Month: September 2016
വന്യം സുന്ദരം
ഖാന് അബ്ദുല്‍ ഗാഫര്‍ ഖാന്
പാല് മധുരമുള്ള പഴം
ഒറിഗാനോ
സ്നേഹം വിലയ്ക്കു വാങ്ങാന്‍ കഴിയില്ല / ബി. എസ്. വാര്യര്‍
വിവ ക്യൂബ…! വിവ ഫിദല്‍…!
ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയ്ക്ക് ക്യൂബന്‍ ജനത നിര്‍മിച്ച് നല്‍കിയ കത്തീഡ്രല്‍ ദേവാലയത്തിനുമുന്നില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സമര്‍പ്പണവേളയില്‍ ദേവാലയത്തിന്റെ താക്കോല്‍ ഫിദല്‍ കാസ്ട്രോ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമെ
സോഷ്യലിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയുടെയും സ്വപ്നങ്ങളില്‍ ഒന്നായിരിക്കും ക്യൂബ എന്ന രാജ്യം ഒരിക്കലെങ്കിലും സന്ദര്‍ശിക്കുക എന്നത്. എനിക്ക് അത് ഒരു പ്രാവശ്യമല്ല, മൂന്നുവട്ടം സാധിച്ചിരിക്കുന്നു. ഈ സൌഭാഗ്യത്തിന് ദൈവത്തിന് നന്ദി പറയുന്നു. ഒപ്പം, ഈ മൂന്ന് സന്ദര്‍ശനങ്ങള്‍ക്കും ഹേതുവായ അഖിലലോക സഭാ കൌണ്‍സിലിനോടുള്ള കടപ്പാടും നിസ്സീമമാണ്. ഈ പ്രാവശ്യം സഭാ കൌണ്‍സിലിന്റെ പത്തുപേരടങ്ങുന്ന ഒരു ചെറിയ പ്രവര്‍ത്തന ഗ്രൂപ്പിന്റെ നാലുദിവസത്തെ സമ്മേളനത്തിനാണ് ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ എത്തിയത്. ക്യൂബയില്‍ ചെലവഴിക്കുന്ന ഓരോ ദിനവും സ്ഥിതിസമത്വത്തിലും സാമൂഹിക സാമ്പത്തിക നീതിയിലും വിശ്വമാനവികതയിലും വിശ്വസിക്കുന്ന ഏതൊരാള്‍ക്കും പുതിയ ഊര്‍ജം പകരും എന്ന കാര്യത്തില്‍ സംശയമില്ല. സ്പാനിഷ് കോളനിവല്‍ക്കരണത്തിനെതിരായ ക്യൂബയുടെ ചെറുത്തുനില്‍പ്പും സ്വാതന്ത്യ്രത്തിനുശേഷം പിന്നീട് വന്ന ബാറ്റിസ്റ്റയുടെ ഏകാധിപത്യവാഴ്ചയ്ക്കെതിരെ ഫിദല്‍ കാസ്ട്രോയുടെയും ചെ ഗുവേരയുടെയും നേതൃത്വത്തില്‍ നടന്ന ഐതിഹാസിക വിമോചനപ്പോരാട്ടങ്ങളും പുരോഗമന സാമ്രാജ്യത്വവിരുദ്ധ ശക്തികള്‍ക്ക് ഇന്നും ആവേശംപകരുന്ന സ്മരണകളാണ്. അരനൂറ്റാണ്ടിലേറെയായി തുടരുന്ന അമേരിക്കന്‍ സാമ്പത്തിക ഉപരോധത്തിന്റെ നവ കൊളോണിയല്‍ നയങ്ങളെയും ധീരമായി പ്രതിരോധിച്ചുകൊണ്ട് ക്യൂബ ശിരസ്സുയര്‍ത്തി, നെഞ്ചുവിരിച്ച് 21–ാം നൂറ്റാണ്ടിലും ഒരു സോഷ്യലിസ്റ്റ് സമൂഹമായി നിലനില്‍ക്കുന്നു എന്നത് ഒരു ജനതയുടെ രാഷ്ട്രീയ ഇച്ഛാശക്തിയും പോരാട്ടവീര്യവുമാണ് പ്രകടമാക്കുന്നത്.
