നമുക്കു വേണ്ടത് ഗുരുത്വം / കുഞ്ഞുണ്ണിമാഷ്

kunjunni-mash
മലയാളത്തിലെ പ്രശസ്ത കവി കുഞ്ഞുണ്ണിമാഷ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നു.

തയ്യാറാക്കിയത് ജോണ്‍സണ്‍ സി. ജോണ്‍. കല്ലൂപ്പാറ,
ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

ഞങ്ങള്‍ പഠിക്കുന്ന കാലത്ത് വെളിച്ചം ലഭിച്ചത് മണ്ണെണ്ണ വിളക്കില്‍ നിന്നാണ്. വെളിച്ചെണ്ണ വിളക്കും, ഉണ്ടായിരുന്നു. വെളിച്ചെണ്ണയില്‍ നിന്നുള്ളതാണ് നല്ല വെളിച്ചം. സ്കൂള്‍ തുറക്കുമ്പോള്‍ പഠനം തുടങ്ങണ്ടേ?
വലിയ വെളിച്ചത്തില്‍ പഠിക്കരുത്. മങ്ങിയ വെളിച്ചത്തിലും പഠിക്കരുത്. പാകമായ വെളിച്ചത്തില്‍ പഠിക്കണം. ടേബിള്‍ ലാമ്പ് ഉപയോഗിക്കുന്നെങ്കില്‍ അത് മേശയുടെ ഇടതുഭാഗത്ത് വെയ്ക്കുക. ഇടതുഭാഗത്ത് വെളിച്ചം വെച്ച് പഠിക്കുക.
അവധിക്കാലം കഴിഞ്ഞല്ലോ?
എന്തെങ്കിലും വായിച്ചോ. എന്താ ഇനി വായിക്കുന്നത്? പൊട്ടക്കഥകള്‍ വായിക്കരുത്. നല്ല കഥകളും പുസ്തകങ്ങളും വായിക്കണം.
കാണാപ്പാഠം പഠിക്കാറുണ്ടല്ലോ. പദ്യങ്ങള്‍, നിര്‍വചനങ്ങള്‍… ഇവ ഉറങ്ങുന്നതിന് മുമ്പ് പഠിക്കണം. ഉണര്‍ന്നുകഴിഞ്ഞും അതു പഠിക്കണം.
കിടന്നാലുടനേ തന്നെ ഉറങ്ങണമേ. ഉണര്‍ന്നാലുടനെ തന്നെ എഴുന്നേല്‍ക്കണമേ.

മനസ്സ് കണ്ടിട്ടുണ്ടോ?
മുഖം മനസ്സിന്‍റെ കണ്ണാടിയാണ്. മനസ് നിര്‍മ്മലമാണെങ്കില്‍ മുഖം നിര്‍മ്മലമാവും.
മനസ് നിര്‍മ്മലമാകുവാന്‍ ധ്യാനിക്കണം. പ്രാര്‍ത്ഥിക്കണം. ധ്യാനിക്കുമ്പോള്‍ നാവ് അനങ്ങരുത്. ധ്യാനം ചെറുപ്പത്തിലെ ശീലിക്കണം.
മനസ് ചഞ്ചലമാകരുത്. അത് കുരങ്ങിനെപ്പോലെയാണ്. എപ്പോഴും മനസ് ചലിച്ചുകൊണ്ടിരിക്കും. കുരങ്ങിനെപ്പോലെയുള്ള മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ ധ്യാനിക്കണം. എന്തെങ്കിലും നല്ല രീതിയില്‍ ചിന്തിക്കുന്നതിനും ധ്യാനം ആവശ്യമാണ്.
മനസ്സ് ശുദ്ധമാകണം.
മനസ്സ് ശക്തമാകണം.
മനസ്സ് വിശാലമാകണം.
മനഃശുദ്ധി മഹാശുദ്ധി.
മനഃശക്തി മഹാശക്തി.
മനസ്സ് ശുദ്ധമാകുന്നതിന് സ്തോ ത്രങ്ങള്‍, കീര്‍ത്തനങ്ങള്‍, പാട്ടുകള്‍, പ്രാര്‍ത്ഥനകള്‍ എന്നിവ മനസ്സില്‍ ആവര്‍ത്തിക്കുക.

