മലങ്കരസഭ: 1966-ലെ മെത്രാന്‍ വാഴ്ച (24-08-1966)

kolenchery_bishop_consecration

ലക്ഷം കണ്ണുകള്‍ ദര്‍ശിച്ച ഭക്തിനിര്‍ഭരമായ
മെത്രാന്‍ സ്ഥാനാഭിഷേകം

സ്റ്റാഫ് പ്രതിനിധി

കോലഞ്ചേരി, ഓഗസ്റ്റ് 24: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയില്‍ പരിപൂര്‍ണ്ണ സമാധാനം പുനസ്ഥാപിച്ചശേഷം ഇദംപ്രഥമമായി ഇന്നിവിടെ വച്ചു നടത്തപ്പെട്ട അത്യന്തം ഹൃദയാവര്‍ജ്ജകവും ഭക്തിനിര്‍ഭരവുമായ മെത്രാന്‍ സ്ഥാനാഭിഷേക ചടങ്ങില്‍വച്ചു കെ. ഫീലിപ്പോസ് റമ്പാന്‍, എന്‍. എ. യോഹന്നാന്‍ റമ്പാന്‍, സി. റ്റി. തോമസ് റമ്പാന്‍ എന്നീ മൂന്നു പ്രമുഖ വൈദികര്‍ക്കു പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനി യഥാക്രമം തിയോഫിലോസ്, സേവേറിയോസ്, തീമോത്തിയോസ് എന്നീ പേരുകള്‍ നല്‍കി അവരെ മേല്‍പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തിയിരിക്കുന്നു. ഇതോടുകൂടി മലങ്കരസഭയില്‍ മെത്രാന്മാരുടെ എണ്ണം 18 ആയി വര്‍ദ്ധിച്ചു.
കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളിയുടെ മുന്‍വശത്ത് അതിമനോഹരമായി സംവിധാനം ചെയ്ത അതിഗംഭീരമായ താല്‍ക്കാലിക ദേവാലയത്തില്‍ നടന്ന സുദീര്‍ഘമായ ശുശ്രൂഷകളില്‍ അനുപമമായ അച്ചടക്കത്തോടും സഭയുടെ പുരോഗതിയിലുള്ള സന്തോഷത്തോടും കൂടിയാണ് അര ലക്ഷം ജനങ്ങള്‍ സംബന്ധിച്ചത്.
വളര്‍ന്നുകൊണ്ടിരിക്കുന്ന കോലഞ്ചേരി, ആദ്ധ്യാത്മികചൈതന്യം ഓളംവെട്ടുന്ന ഒരുത്സവത്തിന്‍റെ പരിവേഷമണിഞ്ഞു ചടങ്ങുകള്‍ക്ക് എല്ലാവിധത്തിലും യോജിച്ച അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ഇപ്പോള്‍ അമേരിക്കയില്‍ പര്യടനം നടത്തുന്ന അങ്കമാലി ഇടവകയുടെ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയൊഴിച്ചുള്ള സഭയിലെ എല്ലാ തിരുമേനിമാരും വ. ദി. ശ്രീ. അപ്രേം റമ്പാന്‍, മാടപ്പാട്ടു യാക്കോബ് റമ്പാന്‍, തുകലന്‍ പൗലോ റമ്പാന്‍, പ്രമുഖ വൈദികര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും റോമന്‍ കത്തോലിക്കാസഭയിലെ ചില വൈദികരും ചരിത്രം സൃഷ്ടിച്ച ഈ ചടങ്ങുകളില്‍ സംബന്ധിച്ചിരുന്നു.
