കാരന്‍ അബ്ദുല്ല മാഷ് മെന്‍സ് ഹോസ്റ്റലിന്റെ വരാന്തയില്‍ പെട്ടിയും പ്രമാണവുമായി പുറപ്പെടാന്‍ നില്ക്കുന്നതു കണ്ട് ഞാന്‍ ചോദിച്ചു:
”എന്താ മാഷേ, വിശേഷിച്ച്?”
”ഒന്നൂല്ലെടാ അപ്പാ. ഒരു ബന്ധൂന് ദീനം കലശലാ. നാട്ടീപ്പോണം.”
”ബസ്സ് സ്റ്റോപ്പുവരെ ഞാനും വരാം.”
”വേണ്ടെടാ. ബസ്സ് വന്നാ ഞാനങ്ങു പോവും. നീ ചൂടുള്ള ഒരു ചായേം കുടിച്ച് ഇവിടിരുന്നോ.”
”ചായ ബസ്റ്റോപ്പില്‍ നിന്ന് കുടിക്കാം. അല്ലെങ്കിലും ഞാന്‍ നടക്കുന്ന നേരമല്ലേ?”

ഞങ്ങള്‍ സ്റ്റോപ്പിലെത്തിയതും പത്രം വന്നു. മാഷ് ഉടനെ ഒരു മാതൃഭൂമി വാങ്ങി. ഒന്നാം പേജിലേയ്ക്ക് നോക്കിയ മൂപ്പരുടെ മുഖം ഇരുണ്ടു. ”എടോ” എന്നു വിളിച്ച് പത്രം എന്റെ കയ്യിലേക്കു തന്നു.
ആ വാര്‍ത്ത കണ്ടതും ഭൂമി ഒന്നിളകിയപോലെ എനിക്കു തോന്നി: ‘കുട്ടികൃഷ്ണമാരാര്‍ അന്തരിച്ചു.’
ഞാന്‍ താഴോട്ടു വായിച്ചില്ല. ഇനി എന്താ വായിക്കാനുള്ളത്? എന്താ കൂടുതലായി അറിയാനുള്ളത്? എല്ലാം കഴിഞ്ഞില്ലേ?
ഇടിവെട്ടേറ്റവനെപ്പോലെ ഞാന്‍ നിന്നു- ഇനി എന്താ ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല.

അബ്ദുല്ല മാഷ്‌ക്ക് എന്റെ മാരാര്‍ഭ്രാന്ത് അസ്സലായി അറിയാം. രാപകല്‍ അതു കേള്‍ക്കുന്നതല്ലേ?
മാഷ് എന്നെ തൊട്ടുവിളിച്ചു: ”എടാ, നീ വേഗം പൊയ്‌ക്കോ. എന്റെ ബസ്സ് വരാന്‍ കാക്കണ്ട. പൊയ്‌ക്കോ.”
”ങ്ഏ”
എന്നെ ഉണര്‍ത്താന്‍ വേണ്ടിയാവണം,
മാഷ് ചോദിച്ചു: ”മാരാരുടെ വീടെവിടെയാ?”
”മീഞ്ചന്തയിലെവിടെയോ ആണ്. കൃത്യമായിട്ടറിയില്ല.”
”എന്നാ വേഗം പൊയ്‌ക്കോ.”
എന്തു വേണമെന്ന് തീര്‍ച്ചയും മൂര്‍ച്ചയുമില്ലാതെ ഞാന്‍ നിന്നു.
”കാരശ്ശേരീ , നീ അടുത്ത കോഴിക്കോട് ബസ്സിന് കേറിക്കോ.”
”ശരി, മാഷേ.”
”നിനക്ക് ഉടുപ്പ് മാറണ്ടേ?”
”വേണ്ട.”
”നിന്റെ കൈയില്‍ പൈസയുണ്ടോ?”
കാപ്പയില്‍ തപ്പി നോക്കി- രണ്ടുറുപ്പികയുണ്ട്.
”പൈസ വെച്ചോ” എന്നു പറഞ്ഞ് മാഷ് ഇരുപത് ഉറുപ്പിക തന്നു- പത്തുറുപ്പികയുടെ രണ്ട് നോട്ട്: ”കാരശ്ശേരി മാരാരെക്കാണാന്‍ പോവുകയാണ് എന്ന് പറഞ്ഞാ കണ്ടക്ടര്‍ ടിക്കറ്റ് വേണ്ടാന്ന് പറയില്ല, കേട്ടോ” എന്നൊരു ചിരിയും പാസ്സാക്കി- എന്നെ ഒന്നാശ്വസിപ്പിക്കാനാവാം.

മാഷോട് യാത്രപോലും പറയാതെ ഞാന്‍ ഉടനെ വന്ന കോഴിക്കോട് ബസ്സില്‍ ഓടിക്കയറി, മീഞ്ചന്തയ്ക്ക് ടിക്കറ്റെടുത്ത്, മിക്കവാറും കാലിയായ ബസ്സില്‍ ഒരു സൈഡ് സീറ്റിലിരുന്നു. നേരം വെളുത്തു തുടങ്ങുന്നേയുള്ളൂ.

എങ്ങോട്ടാണ് പോവുന്നത്? എന്തിന്? ഈ കുട്ടികൃഷ്ണമാരാര് എന്റെ ആരാണ്? ഉണ്ടായതില്‍ പിന്നെ കണ്ടിട്ടില്ലാത്ത ആള്‍. അദ്ദേഹം മരിച്ചു കിടക്കുന്ന വീട്ടിലേക്ക് എന്തിനു പോകുന്നു? ആ വീട്ടിലാരും എന്നെ അറിയില്ല; അവരെ ആരെയും ഞാനും അറിയില്ല.
പത്താംതരത്തിലെത്തുന്നതുവരെ ഞാന്‍ അങ്ങനെയൊരു പേരേ കേട്ടിരുന്നില്ല. മാഷമ്മാരാരെങ്കിലും പറഞ്ഞിരുന്നിരിക്കാം, എന്റെ തലയില്‍ കയറിയിട്ടില്ല. പത്താംതരത്തിലെ മലയാളം പാഠപുസ്തകം കിട്ടിയപ്പോള്‍ ആവേശപൂര്‍വം ഞാനതു മറിച്ചുനോക്കി. വീട്ടില്‍ പുസ്തകങ്ങളായി ഉണ്ടായിരുന്നത് ഖുര്‍ആന്‍, 33 വക മൗലിദ് കിത്താബ്, മുഹിയിദ്ദീന്‍ മാല തുടങ്ങി അറബിയിലും അറബി-മലയാളത്തിലുമായി ചിലത് മാത്രം. നാട്ടിലെ ‘സര്‍വോദയ വായനശാല’യിലെ കുറച്ചു പുസ്തകങ്ങള്‍ ഞാന്‍ ഒമ്പതിലെത്തുമ്പോഴേയ്ക്ക് വായിച്ചുതീര്‍ത്തിരുന്നു. തൊട്ടടുത്ത ഗ്രാമമായ കക്കാടിലെ ‘കെ.പി. സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബി’ലെ പുസ്തകങ്ങളായിരുന്നു ഹൈസ്‌കൂള്‍ കാലത്ത് ഒരേയൊരാശ്രയം. അവിടെ പുസ്തകമെടുത്തുതരാനൊന്നും ആളില്ല. ചെന്നിരുന്ന് വായിക്കണം. ഞാന്‍ അങ്ങനെ ചെയ്തിരുന്നുതാനും. ക്ലാസ്സില്‍ എടുക്കുംമുമ്പെ പാഠപുസ്തകങ്ങളിലെ ഗദ്യപദ്യങ്ങള്‍ വായിക്കുന്നത് പതിവായത് ഈ പുസ്തകദാരിദ്ര്യംകൊണ്ടാണ്. പത്താം തരത്തിലെ ‘രണ്ട് അഭിവാദനങ്ങള്‍’ എന്ന പാഠം തിലകന്‍ മാസ്റ്റര്‍ എടുക്കുംമുമ്പെ വായിക്കാനിടയായത് അങ്ങനെയാണ്.

‘സൂര്യനുദിച്ചു’ എന്ന ലളിതമെങ്കിലും നാടകീയമായ തുടക്കം എന്നെ വശീകരിച്ചു. പാണ്ഡവരില്‍ മൂത്തവനായ യുധിഷ്ഠിരന്‍ കുരുക്ഷേത്രയുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പ്, അങ്കക്കലികൊണ്ടു നില്ക്കുന്ന ഇരുഭാഗത്തെയും സൈനികര്‍ സാക്ഷി നില്‌ക്കെ, ശത്രുപക്ഷത്തിന്റെ മുഖ്യനായ ഭീഷ്മരെ ചെന്ന് നമസ്‌കരിക്കുന്നു. കൗരവപക്ഷത്തെ പോരാളികളില്‍ എണ്ണം പറഞ്ഞവനായ കര്‍ണന്‍ യുദ്ധത്തില്‍ പരിക്കേറ്റ് വീണ് മരണം കാത്ത് ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരെ മറ്റാരുമില്ലാത്ത സന്ദര്‍ഭം നോക്കി ചെന്ന് കണ്ട് നമസ്‌കരിക്കുന്നു. ഈ രംഗങ്ങളുടെ നാടകീയത മുറ്റിനില്ക്കുന്ന വിവരണം. പിന്നെ അതിന്റെ വിശകലനം. രൂപപ്പൊലിമ ആദ്യത്തെ രംഗത്തിനാണെങ്കില്‍ ഭാവപ്പൊലിമ രണ്ടാമത്തെതിനാണെന്ന സമര്‍ത്ഥനം. യുക്തിയുടെ തിളക്കം. ഗദ്യത്തിന്റെ മൂര്‍ച്ച. അതിനുമുമ്പ് ഞാന്‍ ആ ജാതിയൊന്നും വായിച്ചിട്ടില്ല. നല്ലൊരു ചെറുകഥ വായിക്കുമ്പോലെ വിവരണഭാഗങ്ങള്‍ വായിച്ചുപോകാം. കാര്യം പുറമെ കാണുന്നതല്ല എന്നും അകത്തേയ്ക്ക് നോക്കിയാല്‍ കാണുന്നതാണ് എന്നും ഒരു തോന്നലുണ്ടായി. നല്ല രസം. ആവര്‍ത്തിച്ചുവായിച്ചിട്ടും ഒട്ടും മുഷിഞ്ഞില്ല. അപ്പോഴാണ് പാഠത്തിനു ചുവടെ വലതുഭാഗത്ത് കുട്ടികൃഷ്ണമാരാര് എന്നും ഇടതു ഭാഗത്ത് ‘ഭാരതപര്യടനം’ എന്നും കൊടുത്തത് ശ്രദ്ധിച്ചത്.

ആ ലേഖനം എന്നെ ഇളക്കി മറിച്ചു. അതിന്റെ ഭംഗിയും മൂര്‍ച്ചയും മാത്രമല്ല, വീക്ഷണവും. അത്രയധികം ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ എന്നെ മുമ്പ് പിടിച്ചുകുലുക്കിയിട്ടില്ല. അന്ന് അതൊക്കെ പറയാന്‍ വീട്ടിലോ നാട്ടിലോ ആരിരിക്കുന്നു? സ്‌കൂളിലാര്‍ക്കും അമ്മാതിരി വിഷയങ്ങളൊന്നുമില്ല. അതെഴുതിയ ആള്‍ ആരാണെന്നോ എവിടെയാണെന്നോ അറിയില്ല. ജീവിച്ചിരിപ്പുണ്ടോ എന്നുപോലും നിശ്ചയമില്ല. ഞാന്‍ ചെന്നുചോദിച്ചെങ്കിലും സ്‌കൂള്‍ ലൈബ്രറിയില്‍ ‘ഭാരതപര്യടനം’ ഉണ്ടായിരുന്നില്ല.

പത്താംതരം പാസ്സായി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ചേര്‍ന്നിട്ട് ഞാനാദ്യം കണ്ടെത്തിപ്പിടിച്ചത് ‘ഭാരതപര്യടനം’ ആണ്. അതിലെ ‘അര്‍ജുനവിഷാദയോഗം’ എന്ന അധ്യായം വായിച്ച് സ്ത്രീ ജന്മത്തിന്റെ നിരാലംബതയോര്‍ത്ത് ഞാന്‍ ആരും കാണാതെ തേങ്ങിക്കരഞ്ഞു. കോളേജ് ലൈബ്രറിയില്‍ കിട്ടിയ മാരാര്‍കൃതികളൊക്കെ വായിച്ചുതീര്‍ത്തു. സഹപാഠികളില്‍ പലരും -വിജയരാഘവന്‍, സോമന്‍ മുതല്‍ പേര്‍ – എന്റെ മാരാര്‍ഭ്രമത്തില്‍ ബോറടിച്ചു.

മലയാളം അധ്യാപകരില്‍ എനിക്കേറ്റം സ്‌നേഹവും ബഹുമാനവും ഉണ്ടായിരുന്നത് ഞങ്ങള്‍ ‘തമ്പുരാന്‍’ എന്നു വിളിച്ചിരുന്ന പി.സി.ഏട്ടനുണ്ണി രാജയോടാണ്. മഹാപണ്ഡിതന്‍. പാഠകവിദഗ്ധന്‍. മാരാരുടെ സുഹൃത്താണ് അദ്ദേഹം എന്നതായിരുന്നു എനിക്കേറ്റവും വലുതായി തോന്നിയത്. ഒരിക്കല്‍ തമ്പുരാന്‍ പറഞ്ഞിട്ടാണ് മാരാര് മീഞ്ചന്തയിലാണ് താമസമെന്നും മാതൃഭൂമിയിലെ പ്രൂഫ് റീഡര്‍ പണിയില്‍ നിന്ന് പിരിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയാണെന്നും മനസ്സിലായത്.

ആയിടെ ഒരു മോഹം ജനിച്ചു. മാരാര്‍കൃതികളൊക്കെ സ്വന്തമാക്കണം. വായിച്ചാല്‍ മാത്രം പോരാ: ഇടയ്ക്കിടെ വായിച്ചതുതന്നെ വായിക്കണം. പിന്നെ, അതൊക്കെ കയ്യിലുണ്ടാവുന്നത് വലിയ അന്തസ്സായിത്തോന്നി. വാങ്ങാന്‍ പൈസയില്ല. എന്നെ പഠിപ്പിക്കുന്നത് ബാപ്പയുടെ ജ്യേഷ്ഠനാണ് മൂത്താപ്പ എന്‍.സി.കോയക്കുട്ടി ഹാജി. വലിയ പ്രമാണിയാണ്. പണക്കാരന്‍. മൂപ്പരുടെ മകനാണ് സിനിമാ നിര്‍മാതാവ് സലാം കാരശ്ശേരി. ഞാന്‍ മൂത്താപ്പയുടെ കൂടെ ആഴ്ചവട്ടത്തുള്ള വീട്ടിലാണ് താമസം-ഗുരുവായൂരപ്പന്‍ കോളേജിന് അടുത്തു തന്നെ. പാഠപുസ്തകം വാങ്ങാന്‍ മൂപ്പര് എത്ര പൈസ വേണമെങ്കിലും തരും. പക്ഷേ, പാഠപുസ്തകമല്ലാത്ത മാരാര്‍കൃതികള്‍ അങ്ങനെയാണെന്ന് നുണ പറഞ്ഞ് വാങ്ങാന്‍ തോന്നിയില്ല.അങ്ങനെ മൂത്താപ്പ ഉച്ചക്ക് ഊണിനു തരുന്ന പൈസ ബാക്കിയാക്കി, ബാക്കിയാക്കി ഞാന്‍ മിക്ക മാരാര്‍ പുസ്തകങ്ങളും സംഘടിപ്പിച്ചു. വിശപ്പായിരുന്നില്ല, പ്രശ്‌നം ആ 1967-69 കാലത്ത് അവയില്‍ പലതും കിട്ടാനുണ്ടായിരുന്നില്ല. ആവശ്യക്കാരും കമ്മി. കോഴിക്കോട്ടെ പഴയ പ്രസാധകരായ പി.കെ.ബ്രദേഴ്‌സ്, കെ.ആര്‍. ബ്രദേഴ്‌സ് തുടങ്ങിയവയുടെ തട്ടിന്‍പുറങ്ങളില്‍ പൊടിപിടിച്ചുകിടന്ന പഴയ പുസ്തകങ്ങളില്‍ നിന്ന് മാരാരെ കണ്ടെത്തിപ്പിടിക്കുക എന്നതായിരുന്നു പ്രയാസം. വലിയ വിലയില്ലാത്ത ആ പുസ്തകങ്ങള്‍ തപ്പിയെടുത്തുതരാന്‍ പുസ്തകശാലക്കാര്‍ക്ക് മടിയായിരുന്നു. ഭാഗ്യം, അവരെന്നെ ആ പഴമയുടെ മാറാലകളില്‍ മുങ്ങിത്തപ്പാന്‍ അനുവദിച്ചു. അങ്ങനെ മിക്ക പുസ്തകങ്ങളും സ്വന്തമായി! ഞാന്‍ നേടിയ മറ്റൊന്നിനെപ്പറ്റിയും എനിക്ക് ജീവിതത്തില്‍ ഇത്രമാത്രം മേനി തോന്നിയിട്ടില്ല.

ഇതിനിടയില്‍ കുഞ്ഞുണ്ണിമാഷുമായി ഞാന്‍ അടുപ്പത്തിലായിക്കഴിഞ്ഞിരുന്നു. അദ്ദേഹം ഇടക്കിടെ കണ്ട വര്‍ത്തമാനം പറയുമ്പോഴാണ് മാരാര് രാമകൃഷ്ണമിഷനടുത്താണ് താമസം എന്ന് തിരിഞ്ഞത്. ”ഒരു ദിവസം മാരാരെകാണാന്‍ ഞാനും പോരട്ടെ?” എന്ന് മാഷോട് ചോദിക്കാന്‍ ധൈര്യം കിട്ടിയില്ല – ഇത്രയും വലിയ ഒരെഴുത്തുകാരന്റെ മുമ്പില്‍ ഞാനെങ്ങനെ നില്ക്കും? എന്തു പറയും?

ഗുരുവായൂരപ്പന്‍ കോളേജില്‍ ബി.എ.യ്ക്കു ചേര്‍ന്നതോടെ സാഹിത്യചര്‍ച്ചക്കുള്ള അന്തരീക്ഷം വിപുലമായി-കവി എസ്.സുന്ദര്‍ദാസ്, കഥാകൃത്ത് യു.കെ.കുമാരന്‍, ലേഖനകാരന്‍ ബാലകൃഷ്ണന്‍ ആറാട്ടുപുഴ മുതലായവരായിരുന്നു കൂട്ടുകാര്‍. എന്റെ പ്രധാന ചര്‍ച്ചാപ്രമേയം മാരാര് തന്നെ. ഭാഗ്യത്തിന് അവരെല്ലാം എന്നോട് യോജിക്കുന്നവരായിരുന്നു. ഞങ്ങള്‍ ‘സാഹിത്യരംഗം’ എന്നൊരു വേദി രൂപവത്കരിക്കുകയും ഉണ്ടായി. മാരാരെ കോളേജില്‍ പ്രസംഗിക്കാന്‍ കൊണ്ടുവരണം എന്നതായിരുന്നു എന്റെ ആവശ്യം. സുന്ദര്‍ദാസ് എന്നെ പുച്ഛിച്ചു: ”നിനക്ക് ഇത്ര വിവരമില്ലാതെ പോയല്ലോ. മാരാര് വലിയ പണ്ഡിതനാ. വലിയ എഴുത്തുകാരനാ. സംശല്ല. പക്ഷേ, പ്രസംഗം മോശാ.”

”മോശായിക്കോട്ടെ. മാരാരെ ഒന്ന് കാണാലോ” എന്ന് ഞാന്‍ തര്‍ക്കിച്ചു.
”എടോ, മൂപ്പര്‍ക്ക് സുഖല്ല. വയസ്സായി. വീട്ടിലിരിപ്പാ. നീ മാരാരെ ടൗണ്‍ഹാളിലോ മറ്റോ കണ്ടിട്ടുണ്ടോ?”

”അതിന് ഞാന്‍ മൂപ്പരെ കണ്ടാലറിയൂല. ഏതോ ചില പുസ്തകത്തിന്റെ ചട്ടേല് ഫോട്ടോ കണ്ടിട്ടുണ്ട്. അതു പഴേകാലത്തേതാ. കണ്ടാലറിയില്ല.”
”അതല്ല. മാരാര് പുറത്തെവിടെയും പോകാറില്ല. ചെന്ന് വിളിച്ചാല് വരില്ല. അക്കിത്തം പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്- മാരാര് വീട്ടിലിരിപ്പാണ്.”

അവന്‍ ഗാന്ധിഗൃഹത്തിലാണ് താമസം. തൊട്ടടുത്ത മുറിയിലാണ് ആകാശവാണിയില്‍ ഉദ്യോഗമുള്ള അക്കിത്തം-ശരിയായിരിക്കും.

പ്രസിദ്ധ കഥാകാരന്‍ എന്‍.പി. മുഹമ്മദ് ആഴ്ചവട്ടത്ത് എന്റെ അയല്‍ക്കാരനാണെന്ന് അദ്ഭുതത്തോടെ ഞാന്‍ കണ്ടെത്തിയതും ഇക്കാലത്താണ്. എന്‍.പി.യെ എനിക്ക് വലിയ ഇഷ്ടമായി.

ഒന്നാമത് വലുപ്പചെറുപ്പമില്ലാതെ പെരുമാറ്റം. രണ്ടാമത് എന്തിനെപ്പറ്റിയും ആരെപ്പറ്റിയും പറയാനുള്ളത് വെട്ടിത്തുറന്നു പറയും. പിന്നെ എനിക്ക് ഇഷ്ടമുള്ള ബഷീര്‍, ഉറൂബ്, ആര്‍.രാമചന്ദ്രന്‍, എം.ടി. മുതലായ എഴുത്തുകാരെപ്പറ്റിയൊക്കെ അദ്ദേഹത്തിന് നല്ലതേ പറയാനുള്ളൂ- മാരാരെപ്പറ്റി വിശേഷിച്ചും. മുഹമ്മദിന്റെ വര്‍ത്തമാനങ്ങള്‍ക്ക് കേള്‍വിക്കാരെ ഉയര്‍ത്തിയെടുക്കുന്ന ഒരു തലമുണ്ട്: ചിന്തയുടെ തിളക്കവും പാണ്ഡിത്യത്തിന്റെ അടിയുറപ്പും പരിഹാസത്തിന്റെ മധുരവും കൊണ്ട് സമ്പന്നമായ ആ നിരീക്ഷണങ്ങളെല്ലാം തെളിഞ്ഞ ജനാധിപത്യബോധത്തിന്റെ പ്രകാശനങ്ങളായിരുന്നു.

‘സുതലം’ എന്ന് ഒരു പാതാളത്തിന്റെ പേരിട്ടിരിക്കുന്ന എന്‍.പി.യുടെ വീട്ടിലേക്ക് കൂടെക്കൂടെ ചെല്ലാന്‍ എന്നെ പ്രചോദിപ്പിച്ചത് ആ വീട്ടില്‍ പുലര്‍ന്നുകണ്ട സൗഹാര്‍ദത്തിന്റെയും സാംസ്‌കാരിക ചര്‍ച്ചയുടെയും അന്തരീക്ഷമാണ്. അദ്ദേഹത്തിന്റെ പത്‌നി ബിച്ചാത്തു വിനീതവും നിശ്ശബ്ദവുമായ ആ ചിരിയോടെ ആളുകളെ സ്വീകരിച്ചുപോന്നു: നിറഞ്ഞ മനസ്സോടെ സല്ക്കരിച്ചു പോന്നു. സ്വന്തം മക്കള്‍ വിളിക്കുമ്പോലെ ഞാനും അവരെ ‘ഇത്താത്ത’ എന്നു വിളിച്ചു. എന്‍.പി.യും മുതിര്‍ന്ന മക്കളായ നാസറും ഹാഫിസ് മുഹമ്മദും ഒക്കെ തീന്‍മേശക്കു ചുറ്റുമിരുന്ന് സാഹിത്യം, ചരിത്രം, മതം മുതലായ പ്രശ്‌നങ്ങളെപ്പറ്റി നിരന്തരം പരസ്പരം തര്‍ക്കിച്ചു പോന്നു-കൂട്ടത്തില്‍ എന്നെപോലുള്ള അതിഥികളും. എന്‍.പി യുടെ നേതൃത്വത്തില്‍ ‘ഇസ്‌ലാം ആന്‍ഡ് മോഡേണ്‍ ഏജ് സൊസൈറ്റി’ ഉടലെടുത്ത കാലമാണത്-സൊസൈറ്റി ശരീഅത്ത് വിമര്‍ശനം പൊടിപൊടിക്കുന്നു. എനിക്ക് അതിന്റെ ഊറ്റവുമുണ്ട്. എന്റെ വീരനായകനാണ് എന്‍.പി-പൗരോഹിത്യത്തെയും രാഷ്ട്രീയനേതൃത്വത്തെയും വെല്ലുവിളിച്ചുകൊണ്ട് എഴുതുമ്പോഴും പ്രസംഗിക്കുമ്പോഴും ആ മുഖത്ത് തെളിയുന്ന ഊര്‍ജത്തിന്റെ അലകള്‍ എനിക്കിപ്പോഴും കണ്ണില്‍കാണാം. അക്കൂട്ടത്തില്‍ ഞാന്‍ എന്‍.പി.യുടെ മാരാര്‍ വിശകലനങ്ങളിലും ആണ്ടുമുങ്ങിപ്പോന്നു: ‘ഭരതപര്യടന’ ത്തിലെ പല ഖണ്ഡികകളും മൂപ്പര്‍ക്ക് കാണാപ്പാഠമാണ്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിനെതിരെ മാരാര്‍ തൊടുത്തുവിട്ട പരിഹാസശരങ്ങളെല്ലാം എന്‍.പി. തന്റെ ആവനാഴിയില്‍ സംഭരിച്ച് വെച്ചിരിക്കുന്നു. എന്‍.പി.ക്കും എനിക്കും ഇടയിലെ ഒരു പാലം കുട്ടികൃഷ്ണമാരാര് ആയിരുന്നു.

