യാക്കോബായ വിദേശ വിഘടന വിഭജന ഭീകരവാദം സര്‍വ്വ അതിര്‍ത്തികളും ലംഘിക്കുന്നു

yulios

ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്
(മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാധ്യമവിഭാഗം അദ്ധ്യക്ഷന്‍)

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പ. മാര്‍ത്തോമ്മാ ശ്ലീഹായാല്‍ (എ.ഡി 52) ഭാരതത്തില്‍ സ്ഥാപിതമായതാണ്. പ. ശ്ലീഹായാല്‍ എ.ഡി. 32 ഓടു കൂടെ മെസപ്പെട്ടോമിയയിലെ (പേര്‍ഷ്യന്‍ സാമ്രാജ്യം) എഡേസ്സാ ആസ്ഥാനമായി ആരംഭിച്ച സഭയുമായി വിശ്വാസത്തിലും പാരമ്പര്യത്തിലും ബന്ധം പുലര്‍ത്തിക്കൊണ്ട്, എന്നാല്‍ ദക്ഷിണഭാരത പാരമ്പര്യത്തില്‍ ഭാരതീയ മതസമൂഹങ്ങളുമായുള്ള സാമൂഹ്യ-സാഹോദര്യ ബന്ധത്തില്‍ ആയിരത്തി അഞ്ഞൂറിലേറെ വര്‍ഷം ഈ സഭ പൂര്‍ണ്ണ സ്വതന്ത്ര സഭയായി ഏറെ ചൈതന്യത്തോടെ ഭാരതത്തില്‍ ദൗത്യം നിര്‍വ്വഹിച്ചുവെന്നു ചരിത്രം സാക്ഷിക്കുന്നു.
പതിനാറാം നൂറ്റാണ്ടില്‍ ശക്തിപ്പെട്ട യൂറോപ്യന്‍ കോളനിവല്‍ക്കരണത്തിന്‍റെ ഭാഗമായി പ. സഭയെ റോമാ നുകത്തിനു കീഴില്‍ ബന്ധിക്കുവാന്‍ (1599-ലെ ഉദയംപേരൂര്‍ സുന്നഹദോസ്) നടത്തിയ ശ്രമത്തില്‍ നിന്നും കൂനന്‍കുരിശു സത്യത്തിലൂടെ (1653) സഭ മോചനം നേടി. എന്നാല്‍ സഭാഗാത്രത്തെ പിളര്‍ന്ന് ഒരു ഭാഗത്തെ വിദേശ മേല്‍ക്കോയ്മയുടെ കീഴില്‍ അണിനിരത്തുവാന്‍ അന്നത്തെ റോമന്‍ കത്തോലിക്കാ നേതൃത്വത്തിന് അവരുടെ വിദേശ പണം കൊണ്ടും അധികാര സ്വാധീനങ്ങള്‍ കൊണ്ടും സാധിച്ചുവെന്നും ചരിത്രം രേഖപ്പെടുത്തുന്നു. തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലും ആംഗ്ലിക്കന്‍-നവീകരണ-പെന്തക്കോസ്തു വിഭാഗങ്ങള്‍ സഭയെ ഉപദ്രവിച്ചുകൊണ്ടിരുന്നുവെന്നും കാണാം.