ശുശ്രൂഷകള്‍
പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം ആരംഭിച്ച വി. കുര്‍ബാന മദ്ധ്യേയാണു മേല്‍പ്പട്ടസ്ഥാനാഭിഷേകം നടത്തപ്പെട്ടത്. കൃത്യം 9.30 ന് ആരംഭിച്ച ശുശ്രൂഷകള്‍ 12 മണിക്ക് അവസാനിച്ചു. കാതോലിക്കാബാവാ തിരുമേനിയെ തോമ്മാ മാര്‍ ദീവന്നാസ്യോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, പത്രോസ് മാര്‍ ഒസ്താത്തിയോസ്, പൗലോസ് മാര്‍ പീലക്സിനോസ്, ദാനിയേല്‍ മാര്‍ പീലക്സിനോസ്, മാത്യൂസ് മാര്‍ അത്താനാസ്യോസ്, ഏബ്രഹാം മാര്‍ ക്ലിമ്മീസ്, മാത്യൂസ് മാര്‍ കൂറിലോസ് തിരുമേനിമാരും വ. ദി. ശ്രീമാന്മാരായ ഏബ്രഹാം കോനാട്ട്, കോരുത് മല്‍പ്പാന്‍, എം. വി. ജോര്‍ജ്ജ്, റ്റി. ജെ. ജോഷ്വാ, കെ. എം. അലക്സാണ്ടര്‍ എന്നീ വൈദികരും ശുശ്രൂഷകളില്‍ സഹായിച്ചുകൊണ്ടിരുന്നു. മേല്‍പ്പട്ട സ്ഥാനാഭിഷേകത്തിനു മുമ്പ് മേല്‍പ്പട്ടക്കാരന്‍റെ ചുമതലകളെപ്പറ്റി നിരണം ഇടവകയുടെ തോമ്മാ മാര്‍ ദീവന്നാസ്യോസ് തിരുമേനി ഒരു ലഘുപ്രസംഗം ചെയ്തു. ബലി അര്‍പ്പിക്കുക, പാപം മോചിക്കുക, ജനങ്ങളെ പഠിപ്പിച്ചു സത്യവിശ്വാസത്തില്‍ നിലനിറുത്തുക, പള്ളികള്‍ കൂദാശ ചെയ്യുക, പട്ടക്കാരെയും ശെമ്മാശന്മാരെയും വാഴിക്കുക, സഭാംഗങ്ങളെ ശത്രുക്കളില്‍ നിന്നു രക്ഷിക്കുക, സുവിശേഷവേല മൂലം സഭയെ വര്‍ദ്ധിപ്പിക്കുക, ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യന്മാരായി ജീവിക്കുക മുതലായവയാണ് ഒരു മേല്‍പ്പട്ടക്കാരന്‍റെ കര്‍ത്തവ്യങ്ങളെന്നു ദീവന്നാസ്യോസ് തിരുമേനി അനുസ്മരിപ്പിച്ചു. പ്രസംഗത്തെ തുടര്‍ന്ന് സ്ഥാനാഭിഷേകത്തിന്‍റെ പ്രഥമ ശുശ്രൂഷ ആരംഭിച്ചു. സ്ഥാനാര്‍ത്ഥികള്‍ കാപ്പയൊഴികെ പട്ടക്കാര്‍ക്കുള്ള സ്ഥാനവസ്ത്രങ്ങളും തലയില്‍ മൂടുപടവും ധരിച്ചിരുന്ന സ്ഥാനാര്‍ത്ഥികളെ പിടിച്ചുനിറുത്തി. ശുശ്രൂഷ ആരംഭിച്ചു കഴിഞ്ഞു വൈദികര്‍ ഗാനങ്ങള്‍ ആലപിക്കുകയും ഇടയ്ക്കുള്ള പ്രാര്‍ത്ഥനകള്‍ മേല്പട്ടക്കാര്‍ മാറിമാറി വായിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അനന്തരം സ്ഥാനാര്‍ത്ഥികളുടെ ശിരസ്സിന്മേല്‍ വേദപുസ്തകം വച്ചു വായിക്കുകയുണ്ടായി. തുടര്‍ന്നു സ്ഥാനാര്‍ത്ഥികള്‍ സഭയോടുള്ള ഉത്തരവാദിത്വവും കൂറും അഭംഗം പാലിക്കുമെന്നും സത്യവിശ്വാസത്തില്‍ തുടരുമെന്നും പ്രഖ്യാപനം ചെയ്യുന്ന പ്രതിജ്ഞ വായിക്കുകയും അതില്‍ ഒപ്പിട്ടു കൊടുക്കുകയും ചെയ്തു.
രണ്ടാം ഘട്ടം
പത്തര മണിയോടു കൂടി ശുശ്രൂഷയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ രണ്ടാംഘട്ടത്തിലേക്കു കടന്നു. സ്ഥാനാര്‍ത്ഥികള്‍ മുട്ടുകുത്തി കിഴക്കോട്ടഭിമുഖമായി നിലകൊണ്ടിരുന്നു. പ്രത്യേക പ്രാര്‍ത്ഥനകള്‍ കഴിഞ്ഞു പ. കാതോലിക്കാ ബാവാ തിരുമേനി ഓരോരുത്തരുടേയും ശിരസ്സുകളില്‍ കൈകള്‍ ആവസിപ്പിച്ചു പരിശുദ്ധാത്മശക്തി പകര്‍ന്നുകൊടുത്ത രംഗം നിറഞ്ഞ സദസ്സു നിര്‍ന്നിമേഷരായി വീക്ഷിക്കുന്നുണ്ടായിരുന്നു. ഈ രംഗത്തിന്‍റെ പ്രാധാന്യം പള്ളിമണി, വെടി, പടക്കം എന്നിവ ദുഗന്തങ്ങളില്‍ വിളിച്ചറിയിച്ചുകൊണ്ടിരുന്നു. കൈവെയ്പിനുശേഷം ഓരോരുത്തര്‍ക്കും പേരു നല്‍കി. “മാര്‍ പത്രോസ് പൗലൂസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള പ. ദേവാലയത്തില്‍ വച്ചു സത്യവിശ്വാസികള്‍ക്കായി സ്ഥാനാഭിഷേകം നല്‍കുന്നു” എന്നു പറഞ്ഞശേഷമാണു പുതിയ മെത്രാന്മാരുടെ പേരു പ്രഖ്യാപനം ചെയ്തത്. സംജ്ഞാദാനത്തിനുശേഷം വസ്ത്രങ്ങള്‍ നല്‍കാന്‍ അവരെ ഓരോരുത്തരെയും കസേരയില്‍ ഇരുത്തി. “ഈ സ്ഥാനത്തിന് ഈ ആള്‍ യോഗ്യന്‍” എന്നര്‍ത്ഥമുള്ള ഓക്സിയോസ് എന്നു മൂന്നു പ്രാവശ്യം വീതം ഉച്ചത്തില്‍ എല്ലാവരും പ്രസ്താവിച്ചു. ഈ സമയം അഭിനവ മെത്രാന്മാര്‍ സ്ലീബാ ഉയര്‍ത്തി ജനങ്ങളെ ആശീര്‍വദിക്കുകയും ഉയര്‍ത്തപ്പെട്ട നിലയില്‍ നിന്നുകൊണ്ട് ഏവന്‍ഗേലിയോന്‍ വായിക്കുകയും ചെയ്തു.