വളരെ പ്രധാനപ്പെട്ട ആ കാര്യം പറഞ്ഞുതന്നത് തമ്പുരാനാണ്. അദ്ദേഹം ‘കേരളപാണിനീയം’ പഠിപ്പിക്കുകയാണ്-ദ്വിത്വസന്ധി. അക്ഷരം ഇരട്ടിക്കുന്നതിന് ഉദാഹരണം പറഞ്ഞു:”താമര അധികം കുളം സമം താമരക്കുളം.”

ഞാന്‍ എഴുന്നേറ്റുനിന്ന് ചോദിച്ചു: ”സാര്‍, സന്ധി അനുസരിച്ച് കുട്ടി അധികം കൃഷ്ണന്‍ സമം ‘കുട്ടിക്കൃഷ്ണന്‍’ എന്നു വരണ്ടേ? എന്നിട്ട് മാരാരെന്താ എല്ലാ പുസ്തകത്തിലും ‘കുട്ടികൃഷ്ണമാരാര്’ എന്നെഴുതുന്നത്?”

തമ്പുരാന് ചോദ്യം ക്ഷ പിടിച്ചു. വിടര്‍ന്നുചിരിച്ചുകൊണ്ട് പറഞ്ഞു: ”അതോ പറയാം. നിയ്ക്കും ഈ സംശയണ്ടായിര്ന്ന്, മാരാര് വ്യാകരണപണ്ഡിതന്‍ മാത്രല്ലല്ലോ, അച്ചു പിഴ നോക്ക്ണ ആളുംകൂടി അല്ലേ? അക്ഷരപ്പെഴ വരാന്‍ വയ്‌ക്ക്യോ? ഞാന്‍ ഒരിക്കെ നേരിട്ടു തന്നെ ചോദിച്ചൂ, ന്താ ങ്ങനെ വ്യാകരണം തെറ്റിച്ചെഴ്ത്‌ണേന്ന്? മാരാര് മറ്പടി പറഞ്ഞതെന്താ നിശ്ശണ്ടോ-തമ്പ്‌രാന്‍ ചോദിച്ചത് ശര്യാ. എന്നെ അമ്മ വിളിക്ക്യ ‘കുട്ടിക്കൃഷ്ണാ’ ന്നല്ല, ‘കുട്ടികൃഷ്ണാ’ന്നാ. അമ്മ വിളിച്ചതല്ലേ, പേര്? എനിക്ക് അത് മതീന്ന് ഞാന്‍ തീര്‍ച്ച്യാക്കി. കുട്ടികൃഷ്ണന്‍-ന്നേ ഞാന്‍ എഴുതൂ; മറ്റുള്ളോരും അങ്ങനെ എഴുതിയാ മതീന്ന്”

ആ ഉത്തരം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. വ്യാകരണത്തിലും മേലെയാണ് അമ്മ, എല്ലാറ്റിലും മേലെയാണ് അമ്മ എന്ന് അതെന്നെ പഠിപ്പിച്ചു-ഈ മാതൃഭക്തി മാരാരോടുള്ള ആരാധന വളര്‍ത്തി. ഉമ്മ എന്നെ വിളിക്കുന്നത് ‘കുഞ്ഞി’ എന്നാണ്. വീട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും മാത്രമേ അതറിയാവൂ എന്ന് ഞാന്‍ ഓര്‍ത്തുപോയി; ‘ഭാരതപര്യടനം’ സമര്‍പ്പിച്ചിരിക്കുന്നത് അമ്മയ്ക്കാണല്ലോ എന്നും. ‘നിഴലാട്ടം’ സമര്‍പ്പിച്ചതും അമ്മയ്ക്കു തന്നെ.

ഒരിക്കല്‍ രണ്ടും കല്പിച്ച് ഞാന്‍ കുഞ്ഞുണ്ണിമാഷോട് കെഞ്ചി:
”മാഷ് ഇനി മാരാരെ കാണാന്‍ പോവുമ്പോ എന്നേം കൊണ്ടുപോണം.”
മയമില്ലാത്ത മറുപടി:
”എന്തിനാ?”
”ഒന്നിനും അല്ല. എനിക്കൊന്ന് കണ്ടാമതി. മൂപ്പര് പുറത്തിറങ്ങല് ഇല്ലാന്ന് കേട്ടു.”

”ഞാന്‍ തന്നെ കൊണ്ടുപൂവില്ല. ഒര് കാര്യം കൂടിപ്പറയാം-ഇത് പറഞ്ഞേന് ഒറ്റയ്‌ക്കോ വേറെ ആരേം കൂട്ടീട്ടോ താന്‍ അവടെ പോവരുത്, ട്ടോ.”
”അതെന്താ മാഷേ?” ”തന്റെ ഉള്ളില് ഒര് മാരാര് ണ്ട്. അതിന്റെ വലുപ്പം നിയ്ക്കറ്യാം. ഇപ്പളത്തെ അവസ്ഥേല് താന്‍ മാരാരെ ചെന്നുകണ്ടാ അത് തനിക്ക് നഷ്ടാവും. അതു വേണ്ട. മനസ്സിലാവ്ണ്‌ണ്ടോ?”
”അത്ര മോശാണോ ആരോഗ്യം?”
”ആരോഗ്യത്തിന്റെ മാത്രം കാര്യല്ല. ഓര്‍മയും കഥയും കൊറവാ. ചെലപ്പോ ഉടുത്തൂന്നും ചെലപ്പോ ഉടുത്തില്ലാന്നും ഒക്കെ വരും.”
പതിവില്ലാതെ മാഷ് ഗൗരവം പൂണ്ടു:”വിസ്തരിക്കണ്ട. അങ്ങട്ട് പോണ്ട.”

വ്യസനത്തോടുകൂടി ഞാന്‍ അംഗീകരിച്ചു-കുട്ടികൃഷ്ണമാരാരെ ചെന്ന് കാണില്ല. മാഷ് വെറും വാക്ക് പറയില്ല. അദ്ദേഹം ഞങ്ങള്‍ക്ക് നല്ലതു മാത്രം പറഞ്ഞുതരുന്ന ഗുരുനാഥനാണ്; നല്ലതു മാത്രം വരണം എന്ന് വിചാരിക്കുന്ന ബന്ധുവാണ്.
പിറ്റേ ആഴ്ച ഞാന്‍ തമ്പുരാനോട് ചോദിച്ചു: ”എന്താ സാര്‍ മാരാര്‍ക്ക് സുഖക്കേട്?”
സഹതാപം കലര്‍ന്ന, തെളിച്ചം കുറഞ്ഞ ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു:”മാരാര്‍ക്ക് സൂക്കേടാന്ന് നിങ്ങളാച്ചെലരൊക്കെ പറയും. അദ്ദേഹം ലൗകികബന്ധങ്ങളൊക്കെ വിട്ടിര്ക്കുണൂ. അത് മനസ്സിന്റെ ഒരവസ്ഥയാ. അല്ലാതെ ദെണ്ണൊന്നൂല്ല.”
മലയാളം എം.എ.യ്ക്ക് തേഞ്ഞിപ്പലത്തു ചേരുമ്പോള്‍ ‘മാരാരീയനായ’ അഴീക്കോട് മാഷാണല്ലോ, വകുപ്പധ്യക്ഷന്‍ എന്നത് എന്റെ സ്വകാര്യ സന്തോഷങ്ങളിലൊന്നായിരുന്നു. അവിടെ എന്നോളം തന്നെ മാരാര്‍ഭക്തനായ ദയാനന്ദനെ സഹപാഠിയായും കിട്ടി.
..
മീഞ്ചന്തയില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ ഞാന്‍ ചാടിയിറങ്ങി- ഒറ്റയ്ക്കു പോകാന്‍ ഒരു സങ്കോചം. വീടറിയില്ല. ഞാന്‍ നേരെ രാമകൃഷ്ണാശ്രമം സ്‌കൂളിന്റെ വളപ്പിലേക്കു ചെന്നു. ഹോസ്റ്റലിന്റെ ഇങ്ങേയറ്റത്തെ മുറിയില്‍ കുഞ്ഞുണ്ണി മാഷ് ഉണ്ടാകുമല്ലോ.
വളപ്പിലേക്കു കടന്നതും പ്രധാന കെട്ടിടത്തിന്റെ വരാന്തയില്‍ നടക്കുന്ന സ്വാമിയുടെ കണ്ണില്‍പെട്ടു. നേരം വെളുക്കും മുന്‍പ് വന്നതാരെന്ന ആകാംക്ഷയിലാവും ആ സന്യാസി ശബ്ദം ഉയര്‍ത്തി ചോദിച്ചു:
”ആരാ, എന്താ വേണ്ടേ?”

സ്വാമിക്ക് കാത് അല്പം പതുക്കെയാണെന്ന് മാഷ് പറഞ്ഞുകേട്ടത് ഓര്‍മയുണ്ടായിരുന്നതിനാല്‍ ഞാന്‍ ലേശം ഉച്ചത്തില്‍ പറഞ്ഞു:
”ഒര് വിദ്യാര്‍ഥിയാ. പേര് മൊഹിയുദ്ദീന്‍. കുഞ്ഞുണ്ണിമാഷെ നോക്കി വന്നതാ.”
”മാരാര് മരിച്ചട്ക്ക്ണൂ. മാഷ് അങ്ങട്ട് പോയതാ.”

ഞാന്‍ നിരാശയോടെ ഗേറ്റ് കടന്നു പോന്നു. തീവണ്ടിപ്പാളം മുറിച്ചു കടന്നു വേണം, മാരാരുടെ വീട്ടിലേക്കു പോവാന്‍ എന്ന് മുന്‍പ് മാഷ് പറഞ്ഞു കേട്ട ധാരണയില്‍ ഞാന്‍ ആ വഴിക്കു നടന്നു. പാല്‍ക്കുപ്പിയുമായി എതിരെ വന്ന മധ്യവയസ്‌കനോട് ചോദിച്ചു:

”ഏതാ മരിച്ച വീട്? മാരാര്-എവിടെയാ?”

അയാള്‍ ഒന്നും മിണ്ടാതെ കൈ ചൂണ്ടിയ ഭാഗത്തേക്കു ഞാന്‍ നടന്നു. കുറച്ചു ചെന്നപ്പോള്‍ വീടു കണ്ടു. ചുമരില്‍ ‘ഋഷിപ്രസാദം’ എന്ന ചെറിയ ബോര്‍ഡ് കണ്ടപ്പോള്‍ ഉറപ്പായി. പുറത്തെങ്ങും ആരുമില്ല. ഒച്ചയും അനക്കവുമില്ല. കുഞ്ഞുണ്ണി മാഷെ കാണാനില്ല. എന്റെ ചങ്കിടിച്ചു. മരണം അന്വേഷിച്ചെത്തുന്ന ആദ്യത്തെ ആളാണ് ഞാന്‍. എന്തും പറഞ്ഞ് കയറിച്ചെല്ലും? ഞാന്‍ ഇവിടെ ആരാണ്?

ഒരു നിമിഷം ആലോചിച്ചു നിന്നശേഷം ഞാന്‍ സിമന്റുപടികള്‍ കയറിച്ചെന്നു. വീട് തീര്‍ത്തും നിശ്ശബ്ദമാണ്. കരച്ചില്‍ പോലുമില്ല. കോലായില്‍ പുതപ്പിച്ചു കിടത്തിയിരിക്കുന്നു. ഞാന്‍ തരിച്ചു നിന്നു. ഒരു ചെറുപ്പക്കാരന്‍ വന്ന് പുത മാറ്റി ഫോട്ടോകളില്‍ മാത്രം കണ്ടിരുന്ന മുഖം കാട്ടിത്തന്നു-ഈശ്വരാ! ഞാന്‍ മാരാരെ നല്ലേരം കാണുകയാണ്… മുഖത്തോടു മുഖം കാണാന്‍ യോഗമുണ്ടായില്ല; ആ മുഖത്തുനിന്ന് ഒരു വാക്ക് പുറപ്പെടുന്നത് കേള്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല; ഞാന്‍ അങ്ങയ്ക്ക് കടപ്പെട്ടവനാണ് എന്ന് നേരില്‍ പറയാന്‍ സുകൃതമുണ്ടായില്ല… അങ്ങയുടെ കണ്ണില്‍പ്പെടാന്‍ നിയോഗമുണ്ടായില്ല… അങ്ങയുടെ ഗുരുത്വം നേടാന്‍ പുണ്യമുണ്ടായില്ല… എന്നെക്കാള്‍ നിര്‍ഭാഗ്യവാനായി മറ്റാരുള്ളൂ…

പൊട്ടിപ്പോവും എന്നു തോന്നിയപ്പോള്‍ പതുക്കെ മുറ്റത്തേയ്ക്കിറങ്ങി, മുറ്റത്തിന്ന് ചുറ്റുമുള്ള അരച്ചുമരില്‍ തളര്‍ന്നിരുന്നു. പുറപ്പെട്ടുവരുന്ന നിലവിളി അടക്കാന്‍ പ്രയാസമായപ്പോള്‍ കാല്‍മുട്ടുകളില്‍ വളച്ചുവെച്ച കൈത്തണ്ടകളില്‍ ഞാന്‍ മുഖം ഒളിപ്പിച്ചു. പിന്നെ ഏങ്ങിയേങ്ങിക്കരഞ്ഞു.

അകത്തുനിന്ന് വന്ന ചെറുപ്പക്കാരന്‍ ചോദിച്ചു: ”ആരാന്ന് ചോയ്ക്കാന്‍ പറഞ്ഞൂ, മുരളി മാരാര്.”

ആരാണെന്ന് പറയും? ഒരു നിമിഷം കഴിഞ്ഞ് മറുപടി പറഞ്ഞു: ”തേഞ്ഞിപ്പലത്ത് മലയാളം എം.എ.യ്ക്കു പഠിക്കുന്ന കുട്ടിയാ. പേര് മൊഹിയുദ്ദീന്‍.”

ഞാന്‍ വീണ്ടും കാല്‍മുട്ടുകളില്‍ മുഖം പൂഴ്ത്തി. ആ മരണം ഉണ്ടാക്കിയ നഷ്ടത്തെപ്പറ്റിയും തേങ്ങിക്കരയുന്നതിന്റെ നിരര്‍ത്ഥകതയെപ്പറ്റിയും ആലോചിക്കുമ്പോഴും ഞാന്‍ മൂക്ക് ചീറ്റുന്നുണ്ട്, ഉടുതുണിയുടെ തുമ്പുകൊണ്ട് കണ്ണും മൂക്കും തുടയ്ക്കുന്നുണ്ട്.

ഏതോ കൈപ്പടം വാത്സല്യത്തോടെ നെറുകയില്‍ പതിഞ്ഞതായി അനുഭവപ്പെട്ടപ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി- കുഞ്ഞുണ്ണിമാഷ്!

”താന്‍ വരുംന്ന് നിയ്ക്കറ്യായിരുന്നു. എന്റെ മുമ്പേ എത്തി, അല്ലേ?”
മാഷെ കണ്ടതോടെ വ്യസനം പാതിയായി- ആ കൂടെ നില്ക്കുമ്പോള്‍ ഏതോ ബലം ഉണ്ടായി വരുന്നതുപോലെ.

ആ വീട്ടിലെ സ്വന്തക്കാരനായ അദ്ദേഹം അകത്തേയ്ക്കു പോയി. ഞാന്‍ ദൂരേയ്ക്ക് കണ്ണും നട്ട് ഇരുന്നു- ഏത് വാക്കും വരിയും ഒന്നമര്‍ത്തിനോക്കിയാല്‍ പെണ്ണിന്റെ കണ്ണീര് കിനിഞ്ഞു വരും എന്ന് മാരാര് കാണിച്ചുതരുന്ന രീതികളെപ്പറ്റിയാണ് ഞാന്‍ ആ നേരത്ത് ആലോചിച്ചു പോയത്.

കുറച്ചു കഴിഞ്ഞ് മാഷ് വന്ന് ചോദിച്ചു: ”താന്‍ ചായ കഴിച്ചതാണോ? ഇല്ലെങ്കീ ചായപ്പീട്യേപ്പോയി കഴിച്ച് വര്വാ. ഉച്ചതിരിഞ്ഞിട്ടേ എടുക്കലുണ്ടാവൂ.”
”വേണ്ട മാഷേ”

ഞാന്‍ അവിടെത്തന്നെ കുത്തിയിരുന്നു. വാര്‍ത്തയും എഡിറ്റ് പേജിലെ ലേഖനങ്ങളുമെല്ലാം വായിച്ചു തീര്‍ത്തു.

ആളുകള്‍ വന്നുതുടങ്ങി. കുറേശ്ശെക്കുറേശ്ശെയായി. അത്രയധികമൊന്നുമില്ല- മാരാര് വാക്കുപയോഗിക്കുംപോലെ എന്ന് എനിക്കപ്പോള്‍ ഒരു തമാശ തോന്നി. പറയാന്‍ ആരുമില്ല- ദയാനന്ദനെ കൂടെ കൂട്ടാമായിരുന്നു. അത് അന്ധാളിച്ചു!

ഒറ്റയും തെറ്റയുമായി ആളുകള്‍. അയല്‍ക്കാര്‍. ബന്ധുക്കള്‍. പരിചയക്കാര്‍. നാട്ടുകാര്‍. ഏറെയും വയസ്സന്മാരാണ്. കുറച്ച് മധ്യവയസ്‌കര്‍. ഇടയ്ക്ക് ചില സ്ത്രീകളും കുട്ടികളും. ചിലരൊക്കെ അകത്തേയ്ക്കു പോയി. ചിലര്‍ മുഖം കണ്ടശേഷം മുറ്റത്തെ ബെഞ്ചിലിരുന്നു; ചിലര്‍ മടങ്ങിപ്പോയി.

യുവാക്കളെ ആരെയും അങ്ങനെ കാണാനില്ല; സാഹിത്യകാരന്മാരെയും!

വെയില് മൂത്തുവരുന്നു. നേരം പതിനൊന്നാവുന്നു. അപ്പോള്‍ മാതൃഭൂമി ചീഫ് എഡിറ്റര്‍ കെ.പി. കേശവമേനോന്‍, മാനേജിങ് എഡിറ്റര്‍ വി.എം. നായര്‍, ബാലാമണിയമ്മ മുതല്‍ പേര്‍ വന്നെത്തി. അന്നേയ്ക്ക് തീര്‍ത്തും അന്ധനായിക്കഴിഞ്ഞിരുന്ന കേശവമേനോന്റെ കൈ ഒരാള്‍ പിടിച്ചിട്ടുണ്ട്; പിന്നില്‍ നടക്കുന്ന ഒരാള്‍ കുട ചൂടിക്കൊടുക്കുന്നുണ്ട്. തൊട്ടുപുറകില്‍ ഫോട്ടോഗ്രാഫര്‍. അതിനും പിന്നില്‍ റീത്തും പിടിച്ച് ഒരു ചെറുപ്പക്കാരന്‍. കേശവമേനോന്‍ ‘മാതൃഭൂമി’ എന്നെഴുതിയ റീത്തുവെച്ചു. ക്യാമറ മിന്നി.

ആ നേരത്ത് കെ.എ. കൊടുങ്ങല്ലൂര്‍ വന്നു. പാറിപ്പറന്ന തലമുടി. വടിച്ചിട്ട് നാല് ദിവസമായി എന്ന് എപ്പോഴും തോന്നിക്കുന്ന താടിരോമങ്ങള്‍. മുഷിഞ്ഞ നീലക്കുപ്പായം. മാടിക്കെട്ടിയ തുണി. കക്ഷത്തില്‍ മടക്കിവെച്ച വാരികകള്‍. വലത്തേ കൈയിലെ വിരലുകള്‍ക്കിടയില്‍ പുകയുന്ന സിഗരറ്റ്. മുഖം പതിവിലും കനത്തിരിക്കുന്നു.

കൊടുങ്ങല്ലൂര്‍ സിഗരറ്റ് എറിഞ്ഞു കളഞ്ഞു. മാടിക്കെട്ടഴിച്ചിട്ട്, ചെരിപ്പൂരി കോലായില്‍ക്കയറി. കുറച്ചു നേരം മാരാരുടെ മുഖത്തേക്ക് നോക്കി നിന്നിട്ട് ഇറങ്ങിപ്പോന്നു. പിന്നെ, എന്റെ അടുത്തുവന്നിരുന്ന് പുതിയൊരു സിഗരറ്റിന് തീ കൊളുത്തി. പതിവുപോലെ ഒന്നും മിണ്ടിയില്ല.

എന്തെങ്കിലുമൊന്ന് ചോദിക്കണ്ടേ എന്നു വിചാരിച്ച് ഞാന്‍ ചോദിച്ചു: ”കൊടുങ്ങല്ലൂര് വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നോ?”
കനമേറിയ പതിവ് മൂളല്‍-
”ങ്ഉം.”
ആ കനത്ത നിശ്ശബ്ദതയില്‍ നിന്നെന്നപോലെ കൊടുങ്ങല്ലൂരില്‍ നിന്ന് പുകച്ചുരുളുകള്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു.

ഏതാനും നിമിഷംകഴിഞ്ഞ് അഴീക്കോട് മാഷും രണ്ടുമൂന്നു പേരും വന്നു. ആ ചെറുസംഘത്തിന്റെ പിന്നിലും ‘സമസ്ത കേരള സാഹിത്യ പരിഷത്ത്’ എന്നെഴുതിയ റീത്തും പിടിച്ച് ഒരാളുണ്ടായിരുന്നു. അഴീക്കോട് മാഷ് പരിഷത്തിന്റെ പ്രസിഡന്റാണ്.
മാഷെ കണ്ടപ്പോള്‍ ഞാന്‍ എഴുന്നേറ്റു. അപ്പോഴാണ് എന്നെ കണ്ടത്.
”ങ്ഹ! താന്‍ ഇവിടെയുണ്ടോ?”

ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. കൂടെച്ചെന്നു. അദ്ദേഹം റീത്തുവെക്കുമ്പോള്‍ എവിടെനിന്നോ പൊട്ടിവീണ ക്യാമറയുടെ കണ്ണില്‍നിന്ന് ഞാന്‍ ഒഴിഞ്ഞുമാറി.
കുടുംബാംഗങ്ങളോട് വര്‍ത്തമാനം പറഞ്ഞു കഴിഞ്ഞ് അഴീക്കോട് മാഷ് പോകാനൊരുങ്ങുകയാണ് എന്ന് തോന്നിയപ്പോള്‍ ഞാന്‍ വല്ലാതായി. ഇവിടെ നില്‌ക്കേണ്ട ആളല്ലേ?

പോകുമ്പോള്‍, പതിവില്ലാതെ, എന്നോട് ലോഹ്യം ചോദിച്ചു: ”താന്‍ വരുന്നുണ്ടോ?”
എനിക്ക് അതൊട്ടും പിടിച്ചില്ല. എന്റെ ശബ്ദം അല്പം കടുത്തുപോയോ: ”ഇല്ല സാര്‍.”

പിന്നെ അങ്ങനെയാരും വന്നുകണ്ടില്ല. ചിലര്‍ സ്ഥലത്തില്ലായിരിക്കാം, ചിലര്‍ക്ക് ദൂരദിക്കില്‍നിന്ന് സംസ്‌കാരത്തിനു മുമ്പെ എത്തിപ്പെടാന്‍ പറ്റില്ലായിരിക്കാം, ചിലരെ ഞാന്‍ തിരിച്ചറിയാതെ പോയിരിക്കാം. എന്നാലും മാരാരെപ്പോലൊരാളുടെ മരണം… അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ലെന്ന് എനിക്ക് തോന്നിപ്പോയി.

ഞാന്‍ കൊടുങ്ങല്ലൂരിനോട് സ്വകാര്യം ചോദിച്ചു: ”ഇതെന്താ ഇങ്ങനെ?”
”ഏത്?”
”ഇത്ര വലിയ ഒരാള്‍ മരിച്ചിട്ട് കോഴിക്കോട്ടുകാര്‍ തിരിഞ്ഞുനോക്കാത്തതെന്താ?”
കൊടുങ്ങല്ലൂരിന്റെ ധാര്‍മികരോഷം തിളച്ചു: ”നിങ്ങക്കെന്തായിപ്പോയി? മാരാര്‍ക്ക് അധികാരമുണ്ടോ? പണമുണ്ടോ? പദവിയുണ്ടോ? ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണയുണ്ടോ? ജാതിക്കാരുടെ പിന്‍ബലമുണ്ടോ? ഇയാളുടെ മക്കള്‍ക്ക് ഇതെന്തെങ്കിലുമുണ്ടോ? ഒരു പാവം പ്രൂഫ് റീഡര്‍. അയാള്‍ പോയി. പോട്ടെ.”
”എന്നാലും മാരാരല്ലേ?”