കരീബിയന്‍ സമുദ്രവും മെക്സിക്കന്‍ ഗള്‍ഫ് സമുദ്രവും അറ്റ്ലാന്റിക് സമുദ്രവും സംഗമിക്കുന്ന മനോഹരിയായ കരീബിയന്‍ ദ്വീപാണ് ക്യൂബ. പതിനൊന്നുകോടി ജനങ്ങള്‍ പാര്‍ക്കുന്ന ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്. പതിനഞ്ചാം നൂറ്റാണ്ടിലെ സ്പാനിഷ് അധിനിവേശത്തിന് മുമ്പുവരെ വിവിധ തദ്ദേശീയവംശങ്ങള്‍ പാര്‍ത്തിരുന്ന നാട്. രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നും നേരിട്ട എല്ലാവിധ ഏകാധിപത്യവാഴ്ചകളെയും ചെറുത്തുതോല്‍പ്പിച്ച ഉശിരുള്ള പാരമ്പര്യമാണ് ക്യൂബയെ ഇന്നും മുന്നോട്ടുനയിക്കുന്നത്. ഇതില്‍ സ്പാനിഷ് അധിനിവേശത്തില്‍നിന്നുള്ള സ്വാതന്ത്യ്രത്തിനുശേഷം അമേരിക്കയുടെ ഒത്താശയോടെ ഏകാധിപത്യത്തിലേക്കുനീങ്ങിയ ബാറ്റിസ്റ്റയുടെ ഭരണത്തിനെതിരെ ഫിദല്‍ കാസ്ട്രോ നയിച്ച വിപ്ളവമാണ് ക്യൂബയുടെ ചരിത്രത്തിലെ ഏറ്റവും പ്രോജ്വലമായ അധ്യായം. ഇത്തവണയും വിപ്ളവചത്വരം സന്ദര്‍ശിക്കാന്‍ ഞാന്‍ സമയം കണ്ടെത്തി. ക്യൂബയുടെ സ്വാതന്ത്യ്രസമരത്തിലെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന ഹോസേ മാര്‍ട്ടിയുടെ പ്രതിമ ഈ ചത്വരത്തില്‍ വച്ചിട്ടുണ്ട്. ചെ ഗുവേര, ഫിദല്‍ കാസ്ട്രോ തുടങ്ങിയ പേരുകള്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ ഹൃദയത്തില്‍ പതിഞ്ഞിരുന്നു. എന്റെ രണ്ടാമത്തെ ക്യൂബന്‍ സന്ദര്‍ശനത്തില്‍ ഫിദല്‍ കാസ്ട്രോയെ നേരില്‍ കാണാന്‍ ഒരു അവസരം കൈവന്നിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ സ്വപ്നം യാഥാര്‍ഥ്യമായില്ല. പത്തുവര്‍ഷം മുമ്പ് ഫിദല്‍ കാസ്ട്രോയുടെ 80–ാം പിറന്നാള്‍ ആഘോഷവേളയായിരുന്നു ആ അസുലഭ സന്ദര്‍ഭം. അഖിലലോക സഭാ കൌണ്‍സിലിന്റെ മറ്റൊരു സമ്മളനത്തില്‍ പങ്കെടുക്കാന്‍ ഹവാനയില്‍ എത്തിയതായിരുന്നു ഞാന്‍. ആ സമ്മേളനം നടന്നത് മറ്റാന്‍സാസ് എന്ന സ്ഥലത്തെ പ്രോട്ടസ്റ്റന്റ് സെമിനാരിയില്‍ ആയിരുന്നു. എന്റെകൂടെ പങ്കെടുത്ത സൌത്ത് ആഫ്രിക്കയില്‍നിന്നുള്ള സുഹൃത്ത് പ്രൊഫസര്‍ മാക്കേ മസാംഗെയ്ക്കും (അദ്ദേഹം മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രസംഗിച്ചിട്ടുണ്ട്) എനിക്കും വളരെ അപ്രതീക്ഷിതമായി ഒരു ക്ഷണക്കത്ത് ലഭിച്ചു. ഫിദല്‍ കാസ്ട്രോയുടെ 80–ാം പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ലോകനേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്തായിരുന്നു അത്. അവിശ്വസനീയമായിരുന്നു ആ ക്ഷണം. ഇന്ത്യയില്‍നിന്ന് സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉള്‍പ്പെടെ ഒരുസംഘം ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഫിദല്‍ കാസ്ട്രോയെ നേരില്‍ കാണാനുള്ള ആകാംക്ഷയോടെയാണ് ചടങ്ങിന് പോയതെങ്കിലും രോഗബാധിതനായിരുന്ന കാസ്ട്രോയെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. ഒത്തിരി നിരാശ തോന്നിയെങ്കിലും സഹോദരനും ഇപ്പോഴത്തെ പ്രസിഡന്റുമായ റൌള്‍ കാസ്ട്രോ ഉള്‍പ്പെടെ ലോകത്തിലെ ഒട്ടനവധി ഇടതുപക്ഷ നേതാക്കളെ കാണാന്‍ സാധിച്ചതില്‍ സന്തോഷിച്ചു. ചടങ്ങില്‍ ഉപയോഗിച്ച എന്റെ പേര് അച്ചടിച്ച ബാഡ്ജ് നല്ല സ്മരണകള്‍ സമ്മാനിക്കുന്ന ഒരു സ്മാരകമായി ഇന്നും സൂക്ഷിക്കുന്നു. പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനമായി ലഭിച്ച ആയിരത്തിലധികം പേജ് വരുന്ന കാസ്ട്രോയെക്കുറിച്ചുള്ള ഒരു പുസ്തകവും എന്റെ പുസ്തകശേഖരത്തില്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്.
പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ക്യൂബയില്‍ വരുമ്പോള്‍ വീണ്ടും വീണ്ടും എന്നെ വിസ്മയിപ്പിക്കുന്ന സംഗതി എങ്ങനെ ഈ രാജ്യത്തിന് ഇപ്പോഴും ഒരു സോഷ്യലിസ്റ്റ് രാജ്യമായി നിലനില്‍ക്കാന്‍ കഴിയുന്നു എന്നതാണ്. ഒരു വശത്ത് അമേരിക്കന്‍ സാമാജ്യത്വത്തിന്റെ അരനൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന സാമ്പത്തിക ഉപരോധം. മറുവശത്ത് ലോകത്തെ ആകമാനം അടിമുടി സ്വാധീനിച്ചുകഴിഞ്ഞ സാമ്പത്തിക ആഗോളവല്‍ക്കരണം. ഇതിന്റെ മധ്യത്തിലും പല കമ്യൂണിസ്റ്റ് രാജ്യങ്ങളും സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഉപേക്ഷിച്ചപ്പോഴും ക്യൂബ ഇപ്പോഴും സ്ഥിതിസമത്വം ഉപേക്ഷിച്ചിട്ടില്ല എന്ന വസ്തുത അഭിമാനകരമായ നേട്ടമാണ്. സാമ്പത്തിക വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും കുറച്ചൊക്കെ സ്വകാര്യ പങ്കാളിത്തം സാമ്പത്തികമേഖലയില്‍ അനുവദിച്ചു തുടങ്ങിയെങ്കിലും അടിസ്ഥാനപരമായി ക്യൂബ ഇന്നും ഒരു സോഷ്യലിസ്റ്റ് സമൂഹമായി നിലനില്‍ക്കുന്നു. 21–ാം നൂറ്റാണ്ടിലും ക്യൂബയില്‍ സ്കൂള്‍ തലം മുതല്‍ സര്‍വകലാശാല ഉപരിപഠനം വരെയും വിദ്യാഭ്യാസം സൌജന്യമാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. പക്ഷേ, ക്യൂബയില്‍ അത് യാഥാര്‍ഥ്യമാണ്. സ്ഥിതിസമത്വം പ്രഘോഷിച്ച യേശുക്രിസ്തുവിന്റെ അനുയായികളായ ക്രൈസ്തവസഭകള്‍ വിദ്യാഭ്യാസത്തെ ഇന്ന് കച്ചവടവല്‍ക്കരിക്കുന്നതുകാണുമ്പോള്‍ ക്യൂബയില്‍നിന്ന് ക്രൈസ്തവ സഭകള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു. ക്യൂബയിലെ സാക്ഷരത 99.8 ശതമാനമാണ്. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നവരുടെ ശതമാനം 94 ശതമാനം ആണ്. ഏത് മുതലാളിത്ത രാജ്യത്തിന് ഈ നേട്ടം കൈവരിക്കാന്‍ കഴിയും? ആരോഗ്യരംഗത്ത് ക്യൂബയുടെ നേട്ടങ്ങള്‍ അസൂയാവഹമാണ്. ലോകത്തിലെതന്നെ ഒരുപക്ഷേ, ഏറ്റവും വിദഗ്ധരായ ഡോക്ടര്‍മാര്‍ ക്യൂബയില്‍ ഉണ്ട്. അവരുടെ സേവനം ഇന്ന് മറ്റു രാജ്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഒരു സമയത്ത് കേരളത്തിന് ലോകരാജ്യങ്ങളുടെ ഇടയില്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളില്‍, ഉണ്ടായിരുന്ന ഉയര്‍ന്ന സ്ഥാനമാണ് ക്യൂബ ഇന്നും നിലനിര്‍ത്തുന്നത്. കേരളത്തിന് ഇന്ന് അത് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ഈ മേഖലകളെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതിക്കൊടുത്തതുകൊണ്ടാണ് എന്നു മനസ്സിലാക്കാന്‍ വലിയ ഗവേഷണത്തിന്റെ ആവശ്യമില്ല.