കല്‍പന വായന
പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കു ശേഷം തിരുമേനിമാര്‍ എല്ലാവരും ചേര്‍ന്ന് അംശവടി കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ദാനിയേല്‍ മാര്‍ പീലക്സിനോസ് തിരുമേനി, പ. പാത്രിയര്‍ക്കീസുബാവാ തിരുമേനി സ്ഥാനാഭിഷേകം സംബന്ധിച്ച് അയച്ചുകൊടുത്തിട്ടുള്ള കല്‍പന വായിച്ചു. ഈ സ്ഥാനാഭിഷേകത്തില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും സ്ഥാനാഭിഷേകം മലങ്കരസഭയുടെ വികസനത്തിന്‍റെ ലക്ഷണമാണെന്നും പാത്രിയര്‍ക്കീസുബാവാ തിരുമേനിയുടെ കല്‍പനയില്‍ എടുത്തു പറഞ്ഞിരുന്നു. അനന്തരം മാര്‍ സേവേറിയോസ് തിരുമേനി വി. കുര്‍ബാന ചൊല്ലി പൂര്‍ത്തിയാക്കുകയും ബാവാതിരുമേനിയും അഭിവന്ദ്യ മെത്രാന്മാരും ചേര്‍ന്നു ജനക്കൂട്ടത്തെ ആശീര്‍വദിക്കുകയും ബാവാതിരുമേനി പുതിയ മെത്രാന്മാര്‍ സഭയെ പരിപോഷിപ്പിക്കുന്നവരും സഭയോട് സ്നേഹമുള്ളവരും ആയിരിക്കട്ടെ എന്നാശംസിക്കുകയും പാത്രിയര്‍ക്കീസുബാവാ തിരുമേനി സസന്തോഷം ഒരു കല്‍പന അയച്ചതിലുള്ള സംതൃപ്തി അറിയിക്കുകയും ഉണ്ടായി. കൃത്യം 12.15 ന് മെത്രാഭിഷേക ശുശ്രൂഷ സമംഗളം സമാപിച്ചു. പരിപാടി അഖിലേന്ത്യാ റേഡിയോ റിക്കാര്‍ഡു ചെയ്തു.