”അത് നിങ്ങള്‍ക്ക്. എനിക്ക്. നാട്ടുകാര്‍ക്കെന്ത് മഹാഭാരതപഠനം? അതുപോട്ടെ. എത്രയോ എഴുത്തുകാര്‍ കോഴിക്കോട് ടൗണിലുണ്ട്. സാഹിത്യപരിഷത്തിന് വന്നവരാ. അവര്‍ക്കറിയില്ലേ, മാരാര് ആരാണെന്ന്? ഇത്ര അടുത്തല്ലേ? തിരിഞ്ഞുനോക്കില്ല.’
”എന്താ കാരണം?”

”മാരാര് അവരെ ആരെയും പുകഴ്ത്തിക്കാണില്ല. ചിലപ്പോള്‍ വല്ലതും എഴുതിയതില്‍ വല്ല വിമര്‍ശനവും വന്നുപോയിക്കാണും. അതിന്റെ പക ഏഴ് ജന്മം കൊണ്ടുനടക്കുന്ന സൈസാ ഈ സാഹിത്യകാരന്മാര്!”
”എന്നാലും…?”
”നിങ്ങള്‍ കുട്ടിയായതുകൊണ്ടാ ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് വിട്…”

ഞാന്‍ മിണ്ടാതായി. കൊടുങ്ങല്ലൂര്‍ ഈറതീര്‍ക്കുംപോലെ സിഗരറ്റ് ആഞ്ഞുവലിച്ചു.
മണി രണ്ടര കഴിഞ്ഞു.

കുഞ്ഞുണ്ണിമാഷ് വന്ന് കൊടുങ്ങല്ലൂരിനോട് പറഞ്ഞു: ”എട്ക്ക്വായി.”

അങ്ങനെ കുട്ടികൃഷ്ണമാരാരുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആര്‍ഭാടരഹിതവും ശുഷ്‌ക്കവും ആയ ‘വിലാപയാത്ര’ മീഞ്ചന്തയില്‍നിന്ന് മാനാരിപ്പാടത്തെ ശ്മശാനത്തിലേക്കു പുറപ്പെട്ടു. മക്കള്‍, കുടുംബക്കാര്‍, ബന്ധുക്കള്‍, അയല്ക്കാര്, പിന്നെ ഞങ്ങളും. ഒച്ചയും പടയുമില്ലാതെ അത്യന്തം വിനീതമായി അത് മെല്ലെ നീങ്ങി.

വഴിക്കുവെച്ച് പെട്ടെന്ന് ബസ്സ് നിര്‍ത്തിച്ച്, ഖദര്‍ ജുബ്ബയിട്ട മെലിഞ്ഞുണങ്ങിയ ഒരാള്‍ ചാടിയിറങ്ങി ആ ചെറുസംഘത്തോട് ചേര്‍ന്നു-ആര്‍. രാമചന്ദ്രന്‍!

ഞാന്‍ രാമചന്ദ്രന്‍മാസ്റ്ററുടെ അടുത്തേക്ക് ചെന്നു:
”ഞാന്‍ പാലക്കാട്ടായിരുന്നു. പത്രം കണ്ടപ്പഴേ പുറപ്പെട്ടു. ദൂരത്ത് നിന്ന് കണ്ടപ്പോ എനിക്ക് സംശയമുണ്ടായിരുന്നു. കൊടുങ്ങല്ലൂരിനെയും കാരശ്ശേരിയെയും കണ്ടപ്പോ ഉറപ്പായി. അതാ ചാടിയിറങ്ങിയത്. ചിതയിലെത്തും മുമ്പ് വന്നു പറ്റിയത് ഭാഗ്യായി.”

ചുടുകാട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ആ യാത്രയില്‍ എത്ര പേരുണ്ടെന്ന് ഞാന്‍ വെറുതെ ഒന്നെണ്ണിനോക്കി-23 പേര്‍! സാഹിത്യത്തിന്റെ വകയില്‍ ആ കൂട്ടത്തിലുള്ളത് നാലു പേരാണ്: ആര്‍. രാമചന്ദ്രന്‍, കുഞ്ഞുണ്ണി, കെ.എ. കൊടുങ്ങല്ലൂര്, പിന്നെ മൂപ്പെത്താത്ത ഞാനും…
ചിത കത്താന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞുണ്ണിമാഷ് കല്പിച്ചു:

”കാരശ്ശേരീ, താന്‍ പൊയ്‌ക്കോള്വാ. നേരം വെളുത്തേപ്പിന്നെ ഒന്നും കഴിച്ചിട്ടില്ലല്ലോ. തല മിന്നി വീഴും. ചെന്ന് കുളിച്ച് ഊണ് കഴിക്ക്യാ. ഞാന്‍ തലച്ചോറ് പൊട്ടീട്ടേള്ളൂ. താന്‍ പൊയ്‌ക്കോള്വാ.”

ചിതയില്‍ ആളുന്ന തീനാളങ്ങളിലേക്ക് ഒരു നിമിഷം കൂടി നോക്കി നിന്ന് ഞാന്‍ നിശ്ശബ്ദം പിന്‍വാങ്ങി…

ഏറ്റവും സുരക്ഷിതമായ ഐസ് ലാന്‍ഡ് എന്ന രാജ്യം

iceland

കരുത്തരായ അര്‍ജന്‍റീനയെ
സമനിലയില്‍ തളയ്ക്കുന്നതുവരെ
ഐസ് ലാന്‍ഡ് എന്ന രാജ്യത്തെക്കുറിച്ച്
കേട്ടവര്‍ തന്നെ വിരളമായിരിക്കും..
പക്ഷേ നാം അറിഞ്ഞിരിക്കേണ്ട
ഒട്ടേറെ പ്രത്യേകതകളുണ്ട് ഈ കൊച്ചുരാജ്യത്തിന്…

അന്താരാഷ്ട്രതലത്തില്‍ പുറത്തിറങ്ങിയ
സേഫ്റ്റി ഇന്‍ഡക്സ് അനുസരിച്ച്
ഇന്ന് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ
രാജ്യമാണ് ഐസ് ലാന്‍ഡ്.
ഇപ്പോള്‍ മാത്രമല്ല കഴിഞ്ഞ പത്തു വര്‍ഷമായി
ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്നത്
വടക്കൻ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ
ഈ കൊച്ചു ദ്വീപാണ്..

വിസ്തീര്‍ണ്ണം ഒരു ലക്ഷം ച.കി.മീറ്റര്‍
ജനസംഖ്യ വെറും മൂന്നര ലക്ഷം..

നന്മയാണ് ഐസ് ലാന്‍റിന്‍റെ മുഖമുദ്ര..
ഇവിടെ കൊലപാതകങ്ങള്‍ പതിവില്ല..
പ്രതിവര്‍ഷം അഞ്ചില്‍ താഴെയാണ്
കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്..
പോലീസ് ഓഫീസര്‍മാര്‍ തോക്ക് ഉപയോഗിക്കാറില്ല.
ജയിലുകളില്‍ തടവുപുള്ളികള്‍ വളരെ കുറവ്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഒട്ടുമില്ല.
ദ്വീപ് ആയതുകൊണ്ട് അതിര്‍ത്തി തര്‍ക്കങ്ങളുമില്ല..
അതുകൊണ്ടുതന്നെ സ്വന്തമായി സൈന്യവുമില്ല..

ഒരുതരത്തിലുമുള്ള ലിംഗഭേദങ്ങളോ
മറ്റു വിവേചനങ്ങളോ ഈ രാജ്യം
പ്രോല്‍സാഹിപ്പിക്കുന്നില്ല.
കഴിഞ്ഞ ഒന്‍പതുവര്‍ഷമായി
ലിംഗവിവേചനമില്ലാത്ത രാജ്യമായി
ദി വേള്‍ഡ് എക്കണോമിക് ഫോറം
തിരഞ്ഞെടുത്തിട്ടുള്ള രാജ്യമാണിത്.

പുരുഷന് സ്ത്രീകളേക്കാള്‍
കൂലി കൂടുതല്‍ നല്‍കുന്നതിനെ
നിയമംമൂലം തടഞ്ഞ
ലോകത്തിലെ ആദ്യ രാജ്യമാണ് ഐസ് ലാന്‍ഡ്..

ഐസ് ലാന്റിന്റെ പാര്‍ലമെന്റിലെ
48 ശതമാനവും സ്ത്രീകളാണ്.
ഒരു സംവരണ ആനുകൂല്യത്തിന്‍റെയും
പിന്‍ബലത്തിലല്ല ഇവര്‍ പാര്‍ലമെന്‍റ് അംഗങ്ങളായത്
എന്നതു തന്നെയാണ് സാമൂഹ്യ പദവിയില്‍
സ്ത്രീക്കും പുരുഷനും ആ രാജ്യം നല്‍കുന്ന
തുല്യപരിഗണനയുടെ സാക്ഷ്യപത്രം..

മതം കാര്യമായ സ്വാധീനം ചെലുത്താത്ത
പ്രദേശം കൂടിയാണ് ഐസ് ലാന്‍ഡ്.
ജനസംഖ്യയില്‍ ഭൂരിപക്ഷവും
മതത്തിലോ ദൈവത്തിലോ
വിശ്വസിക്കാത്തവരാണ്…
തീവ്രമായ മതവിശ്വാസത്തേക്കാള്‍
മനുഷ്യനിലുള്ള വിശ്വാസങ്ങളാണ്
ഐസ് ലാന്‍ഡുകാരെ മുന്നോട്ടു നയിക്കുന്നത്…
ആ രാജ്യത്ത് ശാന്തിയും സമാധാനവും
പുലരുന്നതിന് ഇനി മറ്റു കാരണങ്ങള്‍
തേടിപോകേണ്ടതില്ലല്ലോ…

ഇനി ഈ രാജ്യത്തിന്‍റെ
ഫുട്ബോള്‍ ചരിത്രം കൂടി നോക്കാം…

കേവലം രണ്ടു പതിറ്റാണ്ടുകളായിട്ടേയുള്ളു
ഐസ് ലാന്‍ഡുകാര്‍ കാല്‍പ്പന്തുകളിയെ
ഗൗരവമായി കണ്ടു തുടങ്ങിയിട്ട്..
ഫുട്ബോളിന് ഒട്ടും അനുയോജ്യമായ
കാലാവസ്ഥയല്ല ആ രാജ്യത്തിന്‍റേത്
എന്നതുതന്നെയായിരുന്നു പ്രധാന തടസ്സം.
പലപ്പോഴും മൈനസിലും താഴെ പോകുന്ന താപനില.
വര്‍ഷത്തിലെ ശരാരശരി താപനില ഏഴ് ഡിഗ്രി.
എപ്പോഴും വീശിയടിക്കുന്ന ശീതക്കാറ്റ്.
ഫുട്ബോളെന്നല്ല മിക്കവാറും സമയത്തും
എല്ലാ ഔട്ട്‌ഡോര്‍ ഗെയിമുകളും
ഏറെക്കുറെ അസാധ്യമായ സ്ഥലമാണ്
ഐസ്‌ലാന്റ് എന്ന ദ്വീപ്‌രാഷ്ട്രം.
എന്നാല്‍, ഇച്ഛാശക്തികൊണ്ടും
പ്രായോഗിക ബുദ്ധികൊണ്ടും ഐസ്‌ലാന്റ് ജനത
ആ പരിമിതികളെ മറികടക്കുകയായിരുന്നു.

ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഫിഫ റാങ്കിംഗില്‍
131ാം സ്ഥാനത്തായിരുന്ന ഈ രാജ്യം
ഇപ്പോള്‍ 22ാം സ്ഥാനത്താണ്….
ഒരു രാജ്യത്തിന്‍റെ നിശ്ചയദാര്‍ഢ്യത്തിന്‍റെയും
കൃത്യമായ ആസൂത്രണത്തിന്‍റെയും
കഠിന പ്രയത്നത്തിന്റെയും
വീരഗാഥയുണ്ട് ഈ കുതിച്ചു ചാട്ടത്തിനു പിന്നില്‍…

ഐസ്‌ലാന്റില്‍ ഔട്ട്‌ഡോര്‍
ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളെല്ലാമുണ്ട്.
എന്നാല്‍ കാലാവസ്ഥയില്‍ ഭൂരിഭാഗം സമയവും
ഫുട്‌ബോള്‍ കളി ദുഷ്‌കരമായതിനാല്‍
സോക്കര്‍ ഹൗസു’കള്‍ എന്ന പേരില്‍
ഭീമന്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുകയാണ്
അവര്‍ ആദ്യം ചെയ്തത്.
അങ്ങനെ താപനില ക്രമീകരിച്ച
ഇന്‍ഡോര്‍ ഫുട്ബോള്‍ ഗ്രൗണ്ടുകള്‍
പ്രവര്‍ത്തനക്ഷമമായി.
പിന്നീട് രാജ്യത്തിന്റെ മുക്കിലും മൂലയിലും
ലീഗുകളും പരിശീലന കേന്ദ്രങ്ങളും സ്ഥാപിച്ചു.
എല്ലായിടത്തും ചെറുതും വലുതുമായ
സോക്കര്‍ ഹൗസുകള്‍ സ്ഥാപിച്ചു.
മികച്ച പരിശീലകരെ വാര്‍ത്തെടുത്തു.
ഫുട്ബോള്‍ ഒരു പ്രൊഫഷനായി മാറി.
ദേശീയ ഫുട്ബോള്‍ ടീം
രാജ്യത്തെ ജനങ്ങളുടെ വികാരമായി.
ടീമിന്റെ മത്സരങ്ങള്‍ അവര്‍ക്ക് യുദ്ധങ്ങളായി…

ഇന്ന് ഐസ്‌ലാന്‍ഡില്‍ ചെറുതും വലുതുമായ
200ലേറെ പരിശീലന കേന്ദ്രങ്ങളുണ്ട്.
ഫിഫയുടെ ബി ലൈസന്‍സുള്ള
ആയിരത്തോളം പരിശീലകരുണ്ട്.
നിരവധി ഫുട്ബോള്‍ ക്ലബുകളുണ്ട്.
ഫുട്ബോള്‍ കളിക്കുന്ന ഒരു കുട്ടിയ്ക്കും
മികച്ച പരിശീലകനെ കിട്ടാതെ പോകില്ലെന്ന്
തങ്ങള്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ
ഉറപ്പാക്കിയിട്ടുണ്ടെന്ന്
ഐസ്‌ലാന്‍ഡ് ഫുട്ബോള്‍ അസോസിയേഷനിലെ
ഒരു പ്രമുഖന്‍ പറയുന്നു.
ഇപ്പോള്‍ എത്തിനില്‍ക്കുന്നതല്ല
അതിലുമേറെ ഉയരത്തിലാണ്
ഐസ്‌ലാന്‍ഡിന്റെ ലക്ഷ്യമെന്ന്
അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.

ഫുട്ബോളിന് ആ രാജ്യത്തെ ജനങ്ങള്‍ നല്‍കുന്ന
പിന്തുണയുടെ കാര്യത്തില്‍
ഐസ്‌ലാന്‍ഡ് ഒരു അദ്ഭുതമാണ്.
ആദ്യമായി ഐസ്‌ലാന്‍ഡ് പങ്കെടുത്ത
2016 യുവേഫ കപ്പ് മത്സരങ്ങള്‍ കാണാനെത്തിയത്
ആ രാജ്യത്തെ ജനസംഖ്യയുടെ
പത്ത് ശതമാനത്തോളം പേരായിരുന്നുവത്രെ…

കരുത്തരായ ഇംഗ്ലണ്ടിനെ ഈ രാജ്യം
പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചപ്പോള്‍
ഐസ് ലാന്‍ഡ് ജനസംഖ്യയിലെ
99.8 ശതമാനം ആളുകളും ആ മത്സരം
ടിവിയില്‍ കണ്ടിരുന്നു എന്നറിയുമ്പോള്‍
നമുക്ക് മനസ്സിലാകും ഫുട്ബോളിനെ
ആ ജനത എത്രത്തോളം ഹൃദയത്തില്‍
ഏറ്റുവാങ്ങി കഴിഞ്ഞിരിക്കുന്നു എന്ന്…

2016 യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ്
ഐസ്‌ലാന്റ് എന്ന രാജ്യത്തെ ലോകം
ശ്രദ്ധിച്ചു തുടങ്ങിയത്…
നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ
സമനിലയില്‍ തളച്ചുകൊണ്ടായിരുന്നു തുടക്കം.
ഓസ്ട്രിയയെ തോല്‍പ്പിച്ചും
ഹംഗറിക്കെതിരെ സമനിലയും നേടി
അവര്‍ നോക്കൗട്ട് റൗണ്ടിലെത്തി.
പ്രി ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനു മേല്‍ നേടിയ
2-1 ന്‍റെ ചരിത്ര വിജയവുമായി ക്വാര്‍ട്ടര്‍ പ്രവേശനം.
ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് 2 – 5 ന്‍റെ
പരാജയം ഏറ്റുവാങ്ങി
പുറത്തു പേകേണ്ടിവന്നുവെങ്കിലും അപ്പോഴേക്കും
യൂറോപ്പിന്‍റെ ഫുട്ബോള്‍ ചരിത്രത്തില്‍
അവര്‍ തങ്ങളുടെ പേര്
എഴുതിച്ചേര്‍ത്തുകഴിഞ്ഞിരുന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍
ഐ ഗ്രൂപ്പിലായിരുന്നു ഐസ്‌ലാന്റിന്റെ സ്ഥാനം.
പത്തു മത്സരങ്ങളില്‍ ഏഴിലും വിജയം..
ഒരു സമനിലയും രണ്ടു തോല്‍വിയും മാത്രം..
അങ്ങനെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി
ലോകകപ്പിന് യോഗ്യത നേടുമ്പോള്‍
ലോകകപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും
ചെറിയ രാജ്യമായി ഐസ് ലാന്‍ഡ്
ചരിത്രത്തില്‍ ഇടം പിടിച്ചു.
പത്തു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള
ഒരു രാജ്യം ലോകകപ്പ് കളിക്കുന്നത്
അതിന്‍റെ ചരിത്രത്തില്‍ ആദ്യമാണ്…

ലോകകപ്പില്‍ അര്‍ജന്റീനയുടെ
ഗ്രൂപ്പിലാണ് എന്നറിഞ്ഞപ്പോള്‍
അവര്‍ക്കെതിരേ കളിക്കുന്നത്
‘റൊമാന്റിക്’ ആണ് എന്നായിരുന്നു
ഐസ്‌ലാന്റ് കോച്ചിന്റെ ആദ്യ പ്രതികരണം…
ആ പറഞ്ഞത് നൂറു ശതമാനം സത്യമായിരുന്നുവെന്ന്
ഇന്നലെ കളി കണ്ടവര്‍ക്ക് തോന്നിപ്പോകും..
മെസ്സി എന്ന ഫുട്ബോള്‍ മാന്ത്രികന്‍റെ
ടിമിനെതിരെ യാതൊരു ഭയപ്പാടും കാണിക്കാതെ
കൃത്യമായ പ്രതിരോധത്തിലൂന്നി
എന്നാല്‍ പരുക്കന്‍ അടവുകളുടെ
അകമ്പടികളേതുമില്ലാതെ നടത്തിയ ചെറുത്തുനില്‍പ്പ്
അവര്‍ യഥാര്‍ഥത്തില്‍ ആ മത്സരം
ആസ്വദിക്കുകയാണോ എന്നു തോന്നിപ്പിക്കുന്നതായിരുന്നു..

ഇനിയുള്ള മത്സരഫലങ്ങള്‍ എന്തുതന്നെയായാലും
ഈ ഒരൊറ്റ മത്സരത്തിലൂടെ ഐസ് ലാന്‍ഡ്
ലോക ഫുട്ബോള്‍ ഭൂപടത്തില്‍
തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു..

ഒപ്പം പ്രതിബദ്ധതയും നിശ്ചയദാര്‍ഢ്യവും
ഒത്തുചേര്‍ന്നാല്‍ ഒരു രാജ്യത്തിന്
കീഴടക്കാന്‍ കഴിയാത്ത ഒരു മേഖലയുമില്ലെന്ന്
അവര്‍ ലോകത്തിനെ ബോധ്യപ്പെടുത്തുന്നു…

ചങ്ങമ്പുഴ എങ്ങനെയാണ് മരിച്ചത് / എം. എന്‍. വിജയന്‍

changampuzha

1948-ലാണ് ചങ്ങമ്പുഴ മരിക്കുന്നത്. തൃശൂര്‍ മംഗളോദയം നഴ്‌സിംഗ് ഹോമില്‍ വെച്ചായിരുന്നു അദ്ദേഹം അന്ത്യദിനങ്ങള്‍ പിന്നിട്ടത്. ഇതിന് ഏതാനും നാള്‍ മുമ്പ് ഇടപ്പള്ളിയിലുള്ള വീട്ടിലായിരുന്നു. കടുത്ത ക്ഷയരോഗ ബാധിതനായിരുന്നു അദ്ദേഹം. മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുമായിട്ടായിരുന്നു ചങ്ങമ്പുഴയുടെ വിദ്യാഭ്യാസം. അന്ന് ചങ്ങമ്പുഴ മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധന്‍. ഒരുപാടു പേര്‍ അദ്ദേഹത്തിന്റെ ആരാധകര്‍. ചങ്ങമ്പുഴയെ കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ഒരു ചെറുനദിപോലെ നിറുത്താതെയൊഴുകുന്ന വാക്കുകള്‍ കേള്‍ക്കണമെന്ന തോന്നല്‍ ഓരോ ദിവസവും എന്നില്‍ ശക്തിപ്പെട്ടുകൊണ്ടിരുന്നു.

ഞാന്‍ ഇടപ്പള്ളിയിലെ വീട്ടിലെത്തുമ്പോള്‍ മുറ്റത്ത് മറ്റൊരു കുടില്‍. ഭാര്യയ്ക്കും മക്കള്‍ക്കും രോഗം വരാതിരിക്കാനായി ചങ്ങമ്പുഴ മാറി താമസിക്കയാണ്. ”എന്തിനാണ് മറ്റൊരു വീട്?” ഞാന്‍ ചോദിച്ചു. ”കുഞ്ഞുങ്ങള്‍ക്ക് അസുഖം വരാതെ നോക്കണ്ടേ” അദ്ദേഹത്തിന്റെ ചോദ്യം എന്നോടായി. ഏറെ പ്രസാദവാനായി ചിരിച്ചുകൊണ്ട് അദ്ദേഹം തലയിണക്കിടയില്‍ സൂക്ഷിച്ചിരുന്ന മദ്യമെടുത്ത് ഗ്ലാസില്‍ പകരാന്‍ തുടങ്ങി. മദ്യപിക്കരുതെന്ന് ഡോക്ടര്‍മാര്‍ കര്‍ക്കശമായി വിലക്കിയിരുന്നു. പക്ഷേ, ഒരു വിലക്കും ചങ്ങമ്പുഴയെ ബാധിച്ചില്ല. അദ്ദേഹം നിര്‍ബാധം മദ്യപിച്ചുകൊണ്ടിരുന്നു. ആരുടെയും ശാസന കേള്‍ക്കാതെ മദ്യപിക്കാനുള്ള അവസരമൊരുക്കാനാണ് മുറ്റത്ത് വേറിട്ടൊരു കുടിലൊരുക്കിയിരുക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ചങ്ങമ്പുഴ മണിക്കൂറുകളോളം സംസാരിച്ചു. സംസാരിക്കുന്നതിനിടയില്‍ ഒരു ഇനാമല്‍ മഗ്ഗിലേക്ക് തുപ്പിക്കൊണ്ടിരുന്നു. ആഹ്ലാദത്തിന്റെ കുമിളകള്‍ അദ്ദേഹത്തില്‍ പതഞ്ഞുയരുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ വാക്കുകളില്‍ എനിക്ക് പിടികിട്ടാത്തൊരു ലയമുണ്ടായിരുന്നു. സ്വപ്‌നവും യാഥാര്‍ത്ഥ്യവും അവയില്‍ ഇടകലര്‍ന്നു. അത്ഭുതങ്ങളുടെ നേര്‍ത്ത വീണക്കമ്പികള്‍ പൊട്ടിവീണു. പക്ഷേ, ഞാനൊരു ചോദ്യവും ഉന്നയിച്ചില്ല. എനിക്ക് സംശയങ്ങളില്ലായിരുന്നു. മാന്ത്രിക സ്പര്‍ശമുള്ള ആ വാക്കുകളില്‍ ഞാന്‍ മുഗ്ധനായി.

