ഇമ്മാനുവൽ കാന്റ്

kant
അറിവിന്റെ ഉറവിടത്തെ പറ്റി ആഴത്തിൽ ചിന്തിച്ച ജർമ്മൻ തത്വചിന്തക്കാനാണ് ഇമ്മാനുവൽ കാന്റ്. പാശ്ചാത്യതത്ത്വശാസ്ത്രത്തിൽ പ്ലേറ്റോയ്ക്കും, അരിസ്റ്റോട്ടിലിനും ഒപ്പമാണ് ഇമ്മാനുവൽ കാന്റ്ന്റെ സ്ഥാനം. കിഴക്കൻ പ്രഷ്യയിലെ കൊനിഗ്സ്ബെർഗിൽ ഒരു നിർധന കുടുംബത്തിലെ ഒൻപത് മക്കളിൽ നാലാമനായി 1724 ൽ ഇമ്മാനുവൽ കാന്റ് ജനിച്ചു. ചെറുപ്പത്തിലെ പഠനത്തിൽ മികവു പുലർത്തിയ കാന്റ് കൊനിഗ്സ്ബെർഗിലെ സർവകാശാലയിൽ പഠനം പൂർത്തിയാക്കിയ ശേഷം കുറേനാൾ വിദ്യാർത്ഥികൾക്ക് ട്യൂഷനെടുത്തു ജീവിച്ചു.

പിന്നീട് കൊനിഗ്സ്ബെർഗ്
യൂണിവേഴ്സിറ്റിയിൽ അധ്യാപകനായ അദ്ദേഹം തുടർന്നുള്ള 40 വർഷം അവിടെ തന്നെ കഴിച്ചുകൂട്ടി. യൂണിവേഴ്സിറ്റിയിൽ സയൻസും, ഗണിതവും, നരവംശശാസ്ത്രവും, ഭൂമിശാസ്ത്രവും പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആത്മീയവാദത്തിലെക്കും , അനുഭവജ്ഞാന സിദ്ധാന്തത്തിലേകും ശ്രദ്ധതിരിച്ചത്.

ഒരേസമയം യുക്തിഭദ്രവും, സംശയങ്ങൾ നിറഞ്ഞതുമായിരുന്നു അദ്ദേഹത്തിന്റെ ചിന്തകൾ. യുക്തിയും, അനുഭവവും തമ്മിലുള്ള ബന്ധവും ഇവ അറിവ് തേടുന്നതിൽ മനുഷ്യനെ എത്രത്തോളം സഹായിക്കുന്നു എന്ന അന്വേഷണവുമാണ് കാന്റിന്റെ തത്ത്വചിന്തയുടെ കാതൽ.

ചിന്തയുടെ തനിമയും പരപ്പുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. യുക്തിവാദവും അനുഭവവും തമ്മിലുള്ള വടംവലി നടക്കുന്ന കാലഘട്ടത്തിലാണ് രണ്ടും ചേർന്നേ മനുഷ്യന് വിജ്ഞാനം നേടാനാവൂവെന്ന വാദവുമായി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടുന്നത്. അനുഭവസിദ്ധമാണ് എല്ലാ അറിവും, വിശ്വാസവും എന്ന വാദഗതിയെ കാന്റ് അംഗീകരിച്ചു. എന്നാൽ, അങ്ങനെ ലഭിക്കുന്ന അറിവിനെയും വിശ്വാസങ്ങളെയും ന്യായീകരിക്കാനാവില്ലെന്ന അവരുടെ വാദത്തെ കാന്റ് ചോദ്യം ചെയ്തു.