സജ്ജീകരണം
മലങ്കരസഭയില്‍ മെത്രാന്‍ സ്ഥാനാഭിഷേകം സംബന്ധിച്ച് ഉണ്ടാക്കിയിട്ടുള്ള എല്ലാ ക്രമീകരണങ്ങളെയും വെല്ലുന്ന തരത്തിലുള്ള സജ്ജീകരണങ്ങളായിരുന്നു കോലഞ്ചേരിയിലേത്. വിശാലമായ പന്തലും സൗകര്യപ്രദമായ താല്‍ക്കാലിക മദ്ബഹായും, ആലക്തിക ദീപങ്ങളുടെ കിരണങ്ങള്‍ തിരുമേനിമാരുടെയും മറ്റും വര്‍ണ്ണപ്പകിട്ടേറിയ വസ്ത്രങ്ങളില്‍ തട്ടി പന്തലാകമാനം പ്രകാശധാര പ്രവഹിപ്പിക്കുന്നുണ്ടായിരുന്നു. വെണ്മയേറിയ തോരണങ്ങളാല്‍ പന്തലിന്‍റെ അകം അലങ്കരിച്ചിരുന്നു. കാറ്റടിച്ചപ്പോള്‍ വെള്ളത്തോരണങ്ങള്‍ വെള്ളപ്രാക്കളെപ്പോലെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. മദ്ബഹായ്ക്കടുത്ത് ഇരുനൂറോളം വൈദികര്‍, അതിനു പിമ്പിലായി 100 രൂപയുടെയും 10 രൂപയുടെയും 5 രൂപയുടെയും ടിക്കറ്റെടുത്തവര്‍, ടിക്കറ്റെടുക്കാത്തവര്‍ എന്ന ക്രമത്തിലായിരുന്നു ഇരിപ്പിടങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. പന്തലിന്‍റെ മുക്കാല്‍ ഭാഗത്തും പാസ്സെടുക്കാത്തവര്‍ക്കു സൗകര്യമായിരുന്നു ശുശ്രൂഷകള്‍ കാണാന്‍ കഴിഞ്ഞു. നൂറു വയസ്സു വരെ പ്രായം തോന്നിക്കുന്ന സ്ത്രീപുരുഷന്മാരും രണ്ടും മൂന്നും മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളും യാതൊരപശബ്ദവും ഉണ്ടാക്കാതെ ചടങ്ങുകളില്‍ സംബന്ധിച്ചതു പലരുടെയും ശ്രദ്ധയ്ക്കു പ്രത്യേകം വിഷയമായി. പന്തലിന്‍റെ പിന്‍ഭാഗത്തും ഇരുവശങ്ങളിലും ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. കോലഞ്ചേരി കോളജ് പ്രിന്‍സിപ്പല്‍ റവ. ഫാ. വി. എം. ഗീവറുഗീസിന്‍റെ നേതൃത്വത്തിലുള്ള വോളന്‍റിയര്‍മാര്‍ തികച്ചും സ്തുത്യര്‍ഹമായ ക്രമപരിപാലന നടപടികളാണു നിര്‍വ്വഹിച്ചത്. അതിഥികള്‍ക്കു സദ്യയും പായസവും നല്‍കുന്നതിലും സംഘാടകര്‍ അഭിനന്ദനീയമാംവിധം വിജയിച്ചു.
“ചടങ്ങുകള്‍ എല്ലാം വളരെ ഭംഗിയായി കഴിഞ്ഞു” എന്ന വാക്കുകളായിരുന്നു എല്ലാവര്‍ക്കും പറയുവാനുണ്ടായിരുന്നത്.

kolenchery_bishop_consecration_1

അഭിനവ മെത്രാന്മാര്‍ ക്രൈസ്തവസഭയുടെ പൊതുസ്വത്ത്

സ്റ്റാഫ് പ്രതിനിധി

കോലഞ്ചേരി, ഓഗസ്റ്റ് 24: ക്രൈസ്തവ സാഹോദര്യത്തിന്‍റെ പ്രതീകമാണ് കോലഞ്ചേരിയില്‍ കാണാന്‍ കഴിഞ്ഞതെന്ന് എറണാകുളം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് പാറേക്കാട്ടില്‍ തിരുമേനി പ്രസ്താവിച്ചിരിക്കുന്നു. ഇന്ന് അഭിഷേകം ചെയ്യപ്പെട്ട മെത്രാന്മാര്‍ കേരള ക്രൈസ്തവസഭയുടെ തന്നെ മെത്രാന്മാരാണെന്നു റ്റി. ബി. ബഞ്ചമിന്‍ തിരുമേനി കൂട്ടിച്ചേര്‍ത്തു.
അഭിനവ മെത്രാന്മാരെ അനുമോദിക്കാന്‍ ഇന്നു സായാഹ്നത്തില്‍ ഇവിടെ കേരളത്തിലെ ഏറ്റവും വലിയ ടെമ്പററി കത്തീഡ്രലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു തിരുമേനിമാര്‍. അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നവരും അനുമോദനങ്ങള്‍ക്കു മറുപടി നല്‍കിയവരുമെല്ലാം എക്യുമെനിസത്തെപ്പറ്റിയാണ് ഊന്നിപ്പറഞ്ഞത്. സദസ്സും എക്യുമെനിസത്തിനനുരൂപമായ പ്രാതിനിധ്യമുള്ളതായിരുന്നു.
പ. പാത്രിയര്‍ക്കീസു ബാവായുടെ മലങ്കര സന്ദര്‍ശനത്തിനും സഭാസമാധാനത്തിനും ശേഷമുള്ള ആദ്യത്തെ മെത്രാഭിഷേകമെന്ന നിലയില്‍ ദൈവത്തിന്‍റെ പ്രവര്‍ത്തനമാണ് ഇന്നിവിടെ നടന്നതെന്നു പ. കാതോലിക്കാ ബാവാതിരുമേനി അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മേല്‍പ്പട്ടസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ മൂന്നുപേരെ മാത്രം വാഴിച്ചതില്‍ തെറ്റിദ്ധാരണയുണ്ടാകേണ്ടതില്ലെന്നു തിരുമേനി പറഞ്ഞു.