വാക്കുകള്‍ ഇടയ്ക്കുവെച്ച് നിറുത്തി ചങ്ങമ്പുഴ മകനെ ‘ശ്രീ’ എന്ന് നീട്ടി വിളിച്ചു. നാടകങ്ങളിലും സിനിമകളിലും കാണുന്ന ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെപ്പോലെ വള്ളി ട്രൗസറിട്ട്, മൂക്കൊലിപ്പിച്ച് ‘ശ്രീ’ എന്ന ‘ശ്രീകുമാര്‍’ കടന്നുവന്നു. അന്ന് ശ്രീകുമാറിനെക്കൂടാതെ ഭാര്യയും രണ്ട് പെണ്‍കുട്ടികളുമാണ് ചങ്ങമ്പുഴയുടെ വീട്ടില്‍ ഉണ്ടായിരുന്നത്്. ചങ്ങമ്പുഴ മകനോട് ആഹ്ലാദത്തോടെ എന്തോ പറഞ്ഞു. ഈ അനല്‍പമായ സന്തോഷവും ലാഘവത്വവും എന്നെ അസ്വസ്ഥനാക്കി. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ക്ഷയരോഗത്തിന് മരുന്ന് കണ്ടുപിടിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. പെന്‍സിലിന്‍ പ്രചാരത്തിലുണ്ട്. ക്ഷയരോഗത്തിന് കൊടുത്തിരുന്ന ഐ.എന്‍.എച്ച്. പോലുള്ള മരുന്നുകള്‍ രോഗികള്‍ക്ക് അമിതമായ സന്തോഷം പ്രദാനം ചെയ്യുന്നവയായിരുന്നു. ചങ്ങമ്പുഴയുടെ ആഹ്ലാദനിമിഷങ്ങളുടെ അര്‍ത്ഥം ഇതായിരുന്നുവെന്ന് എനിക്ക് പിന്നീട് മനസ്സിലായി. പെന്‍സിലിന്‍ കണ്ടുപിടിച്ച ഫ്‌ളെമിങ്ങ് അക്കാലത്തെ ഏറ്റവും ആരാധ്യനായ മനുഷ്യനാണ്. മദ്രാസ് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ കോണ്‍ഫറന്‍സിനു വന്ന അലക്‌സാണ്ടര്‍ ഫ്്‌ളെമിങ്ങിനെ ഒരു നോക്കുകാണാന്‍ ഞാന്‍ ആരാധനയോടെ കാത്തുനിന്നു. മദ്രാസിലെ ഏറ്റവും തിരക്കുപിടിച്ച തെരുവിലൂടെ അദ്ദേഹം കാറില്‍ നീങ്ങുന്നത് ഞാന്‍ അതിരറ്റ സംതൃപ്തിയോടെ നോക്കിക്കണ്ടു.

ചങ്ങമ്പുഴ സുന്ദരനായിരുന്നു. ഒഴുകി നീണ്ടുപോകുന്ന വിരലുകള്‍. അറ്റമില്ലാത്തതുപോലെ. എപ്പോഴും സ്വര്‍ണ്ണക്കണ്ണട ധരിക്കും. ചിലയവസരങ്ങളില്‍ കാവിയും രുദ്രാക്ഷവും ധരിച്ചാണ് ചങ്ങമ്പുഴ പ്രത്യക്ഷപ്പെടുക. ചിലപ്പോള്‍ സ്വര്‍ണനിറമുള്ള സില്‍ക്ക്ു ജുബ്ബയും മുണ്ടും സ്വര്‍ണ്ണക്കണ്ണടയും ധരിച്ച് തന്റെ സ്വര്‍ണ്ണനിറമുള്ള ശരീരത്തിന്റെ പ്രകാശവും പരത്തി ഒരു സ്വര്‍ണ്ണ വിഗ്രഹമായി വരും. ഒരുതരം വേഷംകെട്ടലായിരുന്നു ചങ്ങമ്പുഴയുടേത്. നമ്മുടെ കമലാദാസിനും ഇത്തരം ഒരു മാനസികാവസ്ഥയുണ്ട്. ചങ്ങമ്പുഴ ജാതകവുമെഴുതിയിരുന്നു. അദ്ദേഹം ജ്യോത്സ്യത്തെക്കുറിച്ച് എഴുതിയ ഒരു പുസ്തകം കണ്ണൂരില്‍ ഒരാളുടെ കയ്യില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒരേയൊരു ജ്യോത്സ്യഗ്രന്ഥം വായിച്ചാണ് അദ്ദേഹം ജ്യോത്സ്യം പഠിച്ചത്. പിന്നെ ജാതകം എഴുതാന്‍ തുടങ്ങി. കണ്ടുമുട്ടുന്നവരുടെയൊക്കെ ഫലം പറയും. ജാതകം എഴുതി നല്‍കും. ഇടപ്പള്ളിയിലെ വീടിന്റെ മുറ്റത്തുള്ള ഇടവഴിയിലൂടെ പോകുന്നവരെയൊക്കെ ജാതകമെഴുതാനായി ചങ്ങമ്പുഴ മാടിവിളിച്ചിരുന്നു. നിന്റെ ജാതകം ഞാന്‍ എഴുതുമെന്ന് പറഞ്ഞ് നിരവധി പേരെ ചങ്ങമ്പുഴ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എറണാകുളത്തെ ‘വൈറ്റ്ഹാള്‍’ എന്ന തുണിക്കടയില്‍ ഇടവിട്ട് ചങ്ങമ്പുഴ കടന്നുചെല്ലും. കടയുടെ മധ്യത്തില്‍ ഒരു കസേര വലിച്ചിട്ട് കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് സ്റ്റൈലായി ഇരിക്കും. സ്വര്‍ണ്ണക്കണ്ണട എടുത്ത് ഇടവിട്ട് തുടച്ചുകൊണ്ടിരിക്കും. ഒരു വസ്ത്രതലപ്പുപോലും അവിടെ നിന്ന് ചങ്ങമ്പുഴ വാങ്ങുന്നത് ആരും കണ്ടിട്ടുണ്ടാവില്ല. ഈ ലോകത്തോട് ചങ്ങമ്പുഴ എന്ന ഞാന്‍ ഇവിടെയുണ്ട് എന്ന പ്രഖ്യാപനമായിരുന്നു അത്.

ഓണേഴ്‌സിന് ചങ്ങമ്പുഴ തോറ്റു. ആ ‘ഉള്ളൂര്‍’ എന്നെ തോല്‍പ്പിച്ചുവെന്ന് ചങ്ങമ്പുഴ പലരെയും തടുത്തുനിര്‍ത്തി പറഞ്ഞു. ഫൈനാന്‍സ് സെക്രട്ടറിയായിരുന്ന ഉള്ളൂര്‍ ചങ്ങമ്പുഴയുടെ എക്‌സാമിനറായിരുന്നു. വ്യാകരണാധ്യാപകന്‍ ഗോദവര്‍മ്മയും. താനൊരു മഹാകവിയായതുകൊണ്ടുള്ള അസൂയമൂലം രണ്ടുപേരും ചേര്‍ന്ന് എന്റെ പണികഴിച്ചു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വാസ്തവത്തില്‍ ചങ്ങമ്പുഴക്ക് ഗ്രാമര്‍ അറിയില്ലായിരുന്നു. ഗ്രാമര്‍ പഠിക്കേണ്ട ഒരു സാധനമാണെന്ന് അദ്ദേഹം കരുതിയില്ല. വൃത്തവും പ്രാസവും ചങ്ങമ്പുഴയുടെ ലോകത്തേക്ക് കടന്നുവന്നതേയില്ല. ഇടപ്പള്ളി ചങ്ങമ്പുഴയുടെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന് ബുദ്ധി കുറവായിരുന്നു. പത്താം ക്ലാസിലും വിദ്വാന്‍ പരീക്ഷയിലും അദ്ദേഹം തുടര്‍ച്ചയായി തോറ്റു. ജീവിതത്തിലുണ്ടായ ദുരന്തങ്ങള്‍കൊണ്ട് അദ്ദേഹം ആരോടും അധികമൊന്നും സംസാരിച്ചില്ല. കറുത്ത് വിരൂപനായ അദ്ദേഹത്തെ ‘അസ്ഥിക്കറുമ്പന്‍’ എന്നാണ് ഇടപ്പള്ളിയിലെ സ്‌കൂള്‍ കുട്ടികള്‍ വിളിച്ചിരുന്നത്. ഇ.വി.കൃഷ്ണപ്പിള്ളയുടെ അവതാരികയില്‍ ചങ്ങമ്പുഴയുടെ കവിതാസമാഹാരം പുറത്തുവന്നപ്പോള്‍ സെക്രട്ടറിയേറ്റിലെ ആരെയോ സ്വാധീനിച്ച് ഉള്ളൂരിന്റെ അവതാരികയില്‍ ഇടപ്പള്ളി പുസ്്്തകമിറക്കി. അങ്ങനെയാണ് ഉള്ളൂര്‍ ചങ്ങമ്പുഴയുടെ ശത്രുവായത്. തനിക്ക് പാണ്ഡിത്യമുണ്ടെന്ന് കാണിക്കാന്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ കോട്ടയം മീറ്റിങ്ങില്‍ പ്രസിദ്ധരുടെ ഉദ്ധരണികള്‍ ഉദ്ധരിച്ച ്ചങ്ങമ്പുഴ മണിക്കൂറുകളോളം പ്രസംഗിച്ചു. തനിക്ക് പാണ്ഡിത്യമില്ലായെന്ന വിമര്‍ശനത്തിന് അങ്ങനെ ചങ്ങമ്പുഴ മറുപടി പറഞ്ഞു. ചങ്ങമ്പുഴ കാളിദാസന്റെ തര്‍ജ്ജമയെടുത്ത് ഈസിയായി പരിഭാഷപ്പെടുത്തിയിരുന്നു. ഇംഗ്ലീഷിലും സംസ്‌കൃതത്തിലുമുള്ള ജയദേവന്റെ ഗീതഗോവിന്ദം മണിക്കൂറുകള്‍കൊണ്ട് ചങ്ങമ്പുഴ മലയാളത്തിലാക്കി. അദ്ദേഹം അത്രയേറെ നിപുണന്‍ ആയിരുന്നു. തനിക്കുതോന്നുമ്പോള്‍ അദ്ദേഹം ഒരുപാട് സ്‌നേഹിച്ചു. തോന്നുമ്പോള്‍ ഒരുപാട് വെറുക്കുകയും ചെയ്തു.

സ്വന്തം കവിത എം.എ.യ്ക്ക് ചങ്ങമ്പുഴയുടെ പാഠപുസ്തകമായിരുന്നു എന്നു പറയുന്നത് തെറ്റാണ്. ആരാധന കൊണ്ട് പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ചങ്ങമ്പുഴയുടെ കവിത പാഠപുസ്തകമാകുന്നത് ചര്‍ച്ചവന്നപ്പോള്‍ ‘മലരണിക്കാടുകള്‍ തിങ്ങിവിങ്ങി’ എന്ന വരിയുടെ അര്‍ത്ഥം എന്താണെന്നാണ് അധ്യാപകര്‍ ചോദിച്ചത്. ഒരു സ്ത്രീയുടെ അതീവമൃദുലമായ സ്പര്‍ശം ചങ്ങമ്പുഴയുടെ കവിതയില്‍ നിറഞ്ഞിരുന്നു. കവിതയില്‍ ചങ്ങമ്പുഴ ഒരു സ്ത്രീയായി മാറി. ഈ തരളസ്പരശവും ചങ്ങമ്പുഴയുടെ രൂപവും നിരവധി സ്്ത്രീകളെ ചങ്ങമ്പുഴയിലേക്ക് ആകര്‍ഷിച്ചു. ഒരു ഡോക്ടറുടെ ഭാര്യയെ ചങ്ങമ്പുഴ പ്രണയിച്ചു. അവര്‍ക്കുവേണ്ടി നിരവധി പ്രണയലേഖനങ്ങളെഴുതി. അദ്ദേഹത്തിന്റെ ജുബ്ബയുടെ പോക്കറ്റില്‍ കവിത തുളുമ്പുന്ന പ്രണയലേഖനങ്ങള്‍ കിടന്നിരുന്നു. അദ്ദേഹം എപ്പോഴും കവിതയിലൂടെ ചിന്തിച്ചു. പ്രിയപ്പെട്ടതൊക്കെ അദ്ദേഹം യാഥാര്‍ത്ഥ്യത്തിലൂടെയോ സ്വ്്പനത്തിലൂടെയോ സ്വന്തമാക്കി. അദ്ദേഹം പറയുന്നത് യാഥാര്‍ത്ഥ്യമാണോ സ്വപ്‌നമാണോയെന്ന് ആരും സംശയിക്കുമായിരുന്നില്ല. വല്ലാത്തൊരു ലയം അദ്ദേഹത്തിന്റെ സത്തയായിരുന്നു. അതുകൊണ്ടാണ് തന്നെ കണ്ടിട്ടുപോലുമില്ലാത്ത പെണ്‍കുട്ടികള്‍ തന്നെ പ്രണയിക്കുന്നുവെന്ന് ചങ്ങമ്പുഴ ഇടവിട്ട് പറഞ്ഞുകൊണ്ടിരുന്നു. തൃപ്പൂണിത്തുറ മഹാത്മ വായനശാലയില്‍ കൂടിയ യോഗത്തില്‍ ചങ്ങമ്പുഴ എഴുതരുതെന്ന പ്രമേയം പാസ്സാക്കി. ചങ്ങമ്പുഴ എഴുതുന്നത് ആര്‍ക്കും തടുക്കാന്‍ കഴിയാത്ത കവിതയായതുകൊണ്ടാവാം അത്തരം പ്രമേയം പാസ്സാക്കപ്പെട്ടത്. ചങ്ങമ്പുഴ കവിതയുടെ വിഷാദാത്മകത്വത്തെക്കുറിച്ചാണ് സഞ്ജയന്‍ പറഞ്ഞത്. എന്നാല്‍ ജീവിതത്തില്‍ നൂറുജന്മം ദുഃഖിക്കാനുള്ള ദുരന്തങ്ങളായിരുന്നു സഞ്ജയന്റേത്. ദുഃഖം സഞ്ജയന്‍ ചിരിച്ചുതീര്‍ക്കുകയായിരുന്നു. കരളെരിഞ്ഞാലും തലപുകഞ്ഞാലും ചിരിക്കണമെന്നതായിരുന്നു സഞ്ജയന്റെ മതം. സഞ്ജയന് ദുഃഖിക്കാനുള്ളതിന്റെ ഒരു ശതമാനും പോലും ദുഃഖിക്കാന്‍ ചങ്ങമ്പുഴക്കുണ്ടായില്ല. എന്നിട്ടും ചങ്ങമ്പുഴ എപ്പോഴും കരഞ്ഞുകൊണ്ടിരുന്നു. ചങ്ങമ്പുഴ എന്ന കാറ്റാടി ഒരു ചെറുകാറ്റില്‍ പോലും തിരിഞ്ഞ് ഒരിക്കലും ഉറങ്ങാതെ മറ്റുള്ളവരുടെ ദുഃഖങ്ങള്‍ പിടിച്ചെടുത്തുകൊണ്ടിരുന്നു.

കേസരി പറഞ്ഞത് കുഞ്ചന്‍നമ്പ്യാര്‍ക്ക് ശേഷം ഭാഷയെ ഇതുപോലെ ഉപയോഗിച്ച ഒരാള്‍ ഉണ്ടായിട്ടില്ല എന്നാണ്. എല്ലാവരും ചങ്ങമ്പുഴയെ സ്‌നേഹിച്ചു. കൊതിച്ചു. സഞ്ജയന്‍ മുതല്‍ വിപ്ലവകാരികള്‍ വരെ ചങ്ങമ്പുഴയുടെ കൂടെപോയി. ചങ്ങമ്പുഴ ആര്‍ക്കും പിടികൊടുത്തില്ല. ചങ്ങമ്പുഴയുടെ മരണശേഷം ഞാന്‍ മലയാള അധ്യാപകനായി നിരവധി കുട്ടികളെ പഠിപ്പിച്ചു. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ കവിതയുടെയും ജീവിതത്തിന്റെയും ലയം ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്നു. പത്തൊമ്പതു വയസ്സില്‍ എനിക്ക് മനസ്സിലാവാത്തത് പിന്നീട് മനസ്സിലാവുമെന്ന് കരുതി. ഇടപ്പള്ളി തന്നെ നിരന്തരം തോല്‍പിച്ച ചങ്ങമ്പുഴയെക്കുറിച്ച് ‘അടിച്ചുതളിക്കാരിയുടെ മകന്‍’ എന്നാണ് അസൂയ പറഞ്ഞുനടന്നിരുന്നത്. അതേക്കുറിച്ച് ചങ്ങമ്പുഴ സങ്കടപ്പെട്ടിരുന്നു. ഹോട്ടലില്‍നിന്ന് ഊണുകഴിച്ചാല്‍ അടിച്ചുതളിക്കാരിയുടെ മകന്‍ നല്‍കുന്നത് രണ്ടുവരി കവിത. ക്ലാസില്‍നിന്ന് ടീച്ചര്‍ പുറത്താക്കുമ്പോള്‍ ടീച്ചര്‍ക്കായി രണ്ടുവരി കവിത. ടീച്ചര്‍ മരിച്ചുപോയി. അടിച്ചുതളിക്കാരിയുടെ മകനും അദ്ദേഹത്തിന്റെ കവിതയും ഇനിയും മരണത്തിന് പിടികൊടുക്കാതെ എന്റെ ഉറക്കം കെടുത്തുന്നു.

വിമർശകന്റെ ജീവിതപര്യടനം / കെ. എം. സുജാത

Kuttikrishna_Marar

മലയാളത്തിലെ നിരൂപണ രംഗത്തെ ഏറ്റവും മികച്ച പുസ്തകമെന്ന് വിലയിരുത്തപ്പെടുന്ന ‘ഭാരതപര്യടനം’ രചിച്ച, മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലയേറിയ സംഭാവനകൾ നൽകിയ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന പ്രതിഭാധനന്റെ വ്യക്തിത്വവിശേഷങ്ങൾ… ‘അടുപ്പത്തിന്റെ കണ്ണട’യിൽ കുട്ടികൃഷ്ണമാരാരെ കുറിച്ച് മകൾ സുജാത” 

അടുപ്പം കൊണ്ടു മാത്രം വായിച്ചെടുക്കാന്‍ പറ്റുന്ന ചില വശങ്ങളുണ്ട് ഓരോ വ്യക്തിത്വത്തിനും. ആ വായിച്ചെടുക്കലും കൂടിയായാലേ ആ വ്യക്തിചിത്രങ്ങള്‍ പൂര്‍ണ്ണമാവൂ. ദൂരെ നിന്നു കണ്ടതൊന്നുമായിരുന്നില്ല ശരിക്കുള്ള ചിത്രം എന്നു അപ്പോള്‍ മാത്രമാണ് മനസ്സിലാവുക. രക്തബന്ധം കൊണ്ടു വരുന്ന തുടര്‍ച്ച, നിരന്തര സാമീപ്യം കൊണ്ടുണ്ടായ ഇഴയടുപ്പം, ഒപ്പം വച്ച കാല്‍ച്ചോടുകള്‍ പൂഴ്ന്നുണ്ടായ മനസ്സിലാക്കലുകള്‍, അങ്ങനെ ഏതുമാവാം അടുപ്പത്തിനു കാരണങ്ങള്‍. അടുപ്പത്തിന്‍റെ നടുമുറ്റത്തു നിന്ന് ഒരാള്‍ മറ്റൊരാളെ വായിക്കുകയാണ്, ആ വായനയില്‍ മറ്റാരും കാണാത്ത ചില അളന്നുകുറിക്കലുകള്‍ ഉണ്ടാവും, തീര്‍ച്ച.

കേള്‍വിക്കാരും വായനക്കാരും കാഴ്ചക്കാരും അറിയാതെ പോകുന്ന പ്രകാശഗോപുരങ്ങള്‍, പൊട്ടിച്ചിരികള്‍, വേവലുകള്‍, ആന്തലുകള്‍, ഒറ്റപ്പെടലുകള്‍, ഉത്സവങ്ങള്‍, ഈരടികള്‍, രസച്ചരടുകള്‍, കളിക്കമ്പങ്ങള്‍ ഒക്കെയുണ്ട് ഓരോരുത്തരുടെയും ഉള്ളില്‍. അതെല്ലാം അടുപ്പത്തിന്‍റെ കണ്ണടയിലൂടെ മാത്രം കാണാവുന്ന ചിലതാണ്…

വിമർശകന്റെ ജീവിതപര്യടനം

വേണ്ടപ്പെട്ടവർ മരിച്ചാൽ അവരുടെ ജന്മദിനത്തിന് നാം സാധാരണ പ്രാധാന്യം കൊടുക്കാറില്ല. എന്നാലും ഇന്ന് അച്ഛന്റെ 118 ആം ജന്മദിനമാണ്. സത്യസന്ധതയും ആര്‍ജ്ജവവുമാണ് അച്ഛന്‍റെ ഏറ്റവും വലിയ കൈമുതലെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. ആ ധിഷണാ വൈഭവത്തെക്കുറിച്ചോ, ഓജസ്സുറ്റ, താളനിബദ്ധമായ ആ ഭാഷാ ശൈലിയെക്കുറിച്ചോ പ്രത്യേകം പറയേണ്ടതുമില്ല. അഭൂതപൂർവ്വമായ കാഴ്ചപ്പാടുകളും വിലയിരുത്തലുകളും ആ അനുകരണീയമായ ശൈലിയിലൂടെ ഒഴുകി വന്നപ്പോൾ സാഹിത്യലോകം അതേറ്റു വാങ്ങുകയായിരുന്നുവല്ലോ. വ്യതിരിക്തവും അതേ സമയം തീർത്തും യുക്തിയുക്തവുമായ നിരീക്ഷണങ്ങള്‍ക്കുപരി വൈകാരികമായ ഒരു സമീപനം അച്ഛന് ഒന്നിനോടും ഉണ്ടായിരുന്നില്ല, അത് കുടുംബത്തിലായാലും പുറത്തായാലും ശരി. വാക്കുകളിൽ എപ്പോഴും കണിശമായി പാലിച്ചിരുന്ന മിതത്വം സ്നേഹപ്രകടനങ്ങളിലും നിഴലിച്ചിരുന്നു; അതൊരു കുറവായി ഞങ്ങൾക്കാര്‍ക്കും തന്നെ തോന്നിയിട്ടുമില്ല.

ഞങ്ങൾ ഏഴ് മക്കളായിരുന്നു: മുരളീധരൻ, ഗംഗാധരൻ, ചന്ദ്രിക, ഞാൻ, ദിവാകരൻ, ഉഷ, ദുർഗ്ഗ. എന്റെ തൊട്ടു താഴെ വേറെ ഒരനിയൻ ഉണ്ടായിരുന്നു; ആ കുട്ടി ജനിച്ച ആയിടയ്ക്ക് തന്നെ ഇവിടം വിട്ടു പോയി. ഇപ്പോൾ ഞാനും അനിയത്തിമാരും മാത്രം ബാക്കി. മുരളീധരേട്ടൻ കഴിഞ്ഞാൽ അച്ഛന്റെ കൂടെ ഏറ്റവും അധികം കാലം കഴിയാനുള്ള സൗഭാഗ്യം ഉണ്ടായത് എനിക്കാണ്. പഠിപ്പും ജോലിയുമായി ഒരഞ്ചു കൊല്ലമേ വീട്ടിൽ നിന്നകന്നിരുന്നിട്ടുള്ളു.