ഇതിനോടകം പേര്‍ഷ്യന്‍ സഭ നെസ്തോറിയന്‍ വേദവിപരീതത്തില്‍പ്പെടുകയും (5-ാം നൂറ്റാണ്ട്) തുടര്‍ന്നും മത-വംശീയ ആക്രമണങ്ങളാലും ശിഥിലീകൃതമായി കൊണ്ടിരുന്നു. 6-ാം നൂറ്റാണ്ടില്‍ സത്യവിശ്വാസത്തെ സംരക്ഷിക്കുവാന്‍ പ. യാക്കോബ് ബുര്‍ദ്ദാന നടത്തിയ ശ്രമങ്ങളുടെ ഫലമായി അദ്ദേഹം അലക്സാന്ത്രിയന്‍ (കോപ്റ്റിക്) ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ച് പേര്‍ഷ്യയിലെ സത്യ-സുറിയാനി (അലക്സാന്ത്രിയന്‍ വേദശാസ്ത്രം) സഭയില്‍ നിലനിര്‍ത്തി. അന്ത്യോഖ്യാ ആസ്ഥാനമായി പ. പത്രോസ് ശ്ലീഹായാല്‍ സ്ഥാപിതമായ സഭയുടെ സിംഹഭൂരിപക്ഷവും ഇതോടകം കല്‍ക്കദോന്യ വേദവിപരീതമായ (അന്ത്യോഖ്യന്‍ വേദശാസ്ത്രം) ഇരുസ്വഭാവ വാദത്തില്‍പ്പെട്ടിരുന്നു. അവിടെ അവശേഷിച്ചിരുന്ന പാശ്ചാത്യ സുറിയാനി ക്രിസ്ത്യാനികളും പൗരസ്ത്യ ദേശത്ത് അവശേഷിച്ചിരുന്ന പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികളും 7-ാം നൂറ്റാണ്ടു മുതല്‍ പരസ്പര സഹായ സഹകരണത്തില്‍ ദൈവകൃപയില്‍ വളര്‍ന്നു. ഇതില്‍ പാശ്ചാത്യ വിഭാഗം പ. പത്രോസ് ശ്ലീഹായുടെ പാരമ്പര്യത്തില്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന്‍റെ നേതൃത്വത്തിലും പൗരസ്ത്യ വിഭാഗം പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യത്തില്‍ കിഴക്കിന്‍റെ ബസ്സേലിയോസ് കാതോലിക്കായുടെ നേതൃത്വത്തിലും വളര്‍ന്നു.
പ. പത്രോസ് ശ്ലീഹായ്ക്ക് ശ്ലീഹന്മാരില്‍ മൂപ്പന്‍ എന്ന സ്ഥാനം നല്‍കിയിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിക്കും പൗരസ്ത്യ സഭ ആ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ 9-ാം നൂറ്റാണ്ടു മുതലെങ്കിലും പൗരസ്ത്യ സഭയെ തങ്ങളുടെ കീഴില്‍ നിര്‍ത്തുവാനുള്ള അധീശത്ത-കോളനിവല്‍ക്കരണ ഭാവം അന്ത്യോഖ്യയിലെ സുറിയാനി ഓര്‍ത്തഡോക്സ് സഭ കാണിക്കുവാന്‍ തുടങ്ങി!

ഏതാണ്ട് 60 വര്‍ഷത്തോളം റോമാ നുകത്തിന്‍കീഴില്‍ കഴിയേണ്ടി വന്ന മലങ്കരസഭയ്ക്ക് ഇതോടകം അതിന്‍റെ ആരാധനഗ്രന്ഥങ്ങളും രീതികളുമെല്ലാം നഷ്ടപ്പെടുന്ന ദുഃഖകരമായ ഒരു സാഹചര്യം ഉണ്ടായപ്പോള്‍ ഓര്‍ത്തോദുക്സോ (സ്തുതി ചൊവ്വാക്കപ്പെട്ട) സത്യവിശ്വാസത്തില്‍ നിലനിന്നിരുന്ന പൗരസ്ത്യ കാതോലിക്കേറ്റിനും യെരുശലേം കാതോലിക്കേറ്റിനും ഈഗുപ്തായ സഭയ്ക്കും അര്‍മേനിയന്‍ സഭയ്ക്കുമെല്ലാം അന്നത്തെ സഭാനേതൃത്വം കത്തുകള്‍ അയച്ചു. ഇതിന്‍റെ ഫലമാണ് 1665-ല്‍ യെരുശലേം പാത്രിയര്‍ക്കീസ് എന്ന് വിശ്വസിക്കപ്പെടുന്ന അബ്ദുള്‍ ജലീല്‍ ഗ്രീഗോറിയോസും തുടര്‍ന്ന് പൗരസ്ത്യ കാതോലിക്കാമാരായിരുന്ന യല്‍ദോ മാര്‍ ബസേലിയോസും (1685), മാര്‍ ബസ്സേലിയോസ് ശാക്രള്ള (1751) ബാവായും അവരോടൊപ്പം മറ്റു പിതാക്കന്മാരും മലങ്കരയില്‍ എത്തുകയും മലങ്കരസഭ വീണ്ടും അതിന്‍റെ ആരാധന സാക്ഷ്യജീവിതത്തില്‍ ശക്തിപ്പെടുകയും ചെയ്തത് എന്ന് കാണാം.