വളര്‍ന്നുകൊണ്ടിരിക്കുന്ന സഭയ്ക്കു കൂടുതല്‍ ദൈവദാസന്മാരെ ആവശ്യമാണ്. ദൈവഹിതമനുസരിച്ച് ഇനി രണ്ടോ അതില്‍ കൂടുതലോ മേല്‍പ്പട്ടക്കാരെ വാഴിക്കേണ്ടി വരും.
അഭിനന്ദനം
മെത്രാഭിഷേകച്ചടങ്ങുകളില്‍ ഒരു പുതിയ അദ്ധ്യായം തുന്നിച്ചേര്‍ത്ത കണ്ടനാടു ഭദ്രാസനത്തെയും വിശേഷിച്ചു കോലഞ്ചേരി ഇടവകക്കാരെയും അഭിനന്ദിക്കാനും ബാവാതിരുമേനി ഈ അവസരം വിനിയോഗിച്ചു. സമ്പന്നന്‍ ദരിദ്രനെ സഹായിക്കുന്നതിന്‍റെ ഉദാഹരണമാണ് കോലഞ്ചേരിയില്‍ കാണുന്നതെന്നു തിരുമേനി പറഞ്ഞു. തികഞ്ഞ ഐക്യമാണിവിടെ കാണുന്നത്. ഇവിടെ ഉയര്‍ന്ന കോളജുകള്‍, സ്കൂളുകള്‍, മെഡിക്കല്‍ മിഷന്‍ എന്നിവ ഇതിന്‍റെ സാക്ഷ്യപത്രമാണെന്നും തിരുമേനി പ്രസ്താവിച്ചു.
മേല്‍പ്പട്ടക്കാരുടെ കടമകളെക്കുറിച്ചാണു ഡോ. പാറേക്കാട്ടില്‍ തിരുമേനി പ്രധാനമായും സംസാരിച്ചത്. ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരെ കൂടാതെ സഭയില്‍ യാതൊന്നും പാടില്ല എന്ന് ആര്‍ച്ചുബിഷപ്പ് തിരുമേനി പറഞ്ഞു. മെത്രാന്മാരോടുകൂടെ നില്‍ക്കുന്നവര്‍ ക്രിസ്തുസഭയോടു കൂടി നില്‍ക്കുന്നവരാണെന്ന് അന്ത്യോക്യയില്‍ വാണ ഇഗ്നേഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്.
നാലു കാര്യങ്ങള്‍
മെത്രാന്മാര്‍ നാലു കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണമെന്നാണ് ഇഗ്നേഷ്യസ് പറഞ്ഞിട്ടുള്ളത്. 1) ആദ്ധ്യാത്മികവും ഭൗതികവുമായ മേല്‍നോട്ടം. 2) വിശ്വാസസംബന്ധമായ അഗ്നിപരീക്ഷണങ്ങളെ അചഞ്ചലമായി നേരിടുക. 3) ശാന്തതയോടെ വര്‍ത്തിക്കുക. എല്ലാ മുറിവിനും ഒരേ തരം ആശ്വാസമല്ല നല്‍കേണ്ടത്. 4) ആരെയും അവഗണിക്കാതിരിക്കുക. അവശരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം.
കോലഞ്ചേരിയിലെ ഈ സമ്മേളനം ക്രൈസ്തവ സാഹോദര്യത്തിന്‍റെ പ്രതീകമാണെന്നും, ആര്‍ച്ചുബിഷപ്പ് തിരുമേനി പറഞ്ഞു. വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ ഇവിടെ സമ്മേളിച്ചിട്ടുണ്ട്. നാം ഒരേ മാംസത്തില്‍ നിന്നു മാംസവും രക്തത്തില്‍ നിന്നു രക്തവുമാണ്. ഈ അടിസ്ഥാന ഐക്യത്തിന്‍റെ ആണിക്കല്ലാണ് ഇവിടെ കാണുന്നത്. ഈ സാഹോദര്യം പൂര്‍വാധികം ശക്തിപ്പെടാന്‍ ഇത്തരം അവസരങ്ങള്‍ കൂടുതലായുണ്ടാകട്ടെ.
ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയെ, ഫാ. കെ. ഫിലിപ്പോസ് ആയിരുന്ന കാലം മുതല്‍ പരിചയമുണ്ട്. രണ്ടാം വത്തിക്കാന്‍ സമ്മേളനത്തില്‍ വച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ, അദ്ദേഹം ഒരു മെത്രാനാകുമെന്ന പ്രതീക്ഷ തനിക്കുണ്ടായി. മറ്റു രണ്ടു പേരുമായി പരിചയപ്പെട്ടവര്‍ക്കും അങ്ങനെ തോന്നിയിരിക്കാം എന്നും ആര്‍ച്ചുബിഷപ്പ് തിരുമേനി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ സുവിശേഷത്തിന്‍റെ വെളിച്ചം കൊണ്ടുവന്നതും 19 നൂറ്റാണ്ടുകളിലൂടെ ഇന്നുവരെ ആ ദീപം കെടാതെ സൂക്ഷിച്ചതും മലങ്കരസഭയാണെന്നു റ്റി. ബി. ബഞ്ചമിന്‍ തിരുമേനി വിശേഷിപ്പിച്ചു. വിദേശ മിഷനറിമാരുടെ വരവിനുശേഷം ഇടക്കാലത്തു സഭയ്ക്കു നഷ്ടപ്പെട്ട ഐക്യവും സമാധാനവും അടുത്ത കാലത്തു പുനഃസ്ഥാപിക്കപ്പെട്ടതിനെ തുടര്‍ന്ന് അതിനുണ്ടായ നാനാവിധ അഭിവൃദ്ധിയില്‍ ക്രൈസ്തവരാകെ അഭിമാനം കൊള്ളുന്നു. എക്യുമെനിസത്തിന്‍റെ ഈ യുഗത്തില്‍ അഭിഷിക്തരായ മൂന്നുപേരും ക്രൈസ്തവസഭയുടെ ആകമാനം മെത്രാന്മാരാണ് എന്നും ബഞ്ചമിന്‍ തിരുമേനി പറഞ്ഞു.
സവിശേഷത
മൂന്നു മെത്രാന്മാരെയും കേന്ദ്രമന്ത്രി ശ്രീ. എ. എം. തോമസ് അഭിനന്ദിച്ചു. പാണ്ഡിത്യത്തിന്‍റെ പ്രതീകങ്ങളാണെങ്കിലും മല്‍പ്പാനച്ചന്മാര്‍ മെത്രാന്മാരാകുന്നത് അപൂര്‍വമാണ്. യൂഹാനോന്‍ മാര്‍ സേവേറിയോസ് തിരുമേനി ആചാരാനുഷ്ഠാനങ്ങളില്‍ എരിവുള്ള മല്‍പ്പാനായിരുന്നു. തോമസ് മാര്‍ തീമോത്തിയോസ് തിരുമേനി റമ്പാനെന്ന നിലയില്‍ പ്രശസ്തി നേടിയതോടൊപ്പം അദ്ധ്യാപക ശ്രേഷ്ഠനുമായിരുന്നു.
താന്‍ സ്വപ്നം കാണുന്ന സുറിയാനി സഭയിലെ മേല്‍പ്പട്ടക്കാരനാണ് കെ. ഫിലിപ്പോസ് എന്നു മുമ്പുതന്നെ തന്‍റെ മനസ്സില്‍ തോന്നിയിരുന്നുവെന്ന് ശ്രീ. തോമസ് പറഞ്ഞു. വിദേശരാജ്യങ്ങളിലെ സഭകള്‍ക്കെല്ലാം ഫാ. ഫിലിപ്പോസിനെ നന്നായറിയാം. താങ്കള്‍ ഏതു സഭാവിഭാഗത്തില്‍ പെട്ടയാളാണെന്ന് അവര്‍ ചോദിക്കുമ്പോള്‍ ഫാ. ഫിലിപ്പോസിന്‍റെ സഭയിലെ അംഗമാണ് എന്നു പറഞ്ഞാല്‍ എളുപ്പമായി എന്നു തോന്നിയിട്ടുണ്ട്. 1961-ല്‍ ഡല്‍ഹിയില്‍, സഭകളുടെ അഖിലലോക കൗണ്‍സില്‍ യോഗത്തില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന വേഷങ്ങളോടെ സംബന്ധിച്ച ഫാ. ഫിലിപ്പോസ് ഒരു ആര്‍ച്ചുബിഷപ്പോ കുറഞ്ഞപക്ഷം ഒരു ബിഷപ്പോ ആണെന്ന് ആ നാട്ടുകാര്‍ ധരിച്ചുവെന്നും ശ്രീ. തോമസ് വെളിപ്പെടുത്തി.
മതസഹിഷ്ണുത
മറ്റു പല രാജ്യങ്ങളിലും പിന്നോക്കമാണെങ്കിലും മതസഹിഷ്ണുതയുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണെന്നു ശ്രീ കളത്തില്‍ വേലായുധന്‍ നായര്‍ പറഞ്ഞു. ഭൗതികനേട്ടങ്ങള്‍ വര്‍ദ്ധിച്ച ഇക്കാലത്തു മതമേലദ്ധ്യക്ഷന്മാരുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നദ്ദേഹം അനുസ്മരിപ്പിച്ചു.