എന്റെ വിഡ്ഢിത്തം പറയലിന്, എന്നെ ചീത്ത പറയാൻ പോലും പറ്റാത്ത ഒരു നിസ്സഹായാവസ്ഥയിൽ അച്ഛനേയും അമ്മയേയും ആക്കിയതാണ് എന്റെ ആദ്യത്തെ ഓർമ്മ. എനിക്ക് ഏകദേശം നാല് വയസ്സുള്ളപ്പാേൾ ഞങ്ങൾ പൊന്നാനിയിൽ അമ്മയുടെ വീടിനരികെയുള്ള അമ്പലത്തിൽ പോയി. അതു വരെ കോഴിക്കോടായിരുന്ന എനിക്ക് അമ്പലത്തിലെ ചിട്ടവട്ടങ്ങളൊന്നും അറിയുമായിരുന്നില്ല. ശ്രീകോവിലിൽ നിന്ന് ഇറങ്ങി വരുന്ന തിരുമേനി “തൊടരുത് മാറിനിൽക്കൂ” എന്ന് പറഞ്ഞപ്പോൾ എനിക്കാകെ അറിയാവുന്ന, വീട്ടിൽ ഇടയ്ക്കിടയ്ക്ക് അമ്മ ആചരിച്ചു കാണുന്ന ആ അയിത്തം ഒരു സങ്കോചവുമില്ലാതെ തിരുമേനിക്ക് ഉറക്കെ ചാർത്തിക്കൊടുത്ത് “എനിക്കിനി കുളിക്കാനൊന്നും വയ്യേ ” എന്ന ഭാവത്തോടെ ഉടുപ്പൊക്കെ ഒതുക്കി പിടിച്ച് ഭവ്യതയോടെ നിന്നു. “അയ്യോ ഈ കുട്ടി” എന്ന് എല്ലാവരും കൂടി പറഞ്ഞതോർമ്മയുണ്ട്. അച്ഛന്റേയും അമ്മയുടേയും അപ്പാഴത്തെ അവസ്ഥ ഇപ്പോൾ എനിക്കാലോചിക്കാനേ വയ്യ. ഏതായാലും എന്നെ ചീത്തയൊന്നും പറഞ്ഞില്ല. അമ്പലത്തിലെ ശുദ്ധാശുദ്ധം വേറെയാണെങ്കിലും പറയട്ടെ: അച്ഛന്
സവർണ്ണാവർണ്ണർ തമ്മിലുള്ള അയിത്താചരണത്തോട് തികഞ്ഞ എതിർപ്പായിരുന്നു. ക്ഷേത്രപ്രവേശനം നടന്നിട്ടില്ലാത്ത ആ കാലത്ത് സാക്ഷാൽ ശ്രീകൃഷ്ണൻ വന്നാൽ പോലും ഗുരുവായൂരമ്പലത്തിൽ കേറ്റില്ലെന്ന് അച്ഛൻ പറയാറുണ്ടായിരുന്നത്രെ.

kuttikrishna marar ,memories,sujatha

കുട്ടികൃഷ്ണ മാരാരും കുടുംബവും

അയിത്തത്തെപ്പറ്റി ഒരു കാര്യം കൂടി പറയട്ടെ: വള്ളത്തോളിന്റെ സ്വാധീനമാണ് അച്ഛന്റെ ശ്രദ്ധ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് തിരിച്ചുവിട്ടത്. അച്ഛൻ വള്ളത്തോളിന്റെ വീട്ടിൽ നിന്ന് ഊണ് കഴിച്ചെന്നറിഞ്ഞ മുത്തശ്ശി ആരു പറഞ്ഞാലും അവിടെ നിന്ന് ഉണ്ണരുതെന്ന് അമ്മയെ കർശനമായി താക്കീത് ചെയ്തത്രെ… കുലമഹിമ സ്ത്രീയെ ആശ്രയിച്ചാണല്ലോ നില നിൽക്കുക. (നായരും മാരാരും ജാതിയിൽ തങ്ങളാണെന്ന് മീതെ എന്നു ഭ്രമിച്ചിരുന്ന കാലം) അതുമല്ല, മുത്തശ്ശിക്ക് അമ്പലത്തിലെ അടിയന്തിരം നഷ്ടപ്പെടുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. പക്ഷെ അച്ഛന്റെ ഭാഷയിൽ മുത്തശ്ശിയുടെ ഈ തലയണമന്ത്രത്തിന്ന് ഫലമുണ്ടായില്ല. പിൽക്കാലത്ത് എസ്.കെ.പൊറ്റെക്കാട്, മധുരവനം കൃഷ്ണക്കുറുപ്പ് തുടങ്ങി പലരും സാഹിത്യസല്ലാപത്തിന് വീട്ടിൽ വരാറുണ്ടായിരുന്നു. ഒരിക്കൽ വക്കം അബ്ദുൾ ഖാദർ ഉണ്ണാനുണ്ടായിരുന്നു. അതിഥി ദേവോ ഭവ എന്ന് അച്ഛനിൽ നിന്ന് ഉൾക്കൊണ്ട അമ്മയ്ക്ക് അദ്ദേഹം ഉണ്ടേടം തളിച്ചു തുടയ്ക്കാൻ ഒരു മടിയുമുണ്ടായിരുന്നില്ല.

അമ്പലവുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി പറയട്ടെ: ഒരിക്കൽ അമ്മ ഗംഗാധരേട്ടന് വേണ്ടി നേന്ത്രപ്പഴം കൊണ്ട് ഗുരുവായൂരമ്പലത്തിൽ തുലാഭാരം നേർന്നു, ഇവർ കർക്കിടക മാസത്തിലോ മറ്റോ ആണ് ഗുരുവായൂര് പോയത്. എന്തായാലും നല്ല പഴം കിട്ടാതെ, കിട്ടിയ കുരുട്ടു പഴം കൊണ്ട് ശരിക്കും ‘വഴിപാട്’ തന്നെ കഴിച്ചു പോരേണ്ടി വന്നു. അന്നച്ഛൻ അമ്മയോട് പറഞ്ഞു “നാരായണിക്കുട്ടീ, ദയവു ചെയ്ത് മീന മാസത്തിൽ തിരുവാതിര ഞാറ്റുവേലേലെ വെള്ളം കൊണ്ട് തുലാഭാരൊന്നും നേരരുത്. അമ്പലത്തിൽ പോവുമ്പോ എന്താ തോന്ന്ണത്ച്ചാ അത് ചെയ്യാം”. അത് കേട്ടെങ്കിലും അമ്മയ്ക്കതെത്രത്തോളം പാലിക്കാൻ പറ്റി എന്നറിയില്ല . കുട്ടികൾക്ക് അസുഖം വരുമ്പോൾ ചിലപ്പോൾ അതൊക്കെ മറന്നിട്ടുണ്ടാവാം

അച്ഛൻ ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ എന്ത് പറഞ്ഞാലും, തനിക്ക് ബോധ്യമായില്ലെങ്കിൽ അതിന് മാറ്റം വരുത്തില്ല. എനിക്കൊരു പത്ത് വയസ്സുള്ളപ്പോൾ എനിക്കേറെ പ്രിയപ്പെട്ട കൂട്ടുകാരി ഐക്യമുന്നണിയുടെ ജാഥയിൽ പോവുന്നെന്ന് പറഞ്ഞപ്പോൾ അന്ന് (ഇന്നും എന്ന് പറയാം) രാഷ്ട്രീയം ഒന്നും അറിയാത്ത ഞാൻ ആ കുട്ടിയോടുളള ഇഷ്ടം കൊണ്ടു മാത്രം പോവണമെന്ന് ശാഠ്യം പിടിച്ചു. സമ്മതിക്കാത്തപ്പോൾ “സലി പോണുണ്ടല്ലോ” എന്ന് വാദിച്ചു. “സലിയല്ല ഈശ്വരൻ തന്നെ പോണ്‌ണ്ടെങ്കിലും സുജാത പോണ്ട” എന്ന് പറഞ്ഞ് ആശയ്ക്കുള്ള എല്ലാ പഴുതും അടച്ചു. അവിടെ ഒരു നീക്കുപോക്കുമില്ല .

സാമ്പത്തിക ബുദ്ധിമുട്ടിന്റെ നീർച്ചുഴിയിലൂടെയാണ് അച്ഛൻ കടന്നു പോന്നത്. എന്റെ തൊട്ടു താഴെയുള്ള അനിയൻ മരിച്ച ആയിടയ്ക്ക് ഞങ്ങളെ അമ്മയുടെ വീട്ടിൽ കൊണ്ടു പോയാക്കി. അവിടെ കാര്യമായിട്ട് മെച്ചമൊന്നുമുണ്ടായിട്ടല്ല. അമ്പലത്തിൽ കഴകമുള്ളത് കൊണ്ട് നേദ്യച്ചോറ് കിട്ടും; പിന്നെ വീടിന് വാടക വേണ്ട. അത്ര മാത്രം. എന്നിട്ട് അച്ഛൻ കോട്ടക്കൽ വൈദ്യശാലയിൽ സൗജന്യമായി താമസിച്ച് വീട്ടു വാടക മിച്ചം വെച്ചു. വൈദ്യശാലയാണെങ്കിൽ മാതൃഭൂമിയുടെ വളരെ അടുത്തും. പക്ഷെ ഈ സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഞങ്ങൾക്കനുഭവപ്പെട്ടിരുന്നില്ല. മാത്രമല്ല, അമ്മയുടെയും അച്ഛന്റെയും വീട്ടിലേക്ക് പറ്റുന്ന സഹായങ്ങളും ചെയ്യുന്നത് കണ്ടിരുന്നു. എനിക്കഞ്ച് വയസ്സായപ്പോൾ ഞങ്ങളെ കോഴിക്കോട്ടെക്ക് തന്നെ കൊണ്ടു വന്നു.

ഭാരതപര്യടനവും ഋഷിപ്രസാദവും

അച്ഛന്റെ പുസ്തകങ്ങളിൽ ഏറ്റവും പ്രചാരത്തിലുള്ളത് ‘ഭാരതപര്യടന’മാണല്ലോ: നിരൂപണഗ്രന്ഥങ്ങൾക്ക് പൊതുവെ ആവശ്യക്കാർ കുറവാണ്. അതിനൊരപവാദമായിരുന്നു ‘ഭാരതപര്യടനം’. ഈ ‘ഭാരത പര്യടന’ത്തിന്റെ പകർപ്പവകാശം കേവലം 100 ഉറുപ്പികയ്ക്ക് അച്ഛൻ പി.കെ. ബ്രദേഴ്സിന് കൊടുക്കാനൊരുങ്ങിയതാണ്. അതറിഞ്ഞ അച്ഛന്റെ ഒരു ശിഷ്യയായ ചെങ്കളത്ത് പാറുക്കുട്ടിയമ്മ (അച്ഛൻ അവരെ സംസ്കൃതം പഠിപ്പിച്ചിരുന്നു) ആ നൂറുറുപ്പിക കൊടുത്ത് പകർപ്പവകാശം വിൽക്കുന്നത് തടഞ്ഞു. ഈ ‘ഭാരതപര്യടന’ത്തിന്റെ വിൽപനയാണ് അച്ഛന് ഒരു വീട് വാങ്ങാൻ സഹായകമായത്. അതുകൊണ്ട് തന്നെ അച്ഛൻ ആ വീടിന്ന് കൊടുത്ത പേര് ‘ഋഷിപ്രസാദം’ (വ്യാസഭഗവാന്റെ പ്രസാദം).kuttikrishna marar ,memories,sujatha

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ എന്റെ മരിച്ചു പോയ അനിയനെ പറ്റി ഒരു കവിത എഴുതിയിട്ടുണ്ടെന്നറിഞ്ഞത്. അതൊന്ന് വായിച്ചു പറഞ്ഞു തരാൻ അച്ഛനോട് തന്നെ ആവശ്യപ്പെട്ടു. അഞ്ചാമതായി പിറന്ന ആ കുട്ടിയെ ഒന്നു തിരിഞ്ഞു നോക്കാൻ പോലും നിവൃത്തിയില്ലാത്ത സാഹചര്യത്തിലായിരുന്നു അച്ഛൻ. അമ്മ പ്രസവാനന്തരം കടുത്ത പനി പിടിച്ച് അപകടകരമായ നിലയിലായി. അമ്മയെ ശുശ്രൂഷിക്കലും മാതൃഭൂമിയിലെ ജോലിയും,അതും എരിഞ്ഞിപ്പാലത്ത് നിന്ന് മാതൃഭൂമി വരെ ഏകദേശം അഞ്ചാറ് കിലോമീറ്ററോളം നടക്കലും. ആ അലച്ചിലിന്റെ ക്ഷീണം കാരണം ഒരു ദിവസം അച്ഛൻ അമ്മയ്ക്ക് മരുന്നെടുക്കുമ്പോൾ മരുന്നിന് പകരം നിലവിളക്കിലെ എണ്ണ ഒഴിക്കാൻ ഒരുങ്ങിയത്രെ. അത് കാണാനിടയായ അമ്മയാണ് അതച്ഛന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഈ ഉത്തരവാദിത്തങ്ങൾക്കിടയിൽ കുട്ടിയെ വേണ്ടത്ര എടുക്കുകയോ ലാളിക്കുകയോ ചെയ്തില്ലെന്ന് മാത്രമല്ല അമ്മയുടെ അസുഖത്തിന് കാരണക്കാരനാണെന്ന് വരെ തോന്നിയത് കൊണ്ടുള്ള പശ്ചാത്താപാഗ്നിയിൽ നീറി അച്ഛൻ എഴുതിയതാണ് ‘ആശ്വസിക്കേണ്ട’ എന്ന ആ കവിത. അത് വായിക്കാനെടുത്ത അച്ഛന്ന് സങ്കടം കാരണം വായിക്കാനേ സാധിച്ചില്ല. അതിനു പകരം അപ്പോൾ മുരളീധരേട്ടൻ എനിക്ക് വായിച്ചു തന്നെന്നെ കരയിപ്പിച്ചത് ‘മാമ്പഴം’ എന്ന കവിത. ഒരുപക്ഷെ എനിക്കാ പ്രായത്തിൽ അച്ഛന്റെ ആ കവിത ‘മാമ്പഴം’ പോലെ മനസ്സിലാവുമായിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു. ‘ആശ്വസിക്കേണ്ട’ എന്ന കവിതയിലെ ഹൃദയസ്പർശിയായ ചില വരികൾ:

‘ആശ്വസിക്കേണ്ട’ എന്ന കവിത

“തിരിഞ്ഞു നോക്കാൻമേലാതമ്മയുണ്ടടു,
ത്തച്ഛൻ
തിരിഞ്ഞു നോക്കാൻ നേരം കാണാതുണ്ടുഴറുന്നൂ.

നാൽപ്പതിൽ പുറംനാളു കൊണ്ടച്ഛനെ
അളന്നുക –
ണ്ടാപ്പിഞ്ചു തിരിച്ചു തൻ പ്രാരബ്ധത്തിൻ പിമ്പേ

സത്യം – ഒട്ടാശ്വസ്തനായ്, മാർഗ്ഗമംഗളം നേർന്നാ-
സ്സത്വത്തിൻ ജഡം കൊണ്ടു പൂഴ്ത്തിനാനച്ഛൻ മണ്ണിൽ

ഒക്കെയും കഴിഞ്ഞെന്നു നിനച്ചേൻ – കഴിഞ്ഞീല
പിൽക്കാലത്തതുതന്നെയോർത്തോർത്തു കേഴ്
വൂ ചിത്തം
…….
“ഓമനേ മകനേ “എന്നവനെ വിളിപ്പാനും
നാവിനുണ്ടിപ്പോൾ നാണം നുണ ചൊൽവതിൽ പ്പോലെ
…..
അമ്മയ്ക്കൊരുൽപ്പാതമിക്കുഞ്ഞെന്നു പോലും, പിച്ചാ_
ണ്ടെൻ മനം ശപിച്ചീലെന്നോർക്കുവാൻ ധൈര്യം പോരാ.
ശോച്യനല്ലവൻ സ്നേഹമറ്റേടം കൈവിട്ടവൻ
ശോച്യനീയച്ഛൻ നിജസ്നേഹത്തിന്നതിർ കണ്ടോൻ.
…….
വേണ്ടെ,നിക്കാശ്വാസമേ വേണ്ട ,ഞാൻ ദിനംതോറും
വേദന കൊള്ളട്ടെയാച്ചരിതസ്മരണയാൽ
…….
പുഴുപുൽകളെപ്പോലും സ്നേഹിക്കുമൃഷിമാർ തൻ
വഴിക്കാണത്രെ, ഹന്ത, ദൃഷ്ടി വേക്കേണ്ടൂ ഞാനും;
എത്ര ദൂരമാമാർഗ്ഗ,മെത്ര ദൂരം! ഈയഞ്ചാം
പുത്രനിലോളം ചെല്ലാനാകാത്ത ഹൃദയമേ! ”

ധാർമ്മികമൂല്യങ്ങളനുസരിച്ചാവണം ഞങ്ങൾ ജീവിക്കേണ്ടത് എന്ന് കരുതിയാവാം സന്ദർഭത്തിനനുസരിച്ച് ഉപദേശങ്ങൾ കിട്ടാറുണ്ടായിരുന്നു. ഏഴെട്ട് വയസ്സുള്ളപ്പോൾ എനിക്ക് ഒരിക്കൽ നല്ല പനി വന്നു. അന്നച്ഛൻ വാങ്ങിക്കൊണ്ടുവന്ന ലഡ്ഡുവോ മറ്റോ എനിക്ക് മാത്രം തന്നില്ല. ഞാൻ വാശിപിടിച്ചു, പനി മാറിയിട്ട് തരാമെന്ന് പറഞ്ഞാശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ അത് കിട്ടാനുള്ള അത്യാഗ്രഹത്തോടെ “അപ്പോഴേക്കും ഞാൻ മരിച്ചാലോ” എന്ന് ചോദിച്ചപ്പോൾ കിട്ടിയ നിസ്സംഗമായ മറുപടി “സുജാതയ്ക്ക് അത് കഴിക്കാൻ വിധിയുണ്ടായിരുന്നില്ലെന്ന് കരുതും.” അച്ഛന്റെ സ്നേഹവും സഹതാപവും മുതലെടുക്കാൻ ശ്രമിച്ച എന്നോട് അമ്മയും കൂടി ഒരു സാന്ത്വനവചനം പറഞ്ഞില്ല. എന്റെ അതിര് കടന്ന സാമർത്ഥ്യം അവർക്ക് മനസ്സിലാവാതിരിക്കില്ലല്ലോ. എന്തായാലും അതെല്ലാം ജീവിതയാഥാർത്ഥ്യങ്ങളെ നേരിടാൻ സഹായകമായി .kuttikrishna marar ,memories,sujatha

അടുത്ത വീട്ടിൽ കളിക്കാൻ പോയ ഉഷയെ നായ കടിച്ചതറിഞ്ഞ സങ്കടം കൊണ്ട് ഞാൻ പറഞ്ഞു, R#8220;അവിടെ വേറെയും കുട്ടികളുണ്ടായിരുന്നില്ലേ” അത് കേട്ട അച്ഛൻ പിന്നീട് എന്നോട് പറഞ്ഞത്: അവനവന് നല്ലതല്ലാത്തത് മറ്റുള്ളവർക്ക് വരണമെന്ന് കരുതരുത്. ആ ഒരൊറ്റ ധർമ്മം മാത്രം ജീവിതത്തിൽ പാലിച്ചാൽ മതി.

ഗംഗാധരേട്ടൻ ജോലി കിട്ടി ബോംബെയിൽ ഉള്ള കാലത്ത് ഒരു തീവണ്ടി അപകടവാർത്ത പത്രത്തിൽ വന്നു. അത് അച്ഛൻ കുറച്ചുറക്കെ വായിച്ചത് കേട്ട ഞാൻ “ആ”എന്ന് പറഞ്ഞു അതിനെ നിസ്സാരവത്ക്കരിച്ചു… എവിടെയാണെന്നാേ ബോംബെയിൽ എന്നച്ഛൻ പറഞ്ഞ ഉടനെ “ങ്ങേ എവിടെ നോക്കട്ടെ” എന്നായി ഞാൻ. അത് ശരി, ഏട്ടൻ ബോംബെയിലായത് കൊണ്ടറിയണം അല്ലേ എന്ന് പറഞ്ഞു പത്രം തന്നു. മമത്വം തല പൊക്കുമ്പോഴൊക്കെ അത് പല വിധത്തിലും ചൂണ്ടിക്കാണിച്ചു തരുമായിരുന്നു .

അച്ഛൻ കലാമണ്ഡലത്തിൽ ക്ലാസെടുത്തിരുന്ന കാലത്ത് എന്തോ പഠിക്കാത്തതിന് ഒരു കുട്ടിയെ അടിച്ചു; പിന്നീട് അന്ന് ആ കുട്ടിയുടെ പിറന്നാളായിരുന്നെന്നറിഞ്ഞ് പ്രായശ്ചിത്തമായി ഉപവസിച്ചു. പിറന്നാൾ ദിനം നമ്മൾ കുട്ടികളെ അടിക്കാറില്ലല്ലോ. അച്ഛൻ ഉപവസിക്കുന്നുണ്ടെന്നറിഞ്ഞ് അമ്മയും. അന്ന് മുരളീധരേട്ടനും ഗംഗാധരേട്ടനും ചെറിയ കുട്ടികളായിരുന്നു. അതുകൊണ്ടവരെ ഉപവസിപ്പിച്ചില്ല. മാഷ് ഉപവസിക്കുന്നതറിഞ്ഞ് ശിഷ്യൻമാരും ഉപവസിച്ചു. മഹാത്മാഗാന്ധിയുടെ സ്വാധീനം നല്ല പോലെ ഉള്ള കാലം. ഏതായാലും അതിനുശേഷം അച്ഛൻ അടിക്കുന്ന പരിപാടി നിർത്തി. ശിക്ഷ ഏത്തമിടീക്കലാക്കി. അച്ഛന്റെ ആ വ്രതം എന്റെ പടുവികൃതിയായ അനിയൻ തെറ്റിപ്പിച്ചിട്ടുണ്ട്: റെയിൽപാളത്തിൽ നിന്ന് ദിവാകരൻ കുതിച്ചു വരുന്ന തീവണ്ടി കൈ കാണിച്ച് നിർത്താൻ നോക്കിയ വിവരം റെയിലിന്നടുത്തുണ്ടായിരുന്നവർ പറഞ്ഞറിഞ്ഞ അച്ഛന് അയാളെ പൊതിരെ അടിക്കയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല.

അച്ഛന്റെ നിലപാടുകൾ

നുണ പറയുന്നത് അച്ഛന് ഒരിക്കലും ക്ഷമിക്കാനാവുമായിരുന്നില്ല. നേര് പറയാതിരുന്നാൽ അച്ഛന് വരുന്ന ദേഷ്യം അറിയുന്ന ഞാൻ ഞങ്ങളുടെ ചാർച്ചയിലുള്ള എന്റെ സമപ്രായക്കാരി, രാധ നുണ പറഞ്ഞെന്ന് തെളിയിച്ചതിന്ന് എനിക്ക് തന്നെ ചീത്ത കേട്ട ഒരു രസകരമായ സംഭവവുമുണ്ടായിട്ടുണ്ട്. ഏടത്തിക്ക് ആറ്റു നോറ്റു വാങ്ങിയ ഒരു സ്വർണ്ണമാല കാണാതായി. പിന്നീടത് കിട്ടിയപ്പോൾ എല്ലാവരും സന്തോഷിച്ചാശ്വസിച്ചിരിക്കുമ്പാഴാണ്, മാല പോയതിലും കിട്ടിയതിലും അന്ന് ‘സമലോഷ്ടാശ്മകാഞ്ചന’യായതു കൊണ്ട് കാര്യമായി ഒന്നും തോന്നാതിരുന്ന ഞാൻ രാധ മാല തിരയുന്നതിനിടയിൽ ഒരു ധാരണാപ്പിശക് കാരണം എന്തോ പറഞ്ഞത് കളവാണെന്ന് വാദിച്ച് അച്ഛന്റെ നീരസത്തിന് പാത്രമായി. ഏതായാലും ആ രാധയെയാണ് പിന്നീട് ഞങ്ങളുടെ പ്രിയപ്പെട്ട ഏടത്തിയമ്മയായി (ശരിക്കും ഏടത്തിയും അമ്മയും ആയി) മുരളീധരേട്ടൻ കൊണ്ടു വന്നത്.

ഒരു സാധനവും വെറുതെ കളയരുതെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു. ഒരിക്കൽ പല നിറത്തിലുള്ള നൂലുകൾ കെട്ടുപിണഞ്ഞത് വേർപെടുത്താൻ ഞാനൊരു പാഴ്ശ്രമം നടത്തി. ഒടുവിൽ ഞാൻ ആ നൂലാമാല അവിടെ ഉപേക്ഷിച്ചു പോയപ്പോൾ അച്ഛൻ അതെല്ലാം ക്ഷമാപൂർവ്വം വേർപെടുത്തി ഓരോന്നും വെവ്വേറെ ചുറ്റിവെച്ചു തന്നിട്ട് പറഞ്ഞു “ഒരു സാധനവും വെറുതെ കളയരുത്. ”

എല്ലാം ചിട്ടയായി ഒതുക്കി വെക്കണമെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു. എന്തു ചെയ്യുന്നതിലും ആ നിഷ്ഠ നിഴലിക്കും: കിടക്കയിൽ വിരി വിരിക്കുന്നത് മുതൽ പത്രം, ഉണങ്ങിയ തുണി, എഴുതിയ കത്തുകൾ തുടങ്ങിയവ മടക്കി വെക്കുന്നതിൽ എല്ലാം ഉടനീളം അച്ഛന്റെ ആ ജാഗ്രത പ്രതിഫലിച്ചു കാണാം. അച്ഛൻ വീട്ടു ജോലികളിൽ അമ്മയെ സഹായിക്കുന്ന പരിപാടി മേൽപറഞ്ഞ ചില്ലറ കാര്യങ്ങളിലല്ലാതെ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വീട്ടിലെ ആണുങ്ങൾ സ്വതവെ വെപ്പുപണി മുതൽ എല്ലാം വേണ്ടിവന്നാൽ ചെയ്യുന്നവരായത് കൊണ്ടാണ് ഇതെടുത്ത് പറഞ്ഞത്…kuttikrishna marar ,memories,sujatha

എനിക്ക് ജോലി എടുക്കാൻ നല്ല മടിയായിരുന്നു: കഞ്ഞിയിൽ ഉപ്പെടുത്തിടാൻ മടിച്ച് ഉപ്പില്ലാതെ കഞ്ഞി കുടിക്കുന്ന തരത്തിലുള്ള മടി. ഒരു ദിവസം അച്ഛന്നുള്ള മരുന്ന് എന്നോട് കൊടുക്കാൻ അമ്മ പറയവെ “അമ്മേ അമ്മയല്ലെ എന്നും കൊടുക്ക്ണത് അമ്മ തന്നെ കൊടുക്ക്വല്ലേ നല്ലത്.” എന്ന് ഞാൻ ചോദിച്ചു. അമ്മ അച്ഛനോട് “കേട്ടില്ലേ മകൾ പറഞ്ഞത് .” അച്ഛന്റെ പ്രതികരണം “ഇങ്ങനെ പറയാനുള്ള മിടുക്ക് ഉണ്ടാവനല്ലെ സുജാതയെ കോളേജിലയച്ചതെ”ന്നായിരുന്നു.