എന്നാല്‍ 19-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ ആംഗ്ലിക്കന്‍ സഭകളുടെ അതിപ്രസരത്തിന്‍റെ ഭാഗമായി പ. സഭയില്‍ നവീകരണമെന്ന പേരില്‍ വേദവിപരീതം ഉടലെടുത്തപ്പോള്‍ അതിനെ ചെറുക്കുവാന്‍ അന്നത്തെ സഭാനേതൃത്വം 1873-ല്‍ ഇഥംപ്രഥമമായി അന്ത്യോഖ്യയിലെ സുറിയാനി സഭാ പാത്രിയര്‍ക്കീസിനെ മലങ്കരയിലേക്ക് ക്ഷണിച്ചു. പൗരസ്ത്യ കാതോലിക്കേറ്റിന് ഇതോടകം ഇല്ലായ്മ ചെയ്ത് എല്ലാം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ കീഴില്‍ കൊണ്ടുവരുവാന്‍ തീവ്ര ശ്രമം നടത്തിയിരുന്ന പാത്രിയര്‍ക്കീസുമാര്‍ മലങ്കരയെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരുവാന്‍ അവസരം നോക്കിയിരിക്കുമ്പോഴാണ് മലങ്കരസഭയുടെ ക്ഷണം അന്നത്തെ പത്രോസ് മൂന്നാമന്‍ പാത്രിയര്‍ക്കീസിന് ലഭിക്കുന്നത്.

ഇതോടകം തന്നെ മലങ്കരസഭയെ അതീശത്വത്തിലേക്ക് വരുത്തുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് സഭാനേതൃത്വത്തെ ക്ഷീണിപ്പിക്കുവാന്‍ ഉതകുന്ന അനേകം സംഭവങ്ങള്‍ മലങ്കരയില്‍ ഉണ്ടാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. പ. സഭയുടെ അറിവോ അനുമതിയോ കൂടാതെ 1842-ല്‍ ഒരു മെത്രാനെ മലങ്കരയിലേക്ക് വാഴിച്ച് വിടുകയും അന്നത്തെ മലങ്കര മെത്രാപ്പോലീത്തായായിരുന്ന ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസിനെതിരെ പ്രവര്‍ത്തിച്ച് അദ്ദേഹത്തെ ദുര്‍ബലനാക്കുവാനും പാലക്കുന്നത്ത് മാത്യൂസ് അത്താനാസ്യോസ് എന്ന അന്നത്തെ വിഘടിത മെത്രാപ്പോലീത്തായ്ക്ക് കഴിഞ്ഞു. അന്ത്യോഖ്യന്‍ കോളനിവല്‍ക്കരണ ശ്രമങ്ങള്‍ക്ക് ആഴം കൂട്ടുവാനും വി. മൂറോന്‍, തിരുശേഷിപ്പ് എന്നിവ വില്‍ക്കുവാനും മറ്റ് സാമ്പത്തിക ലാഭവും മാനസിക ഉല്ലാസവും കിട്ടുന്ന എന്തും തരപ്പെടുത്തുവാനുമായി മലങ്കരയിലേക്ക് ആത്മീയ വേഷം ധരിച്ചുകൊണ്ടു നിര്‍ബാധം വന്നുകൊണ്ടിരുന്ന ‘ബാവ’മാരുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചു.

ഈ വൈതരണിയില്‍ നിന്നുള്ള മോചനം കാംക്ഷിച്ചുകൊണ്ടാണ് മലങ്കര സഭയുടെ പള്ളിപ്രതിപുരുഷയോഗം ചേര്‍ന്ന് പുലിക്കോട്ടില്‍ യൗസേപ്പ് കത്തനാരെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അടുക്കലേക്ക് തന്നെ അയച്ച് മെത്രാപ്പോലീത്തായാക്കി 1865-ല്‍ മലങ്കരയില്‍ ഭരണക്രമം നടത്തുവാന്‍ ശ്രമിച്ചത്. താല്‍ക്കാലിക വൈതരണിയില്‍ നിന്നും സഭയെ രക്ഷിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ പാത്രിയര്‍ക്കീസുമാരുടെ അധീശത്വ, കോളനിവല്‍ക്കരണം എന്ന ദുഷ്ട ലാക്ക് 1875-ല്‍ മലങ്കരയിലെത്തിയ പത്രോസ് മൂന്നാമന്‍ പുറത്തെടുത്തതോടെ പ. സഭ വീണ്ടും സമ്മര്‍ദ്ധത്തില്‍പ്പെടുകയും അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ കാലത്ത് ഇതൊരു പൂര്‍ണ്ണ നീരാളിപിടുത്തമായി മലങ്കരസഭയുടെ കഴുത്തില്‍ വീഴുകയും ചെയ്തു.