അഭിനവ മെത്രാന്മാര്‍ക്കുവേണ്ടി ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനി മറുപടി പറഞ്ഞു. സഭാസമാധാനത്തിനു കാരണക്കാരനായ പ. പാത്രിയര്‍ക്കീസ് ബാവാ തിരുമേനിയെ “അതീവ കൃതജ്ഞത”യോടെ സ്മരിച്ചുകൊണ്ടാണ് തിരുമേനി പ്രസംഗമാരംഭിച്ചത്. ഈ ഐക്യം നിലനിര്‍ത്താനുള്ള കടമ എല്ലാവര്‍ക്കുമുണ്ടെന്നു തിരുമേനി ഊന്നിപ്പറഞ്ഞു. സഭാംഗങ്ങള്‍ ഏവരുടേയും ഏകാഗ്രമായ സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്. സങ്കുചിത മനഃസ്ഥിതിയും കിടമത്സരവും ചേരിതിരിവും ഒഴിവാക്കണം. എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍റെ യുഗമാണിത്. മലങ്കരസഭയ്ക്ക് ഈ രംഗത്തു ഗണ്യമായ സംഭാവന നല്‍കാന്‍ കഴിയണം.
“ഞങ്ങള്‍ ഇന്നു നല്‍കിയ പ്രതിജ്ഞ അഭംഗം പാലിക്കാന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. മേലദ്ധ്യക്ഷന്മാരുടെയും സഭാംഗങ്ങളുടെയും പ്രോത്സാഹനം നിര്‍ലോഭം ലഭിക്കുന്നതനുസരിച്ചായിരിക്കും ഞങ്ങളുടെ വിജയസാദ്ധ്യത. എല്ലാവരുടെയും പ്രാര്‍ത്ഥന ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു” എന്നും തിരുമേനി പറഞ്ഞു.
സഭയുടെ സ്വത്ത്
കണ്ടനാട് ഇടവകയുടെ പൗലൂസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായാണു സ്വാഗതമാശംസിച്ചത്. സഭയില്‍ സമാധാനം കൈവന്നതിനുശേഷം ഇവിടെ പുതിയ പാരമ്പര്യം സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ തിരുമേനി ദൈവത്തെ സ്തുതിച്ചു. മുമ്പ് ഓരോ ഭദ്രാസനവും തനിച്ച് അവരുടെ മെത്രാനെ വാഴിക്കുകയായിരുന്നു. ഇന്നു വാഴിക്കപ്പെട്ടവരാകട്ടെ, സഭയുടെ പൊതുസ്വത്താണ്. കോലഞ്ചേരിയില്‍ വച്ച് മെത്രാഭിഷേകം നടത്താന്‍ അനുവദിച്ചതിലൂടെ സഭാനേതൃത്വം കാട്ടിയ സൗഹൃദത്തെയും ഇടവകജനങ്ങള്‍ കാണിച്ച താല്‍പ്പര്യത്തെയും തിരുമേനി അഭിനന്ദിച്ചു. ശ്രീ. പി. എം. പൈലിപ്പിള്ള കൃതജ്ഞത പറഞ്ഞു.
പൂത്തൃക്ക പഞ്ചായത്തിനുവേണ്ടി (മെത്രാഭിഷേകം നടന്നത് പൂത്തൃക്ക പഞ്ചായത്ത് മേഖലയിലാണ്) വൈസ് പ്രസിഡന്‍റ് ശ്രീ. പി. റ്റി. നാരായണന്‍ നമ്പൂതിരി മംഗളപത്രം വായിച്ചു. കാസ്കറ്റില്‍ അടക്കം ചെയ്ത മംഗളപത്രം പഞ്ചായത്തു പ്രസിഡന്‍റ് ശ്രീ. പൈലിപ്പിള്ളയും ശ്രീ. നമ്പൂതിരിയും മൂന്നു മെത്രാന്മാര്‍ക്കും സമര്‍പ്പിച്ചു.
നേരത്തെ, സമുദായ സെക്രട്ടറി ശ്രീ പി. സി. ഏബ്രഹാം മൂന്നു തിരുമേനിമാരെയും ഹാരാര്‍പ്പണം ചെയ്തു. അദ്ധ്യക്ഷവേദിയില്‍ ഉപവിഷ്ടരായിരുന്ന മറ്റു തിരുമേനിമാരെ, വൈദികട്രസ്റ്റി വെരി. റവ. റ്റി. എസ്. ഏബ്രഹാം കോറെപ്പിസ്കോപ്പാ, കോനാട്ട് ഏബ്രഹാം മല്‍പ്പാന്‍, ശ്രീ. എന്‍. പി. വറുഗീസ് തുടങ്ങിയവര്‍ ഹാരമണിയിച്ചു. സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ചര്‍ച്ച്, സെന്‍റ് പീറ്റേഴ്സ് ഹൈസ്കൂള്‍, ട്രെയിനിംഗ് സ്കൂള്‍, സെന്‍റ് പീറ്റേഴ്സ് കോളജ് എന്നിവയ്ക്കുവേണ്ടിയും ഹാരാര്‍പ്പണം നടന്നു.