എന്റെ മടിക്ക് അച്ഛന്റെ അടുത്ത് നിന്ന് തന്നെ ഒരു കൊട്ട് കിട്ടിയ സംഭവവും ഓർക്കുന്നു. ഏടത്തി വളരെ പാവമായിരുന്നു. എന്നേക്കാൾ മൂന്ന് വയസ്സിന്ന് മീതെയാണെങ്കിലും എന്റെ അനിയത്തിയാണെന്നാണ് തോന്നുക. എനിക്കും ഞാൻ ഏടത്തിയെ സംരക്ഷിക്കേണ്ടതാണെന്നായിരുന്നു ഭാവം. പക്ഷെ ജോലിയുടെ കാര്യത്തിൽ ഏടത്തിയെ പറ്റിക്കും. ബുദ്ധിമുട്ടുള്ള ജോലി ഏടത്തിയുടെ തലയിലിടാൻ ഞാൻ ശ്രമിക്കുന്നത് കണ്ട അച്ഛൻ പറഞ്ഞു: “പണ്ട് ഇതേ മാതിരി ഒരനിയത്തി ഏടത്തിയോട് പറഞ്ഞു, ഏടത്തി ഇവിടെ നിന്ന് എഴുന്നേറ്റ് നടന്ന് തൊടിയിൽ പോയി കുനിഞ്ഞ് നിന്ന് മുള്ളൊന്നും കൊള്ളാതെ വഴുതിനങ്ങ പറിക്കുന്നോ അതോ നെല്ല് കുത്തുന്നോ.” അത്ര മാത്രം. അത് മതിയല്ലോ !

വീട്ടിലെ ആണുങ്ങൾ വരുമ്പോഴൊക്കെ എഴുന്നേറ്റു ബഹുമാനിക്കുന്ന രീതി ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നില്ല. അമ്മായിയെ കല്യാണം കഴിച്ചുകൊണ്ട് വന്നപ്പോൾ, അവർ അച്ഛൻ വരുമ്പോഴൊക്കെ എഴുന്നേൽക്കാൻ തുടങ്ങിയത് കണ്ട് അച്ഛൻ പറഞ്ഞു. “ഞാൻ തോറ്റൂലോ. ഈ കുട്ടി കാരണം എനിക്കീ വീട്ടിൽ ഒരിടത്തും വരാനേ പറ്റില്ല എന്നായീലോ.”

ഇതിന്റെ ഒരു മറുപുറം: ഒരിക്കൽ അച്ഛനും ഞാനും കൂടി ഒരു ബന്ധുവീട്ടിൽ ഒന്നു രണ്ട് ദിവസം താമസിക്കയുണ്ടായി. ഞാനവിടെ ഉമ്മറത്തിരിക്കവെ ആരോ അകത്ത് നിന്ന് വരുന്നത് കണ്ട് ധൃതിയിൽ ചാടിപ്പിടഞ്ഞെഴുന്നേറ്റു. അവിടത്തെ കാരണവരാണെന്ന് വിചാരിച്ചിട്ട്…
പക്ഷെ അതച്ഛനായിരുന്നു. ഉടനെ ആ ,അച്ഛനാണോ എന്ന് പറഞ്ഞു സുഖമായി ഇരുന്നു. “അച്ഛൻ വരുമ്പോൾ എഴുന്നേറ്റൂച്ചാൽ അബദ്ധൊന്നൂല്ല്യ” എന്നായിരുന്നു അച്ഛന്റെ പ്രതികരണം.

അമ്മയുടെ രോഗകാലം

അമ്മ കാൻസർ ബാധിതയായപ്പോൾ മദിരാശിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ടി വന്നു. അന്നത്തെ സാമ്പത്തികസ്ഥിതിയിൽ അതൊന്നാലോചിക്കാനേ വയ്യായിരുന്നു. അച്ഛന്റെ സീനിയറായി പഠിച്ച ഡോക്ടർ. യു.പി.ശങ്കുണ്ണി മേനോൻ ഈ വിവരമറിഞ്ഞു അവരുടെ കുടുംബത്തിന്റെ എല്ലാ സഹായവും നിർല്ലോഭം നൽകി. അങ്ങിനെ ഒരു മാസത്തോളം അവിടെ താമസിച്ച് റേഡിയേഷന്റെ കടുത്ത പാർശ്വഫലമനുഭവിക്കുന്ന അമ്മയേയും കൂട്ടി തിരിച്ചു വന്നപ്പോൾ അച്ഛൻ പറഞ്ഞത്: “ഈ അസുഖം കാരണം ലോകത്ത് ഇത്രയും നല്ല ആൾക്കാരും ഉണ്ടെന്ന് മനസ്സിലാക്കാൻ പറ്റി.” ഏത് ദുരിതത്തിലും ആശ്വാസത്തിന്റെ ഒരു കണികയെങ്കിലും അച്ഛൻ കണ്ടെത്തുമായിരുന്നു. മറ്റുള്ളവർക്ക് സർജറി വേണ്ടി വന്നപ്പോഴും ആ കുടുംബം തന്നെയായിരുന്നു ഞങ്ങൾക്ക് ആശ്രയമായത്.

അച്ഛനോ അമ്മയോ ഞങ്ങളെ “മോനേ”, ”മോളേ” എന്നൊന്നും വിളിച്ചിട്ടേ ഇല്ല. ഞങ്ങൾ മക്കളും അങ്ങനെ തന്നെ. പേരക്കുട്ടികളിൽ ചിലരിൽ മാറ്റമുണ്ട്. അതു മാത്രമല്ല നീ, അവൾ, അവൻ ഒന്നും പറയാറില്ല ഞങ്ങളങ്ങനെ പറയുമ്പോൾ ശാസിക്കാറുമുണ്ട്; “പിന്നെ എന്തിനാ പേരിട്ടിരിക്കുന്നത്? പേര് പറഞ്ഞുകൂടെ” പക്ഷെ ഞങ്ങളിൽ പലർക്കും ഇളയവരെ നീ അവൻ എന്നൊക്കെ പറഞ്ഞ് ശീലിച്ചത് മാറ്റാൻ പറ്റിയിട്ടില്ല. അച്ഛൻ “മോളേ” എന്ന് വിളിക്കാറില്ലെന്ന് പറഞ്ഞതിന് ഒരപവാദമൊരിക്കലുണ്ടായി. ദുർഗ്ഗ നന്നേ ചെറിയ കുട്ടിയായിരുന്നപ്പോഴാണ് അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി പോയിരുന്നത്. അത് കഴിഞ്ഞ് മറ്റുള്ളവരുടെ ചികിത്സയ്ക്കും: അവിടെ ശങ്കുണ്ണിമേനോൻ തന്റെ പേരക്കുട്ടിയെ “മോളെ” എന്ന് വിളിക്കുന്നത് അടിക്കടി കേൾക്കാനിടയായത് മനസ്സിൽ നല്ലപോലെ പതിഞ്ഞത് കൊണ്ടാവാം ദുർഗ്ഗയെ രണ്ടുമൂന്ന് പ്രാവശ്യം എന്തോ ഒരു പ്രായശ്ചിത്തം പോലെ “മോളെ” എന്ന് വിളിച്ചിട്ടുണ്ട്.kuttikrishna marar ,memories,sujatha

ഈ ഡോക്ടർ ശങ്കുണ്ണി മേനോന്റെ ജാമാതാക്കളാണ് വള്ളത്തോളിന്റെ അനന്തരവനും സാഹിത്യകാരനുമായ വി.വി.മേനോനും സിനിമാ സംവിധായകനും കൂടിയായ ഡോക്ടർ ബാലകൃഷ്ണനും. വി.വി.മേനോൻ അച്ഛനെപ്പറ്റി ഒരു വാങ്ങ്മയചിത്രം തന്നെ എഴുതിയിട്ടുണ്ട്: അതച്ഛന്ന് വളരെ ഇഷ്ടവുമായിരുന്നു. ഇനി ആരും തന്റെ തൂലികാചിത്രം എഴുതേണമെന്നില്ല എന്ന് പറയത്തക്കവണ്ണം ഇഷ്ടമായിരുന്നു. കുട നിവർത്താനും, ഷർട്ടിന്റെ കുടുക്കിടാനും മറ്റും പറ്റാതെ അതിരു കടന്നു പരിഭ്രമിക്കുന്നത്, യാത്ര പോവുമ്പോൾ ടിക്കറ്റ് വാങ്ങുന്നതു പോലെയുള്ള നിസ്സാരവ്യവഹാരകാര്യങ്ങളിലും കൂടി വേവലാതിപ്പെടൽ തുടങ്ങിയ അച്ഛന്റെ സ്വഭാവവിശേഷങ്ങളെപ്പറ്റി നന്നായി ചിത്രീകരിച്ചിട്ടുണ്ടായിരുന്നു അതിൽ.

അച്ഛന്റെ എഴുത്തിലുള്ള കാർക്കശ്യമൊന്നും സ്വഭാവത്തിലുണ്ടായിരുന്നില്ല; വളരെ തരളഹൃദയനായിരുന്നു. ഞങ്ങൾ പെൺമക്കൾ എല്ലാം സ്ഥിരം അസുഖക്കാരായിരുന്നു. അതും അമ്മയുടെ അസുഖവും പിന്നീടുള്ള വേർപാടും അച്ഛനെ വളരെ തളർത്തിയിരുന്നു; പക്ഷെ അതാണച്ഛനിൽ നിർലീനമായിരുന്ന അധ്യാത്മികതയെ തഴച്ചു വളർത്തിയത്. കൂട്ടത്തിൽ അവസാനകാലത്ത് സുകൃതവശാൽ കിട്ടിയ അനുകൂല സാഹചര്യവും.

രാമകൃഷ്ണാശ്രമത്തിന്നടുത്തുള്ള താമസം ,ആശ്രമത്തിന്റെ വിവേകാനന്ദ സാഹിത്യസർവസ്വ പ്രസിദ്ധീകരണവുമായി ചേർന്നു പ്രവർത്തിക്കൽ, ഭഗവാൻ സത്യസായി ബാബയെ ദർശിക്കൽ, പ്രൊഫ.ജി.ബാലകൃഷ്ണൻ നായർ ആശ്രമത്തിൽ നടത്തിയിരുന്ന ക്ലാസുകളിൽ പോവൽ, ക്ലാസ് തുടങ്ങുന്നതിന് മുമ്പും പിമ്പും പ്രഫസറുമായി നടന്നിരുന്ന അധ്യാത്മിക ചർച്ചയിൽ പങ്കെടുക്കൽ തുടങ്ങിയവ എല്ലാം ആ അധ്യാത്മികാഗ്നിക്ക് ആളിക്കത്താനുള്ള നെയ്യ് തന്നെയായിരുന്നു. അതുകൊണ്ട് കുറേ നല്ല അധ്യാത്മിക കൃതികളും അച്ഛൻ രചിക്കാനിടയായി. അച്ഛന്റെ സാഹിത്യ -സപര്യയെക്കാൾ ഈ അധ്യാത്മികസപര്യയാണ് എനിക്കേറ്റവും ഹൃദ്യമായിട്ടുള്ളത്.

ഞങ്ങൾ പഠിക്കുന്നത് ഏത് ക്ലാസിലാണെന്നൊന്നും അച്ഛൻ ഓർക്കാറില്ല. ഞങ്ങളുടെ പേരും തെറ്റി വിളിക്കും. പലപ്പോഴും എഴുതാനുള്ളതിനെ പറ്റി ആലോചിച്ചു നടക്കുന്നത് കാണാം; ഒന്നും ശ്രദ്ധിക്കാതെ. ഞങ്ങൾക്ക് മാർക്കധികം കിട്ടുന്നുതോ ഞങ്ങൾ ജയിക്കുന്നതോ തോൽക്കുന്നതോ ഒന്നും അച്ഛൻ ശ്രദ്ധിച്ചിരുന്നതേ ഇല്ല. രണ്ടു മൂന്ന് വയസ്സുവരെയേ കുട്ടികളെ ലാളിക്കാറുണ്ടായിരുന്നുള്ളു. കുട്ടികളെ രാത്രി എടുത്ത് നടന്ന് ഓമനക്കുട്ടൻ പാടി ഉറക്കാൻ നല്ല ഇഷ്ടമായിരുന്നു. വലിയ കുട്ടികൾക്ക് ഭാരതത്തിലെയും മറ്റും കഥകൾ പറഞ്ഞു തരാറുണ്ടായിരുന്നു.

ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ കണക്ക് പഠിക്കാൻ വേറെ പെൺകുട്ടികൾ ഇല്ലാത്തതു കൊണ്ട് മാത്രം കെമിസ്ട്രിയാണെടുത്തത്. പക്ഷെ അതിലെ പ്രാക്ടിക്കൽ ചെയ്യലും ( ഒരു പ്രാവശ്യം പിപ്പെറ്റിൽ കൂടി എന്തോ വായയിൽ കുടി വലിച്ചെടുത്തപ്പോൾ അതെന്റെ വായയിലെത്തുമെന്നു തോന്നി എല്ലാം താഴത്തിട്ട് പിന്നോക്കം ചാടി വേണ്ടത്ര അബദ്ധത്തിൽ പെട്ടിട്ടുണ്ട്) റെക്കോർഡ് വരയ്ക്കലും മറ്റും എനിക്ക് വലിയ ബുദ്ധിമുട്ടായി തോന്നിയത് അച്ഛനോട് പറവാനിടയായി… അവനവന്ന് ധൈര്യമില്ലെന്ന് വെച്ച് ചെയ്യുന്നതൊക്കെ അധർമ്മമാണെന്ന് പറഞ്ഞു കണക്ക് തന്നെ എടുക്കാൻ എന്നെ പ്രേരിപ്പിച്ചു . ഭാരതപര്യടനത്തിലെ ‘നേശേബലസ്യേതി ചരേദധർമ്മ’ ( താൻ ബലത്തിനാളല്ല എന്ന് വെച്ച് എന്ത് ചെയ്താലും അത് അധർമ്മമാവും)യ്ക്ക് അച്ഛൻ കൊടുത്ത അതേ വ്യാഖ്യാനം തന്നെ.

ഇങ്ങനെ വേണ്ട ഉപദേശങ്ങളൊക്കെ അതാതവസരങ്ങളിൽ കിട്ടിയെങ്കിലും അത് പ്രാവർത്തികമാക്കാൻ പറ്റിയിട്ടില്ലെന്നത് വേറെ കഥ. മനസ്സിനെ അങ്ങനെ പെട്ടെന്നൊന്നും നേർവഴിക്ക് തെളിക്കാനാവില്ലല്ലോ.

അച്ഛൻ എഴുതിയ പാട് തന്നെ അതെടുത്ത് വായിക്കൽ എന്റെ പതിവായിരുന്നു. അതിന് പിന്നീട് ഒരു പാട് മിനുക്ക് പണികൾ അച്ഛൻ നടത്തിക്കൊണ്ടേ ഇരിക്കും. സാമൂതിരി സ്കൂളിലെ രണ്ട് അധ്യാപകർ (ശങ്കരവാരിയരും ഗോവിന്ദൻ നായരും ) അച്ഛൻ എഴുതിയത് വായിച്ചു കേൾക്കാനായി ഇടയ്ക്കിടയ്ക്ക് വരാറുണ്ടായിരുന്നു. അച്ഛൻ ഇംഗ്ലീഷ് പഠിച്ചിട്ടില്ലായിരുന്നുവല്ലോ. പക്ഷെ അത് അച്ഛന് ഇംഗ്ലീഷ് സാഹിത്യത്തിലെ ഗ്രന്ഥങ്ങളെ സംസ്കൃത സാഹിത്യത്തിലെ ഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്യുന്നതിന്ന് തടസ്സമായിരുന്നില്ല. അച്ഛന്റെ ഒരു സഹപ്രവർത്തകനായ എൻ.പി.ദാമോദരനാണ് അതിനച്ഛനെ സഹായിച്ചിരുന്നത്. പക്ഷെ അതിൽ വന്നേക്കാവുന്ന നോട്ടപ്പിശകുകളെപ്പറ്റി അച്ഛൻ ഗുരുതുല്യം കണക്കാക്കിയിരുന്ന നാലപ്പാട്ട് നാരായണമേനോൻ അച്ഛനെ ബോധ്യപ്പെടുത്തിയപ്പോൾ ആ താരതമ്യപഠനപരിപാടി നിർത്തി. നാലപ്പാടനുമായുള്ള അച്ഛന്റെ സഹവാസമാണ് ഇതിഹാസ കഥാപാത്രങ്ങളുടെ പുതുമയാർന്ന വ്യാഖ്യാനത്തിന്ന് അച്ഛന് പ്രചോദനമായത്. നാലപ്പാടൻ അച്ഛന് ‘ഏറ്റവും ഇഷ്ടപ്പെട്ട കവി’ മാത്രമായിരുന്നില്ല, ഗുരുവും അച്ഛനും അമ്മാമനും ഏട്ടനുമൊക്കെയായിരുന്നു.kuttikrishna marar ,memories,sujatha

അച്ഛൻ ഒരു ലേഖനത്തിൽ beware dogs (beware of dogsനു പകരം) എന്ന് എഴുതിയിരുന്നു. ഞാനത് വായിച്ചപ്പോൾ ശ്രദ്ധിക്കയും ചെയ്തിരുന്നു. പക്ഷെ എന്തുകൊണ്ടോ അച്ഛനോടത് പറയുകയുണ്ടായില്ല. പിന്നീട് അച്ഛന്റെ ആ രണ്ട് സ്ഥിരം ശ്രോതാക്കൾ വന്നപ്പോഴാണ് അത് തിരുത്തിയത്. അവർ പോയപ്പോൾ അച്ഛനെന്നോട് ചോദിച്ചു .”സുജാത എന്തേ ആ തെറ്റ് പറ്റിയത് പറയാഞ്ഞത്?” ആ ചോദ്യം ഉൾക്കൊണ്ട നിർദ്ദേശം സർവ്വാത്മനാ സ്വീകരിച്ച് ഞാൻ പലർക്കും തെറ്റ് ചൂണ്ടിക്കാണിച്ച് നീരസമുണ്ടാക്കിയുണ്ടെന്നത് അതിന്റെ വേറൊരു വശം.

എനിക്ക് ഡിഗ്രിക്ക് മലയാളത്തിലായിരുന്നു ഏറ്റവും കുറവ് മാർക്ക്. അത് കണ്ട് ഞാൻ നേരത്തെ പരാമർശിച്ച എൻ.പി.ദാമോദരൻ ”സുജാതേ ഇത് മോശമായല്ലോ”എന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞത് “അല്ല ,അത് നന്നായി മലയാളത്തിലാണ് മാർക്കധികം കിട്ടിയിരുന്നതെങ്കിൽ ഓ മാരാരുടെ മകളല്ലേ എന്ന് പറഞ്ഞ് ആരും അതിന്ന് ഒരു വിലയും കാണില്ല.”

അതിന് ദാമോദരന്റെ പ്രതികരണം കൗതുകകരമായതായിരുന്നു. “മാരാര് മലയാളം പരീക്ഷയ്ക്കിരുന്നാൽ ജയിക്കുമോ എന്ന് കണ്ട് തന്നെ അറിയണം”. കാരണം സാഹിത്യ ഭാഷ എന്ന് പറഞ്ഞാൽ കടുകട്ടി വാക്കുകൾ ഉപയോഗിക്കലാണല്ലോ . അച്ഛന്റെ ലാളിത്യമാർന്ന നറുംമലയാളത്തിന്ന് എങ്ങിനെ മാർക്ക് കിട്ടാനാ!

ഞാൻ പാലക്കാട് എം.എസ്സ്സിക്ക് പഠിക്കവെ ഡിഗ്രിക്ക് പഠിച്ച കൃസ്ത്യൻ കോളേജിൽ (കോഴിക്കോട്) നിന്നു ഒരു കത്ത് കിട്ടി. യൂനിവേഴ്സിറ്റിയുടെ അവാർഡായി ഒരു ഗോൾഡ് മെഡൽ ഉണ്ടെന്നും അതവിടെ ചെന്ന് വാങ്ങണമെന്നും പറഞ്ഞ്. കോഴിക്കോട് പോയി അത് വാങ്ങുന്നതിനേക്കാൾ നല്ലത് അതെനിക്കയച്ചു തരുകയല്ലേ എന്ന് കരുതി അങ്ങിനെ ഒരെഴുത്തെഴുതി അയച്ചു. കോളേജധികൃതർ അതവിടെ ചെന്ന് വാങ്ങുക തന്നെ വേണമെന്ന് പറഞ്ഞതനുസരിച്ച് ഞാൻ കോഴിക്കോട് വന്നപ്പോൾ അച്ഛൻ പറഞ്ഞത് : “ഒരു നിലപാടെടുക്കുമ്പോൾ അത് നല്ലപോലെ ആലോചിച്ചുറപ്പിക്കണം. അതെടുത്തു കഴിഞ്ഞാൽ അതിൽ നിന്ന് നിവൃത്തിയുള്ളതും വ്യതിചലിക്കരുത്.” ഇതിന്റെ തുടർച്ചയായി മറ്റൊരു കാര്യം: അച്ഛനും മുണ്ടശ്ശേരിയുമായുണ്ടായ ഒരു വിവാദത്തിൽ മുണ്ടശ്ശേരി അഭിപ്രായം മാറ്റിയതിനെപ്പറ്റി അച്ഛനെന്തോ പറഞ്ഞപ്പോൾ “അഭിപ്രായം എന്താ ഇരുമ്പുലക്കയാണോ മാറ്റാതിരിക്കാൻ” എന്ന് മുണ്ടശ്ശേരി ചൊടിച്ചു പറഞ്ഞിട്ടുണ്ട്.

“മറ്റുളളവർക്ക് വേണ്ടി ജീവിക്കുക”

അമ്മ മരിച്ചതറിഞ്ഞ് ഇങ്ങോട്ട് വരാനൊരുങ്ങിയ ഗംഗാധരേട്ടനോട് കാശിയിൽ ചെന്ന് അമ്മയുടെ ഉദകക്രിയകൾ ചെയ്യാൻ അച്ഛൻ പറഞ്ഞു. അതനുസരിച്ചു അവിടെ ചെന്ന ഏട്ടന് അവിടത്തെ കാലാവസ്ഥാമാറ്റം കാരണം അസുഖം വരുകയും ഒരു പാട് ബുദ്ധിമുട്ടനുഭവിക്കേണ്ടി വരികയും ചെയ്തു. പോരാത്തതിന് ആ വിഷമഘട്ടത്തിൽ ഇവിടെ ഞങ്ങാളോടൊത്ത് ഉണ്ടാവാൻ പറ്റാത്തതിന്റെ സങ്കടവും. ആ മാനസികാവസ്ഥയിൽ അച്ഛന്നെഴുതി: “ചുരുക്കത്തിൽ ജീവിതം മറ്റാർക്കോ വേണ്ടി തള്ളി നീക്കുന്ന പോലെയാണ് എനിക്ക് തോന്നുന്നത് “. അതിനച്ഛന്റെ മറുപടി “വാസ്തവത്തിൽ മറ്റാർക്കോ വേണ്ടി ജീവിക്കുക എന്നത് മഹത്തായ ഒരാദർശമാണ്; തന്റേടമുറച്ചാൽ മനുഷ്യനിൽ ആ വിചാരം വളർന്നു വരേണ്ടതാണ്. എന്നിരിക്കിലും തന്റെ ആ വാചകം വായിച്ചപ്പോൾ ഞാൻ കുറച്ചൊന്നുമല്ല ഭയപ്പെട്ടത്. ഏതായാലും അമ്മയുടെ അനുഗ്രഹം കൊണ്ട് തൽക്കാലം ആ അസുഖമെല്ലാം ഏതാണ്ട് തീർന്നുവല്ലോ. ഇനി ആ എഴുതിയ വാചകം തന്നെയാണ് ജീവിതാദർശം എന്നു കരുതി മുന്നോട്ടു പോവുക. മറ്റുള്ളവർക്കു വേണ്ടി ആവുന്നത്ര കാലം ജീവിക്കുവാൻ ശ്രദ്ധിക്കുക.”

kuttikrishna marar,sujatha ,memories

കുട്ടികൃഷ്ണ മാരാര് കുടുംബത്തോടൊപ്പം

സത്യസായിബാബയെയും ചിന്മയാനന്ദസ്വാമിയെയും പറ്റി ചോദിച്ചെഴുതിയ ഒരാൾക്ക് അച്ഛനയച്ച മറുപടിയിലെ പ്രസക്തഭാഗം : താൻ സത്യസായി ബാബയെ ഭഗവദവതാരമായി കാണുന്നുവെന്നും ചിന്മയാനന്ദസ്വാമി വളരെ യോഗ്യനാണെന്ന് തനിക്ക് വിശ്വാസമുള്ളവർ പറഞ്ഞിട്ടുള്ളതുകൊണ്ട് അത് വിശ്വസിക്കുന്നുവെന്നും പറഞ്ഞ് തുടരുന്നു:

“ഒരു പാഠമുദ്ദേശിച്ചു കൂടിയാണ് ഇതെഴുതിയത്. ആരെപ്പറ്റിയും അയാളുമായി ഇടപെട്ടുണ്ടാവുന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ വെച്ചു മാത്രം വിധിയെഴുതുക. മറ്റാരെങ്കിലും അവരുടെ സ്വന്തം വെളിച്ചത്തിലോ ഇരുട്ടിലോ വെച്ചു നോക്കി പറയുന്ന അഭിപ്രായങ്ങളെ ചെവിക്കൊള്ളാതിരിക്കുക. നല്ലതാണ് പറയുന്നതെങ്കിൽ, മറിച്ചനുഭവപ്പെടാത്ത കാലത്തോളം നല്ലതു തന്നെയായിരിക്കും എന്നുറപ്പിക്കുക.