അതേ സമയം യുക്തിവാദികളെയും അദ്ദേഹം വെറുതെ വിട്ടില്ല. പ്രപഞ്ചത്തിൽ നിലനിൽക്കുന്ന എല്ലാ സത്യങ്ങളെയും യാഥാർഥ്യങ്ങളെയും യുക്തിവാദം കൊണ്ടു മാത്രം ഉണ്ടെന്നൊ ഇല്ലെന്നോ സ്ഥാപിക്കാനാവും എന്ന യുക്തിവാദികളുടെ നിലപാട് കാന്റ് അംഗീകരിച്ചില്ല. അദ്ദേഹത്തിന്റെ ഈ നിലപാടുകളെ പിൻ കാലത്ത് ഫ്രഡറിക്ക് നീഷ്ച്ചേ വിമർശിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് അതീന്ദ്രിയമായ ജ്ഞാനം മനുഷ്യന് സാധ്യമോ എന്ന ചിന്തയുമായി കാന്റ് മുന്നോട്ടു പോയത്. ഈശ്വരൻ ഉണ്ടോ? ആത്മാവ് നശിക്കുകയില്ലേ? മനുഷ്യന് സ്വതന്ത്ര ഇച്ഛയുണ്ടോ? എന്നു തുടങ്ങിയ കാര്യങ്ങളെ പറ്റി അദ്ദേഹം ചിന്തിച്ചു. 1781 ൽ പ്രസിദ്ധികരിച്ച ” ക്രിട്ടിക് ഓഫ് പ്യൂവർ റീസൺ” എന്ന ക്ലാസിക് ഗ്രന്ഥത്തിലുടെ തത്ത്വശാസ്ത്രരംഗത്ത് ഈ വിഷയങ്ങളെപ്പറ്റി അദ്ദേഹം ഗൗരവപൂർണമായ ചർച്ചക്ക് തുടക്കമിട്ടു. ജർമ്മൻ ഭാഷയിലായിരുന്നു ഈ ഗ്രന്ഥം . അതിനാൽ അതിന്റെ വിവർത്തനം പലരേയും വലച്ചു. എങ്കിലും വളരെ സാവധാനത്തിലാണെങ്കിലും കാന്റിന്റെ ചിന്തകൾ ആധുനിക തത്വചിന്തയുടെ നെടും തൂണുകളായി മാറി.

കാൻറിന്റെ ഇത്തരം നിലപാടുകളും, ആശയങ്ങളും ധാരാളം പേരേ അദ്ദേഹത്തിന്റെ ശത്രുക്കളാക്കി. 1793 ൽ അദ്ദേഹം പ്രസിദ്ധികരിച്ച ” റിലിജിയൻ വിതിൻ ദ ലിമിറ്റ്സ് ഓഫ് റീസൺ ” ഒട്ടേറെ ഒച്ചപ്പാടുണ്ടാക്കി. മതപരമായ വിശ്വാസങ്ങളെയും, സങ്കൽപ്പങ്ങളെയും യുക്തിയുടെ നാലതിരുകളിൽ നിന്നുകൊണ്ട് വിലയിരുത്തിയത് അക്കാലത്തെ യാഥാസ്ഥിതിക ചിന്താഗതിക്കാരുടെ എതിർപ്പിനിടയാക്കി. ഭരണാധികാരിയായിരുന്ന ഫ്രെഡറിക് വില്യം മൂന്നാമൻ രാജാവ്, ഇതേത്തുടർന്ന് ദൈവശാസ്ത്ര രചനകളിൽ നിന്ന് കാന്റിന് വിലക്ക് എർപ്പെടുത്തി.

എങ്കിലും കാന്റ് തന്റെ ചിന്തയും എഴുത്തും തുടർന്നു. ചിട്ടയായ ജീവിതവും, ആർക്കും ഇഷ്ടപ്പെടുന്ന പെരുമാറ്റവും സ്വഭാവ വിശേഷങ്ങളും ജീവിതസായഹ്നത്തിൽ അദ്ദേഹത്തിന് വിശാലമായ സൗഹൃദയ വലയം സൃഷ്ടിച്ചുനൽക്കി.

പഠിച്ചും, പഠിപ്പിച്ചും ഏറേ പേരുടെ ആരാധന നേടിയെടുത്ത ഇമ്മാനവൽ കാന്റ് എന്ന പ്രതിഭാശാലി 1804ൽ ഇഹലോകവാസം വെടിഞ്ഞു.

Source