സന്ദേശങ്ങള്‍
അഭിനവ മെത്രാന്മാരെ അനുമോദിച്ചുകൊണ്ടു കേരളത്തിനകത്തും പുറത്തുനിന്നും ലഭിച്ച സന്ദേശങ്ങളില്‍ ചിലത് റവ. ഫാ. റ്റി. ജെ. ജോഷ്വ വായിച്ചു. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സിലെ എന്‍.സി.സി. കേഡറ്റുകളും സ്റ്റാഫും വിദ്യാര്‍ത്ഥിനികളുമാണു പന്തലിലെയും മറ്റും ക്രമീകരണങ്ങള്‍ പ്രശംസനീയമായ നിലയില്‍ നിര്‍വഹിച്ചത്.
കോലഞ്ചേരിയില്‍ നിന്നു കോട്ടയത്തേയ്ക്കുള്ള യാത്രാമദ്ധ്യേ വാളകം സെന്‍റ് സ്റ്റീഫന്‍സ് ഹൈസ്കൂളും നട്ടാശ്ശേരി സെന്‍റ് തോമസ് പള്ളിഇടവകയും നീലിമംഗലത്തു വച്ചു നാട്ടുകാരും സ്വീകരണങ്ങള്‍ നല്‍കി.
സന്ദേശങ്ങള്‍ അയച്ച തിരുമേനിമാരുടെയും മറ്റും പേരുവിവരം ചുവടെ ചേര്‍ക്കുന്നു. പോള്‍ ആറാമന്‍ മാര്‍പാപ്പാ, എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് അഥനഗോറസ്, കാന്‍റര്‍ബറി ആര്‍ച്ചുബിഷപ്പ് ഡോ. മൈക്കള്‍ റാംസെ, റൂമേനിയന്‍ പാത്രിയര്‍ക്കീസ് ജസ്റ്റീനിയന്‍, അര്‍മ്മീനിയന്‍ സുപ്രീം കാതോലിക്കോസ് വസ്ക്കന്‍ ഒന്നാമന്‍, ബെറൂദ്ദിലെ അര്‍മ്മീനിയന്‍ കാതോലിക്കോസ് കൊറീന്‍, അമേരിക്കയിലെ ഗ്രീക്ക് ആര്‍ച്ചുബിഷപ്പ് ഇക്കോവസ്, സാന്‍ഫ്രാന്‍സിസ്ക്കോയിലെ റഷ്യന്‍ ഓര്‍ത്തഡോക്സ് ബിഷപ്പ് ജോണ്‍, ബോംബെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഗ്രാഷ്യസ്, ബോംബെ അസിസ്റ്റന്‍റ് ബിഷപ്പ് ഗോമസ്, ഇന്ത്യയുടെ മെത്രാപ്പോലീത്താ ലക്ദാസഡിമെല്‍, ബിഷപ്പ് സാദിക് നാഗ്പൂര്‍, ബിഷപ്പ് ന്യൂബിഗിന്‍ മദ്രാസ്, ബിഷപ്പ് ഒലിവര്‍ടോംകിന്‍സ് ബ്രിസ്റ്റള്‍, ഡോ. വിസര്‍ട്ട് ഹൂഫ്റ്റ്, സഭകളുടെ ലോകകൗണ്‍സില്‍ മുന്‍ സെക്രട്ടറി ഡോ. കാഴ്സന്‍ ബ്ലേക്ക്, സഭകളുടെ ലോക കൗണ്‍സില്‍ സെക്രട്ടറി, പാലാ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ വയലില്‍, ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ, ബിഷപ്പ് അലക്സാണ്ടര്‍ മാര്‍ തെയോഫിലോസ്, ഡോ. മാത്യൂസ് മാര്‍ അത്താനാസ്യോസ്, പ്രസിഡന്‍റ് നാഥന്‍ പുസി ഹാര്‍വാര്‍ഡ് സര്‍വകലാശാല, കര്‍ദ്ദിനാള്‍ ബിയ വത്തിക്കാന്‍, ബിഷപ്പ് വില്ലി ബ്രാന്‍ഡ്സ് വത്തിക്കാന്‍, വത്തിക്കാനിലെ ക്രിസ്ത്യന്‍ ഐക്യവകുപ്പ് സ്റ്റാഫ് മുഴുവന്‍, അര്‍മ്മീനിയന്‍ ബിഷപ്പ് സര്‍സിസിയാന്‍, ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പ് ഡോ. മാത്യു കാവുകാട്ട്.
പുതിയ മെത്രാന്മാര്‍ക്കു ദൈവികമായ അനുഗ്രഹാശിസ്സുകള്‍ ധാരാളമായി ലഭിക്കട്ടെയെന്നു മാര്‍പാപ്പാ തിരുമേനിയുടെയും അഥനഗോറസ് തിരുമേനിയുടെയും സന്ദേശങ്ങളില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
(മനോരമ, ഓഗസ്റ്റ് 25, 1964)