കമ്യൂണിസത്തെയും സോഷ്യലിസത്തെയും ഭയക്കുന്ന മുതലാളിത്തശക്തികള്‍ എപ്പോഴും വളരെ സമര്‍ഥമായി ഉപയോഗിക്കുന്ന ഒരു ആയുധമാണ് നിരീശ്വരവാദം എന്നത്. ക്യൂബയുടെ ഭരണഘടന 1992ല്‍ ഭേദഗതിചെയ്ത് മത/വിശ്വാസ സ്വാതന്ത്യ്രം ഭരണകൂടം ഉറപ്പുവരുത്തി. ഇന്ന് ക്രൈസ്തവരുടെ എണ്ണം ഏകദേശം 65 ശതമാനം ഉണ്ട്. 2003ല്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒരു കത്തീഡ്രല്‍ ദേവാലയം ക്യൂബന്‍ ജനത നിര്‍മിച്ച് നല്‍കുകയുണ്ടായി. ഇതിന്റെ സമര്‍പ്പണവേളയില്‍ ഫിദല്‍ കാസ്ട്രോ നേരിട്ട് എത്തി ദേവാലയത്തിന്റെ താക്കോല്‍ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമയെ ഏല്‍പ്പിച്ചത് ക്യൂബയില്‍ നിലനില്‍ക്കുന്ന മതസ്വാതന്ത്യ്രത്തിന്റെ ഏറ്റവും പ്രകടമായ സാക്ഷ്യമായിരുന്നു. താക്കോല്‍ദാനത്തിന്റെ ചിത്രം പള്ളിയുടെമുമ്പില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ സന്ദര്‍ശനത്തില്‍ ഈ ദേവാലയം ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ഇത്തവണ ഈ പള്ളിയില്‍ ആരാധനയില്‍ സംബന്ധിക്കാന്‍ ഭാഗ്യമുണ്ടായത് അവിസ്മരണീയമായ അനുഭവമായിരുന്നു.
മറ്റൊരു സവിശേഷത ക്യൂബന്‍ ജനതയുടെ സമത്വഭാവമാണ്. ജനസംഖ്യയിലെ ഏകദേശം 65 ശതമാനം വെള്ളവംശക്കാരും 10 ശതമാനം കറുത്ത വംശക്കാരുമാണ്. മറ്റ് തദ്ദേശീയവംശക്കാര്‍ വേറെയും. എന്നാല്‍, ഇവിടെ പ്രകടമായ വംശ/വര്‍ണവിവേചനം ഇല്ല എന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്. ജാതിയുടെപേരില്‍ ഭാരതത്തിലും വര്‍ണത്തിന്റെയും വംശത്തിന്റെയുംപേരില്‍ മറ്റു രാജ്യങ്ങളിലും നിലനില്‍ക്കുന്ന വിവേചനത്തിന്റെ പശ്ചാത്തലത്തില്‍ ആരാണ് പരിഷ്കൃതസമൂഹം എന്ന സമസ്യക്ക് ഉത്തരമാണ് ക്യൂബ. ഓണാഘോഷത്തിന് തൊട്ടുപിന്നാലെയാണ് ഞാന്‍ ക്യൂബയില്‍ എത്തിയത്. ചവിട്ടിത്താഴ്ത്തിയ ആളിന്റെ ജയന്തിയായി ഓണം പുനര്‍വ്യാഖ്യാനിക്കപ്പെടുന്ന ഫാസിസത്തിന്റെ നാളുകളില്‍ ഓണത്തിന്റെ യഥാര്‍ഥ മൂല്യങ്ങളായ സമത്വവും സാഹോദര്യവും തുല്യനീതിയും ഉറപ്പാക്കുന്ന, അഴിമതിയും കരിഞ്ചന്തയും ഇല്ലാത്ത ഭരണം ഇപ്പോഴും ക്യൂബയിലുണ്ട് എന്നത് ഒരു ശുഭസന്ദേശമാണ്.