1912-ല്‍ പ. വട്ടശ്ശേരില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ അന്നത്തെ കാനോനിക പാത്രിയര്‍ക്കീസിനെ മലങ്കരയില്‍ എത്തിച്ച് ഇവിടെ ഒരു സ്വതന്ത്ര കാതോലിക്കേറ്റ് സ്ഥാപിക്കുവാന്‍ കഴിഞ്ഞതോടെ ഒരു വലിയ പരിധി വരെ പ്രതിസന്ധികളെ അതിജീവിക്കുവാന്‍ മലങ്കരസഭയ്ക്ക് കഴിഞ്ഞുവെങ്കിലും ഉടക്കും, മുടക്കും കൈമുതലാക്കി സമ്പത്തിനും അധികാരത്തിനും വേണ്ടി എന്തും ചെയ്യുവാന്‍ മടി കാണിക്കാത്തവര്‍ മലങ്കരയില്‍ വിഘടനവാദം തുടര്‍ന്നുകൊണ്ടിരുന്നു.

പ. ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കായുടെ അദ്ധ്യക്ഷതയില്‍ 1934-ല്‍ മലങ്കരസഭയുടെ നേതൃത്വത്തിന് ഒരു ഭരണഘടന പാസ്സാക്കുവാന്‍ കഴിഞ്ഞതോടെ അന്ത്യോഖ്യന്‍ വിഘടനവാദത്തിന് അടുത്ത പ്രഹരം ഏറ്റു. ദൈവത്തെയോ പ. സഭയെയോ സമൂഹത്തെയോ ബഹുമാനിക്കാതെ പ്രവര്‍ത്തിക്കുവാന്‍ മടിയില്ലാത്ത ‘ശ്രേഷ്ഠന്‍’മാരെ ഈ വിഘടന വാദത്തിന് നേതൃത്വം നല്‍കുവാന്‍, പ. സഭയെ സദാ സമയവും ഉപദ്രവിക്കുന്ന പിശാചിന് സാധിച്ചിരുന്നുവെങ്കിലും 1912 മുതല്‍ തന്നെ പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തില്‍ ഏറെ ത്യാഗത്തോടും പ്രാര്‍ത്ഥനാപൂര്‍വ്വവും വാണരുളിയ പിതാക്കന്മാരുടെ കീഴില്‍ മലങ്കരസഭയ്ക്ക് സാധിച്ചു.

ഭാരതം ഒരു രാഷ്ട്രമായി എല്ലാ കോളനിവല്‍ക്കരണങ്ങളെയും ചെറുത്ത് തോല്‍പിക്കുകയും ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി വളരുകയും ചെയ്തതോടെ മലങ്കരയില്‍ സ്ഥിരം വിഹരിച്ചിരുന്ന അന്ത്യോഖ്യന്‍ പ്രതിനിധികളായ ‘ബാവ’മാരെ മടക്കി അയയ്ക്കുവാനും എല്ലാ അധീശത്ത പ്രവണതകള്‍ക്കും തടയിടുവാനും മലങ്കരസഭയ്ക്ക് സാധിച്ചു. 1958, 95, 2017 തുടങ്ങിയ സുപ്രധാന സുപ്രീംകോടതിവിധികളിലൂടെ മലങ്കരസഭയുടെ 1934 ഭരണഘടന, മലങ്കര മെത്രാപ്പോലീത്താ, പ. കാതോലിക്കാ, പ. സുന്നഹദോസ്, സഭാ അസ്സോസിയേഷന്‍ തുടങ്ങിയ സുസംഘടിതമായ ഭരണസംവിധാനം ആര്‍ക്കും ചോദ്യം ചെയ്യപ്പെടുവാന്‍ സാധിക്കാത്തവിധം വളര്‍ന്നു; ദൈവത്തിന് സ്തുതി.