തന്റെ പേര് കുട്ടികൃഷ്ണമാരാര് എന്നാണ് അച്ഛൻ എഴുതാറ്; കുട്ടിക്കൃഷ്ണമാരാര് എന്നല്ല. അച്ഛന്റെ അമ്മ അച്ഛനെ കുട്ടികൃഷ്ണാ (ദ്വിത്വമില്ലാതെ) എന്ന് വിളിച്ചിരുന്നതായിരുന്നു അതിന് കാരണം . അച്ഛന് അമ്മ ‘മാതൃ ദേവോ ഭവ’ തന്നെ ആയിരുന്നു. എന്നിരുന്നാലും ആരോ അച്ഛന്ന് ആ തെറ്റ് ചൂണ്ടിക്കാണിച്ചെഴുതിയപ്പോൾ അച്ഛന്റെ മറുപടി “എന്റെ ലേഖനത്തിൽ ഒരു തെറ്റുമുണ്ടാവില്ലെന്നാണ് എന്റെ വിശ്വാസം; പക്ഷെ പൂർണ്ണമായ ഒന്നും ഉണ്ടാവുകയുമില്ല എന്നാണല്ലോ.എന്നാൽ ആ അപൂർണ്ണത എന്റെ പേരിൽ തന്നെയാവട്ടെ.” എന്നായിരുന്നു.

മുരളീധരേട്ടൻ ആദ്യകാലത്ത് കടുത്ത കമ്യൂണിസ്റ്റായിരുന്നു: കമ്മ്യൂണിസ്റ്റുകാർക്ക് എന്തോ വിലക്കുണ്ടായിരുന്ന കാലം. കിട്ടിയ വേദി അവരുടെ ആശയപ്രചരണത്തിന്ന് അവർ ഉപയോഗിക്കും. അച്ഛൻ അധ്യക്ഷനായിരുന്ന മീറ്റിങ്ങിൽ അച്ഛന്റെ ആശയങ്ങൾ പിൻതിരിപ്പനാണെന്ന് ഏട്ടൻ പ്രസംഗിക്കവെ അറിയാതെ അച്ഛൻ എന്ന് ഏട്ടൻ പറയുമ്പോഴൊക്കെ “അച്ഛൻ എന്ന് പറയരുത് കുട്ടികൃഷ്ണമാരാര് എന്ന് പറയൂ” എന്നച്ഛൻ സദസ്യരിൽ ചിരി പടർത്തിക്കൊണ്ട് തിരുത്തിക്കൊണ്ടേ ഇരുന്നു. വീട്ടിൽ വെച്ചും ധാരാളം വാദപ്രതിവാദങ്ങൾ ഇതിനെച്ചൊല്ലി ഉണ്ടാവാറുണ്ടായിരുന്നു. പിന്നീട് ഏട്ടന്റെ അഭിപ്രായമൊക്കെ പാടെ മാറി. അതറിയാതെ ചിലർ പരിഹസിക്കാറുണ്ടായിരുന്നു “സ്വന്തം മകന്റെ അഭിപ്രായം മാറ്റാൻ കൂടി മാരാർക്ക് പറ്റിയിട്ടില്ല” എന്ന്. അത് പറഞ്ഞ് അച്ഛൻ പറയും “അവരറിയുന്നുണ്ടോ യഥാർത്ഥസ്ഥിതി!!”

ഒരു സാഹിത്യകാരനുള്ള ഏറ്റവും ഉചിതമായ സ്മാരകം അദ്ദേഹത്തിന്റെ കൃതികളാണെന്നായിരുന്നു അച്ഛന്റെ നിലപാട്. അച്ഛന്റെ കാലശേഷം ചില പുസ്തകങ്ങൾ ആവശ്യക്കാർക്ക് ലഭിക്കാതായപ്പോൾ ‘പിതൃദേവോ ഭവ’ എന്ന് തന്നെ കരുതിയിരുന്ന മുരളീധരേട്ടൻ ‘മാരാർ സാഹിത്യ പ്രകാശം’ തുടങ്ങി ആ കോട്ടം നികത്തി.

അച്ഛന്ന് കുട്ടിക്കാലം മുതൽക്കേ ചിത്രകലയിൽ നല്ല അഭിനിവേശമായിരുന്നു. പക്ഷെ അത് പഠിക്കാൻ ഗുരുവായൂരിൽ പോയാൽ കൂട്ടത്തിൽ അമ്മാമന്റെ അടുത്ത് നിന്ന് മന്ത്രവാദവും പഠിക്കാമല്ലോ എന്ന് മുത്തശ്ശി പറഞ്ഞപ്പോൾ അച്ഛന് മന്ത്രവാദത്തിനോടുള്ള കടുത്ത വിരോധം ചിത്രകലാഭ്രമത്തെ തോൽപ്പിച്ചു: എന്നിട്ട് സംസ്കൃതം പഠിക്കാൻ പട്ടാമ്പിയിൽ പോയി. അച്ഛന്റെ മാരാത്തെ ചുമരിൽ ശ്രീകൃഷ്ണന്റെ ചിത്രം വരച്ചത് കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പോൾ ആ വീട് അവിടെ ഇല്ല. മുത്തശ്ശന്റെ മാരാത്ത് കരിക്കാട് ആയിരുന്നു. അവിടെ അച്ഛൻ അമ്പലത്തിൽ പൂജകൊട്ടിന് പോയി കുറച്ചു നാൾ താമസിച്ചപ്പോൾ അവിടത്തെ അമ്പലത്തിന്റെ ചുമരിൽ കയ്യിൽ കിട്ടിയ ചായപ്പെൻസിൽ കൊണ്ട് ഓടക്കുഴൽ വിളിക്കുന്ന ശ്രീകൃഷണന്റെ ഒരു ചിത്രം വരയ്ക്കുകയുണ്ടായിട്ടുണ്ട്; അച്ഛന്ന് 15 വയസ്സുള്ളപ്പോഴൊ മറ്റോ ആണ് അത്. ഞങ്ങളാരും ആ ചിത്രം കണ്ടിട്ടില്ല; ശാസ്ത്ര ശർമ്മൻ കരിക്കാട് അച്ഛനെപ്പറ്റിയുള്ള ഒരു സ്മരണികയിൽ എഴുതിയത് കണ്ടിട്ടാണ് ഞങ്ങൾ തന്നെ അതറിയുന്നത്. അത് ഒട്ടും പഠിക്കാതെ വരച്ചതാണത്. പൊതുവെ ആർക്കും അറിയാത്തതാണ് അച്ഛന്റെ ഈ ചിത്രകലാഭ്രമം. പിൽക്കാലത്ത് കഥകളിമുദ്രയെപ്പറ്റി ഒരു ലേഖനമെഴുതിയപ്പോൾ കഥകളിമുദ്രകൾ അച്ഛൻ തന്നെയാണ് അതിൽ ചിത്രീകരിച്ചത്. അച്ഛന്റെ നൈസർഗ്ഗികമായ ഈ ചിത്രകലാതാൽപര്യം ഏട്ടൻമാർക്കും അനിയനും പകർന്നു കിട്ടിയിട്ടുണ്ടായിരുന്നു.

kuttikrishna marar ,memories,sujatha

കുട്ടികൃഷ്ണമാരാര് വരച്ച ചിത്രം

സംസ്കൃതം പഠിക്കാൻ നല്ല സാഹചര്യമുണ്ടായിട്ടും ഞങ്ങളാരും ദൗർഭാഗ്യവശാൽ അത് പ്രയോജനപ്പെടുത്തിയില്ല. ദുർഗ്ഗ മാത്രം കോളേജിൽ പേരിന് സംസ്കൃതം പഠിച്ചു എന്ന് പറയാം. ഞാൻ അച്ഛന്റെ അടുത്ത് നിന്ന് സംസ്കൃതം പഠിക്കാനൊരുങ്ങിയിരുന്നു; മൂന്നാം ദിവസം ഉഷയെ കണ്ടപ്പോൾ രാമന്റെ വിഭക്തിയൊക്കെ ഉഷയിൽ പ്രയോഗിച്ച് അച്ഛന്ന് അഷ്ടാവക്രന്ന് ഉണ്ടാക്കിയ അലോസരം (അച്ഛൻ വേദം തെറ്റി ചൊല്ലുന്നത് കേട്ട് അമ്മയുടെ ഗർഭപാത്രത്തിൽ കിടന്ന് പുളഞ്ഞാണത്രെ അഷ്ടാവക്രന്ന് എട്ട് വളവുകൾ ഉണ്ടായത്.) ഉണ്ടാക്കി ആ പരിപാടി നിന്നു കിട്ടി. സംസ്കൃതപഠനത്തിനുള്ള ആ സുവർണ്ണാവസരം കളഞ്ഞുകുളിച്ചതിനെപ്പറ്റി ഇപ്പോൾ ഓർത്തോർത്ത് ഞാൻ ദു:ഖിച്ചുകൊണ്ടേ ഇരിക്കുന്നു.

ആസ്തിക്യബോധത്തിലും ശാശ്വതമൂല്യങ്ങളിലും അടിയുറച്ചുകൊണ്ടായിരുന്നു വാൽമീകിയും വ്യാസനും മനുഷ്യകഥാനുഗായികളാണെന്ന് സമർത്ഥിച്ചുകൊണ്ടുള്ള അച്ഛന്റെ ഇതിഹാസ കഥാപാത്രനിരൂപണങ്ങളെല്ലാം.

ജീവിതത്തിലും പ്രൂഫ് റീഡർ

മാതൃഭൂമിയിൽ 23 കൊല്ലത്തോളം പ്രൂഫ്റീഡർ മാത്രമായി ജോലി ചെയ്ത അച്ഛൻ തനിക്ക് സാഹിത്യപരമായി സംഭവിച്ച ഒരു നോട്ടക്കുറവ് വളരെ ആർജ്ജവത്തോടെ തുറന്നു സമ്മതിച്ച് മൂന്ന് പതിറ്റാണ്ടിനു ശേഷം ജീവിതത്തിലും പ്രൂഫ് റീഡറായിക്കൊണ്ട് തിരുത്തിയിട്ടുണ്ട്.

വാൽമീകിയുടെ രാമന്റെ മാനുഷികഭാവത്തിനെ എടുത്ത് കാണിച്ച ‘വാൽമീകിയുടെ രാമൻ’ എന്ന ലേഖനം 1940 ൽ എഴുതിയിരുന്നു. അക്കാലത്ത് തന്നെ അച്ഛന്റെ രാമഭക്തയായ ഒരു ആരാധിക “മാരാര് ആ ലേഖനം മാറ്റി എഴുതണ”മെന്ന് പലവുരു പറഞ്ഞിരുന്നു. പക്ഷെ കുറേ കാലം അച്ഛൻ ആ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിന്നു.

അദ്ധ്യാത്മികതയിൽ ശ്രദ്ധയൂന്നിയ കാലത്ത് അച്ഛൻ രാമകൃഷ്ണാശ്രമത്തിലെ സിദ്ധിനാഥാനന്ദസ്വാമികളോടും കുഞ്ഞുണ്ണിമാഷോടും “ഇന്നാണെങ്കിൽ വാൽമീകിയുടെ രാമൻ ഞാൻ ഇങ്ങനെ എഴുതില്ല; പക്ഷെ അതന്നാമട്ടിൽ എഴുതിയതിൽ ഞാൻ പശ്ചാത്തപിക്കുന്നുമില്ല.” എന്ന് പറഞ്ഞിട്ടുണ്ട് . പിന്നീട് കുറച്ചുകാലം കൂടി കഴിഞ്ഞ് 1970ൽ ശ്രീരാമന്റെ അഭിഷേകവിഘ്നസമയത്തെ സ്ഥിതപ്രജ്ഞാഭാവത്തിലുള്ള സമചിത്തതയെ വാനോളം വാഴ്ത്തിക്കൊണ്ട് അച്ഛൻ അതിന് ഒരു അനുബന്ധലേഖനമെഴുതി. ആസ്തിക്യബോധം എന്നും ഒരു ശ്രുതിയായി ഉണ്ടായിരുന്നതു കൊണ്ട് തന്റെ ആദ്യത്തെ ലേഖനത്തിൽ തന്നെ രാമന്റെ ഈ അനിതരസാധരണമായ മഹത്വം താൻ ഉയർത്തിക്കാണിച്ചിരുന്നു എന്ന് തന്നെ പറ്റി എഴുതുമ്പോൾ അച്ഛൻ സ്വയം ഒട്ടാശ്വസിച്ചിട്ടുണ്ട്.

അമ്മയുടെ വേർപാടിന്റെ ആഘാതത്തിൽ എഴുതിയ ‘പുനസ്സമാഗമം’ എന്ന രചനയിൽ അച്ഛൻ അമ്മയോട് പറയുന്നു: “ഹാ ,പ്രിയതമേ, നീണാൾ ജീവിച്ചിരുന്ന കാലത്തോളം ‘നീ’ എന്ന് നിന്നെ ഞാൻ കുറിച്ചിട്ടില്ല. ഇന്നങ്ങനെ ചെയ്യുന്നത് പൊറുക്കണേ. നീ ജന്മനാ കൊണ്ടു വന്ന ഗുണങ്ങൾ.. പ്രേമവും സഹിഷ്ണുതയും ദാക്ഷിണ്യവും എല്ലാം എന്നിൽ സമർപ്പിച്ചും വെച്ചിട്ട് അതിന് വേണ്ടി എടുത്ത ഭൗതികശരീരം കൈവിടുകയാണുണ്ടായതെന്ന് എനിക്ക് വല്ലപ്പോഴും ആശ്വസിക്കാനൊക്കുമോ? നീ മൃത്യുവോളം ചെന്ന് പല ക്ലേശങ്ങൾ സഹിച്ചും ഏറെക്കാലം എന്നെ സേവിച്ചു വന്നതോർക്കുമ്പോൾ ഞാൻ കരഞ്ഞു പോകുന്നു. അതു നിന്നെ ഓർത്തുള്ള ധന്യതാബോധം കൊണ്ടാണേ ഒരിക്കലും മതിവരായ്കകൊണ്ടല്ല! നാൽപ്പതാണ്ടിലേറെക്കാലം നീ എന്റെ കൂടെ സമ-വിഷമദശകളിലൂടെ സ്വസ്ഥമായി നടക്കേണ്ടതെങ്ങനെ എന്ന് എന്നെ പഠിപ്പിച്ചു. നീ പോയതിനുശേഷം എനിക്കതിനിയും പഠിഞ്ഞില്ലെന്നു ഞാൻ കാണിച്ചാൽ പിന്നെ ഈശ്വരനു പോലും എന്നെ രക്ഷിക്കാനൊക്കുമോ.”

kuttikrishna marar,memories.sujatha

കുട്ടികൃഷ്ണ മാരാരുടെ പുസ്തകങ്ങളുടെ കവര്‍ ചിത്രങ്ങള്‍

അമ്മയുടെ അഭാവത്തിൽ ഒരഞ്ചാറു കൊല്ലത്തിത്തള്ളിൽ അച്ഛൻ അൽഷൈമേഴ്സ് രോഗത്തിന്നധീനനായി. പൊതുവെ അച്ഛന്ന് അങ്ങനെ രോഗമൊന്നും വരാറില്ലായിരുന്നു. ചെറിയ രോഗം വന്നാൽ പോലും അച്ഛന്ന് സഹിക്കാനാവുമായിരുന്നില്ല; അമ്മയുടെ നേർവിപരീതം. അച്ഛന്ന് മറവിരോഗം വന്നതിൽ പിന്നെയായിരുന്നു എന്റെ കല്യാണം. അതുകൊണ്ട് എന്റെ കല്യാണം കഴിഞ്ഞതൊന്നും അച്ഛന് ശരിക്കറിയാമായിരുന്നില്ല. പണ്ടൊരിക്കൽ അച്ഛൻ “മകളുടെ ഭർത്താവിനെ ഈശ്വരനെ പോലെ കാണണ” മെന്ന് സന്ദർഭവശാൽ പറഞ്ഞിരുന്നു. അതച്ഛന്റെ മനസ്സിലുള്ളത് കൊണ്ടാവാം ഓർമ്മയുടെ സ്ഫുരണം അപൂർവ്വമായി ഉണ്ടാവുന്ന സമയത്ത് എന്റെ മകനെ ശങ്കരന്റെ കുട്ടി എന്നല്ലാതെ ഒരിക്കലും സുജാതയുടെ കുട്ടി എന്ന് പറഞ്ഞിട്ടില്ല.

അച്ഛന്റെ നിലപാടിനെ അച്ഛൻ തന്നെ എഴുതിയ ഈ വരികളിൽ ചുരുക്കി പറയാം,

“സർവ്വാത്മനേ ഭഗവതോ
പ്രണതോസ്മ്യന്തരാത്മനാ
യദാശ്രയതോന്യത്ര
ക്വചിന്മൂർദ്ധാ ന സന്നമേത് ”
(സർവ്വാത്മാവായ ഭഗവാനെ അന്തരാത്മാവിനാൽ, ഞാൻ പ്രണമിക്കുന്നു; അവിടുത്തെ ആശ്രയമുള്ളത് കൊണ്ട് മറ്റെങ്ങുംതല താഴ്ന്നു പോവില്ല )

അതുകൊണ്ടാവാം അച്ഛന് മറ്റുള്ളവരുടെ പ്രിയാപ്രിയമൊന്നും നോക്കാതെ കാര്യം തുറന്നു പറയാൻ സങ്കോചവുമുണ്ടാവാതിരുന്നത്. പക്ഷെ ഈ നിർഭയത്വം സാഹിത്യമേഖലയിൽ മാത്രമായിരുന്നു എന്നു പറയാം.

സാഹിത്യത്തിൽ നിന്ന് ആധ്യാത്മികതയിലേയ്ക്ക്

‘കല ജീവിതം തന്നെ’ എന്ന് വിശ്വസിച്ചിരുന്ന അച്ഛന്റെ സ്വാഭാവികപരിണാമമായിരുന്നു അധ്യാത്മികത തന്നെ ജീവിതം എന്നത്. അധികമാരാലും ശ്രദ്ധിക്കപ്പെടാതെപോയ ശ്രദ്ധേയമായ പരിണാമം. അതിനു നിദാനമായി അച്ഛന്റെ ഭഗവാനോടുള്ള
ശരണാഗതഭാവത്തിലുള്ള ‘ഭഗവൻ!’എന്ന രചനയിൽ നിന്ന് ചിലത് ഉദ്ധരിച്ച് ഞാനിതവസാനിപ്പിക്കുന്നു.

kuttikrishna marar,sujatha ,memories

കുട്ടികൃഷ്ണ മാരാര് പുട്ടപര്‍ത്തിയില്‍

”ഗതികെട്ടവൻ അവിടുത്തെ നേർക്ക് തിരിഞ്ഞു കൊള്ളട്ടെ എന്ന് പറയുന്നത് വെറുതെ. ഗതികെട്ടവനേ ഇങ്ങോട്ടു തിരിയൂ. ഭൗതികലോകം സുലഭമായി മുന്നിലിരിക്കെ അസുലഭനായ അവിടുത്തെ നേർക്കു തിരിയാൻ ആർ മിനക്കെടും, നചികേതസ്സൊഴികെ? ഒടുക്കത്തെ അറിവും കയ്യിലെത്തും വരെ കിട്ടുന്ന അറിവെല്ലാം ഞാൻ എന്റേതാക്കി വെക്കുന്നു, ഒടുക്കത്തേത് വന്നാൽ എല്ലാം കൂടി അവിടുത്തെ തൃക്കാൽക്കൽ സമർപ്പിക്കാൻ.”

എന്റെ ജീവിതത്തിന്റെ ഏറെ മുന്നേറിയ ഈ സായംസന്ധ്യയിൽ എവിടെയൊക്കെയോ മറഞ്ഞിരുന്ന, പറഞ്ഞു കേട്ടതും അനുഭവിച്ചുതും എനിക്കതീവ ഹൃദ്യവുമായ, അഹമഹമികയാ വരുന്ന ഈ ഓർമ്മകളിൽ പലതിനെ പറ്റിയും എഴുതാൻ ഒരവസരമുണ്ടായത് ഭഗവദനുഗ്രഹമായി കരുതുന്നു… അതെ ദു:ഖകരമായ ഓർമ്മകൾക്കും ഹൃദ്യത ഒട്ടും കുറവില്ല:
തുഞ്ചത്താചാര്യർ പറഞ്ഞ പോലെ,

“സുഖവും ദു:ഖവും അനുഭവകാലം
പോയാൽ സമമിഹ നാരായണ ജയ”

sujatha-km

കെ. എം. സുജാത

Source

പ്രതിമാസന്ധി: പ്രതിസന്ധി? / ഡോ. എം. കുര്യന്‍ തോമസ്

statue-jn

തിരുവനന്തപുരം നഗരത്തിന്റെ ഊര്‍ജ്ജകേന്ദ്രമാണ് സ്റ്റാച്യൂ ജംഗ്ഷന്‍. സെക്രട്ടറിയേറ്റ് എന്ന കേരള ഭരണസിരാകേന്ദ്രം ഇവിടെയാണ് എന്നതാണ് സ്റ്റാച്യൂ ജംഗ്ഷനെ പ്രമുഖമാക്കുന്നത്. സ്റ്റാച്യൂ ജംഗ്ഷനെ പ്രതിമാസന്ധി എന്നു പച്ചമലയാളത്തില്‍ രസകരമായി പരിഭാഷപ്പെടുത്തിയത് സാക്ഷാല്‍ വി.കെ.എന്‍ ആണ് (ചാത്തന്‍സ്). ഭരണഭാഷ മലയാളം ആയി മാറിയിട്ടും തിരുവനന്തപുരത്തെ പ്രതിമാസന്ധി, സ്റ്റാച്യൂ ജംഗ്ഷന്‍ ആയിത്തന്നെ തുടരുന്നു.

ഇവിടെ വിഷയം അതല്ല. സ്റ്റാച്യൂ ജംഗ്ഷന് ആ നാമം ലഭിച്ചത് അവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു പ്രതിമ മൂലമാണന്ന് എത്രപേര്‍ക്കറിയാം? ചോദ്യം വന്നതിനാല്‍ അതു വഴികടന്നുപോയിട്ടുള്ള പലരും പെട്ടന്നു സെക്രട്ടറിയേറ്റിന്റെ അങ്കണത്തില്‍ നില്‍ക്കുന്ന വേലുത്തമ്പി ദളവയുടെ പ്രതിമയെന്നു ചിന്തിച്ചേക്കാം. അന്നാല്‍ അതല്ല പ്രതിമാസന്ധിയെ സൃഷ്ടിച്ചത്. തിരുവിതാംകൂറിലെ ഏറ്റവും മികച്ച ഭരണധികാരികളില്‍ ഒരാളായ ദിവാന്‍ സര്‍ ടി. മാധവറാവുവിന്റെ പ്രതിമയാണ് ആ സ്ഥലത്തിനു ആ പേരു നല്‍കിയത്. സെക്രട്ടറിയേറ്റിനു മുമ്പില്‍ റോഡിലാണ് ഈ സ്റ്റാച്യൂ സ്ഥിതിചെയ്യുന്നത്.

ഇവിടെ ചര്‍ച്ചചെയ്യുന്ന പ്രതിമാപരമായ വിഷയം അതു തന്നെയാണ്. ഒരു പ്രതിമ സ്ഥാപിക്കുന്നത് മണ്‍മറഞ്ഞ ആ വ്യക്തിയെ ശാശ്വതമായി സ്മരിക്കാനാണ്. അദ്ദേഹത്തെ സ്മരിക്കുകവഴി അദ്ദേഹത്തിന്റെ പ്രാഗല്‍ഭ്യത്തിന്റെയും സംഭാവനയുടേയും ഓര്‍മ്മപ്പെടുത്തലാണ്. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ്. സ്റ്റാച്യൂ ജംഗ്ഷന്‍ എന്നു പേരുണ്ടായിട്ടും തിരുവനന്തപുരത്ത് അപ്രകാരം ഒരു പ്രതിമ ഉള്ളതായി ഭൂരിപക്ഷത്തിനും അറിയില്ല. അറിയുന്നവരില്‍ത്തന്നെ അപൂര്‍വം ആളുകള്‍ക്കു മാത്രമാണ് അതു അതീവ പ്രഗ്തഭനായിരുന്ന ദിവാന്‍ സര്‍ ടി. മാധവറാവുവിന്റെ പ്രതിമയാണന്നു അറിയൂ. അദ്ദേഹത്തിന്റെ സംഭവനകള്‍ എന്തെന്നു ജ്ഞാനമുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം! വസ്തുതകള്‍ ഇങ്ങനെയായിരിക്കെ പിന്നെന്തിനു പ്രതിമകള്‍ സ്ഥാപിക്കണം?