ഇത്രയും എഴുതിയതില്‍നിന്ന് ക്യൂബയില്‍ എല്ലാം ശുഭമാണ് എന്ന് അര്‍ഥമില്ല. അമ്പതിലേറെ വര്‍ഷമായി നിലനില്‍ക്കുന്ന അമേരിക്കയുടെ സാമ്പത്തിക ഉപരോധം ക്യൂബയുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ഒരുകാലത്ത് വമ്പിച്ച തോതില്‍ കയറ്റുമതിചെയ്തിരുന്ന പഞ്ചസാര, കാപ്പി മുതലായ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞത് വലിയ തകര്‍ച്ച
ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്ഉണ്ടാക്കി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ഇതിന് ആഘാതം കൂട്ടി. എങ്കിലും വെനസ്വേല, ബൊളീവിയ പോലെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ സഹകരണം ക്യൂബയെ നിശ്ചയദാര്‍ഢ്യത്തോടെ പിടിച്ചുനില്‍ക്കാന്‍ സഹായിക്കുന്നു. ക്യൂബ ഒരു വികസ്വര രാജ്യമായി കണക്കാക്കപ്പെടുന്നെങ്കിലും ഇവിടെ മൂന്നാം ലോകരാജ്യങ്ങളിലെപ്പോലെയുള്ള ദാരിദ്യ്രം കാണാനില്ല. ഭക്ഷണമില്ലാതെ, പാര്‍പ്പിടമില്ലാതെ, ശുദ്ധജലമില്ലാതെ, വസ്ത്രമില്ലാതെ ഇവിടെ ആരും മരിക്കുന്നില്ല. പൊതുനിരത്തുകളില്‍ ഭിക്ഷക്കാരെ കാണാനില്ല. വൃത്തിയുള്ള പൊതുനിരത്തുകളും വഴികളും. ഒരു കമ്പോളവല്‍ക്കൃത, ഉപഭോഗസമൂഹമല്ലാത്തതിനാല്‍ മാലിന്യക്കൂമ്പാരങ്ങളും കാണാനില്ല. വേതനം വളരെ കുറവെങ്കിലും ഇപ്പോഴും ശക്തമായി തുടരുന്ന പൊതുവിതരണ റേഷന്‍ സമ്പ്രദായം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നു. എന്നാല്‍, വികസിതരാജ്യങ്ങളിലെ അതിസമ്പന്നത ഇവിടെ കാണാനേയില്ല. അത് വികസനത്തിന്റെ തോതായും ക്യൂബ കാണുന്നില്ല. വെല്ലുവിളികള്‍ ഏറെയാണ് ക്യൂബയുടെ മുമ്പില്‍. കൂടുതല്‍ സുഖങ്ങളും സമ്പത്തും സമ്പന്നതയും ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. അങ്ങനെയുള്ളവര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നു. മുന്നോട്ടുള്ള നാളുകളില്‍ ജോലിചെയ്യുന്നവരുടെ വേതനം വര്‍ധിപ്പിക്കേണ്ടിവരും. പുതിയ വരുമാനസ്രോതസ്സുകള്‍ കണ്ടെത്തേണ്ടിവരും. ടൂറിസംസാധ്യതകള്‍ തുറന്നിരിക്കുന്നത് ആ വഴികളില്‍ ഒന്നാണ്. ഇതിന് രണ്ടുവശങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ കരുതലോടെയാണ് ഗവണ്‍മെന്റ് ഈ വിപണി തുറക്കുന്നത്. എങ്കിലും ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോള്‍ ക്യൂബയില്‍ ഇനിയും വരാനുള്ള ആഗ്രഹമാണ് മനസ്സില്‍. വേദപുസ്തകവും യേശുക്രിസ്തുവും ആദിമസഭയും എന്നെ പഠിപ്പിച്ച സ്ഥിതിസമത്വത്തിന്റെ ആശയങ്ങള്‍ ഒരുപക്ഷേ, ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു രാജ്യമാണ് ക്യൂബ. ഇന്ന് ക്രിസ്തുവിന്റെ അനുയായികളുടെ കൂട്ടമായ ക്രൈസ്തവസഭകള്‍ ഈ ദര്‍ശനത്തെ തള്ളിക്കളയുമ്പോഴും ക്രിസ്തുദര്‍ശനവുമായി ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്ത മുതലാളിത്തവ്യവസ്ഥിതിയെ നാണമെന്യേ ആശ്ളേഷിക്കുമ്പോഴും അറിയാതെതന്നെ ഞാന്‍ മനസ്സില്‍ മന്ത്രിക്കുന്നു: വിവ ക്യൂബ.. ! വിവ ഫിദല്‍..!