പാത്രിയര്‍ക്കീസുമാരുടെ സ്വേച്ഛാധിപത്യ പ്രവണതകളും മലങ്കരസഭയിലെ വിഘടന്മാരുടെ വിമതശബ്ദവും 1958-ലെ സുപ്രീംകോടതി വിധിയിലൂടെ പ. സഭയ്ക്ക് ഇല്ലാതാക്കുവാന്‍ കഴിഞ്ഞപ്പോള്‍ അന്നത്തെ പാത്രിയര്‍ക്കീസ് മലങ്കരയില്‍ വന്ന് സമാധാനത്തിന്‍റെ അപ്പോസ്തലനായി. ഏറെ ശുഭപ്രതീക്ഷയോടെ തുറന്ന മനസ്സോടെ മുടിയന്‍പുത്രനെ ആലിംഗനം ചെയ്ത് സ്വീകരിച്ച പിതൃഭാവത്തോടെ പ. സഭാനേതൃത്വം അവരെ സ്വീകരിച്ചുകൊണ്ട് “നാം ഏകോതര സഹോദരങ്ങള്‍, ഒരേ വിശ്വാസത്തിന്‍ കീഴില്‍ വളര്‍ന്നവര്‍, ഇന്നു മുതല്‍ നാം ഒന്ന്” എന്ന് പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ അന്നത്തെ പിന്‍ഗാമി പ. ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവാ പ്രഖ്യാപിക്കുകയും മറുഭാഗത്തു നിന്ന് പ. സഭയുടെ ഭാഗമായിത്തീര്‍ന്ന ഔഗേന്‍ തീമോത്തിയോസ് തിരുമേനിയെ പ. സഭയുടെ അടുത്ത കാതോലിക്കായായി തെരഞ്ഞെടുക്കുകയും അദ്ദേഹത്തിന്‍റെ വാഴ്ചയ്ക്ക് അന്നത്തെ പാത്രിയര്‍ക്കീസ് ബാവായെ ക്ഷണിക്കുകയും മലങ്കരയില്‍ സ്വീകരിക്കുകയും ചെയ്തു.