ഏറ്റവും ഇഷ്ടമുള്ള കുറെ ഗ്രന്ഥങ്ങള്‍ കണ്ടെത്താറുണ്ടോ?
പ്രധാന സാഹിത്യ പുസ്തകങ്ങള്‍ എല്ലാം വായിക്കണം. പതിനെട്ടുവയസ്സ് തികയുന്നതിന് മുമ്പ് അവ വായിച്ചു കഴിയണം. പുതിയ അറിവുകളാണവ പകരുന്നത്. മനസ്സില്‍ ഭാവനയും ചിന്തയും പകരുവാന്‍ പുസ്തക വായന സഹായിക്കും.
മനസ്സ് എപ്പോഴും പുത്തന്‍ പുസ്തകമാവണം. മനസ്സ് എപ്പോഴും തുറന്ന പുസ്തകമായിരിക്കണം. മനസ്സ് നിറഞ്ഞ പുസ്തകമായിരിക്കണം. മനസ്സ് എപ്പോഴും പഴയപുസ്തകവും പുതിയ പുസ്തകവുമായിരിക്കണം.
വിദ്യാര്‍ത്ഥികളില്‍ ഞാന്‍ മാത്രം എന്ന ചിന്ത മാറണം. ഞാന്‍, കുടുംബം, ലോകം, ഈശ്വരന്‍, ഇവ എല്ലാം മനസ്സില്‍ ഉണ്ടാകണം. പ്രശ്നങ്ങള്‍ വരുമ്പോള്‍ മനസ്സിനെ ശാന്തമാക്കണം.
ജീവിതം മുഴുവന്‍ വിദ്യാഭ്യാസകാലമാണ്. ഡോക്ടറേറ്റ് കിട്ടിയാലും പഠിത്തം തീരുന്നില്ല. പിന്നീട് പഠിത്തം ആരംഭിക്കുകയാണ്. എന്നാല്‍ ഡോക്ടറേറ്റ് കിട്ടുന്നതോടെ എല്ലാം ലഭിച്ചു എന്ന ഭാവം വളരുന്നു. ഇത്തരക്കാര്‍ പിന്നീട് ഒന്നും വായിക്കുന്നില്ല, എഴുതുന്നുമില്ല.
എന്നും പഠിക്കണം.
നന്നായ് പഠിക്കണം.
ഇഷ്ടപ്പെട്ട വിഷയം
നന്നായ് പഠിക്കണം.
ഇഷ്ടപ്പെടാത്ത വിഷയവും നന്നായ് പഠിക്കണം.

വായന വാസനയ്ക്ക് വളമാണ്. വായിക്കാറുണ്ടോ?
വായന എന്നു വെച്ചാല്‍ വെറും പുസ്തകം വായന മാത്രമല്ല. പ്രപഞ്ചമാകുന്ന പുസ്തകവും മനസ്സാകുന്ന പുസ്തകവും വായിച്ചുകൊണ്ടിരിക്കണം. എപ്പോഴും വായിച്ചുകൊണ്ടിരിക്കണം. ഞാനറിയാതെയും ഈ വായന നടക്കുന്നുണ്ട്. ഉറങ്ങുമ്പോള്‍ പോലും. ഈ വായനയുടെ ഇടയില്‍ ചിലപ്പോള്‍ എന്നില്‍ നിന്നും കവിത വരും.
എനിക്കു വിശക്കുമ്പോളുണ്ണും
ദാഹിക്കുമ്പോള്‍ കുടിക്കും.
ക്ഷീണിക്കുമ്പോളുറങ്ങും.
ഉറങ്ങുമ്പോളെഴുതും കവിതകള്‍.
സ്വപ്നം കാണുന്നതും വായനയാണ്. മനസ്സ് ശുദ്ധ ശൂന്യമായിരിക്കുമ്പോഴും എന്നില്‍ നിന്നു കവിത വരാറുണ്ട്. കവിയല്ലാതെ ഞാനെപ്പോഴെങ്കിലും ജീവിച്ചിട്ടുണ്ടോ? മനസ്സിലല്ലാതെ ഞാനെപ്പോഴെങ്കിലും വസിച്ചിട്ടുണ്ടോ. ഉണ്ടാവില്ല.
പുഴ പോലൊഴുകും പുഴയും
പുഴു പോലിഴയും പുഴയും
ഞാന്‍ പോലലയും ഞാനും
അത്ഭുതമല്ലേ ലോകം.
ഈ ലോകം കണ്ട് അത്ഭുതപ്പെട്ടും ആനന്ദിച്ചും കൊണ്ടാണ് ഞാന്‍ ഇന്നും ജീവിക്കുന്നത്.
എപ്പോഴാണ് ഉണരേണ്ടത്?
ഏറ്റവും നല്ല സമയം രാവിലെ മൂന്നുമണി. ഏഴ് ഏഴര നാഴികസമയം. പ്രഭാതത്തിന്‍റെ ഭംഗി ആസ്വദിച്ചേ അതിന്‍റെ സൗഖ്യം മനസ്സിലാകൂ.
പുതിയ പ്രഭാതം കാണുക.
പുതിയ പൂവ് കാണുക.
പുതിയ ശലഭങ്ങളെ കാണുക.
പുതിയ ചിന്തകളുണര്‍ത്തുക.
ചിന്തകള്‍ ലളിതമായി പറയുക.
നല്ല ഭാഷയില്‍ പറയണം. പരത്തിപ്പറയരുത്. ഭംഗിയായി പറയണം.
പരത്തിപ്പറഞ്ഞാല്‍ പര്‍പ്പിടകം.
ചുരുക്കിപ്പറഞ്ഞാല്‍ പര്‍പ്പടം.
വേഗത്തില്‍ പറഞ്ഞാല്‍ പപ്പടം.
അത് ചുട്ടെടുത്തടിച്ചാല്‍ പപ്പടം.