Source
ഇനി ഞാന്‍ കുടിക്കില്ല… / ബാലചന്ദ്രന്‍ ചുള്ളിക്കാട്

കുടിയില്‍ നഷ്ടം നാല്- നഷ്ടങ്ങളെ ബാലചന്ദ്രന്‍ ചുള്ളിക്കാട് അക്കമിട്ട് പറഞ്ഞത് ഇങ്ങനെ.
1. ധന നഷ്ടം
2. മാന നഷ്ടം
3. ആരോഗ്യ നഷ്ടം
4. സമയ നഷ്ടം
വിദ്യാര്‍ഥിയായിരിക്കെ ഒരു സാഹസം എന്നനിലയിലാണ് മദ്യപാനം ആരംഭിച്ചത്. പക്ഷേ, പിന്നെയത് അവസാനിപ്പിക്കാന്‍ കഴിയാത്തവിധം ജീവിതത്തിന്റെ ഭാഗമായി മാറിയപ്പോള്‍ അക്കമിട്ട് പറഞ്ഞ നഷ്ടങ്ങള്‍ നാലും പലപ്പോഴായി അനുഭവിച്ചു. പലവട്ടം മദ്യവും പുകവലിയും നിര്‍ത്തിനോക്കിയിട്ടും ആസക്തിയുടെ പ്രലോഭനത്തില്‍നിന്ന് വിട്ടുനില്‍ക്കാനാകാതെ വീണ്ടും മദ്യത്തിലേക്കും പുകവലിയിലേക്കും മടങ്ങിയെത്തി. ഒരുദിവസം രാവിലെ എഴുന്നേറ്റാല്‍ ആദ്യചിന്ത എപ്പോള്‍ മദ്യപാനം തുടങ്ങണമെന്നായിരുന്ന കാലം. അതിനുള്ള പണം എങ്ങനെ? സുഹൃത്തുക്കളെ എങ്ങനെ സംഘടിപ്പിക്കും.. അതിനൊരിടം… എന്നിങ്ങനെ ഉല്‍ക്കണ്ഠയായിരുന്നു. മദ്യപിക്കാനുള്ള ചിന്തയില്‍ നഷ്ടപ്പെട്ട സമയമെത്രയായിരുന്നു. പക്ഷേ, 15 വര്‍ഷങ്ങള്‍ക്കുമുമ്പ് ഉറപ്പിച്ചെടുത്ത തീരുമാനത്തിന്റെ പിന്‍ബലത്തില്‍ പിന്നെ ഇതുവരെയും മദ്യപിച്ചിട്ടില്ല.
എനിക്കുറപ്പാണ് ഇനി ഒരിക്കലും ഞാന്‍ മദ്യപിക്കില്ല, പുകവലിക്കില്ല. മൂന്നുമാസം നീണ്ട ഒരു അമേരിക്കന്‍ പര്യടനമാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. വിവിധ പരിപാടികളുമായി അമേരിക്കയില്‍ കഴിഞ്ഞ ദിനരാത്രങ്ങള്‍ ബോധത്തിനും അബോധത്തിനുമിടയിലെ അല്‍പ്പബോധത്തിലൂടെ കടന്നുപോയി. ഭീകരമദ്യപാനമായിരുന്നു അത്. അങ്ങനെ മടക്കയാത്രയ്ക്ക് അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിലെത്തി. ഇന്ത്യയിലേക്കുള്ള വിമാനയാത്രയ്ക്കിടയില്‍ തീരുമാനിച്ചു. ഇനി മദ്യപിക്കില്ല. ആകാശത്തിലെടുത്ത ദൃഢമായ ആ തീരുമാനത്തില്‍നിന്ന് പിന്നെ പിന്തിരിഞ്ഞില്ല. ഇന്ത്യയില്‍ അന്ന് കാല്‍തൊട്ട് ഇന്നുവരെ ഞാന്‍ മദ്യപിച്ചിട്ടില്ല.