‘അലറുന്ന സിംഹം പോലെ ആരെ വിഴുങ്ങേണ്ടൂ’ എന്ന് നിരന്തരം ശ്രമിക്കുന്ന പൈശാചിക ശക്തി പക്ഷേ അടങ്ങിയിരുന്നില്ല. അത് 203/70 എന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ വേദവിപരീത കല്പനയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ‘അന്ത്യോഖ്യാ-മലങ്കര ബന്ധം’ എന്നും “അമ്മേ മറന്നാലും….”മെന്നൊക്കെ പാവപ്പെട്ട വിശ്വാസികളുടെ നിഷ്കളങ്ക മതവിശ്വാസത്തെ മുതലെടുത്തുകൊണ്ട് മലങ്കരയില്‍ അന്ത്യോഖ്യന്‍ മൂവ്മെന്‍റ് ആരംഭിക്കുവാനും സ്ഥാനമോഹികള്‍ അര്‍ഹിക്കാത്ത അടിമത്വ കസേരകളില്‍ ഇരുന്ന് പ. സഭയെ വീണ്ടും ഉപദ്രവിക്കുവാനും സമൂഹമദ്ധ്യത്തില്‍ ക്രൈസ്തവ സാക്ഷ്യം തന്നെ പരിഹസിക്കപ്പെടുന്ന അവസ്ഥയിലേക്ക് അടിമത്വ-അധീശത്വ വിപ്ലവങ്ങള്‍ നയിക്കുവാനും തുടങ്ങി. വീണ്ടും പ. കാതോലിക്കാ ബാവായെ 1975-ല്‍ മുടക്കി! അര്‍ഹിക്കുന്ന അവജ്ഞയോടെ ഈ നൂതന വിഘടന വാദത്തെ പ. സഭ തള്ളിക്കളയുകയാണ് ചെയ്തത്. എന്നാല്‍ അക്രമമാര്‍ഗ്ഗത്തിലൂടെ സഭയെ, പ്രത്യേകിച്ച് വടക്കുഭാഗങ്ങളെ വിഭജിക്കുവാനും അനേകം ദേവാലയങ്ങള്‍ അക്രമമാര്‍ഗ്ഗത്തിലൂടെ കൈവശപ്പെടുത്തുവാനും ഒരു പുതിയ തലമുറയെ മുഴുവനും തീവ്ര മതഭീകരവാദത്തിലേക്ക് ആനയിക്കുവാനും ഈ കൂട്ടര്‍ക്ക് കഴിഞ്ഞു; വൈദികരെയും, വിശ്വാസികളെയും അധിക്ഷേപിക്കുവാനും ഉപദ്രവിക്കുവാനും കൊല്ലുവാനും ദേവാലയങ്ങള്‍ കൊള്ളയടിക്കുവാനുമൊക്കെ ഇവരെ പഠിപ്പിച്ചു. അര്‍ഹതയോ, അംഗീകാരമോ, ആവശ്യത്തിന് വിദ്യാഭ്യാസമോ ഇല്ലാത്ത അനേകരെ പണം വാങ്ങി വിവിധ പൗരോഹിത്യ ശ്രേണിയില്‍ നിരത്തി പ. സഭയ്ക്ക് എതിരെ യുദ്ധം കടുപ്പിച്ചു.
1995-ലെ സുപ്രീംകോടതിവിധിക്കു ശേഷം തിരുത്തുവാന്‍ അവസരം നല്‍കിയപ്പോള്‍ ഏതാനും മെത്രാസനങ്ങളും പിതാക്കന്മാരും അതിനെ അംഗീകരിച്ചുവെങ്കിലും തീവ്ര മതമൗലികവാദം കൊണ്ട് അതില്‍ പലരേയും ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുപോകുവാനും വിഘടിത നേതൃത്വം സദാ ജാഗരിച്ചു. സമൂഹമദ്ധ്യേ പ. സഭ അപമാനിതയാകുന്ന അനേക സംഭവങ്ങള്‍ അരങ്ങേറി. സമാധാനത്തിനായി അനേക പരിശ്രമങ്ങള്‍ 1995 മുതല്‍ നടന്നെങ്കിലും ആയതൊന്നും ചെവിക്കൊള്ളുവാന്‍ അശേഷംപോലും ഇക്കൂട്ടര്‍ മനസ്സു കാണിച്ചില്ല എന്നു മാത്രവുമല്ല; 2002-ലെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനില്‍ നിന്നും മാറിനിന്ന് ‘യാക്കോബായ സഭ’യും 2002 ഭരണഘടനയും പുത്തന്‍കുരിശ് സൊസൈറ്റിയുമൊക്കെ സംഘടിപ്പിച്ച് ഭീകര വിഘടനവാദം വളര്‍ത്തുകയും അന്ത്യോഖ്യന്‍ അടിമത്വം എന്ന വളം അതിനായി യഥാവിധി ഉപയോഗിക്കുകയും ചെയ്തു. ഒപ്പം 15 വര്‍ഷം വിഘടിത സഭാവിശ്വാസികളെ തീവെട്ടിക്കൊള്ള നടത്തി വഞ്ചിക്കുന്ന കാര്യത്തിലും നേതൃത്വം വിജയം വരിച്ചു.

പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാളായ ജൂലൈ 3, 2017-ലെ സുപ്രീംകോടതിവിധി വിഘടനവാദത്തിന് അന്ത്യം കുറിക്കുന്ന ഒരു പ്രഹരമായി തീര്‍ന്നു. പ. മാര്‍ത്തോമ്മാ ശ്ലീഹായുടേയും അദ്ദേഹത്തിന്‍റെ ശ്ലൈഹിക സിംഹാസനത്തില്‍ പ. സഭയെ മേയിച്ചു പരിപാലിച്ച പ. പിതാക്കന്മാരുടെയും പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ എത്തിയതിന്‍റെ ഫലമാണത്.

2017 മുതല്‍ എങ്കിലും അന്തഃഛിദ്രങ്ങളുടെയും തമ്മില്‍ തല്ലലിന്‍റെയും അധികാര വടംവലികളുടെയും കൂത്തരങ്ങായി ‘യാക്കോബായ വിഭാഗം’ മാറ്റപ്പെടുകയും അന്ത്യോഖ്യായെ സഹിക്കുവാനാകാതെ അത് കണ്ഠകോടാലിയായി നില്‍ക്കുകയും ഒക്കെ ചെയ്യുന്ന ദയനീയതയും കാണുന്നു. അത് അവരുടെ കാര്യം എന്ന് ചിന്തിക്കുവാന്‍ കഴിയാഞ്ഞിട്ടല്ല. എന്നാല്‍ സത്യത്തില്‍ അവര്‍ നമ്മുടെ ഭാഗമായി നില്‍ക്കേണ്ടവരാണല്ലോ എന്ന ചിന്തയാലാണ് ഇവ സൂചിപ്പിച്ചത്.

