കോട്ടയം ∙ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിനിടയിൽ തിരുവാർപ്പ് മർത്തശ്മൂനി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. പുലർച്ചെ നാലിന് ആരംഭിച്ച നടപടികൾ എട്ടോടെ പൂർത്തിയായി. പള്ളിമേടയിൽ താമസിച്ചിരുന്ന മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസിനെ ബലമായി പുറത്താക്കി. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണു പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തത്.
തഹസിൽദാർ കഴിഞ്ഞ ദിവസം പള്ളിയിൽ എത്തി തോമസ് മാർ അലക്സന്ത്രയോസ് ഉൾപ്പെടെയുള്ള യാക്കോബായ സഭാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. പള്ളിയുടെ താക്കോൽ കൈമാറാമെങ്കിലും സെമിത്തേരി, മെത്രാപ്പൊലീത്ത താമസിക്കുന്ന മുറി, സൺഡേ സ്കൂൾ എന്നിവയുടെ താക്കോൽ കൈമാറില്ലെന്ന നിലപാടിലായിരുന്നു യാക്കോബായ സഭ.
തുടർന്ന് മടങ്ങിയ തഹസിൽദാരും റവന്യു സംഘവും ഇന്നലെ പുലർച്ചെ നടപടികൾക്കായി എത്തുകയായിരുന്നു. ഈ സമയത്ത് നൂറോളം വിശ്വാസികൾ പള്ളിയിൽ കൂടിയിരുന്നു. ഇവരെ പൊലീസ് പുറത്താക്കി. പ്രധാന ഗേറ്റ് മുതലുള്ളവയുടെ പൂട്ടുകൾ പൊളിച്ച് പുതിയവ സ്ഥാപിച്ചു. സ്ഥലത്ത് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. അഗ്നിരക്ഷാസേന പള്ളിമേടയുടെ പൂട്ട് പൊളിച്ചാണ് തോമസ് മാർ അലക്സന്ത്രയോസിന്റെ മുറിയിൽ കയറിയത്.
പൊലീസ് ജീപ്പിൽ മെത്രാപ്പൊലീത്തയെ കോട്ടയം റെസ്റ്റ് ഹൗസിലേക്ക് മാറ്റി. അറസ്റ്റ് ചെയ്തു കൊണ്ടുപോയ പള്ളിമേടയിലേക്ക് തിരികെ കൊണ്ടുവിടണമെന്ന് ആവശ്യപ്പെട്ട് കോട്ടയം റെസ്റ്റ് ഹൗസിൽ ഉപവാസ സമരം നടത്തി. ഇന്നു മുതൽ പള്ളിക്കു സമീപം കൊച്ചുപാലത്തിലുള്ള കുരിശിൻതൊട്ടിയിൽ തോമസ് മാർ അലക്സന്ത്രയോസ് സമരം ആരംഭിക്കുമെന്നു പള്ളി ഭാരവാഹികൾ പറഞ്ഞു.