പട്ടി നക്കിയപ്പോള്‍
മാല്യങ്കര കോളേജില്‍ പഠിക്കുന്ന കാലത്താണ് മദ്യപാനം തുടങ്ങിയത്. ക്ലാസില്‍നിന്ന് നോക്കിയാല്‍ കള്ളുഷാപ്പ് കാണാം. കള്ളില്‍നിന്ന് തുടങ്ങി പിന്നെ എപ്പൊഴോ ചാരായത്തിലേക്കും വിദേശമദ്യത്തിലേക്കുമെല്ലാം എത്തുകയായിരുന്നു. സഹപാഠികളില്‍ പലരും ചെത്തുകാരുടെ മക്കളായിരുന്നതുകൊണ്ട് അങ്ങനെയും കള്ള് കിട്ടാന്‍ അവസരമുണ്ടായിരുന്നു. ഒരു ദിവസം മദ്യപിച്ച് ബോധമില്ലാതെ കാമ്പസില്‍ വീണു. വീണിടത്ത് കിടന്നുതന്നെ ഛര്‍ദിച്ചു. ഛര്‍ദില്‍ കണ്ട് ഒരു പട്ടി അടുത്തുകൂടി. ഛര്‍ദില്‍ നക്കി തിന്നശേഷം അതിന്റെ അവശിഷ്ടങ്ങള്‍ എന്റെ മുഖത്തുനിന്നും പട്ടി നക്കിയെടുത്തു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കൂട്ടുകാര്‍ പറഞ്ഞാണ് ഞാന്‍ ഈ വിവരമെല്ലാം അറിഞ്ഞത്. മദ്യപാനത്തിനിടയില്‍ ഇതിനപ്പുറം വൃത്തികെട്ട മറ്റൊരനുഭവമില്ല. അല്ലെങ്കില്‍തന്നെ മദ്യപിച്ച് ബോധം പോയാല്‍ പിന്നെ മാനംപോകുന്നത് അറിയുന്നതെങ്ങനെ. പഠിക്കുന്ന കാലത്ത് കലാകാരന്മാരാണ് ഞങ്ങളെ ഏറെ ആകര്‍ഷിച്ചിട്ടുള്ളത്. മിക്കവാറും കലാകാരന്മാരും മദ്യപാനികളുമായിരുന്നു. ജോണ്‍ എബ്രഹാം, കടമ്മനിട്ട, കാക്കനാടന്‍, ഭരതന്‍, അരവിന്ദന്‍, പത്മരാജന്‍ എന്നിങ്ങനെ എത്രപേര്‍.
മദ്യപിച്ചിട്ട് ഞാന്‍ ഒരു വരി കവിതപോലും എഴുതിയിട്ടില്ല. കവിത എഴുതണമെന്ന് തോന്നുമ്പോള്‍മാത്രമാണ് എഴുതുന്നത്. അല്ലെങ്കില്‍തന്നെ മദ്യപിച്ചിട്ട് കവിത എഴുതാന്‍പോയിട്ട് പുസ്തകം വായിക്കാന്‍പോലും പറ്റില്ല. എന്തിന് പത്രംപോലും വായിക്കാനാകില്ല. മദ്യവും കവിതയും തമ്മില്‍ ഒരു ബന്ധവുമില്ല. മദ്യമില്ലാത്ത സമയത്തുമാത്രമാണ് എന്റെ എഴുത്തും വായനയും അന്ന് നടന്നിരുന്നത്. സാമാന്യം ഭേദപ്പെട്ട ഓര്‍മശക്തിയുള്ളയാളാണ് ഞാന്‍. ഓര്‍മശക്തിയെ മദ്യപാനവും പുകവലിയും ബാധിച്ചുതുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. എഴുത്തുകാരനെന്നനിലയില്‍ ഓര്‍മശക്തി ആവശ്യമായിരുന്നു. മദ്യപാനത്തെ വേര്‍പ്പെടുത്തുന്നതിന് അതും എനിക്കൊരു കാരണമായിരുന്നു.