ഒരുതരത്തില്‍ പറഞ്ഞാല്‍ പ്രതിമാ സ്ഥാപനം ഒരാചാരമാണ്. ഒരാള്‍ മരിക്കുകയോ, അദ്ദേഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും വാര്‍ഷികങ്ങള്‍ വരുകയോ ചെയ്യുമ്പോള്‍ നാടെങ്ങും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുക എന്നത് കേരളത്തില്‍ ഒരുകാലത്ത് അനുഷ്ഠാനമെന്നവിധം വ്യാപിച്ചിട്ടുണ്ടായിരുന്ന ഒരു ചടങ്ങായിരുന്നു. ആ വ്യക്തിയുമായി പുലബന്ധം പോലുമില്ലാത്ത സ്ഥലങ്ങളില്‍പോലും പ്രതിമകള്‍ ഉയരും. പിരിവായി, ഉത്ഘാടനമായി! അതോടെ തീര്‍ന്നു. പിന്നെ അവ കാക്കക്കക്കൂസായി കാലങ്ങളോളം വിരാജിക്കും! ശുഭാന്ത്യമോ ശോകാന്ത്യമോ? സമീപകാലത്ത് ഈ ഭ്രമത്തിനല്പം ശമനം വന്നിട്ടുണ്ടെന്നു തോന്നുന്നു.

തൃപ്പൂണിത്തുറ, എറണാകുളം, തൃശൂര്‍ നഗരങ്ങളില്‍ തലപ്പാവും നീണ്ട മേല്‍ക്കുപ്പായവും ധരിച്ച അനേകം വ്യക്തികളുടെ പൂര്‍ണ്ണകായ പ്രതിമകള്‍ കാണാം. പഴയ കൊച്ചീ രാജാക്കന്മാരുടെ പ്രതിമകളാണ്. എല്ലാം ഏതാണ്ട് സമാനം. ഓരോ കൊച്ചീ രാജാവും തീപ്പെടുമ്പോള്‍ അവരുടെ പ്രതിമ സ്ഥാപിക്കുക എന്നത് എന്നോ ഒരു കീഴ്‌വഴക്കമായി. അതിവൃദ്ധതയില്‍ മാത്രം മൂപ്പുകിട്ടി അരിയിട്ടുവാഴ്ച നടത്തിയവരാണ് കൊച്ചീ രാജാക്കന്മാരില്‍ ഭൂരിപക്ഷവും. അതിനാല്‍ തുടെരെത്തുടരെ പ്രതിമകള്‍ സ്ഥാപിക്കേണ്ടി വന്നു. അതാണ് അത്തരം പ്രതിമകളുടെ പെരുപ്പത്തിനു കാരണം. ഇതേപ്പറ്റി രസകരമായ ഒരു കഥയുണ്ട്. ഏതാണ്ട് പ്രതിവര്‍ഷം എന്നവിധം പ്രതിമകള്‍ സ്ഥാപിക്കേണ്ടിവന്നതോടെ നിര്‍മ്മാണവും സാമ്പത്തികവും പ്രതിസന്ധിയിലായി. അതിനു ഒരു ബുദ്ധിമാന്‍ കണ്ടുപിടിച്ച പ്രതിവിധി; ഓരോ തമ്പുരാന്‍ തീപ്പെടുമ്പോഴും പഴയൊരു പ്രതിമയുടെ തല വെട്ടിമാറ്റി പുതിയൊരണ്ണം ആ സ്ഥാനത്ത് വെച്ചുപിടിപ്പിക്കുക! അവസാനം വന്നപ്പോള്‍ മുമ്പ് വെട്ടിയെടുത്ത തലകള്‍തന്നെ വീണ്ടും ഉപയോഗിക്കുന്ന ഉയര്‍ന്ന ചിലവുചുരുക്കല്‍ പദ്ധതിയും നടപ്പാക്കിയത്രെ!

കേരളത്തിലങ്ങോളമിങ്ങോളം ഉണ്ടാക്കിവെച്ചിരിക്കുന്ന പല പ്രതിമകളും കണ്ടാല്‍ തെരോന്തോരം ഭാഷയില്‍; അമ്മച്ചിയാണെ പെറ്റതള്ള സഹിക്കൂല്ല. അത്ര വികൃതമാണ് അവയുടെ കോലം. പുതുമോടി കഴിഞ്ഞ് പുരട്ടിയ ഇനാമല്‍ പെയിന്റുകൂടെ ഇളകിയാല്‍ പിന്നെ പറയേണ്ട. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു മുമ്പില്‍പോലും പതറാതെ പിടിച്ചുനിന്ന സോണിയാ ഗാന്ധി പിന്നീട് കേരളത്തില്‍ യാത്ര ചെയ്തപ്പോള്‍ കരഞ്ഞുപോയി എന്നൊരു കഥയുണ്ട്. റോഡില്‍ കണ്ട തന്റെ ഭര്‍ത്താവിന്റെ ഒരു പ്രതിമയുടെ രൂപമാണത്രെ കാരണം! ((ഭാഗ്യത്തിനു കുറെക്കാലം കഴിഞ്ഞ് ആ പ്രശസ്തപ്രതിമ ലോറിയിടിച്ചു തകര്‍ന്നു.) ഇത്തരം പ്രതിമകള്‍ സ്മര്യപുരുഷനെ – ആരായാലും – ബഹുമാനിക്കുന്നതോ അപമാനിക്കുന്നതോ?

ഇക്കാര്യത്തില്‍ തമിഴര്‍ മലയാളികളേക്കാള്‍ അനേകമിരട്ടി മാന്യരാണ്. പ്രതിമകള്‍ വലുതായാലും ചെറുതായാലും അവര്‍ മാന്യമായി നിര്‍മ്മിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും. ഇടയ്ക്കിടെ ശുചീകരിക്കുന്നവയാണ് ഇവയില്‍ ഭൂരിപക്ഷവും. നഗരചത്വരങ്ങളിലെ പ്രതിമകള്‍ക്ക് മിക്കവാറും ഒരു കുടയും ഹാരാര്‍പ്പണത്തിനായി ഒരു സ്ഥിരം ഗോവണിയും കാണും. തമിഴകത്തെ പ്രതിമകളില്‍ കാക്കക്കക്കൂസ് ആയവ വിരളം.

സുപ്രസിദ്ധര്‍ക്കു മാത്രമല്ല, കുപ്രസിദ്ധര്‍ക്കും കേരളത്തില്‍ പ്രതിമകളുണ്ട്. അനേകര്‍ മരിച്ച ഒരു വിഷമദ്യദുരന്തത്തില്‍ മുഖ്യപ്രതിയായി ശിക്ഷിക്കപ്പെട്ട് അനകവര്‍ഷം ജയില്‍വാസം നടത്തിയ ഒരാളുടെ പൂര്‍ണ്ണകായ പ്രതിമ കേരളത്തിലെ ഒരു പ്രമുഖ പാതയോരത്ത് സ്ഥിതിചെയ്യുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തിയവരുടെ മുമ്പില്‍ അധികൃതര്‍ കൈമലര്‍ത്തി. സ്വകാര്യഭൂമിയില്‍ അദ്ദേഹത്തിന്റെ കുടുംബക്കാര്‍ പ്രതിമ സ്ഥാപിക്കുന്നതിനെ തടയാനാവില്ല. ദോഷം പറയരുത്, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പ്രതിമ സ്ഥാപിച്ചവര്‍ അതു വൃത്തിയായി സൂക്ഷിക്കുന്നുണ്ട്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചവന്റെ പോലും പ്രതിമസ്ഥാപിച്ച് ആരാധിക്കുവാന്‍ ആളുള്ള ഇന്ത്യാ മഹാരാജ്യത്ത് ഇതും ഇതിലപ്പുറവും സംഭവിക്കും.

ഒരാള്‍ പ്രായശ്ചിത്തമായി നിര്‍മ്മിച്ച ഒരു പ്രശസ്തമായ പ്രതിമയും കേരളത്തിലുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയാണത്. അതിന്റെ പുറകില്‍ ഹൃദയസ്പര്‍ശിയായ ഒരു കഥയുമുണ്ട്. 1959-ല്‍ കള്ളനോട്ടു കേസില്‍ ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ ജയിലിലെത്തിയ ഫ്രാന്‍സിസ് സേവ്യര്‍ എന്നയാളാണ് ഇതിന്റെ ശില്പി. ജയിലിലെത്തിയ ഫ്രാന്‍സിസ് സേവ്യറിനു പശ്ചാത്തപമുണ്ടായി. അറിയപ്പെടുന്ന ശില്പി ഒന്നുമല്ലാത്ത ഇദ്ദേഹത്തിനു കള്ളനോട്ടുകളിള്‍ താന്‍ സൃഷ്ടിച്ച രാഷ്ട്രപിതാവിന്റെ രൂപം ഒരു പരിഹരക്രിയ ആയി നിര്‍മ്മിക്കണമെന്ന മോഹമുണ്ടായി. ജയില്‍ അധികൃതര്‍ ഇത് അംഗീകരിച്ചതോടെ വേഗത്തില്‍ത്തന്നെ പണി പൂര്‍ത്തിയായി. 1960 മെയ് 7-നു സംസ്ഥാന മന്ത്രി പി. ടി. ചാക്കോ ഈ പ്രതിമ അനാശ്ചാദനം ചെയ്ത ചടങ്ങില്‍ സഹതടവുകാരോടൊപ്പം പങ്കെടുത്ത ഫ്രാന്‍സിസ് സേവ്യര്‍ ചടങ്ങിനിടയില്‍ കുഴഞ്ഞുവീണു പിറ്റെന്നു അശുപത്രിയില്‍വെച്ചു മരിച്ചു. വലിയ കലാമൂല്യമൊന്നുമില്ലങ്കിലും ഇന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ഈ പ്രതിമ ഭംഗിയായി സൂക്ഷിക്കുന്നു. ഒരു പശ്ചാത്താപത്തിന്റെ സ്മാരകമായി. അപ്പോഴും C. No. 11107 എന്ന ജയില്‍ നമ്പറുള്ള ഫ്രാന്‍സിസ് സേവ്യര്‍ എന്ന തടവുകാരന്‍ ഇന്നും അജ്ഞാതനായി തുടരുന്നു.

ഇങ്ങിനെയൊക്കെ ആണെങ്കിലും പ്രതിമകള്‍ ഇന്നു കേരളത്തിനു പ്രതിസന്ധിയാണ്. കേരളത്തിനു മാത്രമല്ല, ഇന്ത്യയ്ക്കുതന്നെ പ്രതിമകള്‍ ഇന്നൊരു തലവേദനയാണ്. രാഷ്ട്രീയവും മതവും പ്രതിമാനിര്‍മ്മാണത്തിലും പരിചരണത്തിലും ധ്വംസനത്തിലും കടന്നുകയറുന്നതാണ് ഇന്നത്തെ പ്രതിസന്ധി. ശതകോടികള്‍ മുടക്കി പുതിയ പ്രതിമകള്‍ സ്ഥാപിക്കപ്പെടുന്നു. എന്തിനുവേണ്ടി? ഉത്തരമില്ല. രാഷ്ട്രപിതാവിന്റെയും ഭരണഘടനാശില്പിയുടേയും പ്രതിമകള്‍ രാജ്യമെമ്പാടും തകര്‍ക്കപ്പെടുന്നു. ആര്‍ക്കുവേണ്ടി? അതിനും പരസ്യമായ ഉത്തരമില്ല. ലോകപൈതൃകങ്ങളിലൊന്നായ അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ ബുദ്ധപ്രതിമ വെടിവെച്ചുതകര്‍ത്ത താലിബാന്‍ ഭീകരര്‍ മാപ്പ് അര്‍ഹിക്കുന്നില്ല എന്നു ലോകം വിധിയെഴുതി. പക്ഷേ അതിനു സമാനമായ ധ്വംസനങ്ങളല്ലേ സമീപകാലത്ത് ഇന്ത്യയില്‍ അരങ്ങേറുന്നത്? അതുകൊണ്ട് വിഗ്രഹഭംജ്ഞകരുടെ ലക്ഷ്യം പ്രാപ്തമാകുമോ? ഇല്ല എന്നാണ് കാലം തെളിയിക്കുന്നത്. പിന്നെന്തിനു ഇതു തുടരുന്നു?

പ്രതിമാധ്വംസനം പോലെതന്നെ അപലപനീയമാണ് അവയ്ക്കു അറ്റകുറ്റപ്പണികള്‍ നിഷേധിക്കുന്നതും. ദ്രാവിഡവേദം എന്നു വിശേഷിപ്പിക്കപ്പെടുന്ന തിരുക്കുറളിന്റെ രചയിതാവായ തിരുവുള്ളവര്‍ തമിഴര്‍ക്കു മാത്രമല്ല, ദ്രാവിഡര്‍ക്കു മുഴുവന്‍ ആദരണീയനാണ്. ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ടിനു മുമ്പ് എന്നു കാലഗണന ചെയ്യപ്പെടുന്ന അദ്ദേഹം എല്ലാ വര്‍ത്തമാനകാല രാഷ്ട്രീയത്തിനും അതീതനാണ്. ഇന്നും പൂര്‍ണ്ണമായും വ്യാഖ്യാനാതീതമായി തുടരുന്ന തിരുക്കുറള്‍ അദ്ദേഹത്തിന്റെ മതവും നിര്‍ദ്ധാരണം ചെയ്യുന്നില്ല. തമിഴകത്തിന്റെ സാസ്‌കാരിക പൈതൃകമായ തിരുവുള്ളവരുടെ 133 അടി ഉയരമുള്ള പ്രതിമ ഇന്ത്യയുടെ തെക്കെ അറ്റമായ കന്യാകുമാരിയിലെ ഒരു ചെറുദ്വീപില്‍ സ്ഥാപിച്ചത് തമിഴ്‌നാട് സര്‍ക്കാരാണ്. പക്ഷേ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അതിന്റെ പ്രതിവര്‍ഷ അറ്റകുറ്റപ്പണികള്‍ക്കു സര്‍ക്കാര്‍ പണം നിഷേധിക്കപ്പെട്ടു. കാരണം ലളിതം. പ്രതിമ സ്ഥാപിച്ച മുഖ്യമന്ത്രിയോടു പിന്നീടു വന്ന മുഖ്യമന്ത്രിക്കുള്ള കുടിപ്പക. അവസാനം തമിഴനായ രാഷ്ട്രപതി എ. പി.. ജെ. അബ്ദല്‍കലാം നേരിട്ട് ഇടപെട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്. രാഷ്ട്രീയത്തിനു മുകളില്‍ എന്തു പൈതൃകം! എന്തു സംസ്‌ക്കാരം!

ഒരുവശത്ത് പ്രതിമാധ്വംസനത്തിലൂടെ ദേശീയ നേതാക്കളെ ചരിത്രത്തില്‍നിന്നും തമസ്‌ക്കരിക്കുവാനുള്ള സംഘടിത ശ്രമം നടക്കുമ്പോള്‍ പ്രതിമാസ്ഥാപനത്തിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ സമൂഹത്തില്‍ തങ്ങളുടെ കൈയ്യടയാളം സ്ഥാപിച്ച് അതിനെ പ്രതിരോധിക്കുവാന്‍ ശ്രമിക്കുന്ന കാഴ്ചയും ഇന്ന് ഇന്ത്യയില്‍ ദൃശ്യമാണ്. ഡോ. അംബേദ്ക്കറുടേയും കേരളത്തില്‍ വിശിഷ്യാ അയ്യന്‍കാളിയുടേയും സ്മാരകങ്ങള്‍ ധൃതഗതിയില്‍ ഉയരുന്നതിനു പിമ്പിലെ ചേതോവികാരം ഇതാണ്.

ഇത്തരം അനാശാസ്യമായ ധ്രുവികരണങ്ങളാണ് പ്രതിമകള്‍ സൃഷ്ടിക്കുന്ന അടുത്ത പ്രതിസന്ധി. തല നഷ്ടപ്പെടുന്ന ഗാന്ധിജിയും നിറംമാറുന്ന ഡോ. അംബേദ്ക്കറും ഇന്ത്യയ്ക്കു കരുതിവെക്കുന്നത് ഭാസുരമായ ഭാവിയല്ല.

നഗര-പാത വികസനങ്ങള്‍ വരുമ്പോള്‍ വഴിമുടക്കികളാകുന്ന പ്രതിമകള്‍ പുതിയ കഥയൊന്നുമല്ല. അവയുടെ പുനഃസ്ഥാപനം പലപ്പോഴും വൈകാരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പ്രത്യേകിച്ചും സങ്കുചിതബുദ്ധികള്‍ സ്വാര്‍ത്ഥ താത്പര്യത്തോടെ അവയുടെ മാന്യമായ പുനഃസ്ഥാപനത്തെ തടസ്സപ്പെടുത്തുമ്പോള്‍. പ്രതിമകള്‍ സൃഷ്ടിക്കുന്ന അടുത്ത പ്രതിസന്ധി ഇതാണ്.

എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. കേരളത്തിലെ മലയാളം അച്ചടിയുടെ തലതൊട്ടപ്പനായ റവ. ബെഞ്ചമിന്‍ ബെയ്‌ലിയുടെ പ്രതിമ കോട്ടയം നഗരത്തിലെ ഒരു മുഖ്യ പാതാസന്ധിയില്‍ സ്ഥാപിക്കാന്‍ അധികൃതരുടെ അനുമതി ലഭിച്ചതാണ്. എന്നാല്‍ അവസാനനിമിഷം ദീര്‍ഘവീക്ഷണപടുക്കളായ സംഘാടകര്‍ ഭാവിയില്‍ ഉണ്ടാകാവുന്ന റോഡ് വികസന പ്രതിസന്ധി ഒഴിവാക്കാന്‍ പാതാമദ്ധ്യത്തില്‍നിന്നും പ്രതിമാസ്ഥാപനം മുന്‍സിപ്പല്‍ പാര്‍ക്കിലേയ്ക്കു മാറ്റി. നല്ലത്. പക്ഷേ സമീപകാലത്ത് പാര്‍ക്കുതന്നെ പരിത്യജിക്കപ്പെട്ടതോടെ പ്രതിമ കാടുകയറി. പാവം ബെയ്‌ലി സായ്പ്പ്! പാവം സംഘാടകര്‍!

ഫ്രാന്‍സിലെ ജനങ്ങള്‍ അമേരിക്കയിലെ ജനങ്ങള്‍ക്ക് സമ്മാനിച്ചതാണ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി എന്ന 46 മീറ്റര്‍ ഉയരമുള്ള ചെമ്പു പ്രതിമ. ന്യൂയോര്‍ക്കിലെ ഒരു ചെറുദ്വീപില്‍ 1886 ഒക്‌ടോബര്‍ 28-നു സ്ഥാപിച്ച ഈ പ്രതിമ ഇന്ന് അമേരിക്കന്‍ ഐക്യനാടുകളുടെ സ്വതന്ത്ര്യത്തിന്റെ മാത്രമല്ല, അസ്തിത്വത്തിന്റെകൂടെ പ്രതീകമായി മാറി. അത്തരമൊരു സ്ഥാനം ഒരു ബഹുസ്വര സമൂഹമായ ഇന്ത്യില്‍ ഒരു പ്രതിമയ്ക്കും ലഭിക്കില്ല. ഒരു നേതാവിനേയും ഒരു പ്രതിമയിലൂടെ – അതെത്ര വലുതായാലും – ദേശീയ പ്രതീകമാക്കാനാവില്ല. താല്ക്കാലിക രാഷ്ട്രീയ നേട്ടത്തിനുപോലും ഈ ശതകോടികളുടെ മുതല്‍മുടക്ക് ഉപകരിക്കുമോ എന്നു കണ്ടറിയണം.

എത്ര പ്രതിമകള്‍ സ്ഥാപിച്ചാലും ഈ മണ്ണില്‍ വെറുതെ ജനിച്ചുമരിച്ചു പോയവരുടെ ഓര്‍മ്മ ശാശ്വതമായി നിലനിര്‍ത്താനാവില്ല. എത്ര കോടികള്‍ മുടക്കി ഊതിപ്പെരുപ്പിച്ചാലും കാമ്പില്ലാത്ത ബിംബങ്ങള്‍ ജനമനസുകളില്‍ ജീവിക്കില്ല. അതേസമയം എത്ര ശ്രമിച്ചാലും അശോകനും അക്ബറും മഹാത്മാഗാന്ധിയും പണ്ഡിറ്റ് ജവര്‍ലാല്‍ നെഹ്‌റുവും ഡോ. അംബേദ്കറും ഒന്നും ഇന്ത്യയിലെ ജനമനസുകളില്‍നിന്നും മാഞ്ഞുപോകില്ല. കാരണം അവര്‍ ഇന്ത്യയ്ക്കു നല്‍കിയ മഹത്തായ സംഭാവനകള്‍ ജനഹൃദയങ്ങളില്‍ അവരെ അനശ്വരരായി നിലനിര്‍ത്തും. അത്തരം പ്രതിഭകളെ തമസ്‌ക്കരിക്കാന്‍ നടത്തുന്ന വിഗ്രഹഭംജ്ഞനങ്ങള്‍ തികച്ചും പ്രതികൂലഫലം മാത്രമാണ് ഉണ്ടാക്കുക. കാരണം ചാരംമൂടിയ ഓര്‍മ്മയുടെ കനലുകളെ ഊതിക്കത്തിക്കാന്‍ അത്തരം സംഭവങ്ങള്‍ ത്വരകമാകും എന്നതുതന്നെ. അതേപോലെതന്നെ ഒരൊറ്റ പ്രതിമയോ സ്മാരകമോ പോലും നിലവിലില്ലെങ്കിലും അഡോള്‍ഫ് ഹിറ്റ്‌ലറെപ്പോലുള്ളവര്‍ ലോകാന്ത്യത്തോളം വിസ്മരിക്കപ്പെടില്ല. കാരണം മനുഷ്യരാശിയോട് അവര്‍ ചെയ്ത അതിഭീകരമായ ക്രൂരതകൊണ്ട്! വിഗ്രഹഭംജ്ഞകര്‍ മനസിലാക്കാതെ പോകുന്നതും ഈ യാഥാര്‍ത്ഥ്യങ്ങളാണ്.

വാല്‍ക്കഷണം – യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ സ്റ്റാച്യു ജംഗ്ഷന്‍ എന്ന നാമം അര്‍ഹിക്കുന്നത് തിരുവനന്തപുരത്തെ വിഖ്യാതമായ സ്റ്റാച്യു ജംഗ്ഷന്‍ അല്ല. അതു വൈക്കത്താണ്. കോട്ടയം – എറണാകുളം റോഡില്‍നിന്നും വൈക്കം നഗരത്തിലേയ്ക്കും ക്ഷേത്രത്തിലേയ്ക്കുമുള്ള പാതകള്‍ ആരംഭിക്കുന്ന കവലയാണ് കേരളത്തിലെ യഥാര്‍ത്ഥ പ്രതിമാസന്ധി. റോഡുമദ്ധ്യേ ടി. കെ. മാധവന്‍. പാതയോരത്ത് നാലു ചുറ്റുമായി പെരിയോര്‍ ഇ. വി. രാമസ്വാമി നായ്ക്കര്‍, മന്നത്ത് പദ്മനാഭന്‍, തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആര്‍. എന്ന എം. ജി. രാമചന്ദ്രനും ഭാര്യ വൈക്കം സ്വദേശിനി ജാനകിയും. കൂടാതെ വൈക്കം സത്യാഗ്രഹകസ്മാരക ശില്പവും! അതാണ് കേരളത്തിലെ ശരിക്കുമുള്ള പ്രതിമാസന്ധി!

(സാമൂഹ്യനീതി മാസിക. മെയ് 2018)

എ.റ്റി.എം. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു

atm

കോട്ടയം – തനിക്ക് അക്കൗണ്ട് ഇല്ലാത്ത ബാങ്കിന്‍റെ എ.റ്റി.എം. നാലു തവണ അടുപ്പിച്ച് ഉപയോഗിച്ച ഉപഭോക്താവിന്‍റെ മൊബൈല്‍ നമ്പര്‍ ന്യൂ ജനറേഷന്‍ ബാങ്ക് അധികൃതര്‍ ചോര്‍ത്തി. പുതുതായി ആരംഭിച്ച ബാങ്ക് ശാഖയോടൊപ്പമുള്ള എ.റ്റി.എം. കൗണ്ടര്‍ ഉപയോഗിച്ച വ്യക്തിയെ പ്രസ്തുത ബാങ്കില്‍ നിന്ന് വിളിച്ച്, തങ്ങളുടെ എ.റ്റി.എം. ആണോ സ്ഥിരമായി ഉപയോഗിക്കുന്നത് എന്ന് തിരക്കുകയും അക്കൗണ്ട് തുറക്കാന്‍ താല്പര്യമുണ്ടോ എന്ന് അന്വേഷിക്കുകയും ഓവര്‍ഡ്രാഫ്റ്റും ലോണും തരാമെന്ന് പ്രലോഭിപ്പിക്കുകയും ചെയ്തുവെന്നാണ് കോട്ടയം സ്വദേശിയായ മദ്ധ്യവയസ്ക്കന്‍ പറയുന്നത്.