പഴഞ്ചൊല്ലറിയാമോ?
ഇല്ലയോ. അതു പഠിക്കണം. നല്ല രസമാണതു പഠിക്കാന്‍. 12-ാം ക്ലാസ്സ് ആകുമ്പോള്‍ 12000 പഴഞ്ചൊല്ലുകള്‍ പഠിക്കണം. മനഃപാഠമാക്കണം.
ആ…….. വരുന്നൊരാന
ഈ…… വരുന്നോരീച്ച
ആനയുമീച്ചയുമങ്ങനെയങ്ങനെ
അടുത്തടുത്ത് വരുന്നുണ്ട്.
ആനയ്ക്കുണ്ടോ പേടി
ഈച്ചയ്ക്കുണ്ടോ പേടി
രണ്ടിനുമില്ലൊരു പേടി.
നല്ല കവിതകള്‍ വായിച്ചു പഠിക്കണം. മനഃപാഠം ആക്കണം. അത് ചൊല്ലി ചൊല്ലി പഠിക്കണം. കവിത ഉണ്ടാക്കുകയല്ല, കവിത ഉണ്ടാകുകയാണ്. അതിനാല്‍ കൂടുതല്‍ വായിക്കണം. വായിച്ചിട്ട് എഴുതണം.
വായിച്ചാല്‍ വളരും.
വായിച്ചില്ലെങ്കിലും വളരും.
വായിച്ചാല്‍ വളരും.
വായിച്ചില്ലെങ്കില്‍ വളയും.

മാഷിന്‍റെ വീട് എവിടെയാ?
ഞാന്‍ ജനിച്ചുവളര്‍ന്നത് വലപ്പാട്ടാണ്. ഇത് പണ്ടത്തെ പൊന്നാനി താലൂക്ക്. ഇന്നത്തെ വലപ്പാട് പഞ്ചായത്ത്. ഇതിനെക്കുറിച്ച് എനിക്ക് ഒരു കവിത ഉണ്ട്.
ബ്രഹ്മാണ്ഡത്തില്‍ ഭൂഗോളത്തില്‍
പഞ്ചമഹാവന്‍കരയില്‍
ഏഷ്യയിങ്കലിന്ത്യയിങ്കല്‍
കേരളത്തിങ്കല്‍
തൃശൂരിങ്കല്‍
ചാപള്ളിപ്രത്തതിയാരത്തെന്ന
വീട്ടില്‍
നാരയണീ കുഞ്ഞുണ്ണി ഞാന്‍
പി. ഒ. വലപ്പാട്.
വലപ്പാട് അതിയാരത്ത് നാരായണീയമ്മ മകന്‍ കുഞ്ഞുണ്ണി തന്നെയാണ് കുഞ്ഞുണ്ണിയുടെ നാട്.

ഒരു സന്ദേശം പറയാമോ
പുതിയ സ്കൂള്‍ വര്‍ഷത്തില്‍ എല്ലാവര്‍ക്കും മൂന്നക്ഷരം വേണം. എന്താണെന്നോ. ഗുരുത്വം. അഹങ്കരിക്കരുത്. മുഖം കറുക്കും.
അഹം മാറി
അകം നന്നാകണം.
അകം ഈശ്വരന്‍ ആകണം.
എല്ലാവരുടെയും മനസ്സ് ശുദ്ധമാകട്ടെ. വിശാലമാകട്ടെ. ഏകാഗ്രമാകട്ടെ. ധ്യാനിക്കുക. പ്രാര്‍ത്ഥിക്കുക.
എല്ലാവര്‍ക്കും പുതിയ സ്കൂള്‍ വര്‍ഷത്തില്‍ നന്മകള്‍ ലഭിക്കട്ടെ.

(കുഞ്ഞുണ്ണിമാഷുമായി നടത്തിയ പഴയൊരു അഭിമുഖം)