രവീന്ദ്രന്റെ മരണം
സര്‍ഗാത്മകതയുള്ള കവിയായിരുന്നു എന്റെ സഹപ്രവര്‍ത്തകനായ രവീന്ദ്രന്‍ പുല്ലന്തറ. പക്ഷേ, കടുത്ത മദ്യപാനി. ഔദ്യോഗികജീവിതത്തില്‍ ട്രഷറി ഓഫീസര്‍വരെയായി. മദ്യപാനം കാരണം പലപ്പോഴും സസ്പെന്‍ഷനിലായി. തികച്ചും സ്വസ്ഥമായി പോകുമായിരുന്ന കുടുംബത്തില്‍ രവീന്ദ്രന്‍ മദ്യപാനംകൊണ്ടുമാത്രം ഒറ്റപ്പെട്ടു. കവിതയും മരിച്ചു. ഒരു ദിവസം രവീന്ദ്രന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. മദ്യപാനം നല്‍കിയ ഒറ്റപ്പെടലില്‍നിന്ന് സ്വയം കണ്ടെത്തിയ മോചനം. അങ്ങനെ എത്രയോ മദ്യപാനികള്‍ ആത്മഹത്യചെയ്തിരിക്കുന്നു. മദ്യം അവരെ ഒറ്റപ്പെടുത്തുന്നു, അവര്‍ സ്വയം മോചനം നേടുന്നു.
മരണമായാലും ജനമായാലും മദ്യം ആഘോഷത്തിന്റെ ഭാഗമാകുന്നു. മദ്യപിക്കാന്‍ എന്നെ ഇന്നാരും നിര്‍ബന്ധിക്കുകയില്ല. വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞാല്‍ പിന്നെ നിര്‍ബന്ധിക്കുന്നതെങ്ങനെ.
സുഹൃത്തുക്കള്‍ അതും മുതിര്‍ന്ന സുഹൃത്തുക്കളാണ് മദ്യപാനത്തിലേക്ക് പലരെയും നയിക്കുന്നത്. എനിക്കും അതുതന്നെയാണ് അനുഭവം.
വിജയലക്ഷ്മിയെ സംബന്ധിച്ചാണെങ്കില്‍ എന്റെ മദ്യപാനം ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. കാരണം മദ്യപിച്ച് ബോധമില്ലാതെയാണ് കടമ്മനിട്ടയുമൊരുമിച്ച് വിജയലക്ഷ്മിയെ ആദ്യം കാണുന്നതുതന്നെ. പക്ഷേ, ഞാന്‍ മദ്യപാനവും പുകവലിയും നിര്‍ത്തിയെന്നു പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. അവരത് പ്രതീക്ഷിച്ചില്ല.
മകന്‍ അപ്പു സ്കൂള്‍മുതലേ പുകവലിവിരുദ്ധപ്രചാരണങ്ങളിലുണ്ട്.
നടന്‍ മുരളിയോടു .കഴിക്കരുതെന്ന് ഞാന്‍ പലവട്ടം മുരളിയോട് പറഞ്ഞിട്ടുണ്ട്. കാലുപിടിച്ച് പറഞ്ഞിട്ടുണ്ട്. ബെല്ലും ബ്രേക്കുമില്ലാത്ത തരത്തിലായിരുന്നു മുരളിയുടെ കുടി. കുടി കാരണം. അഭിനയിക്കാന്‍ പോകാന്‍ കഴിയാതായി. ഒരിക്കല്‍ ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പിനായി മുരളിയുമായി ഒരു അഭിമുഖത്തിന് ഞാന്‍ പോയിരുന്നു. മുന്‍കൂട്ടി അറിയിച്ചാണ് ചെന്നത്. പക്ഷേ, മദ്യപിച്ച മുരളി സംസാരിക്കാനാകുന്ന അവസ്ഥയിലായിരുന്നില്ല.. മുരളിയുടെ കഴിവിനെ ഉപയോഗിക്കുന്നതിന് അവസാനഘട്ടത്തില്‍ മദ്യം തടസ്സമായിരുന്നു. മുരളി അകാലത്തിലാണ് മരിച്ചത്.
ധനവും മാനവും ആരോഗ്യവും സമയവും നഷ്ടപ്പെടുമെന്ന് സ്വയം തിരിച്ചറിഞ്ഞ് മദ്യത്തെ ഒഴിവാക്കുകയാകും നല്ലത്. ചികിത്സകൊണ്ടോ ഉപദേശംകൊണ്ടോ അല്ല സ്വയം തീരുമാനിച്ച് വേണമെങ്കില്‍ മദ്യവും പുകവലിയും ഉപേക്ഷിക്കാം. അല്ലെങ്കില്‍ ആരോഗ്യം നശിച്ച് മരിക്കാം. ഒറ്റപ്പെടാം