വിഘടനവാദത്തിന് വേദിയായി അവര്‍ ഉപയോഗിച്ച കോലഞ്ചേരി മുതല്‍ മുളന്തുരുത്തി വരെ 3 വര്‍ഷത്തിനകം പ. സഭയോട് ചേര്‍ക്കപ്പെട്ട ദേവാലയങ്ങളും അവയിലെ വിശ്വാസികളും സത്യം തിരിച്ചറിഞ്ഞ് പ. സഭയോട് ചേര്‍ന്നുകൊണ്ടിരിക്കുന്നു. പുത്തന്‍കുരിശു മുതല്‍ ചാലിശ്ശേരി വരെയുള്ള അനേകം ദേവാലയങ്ങളും ഇടവകകളും അവര്‍ക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തു കഴിഞ്ഞു! ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിഘടിത വിഭാഗത്തിന്‍റെ നേതൃത്വത്തിന്‍റെ ഉറക്കം വല്ലാതെ കെടുത്തുന്നു. അതോടെ സഭയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന അതിശക്തനായ പൈശാചിക ശക്തി അവന്‍റെ സര്‍വ്വ തന്ത്രങ്ങളും വിഘടിത വിഭാഗത്തിന്‍റെ നവനേതൃത്വത്തിന്‍റെ രൂപത്തില്‍ ആടിത്തിമിര്‍ക്കുന്ന ഭാവങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പൊതുസമൂഹം കാണുന്നത് എന്ന് പറയാതിരിക്കുവാന്‍ വയ്യ. സമൂഹമദ്ധ്യത്തില്‍ പച്ചക്കള്ളം പറയുവാന്‍ ഇക്കൂട്ടര്‍ക്ക് യാതൊരു മടിയോ ലജ്ജയോ ഇല്ല. എന്നാല്‍ അതിലുപരി ഉത്തരവാദിത്വമുള്ള ഒരു സഭാസ്ഥാനി എന്ന നിലയിലും തികഞ്ഞ ഭാരത പൗരന്‍ എന്ന നിലയിലും ചില കാര്യങ്ങള്‍ ഇനിയും പറയാതിരിക്കുവാന്‍ വയ്യ.

1. ഇപ്പോള്‍ നിയമയുദ്ധം നടക്കുന്നതും അതിന്‍റെ ഭാഗമായി അക്രമികളാല്‍ പിടിച്ചടക്കി വെച്ചിരിക്കുന്നതുമായ ദേവാലയങ്ങളില്‍ നിന്നും കോടതികളുടെ ശക്തമായ ഇടപെടല്‍ മൂലം അവരെ പുറത്താക്കി വൃത്തിയാക്കുന്നതും നിയമവും നീതിയുമുള്ള ഒരു രാജ്യത്തിന്‍റെ നീതിനിര്‍വ്വഹണ സംവിധാനങ്ങളാണ് എന്ന് പൊതുസമൂഹം അറിയണം. പള്ളികള്‍ ഏറ്റെടുക്കുവാന്‍ റവന്യൂ അധികാരികള്‍ രേഖാമൂലം ക്ഷണിക്കുമ്പോള്‍ അവിടെയെത്തി അവ ഏറ്റെടുക്കുക എന്ന ഉത്തരവാദിത്വവും അവകാശവും മാത്രമാണ് പ. സഭ ചെയ്യുന്നത്. 2019 ഒക്ടോബര്‍ 28-ന് കോതമംഗലം പള്ളിക്കു മുന്നില്‍ വരെ നാം ചെന്നത് അധികാരികള്‍ രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ്. എന്നാല്‍ ഒടുവില്‍ രാഷ്ട്രീയ അധികാര ദുര്‍വിനിയോഗത്തിന്‍റെ ഭാഗമായി നിസ്സഹായരാവുകയും വിഘടിത നേതൃത്വം അവരുടെ കിങ്കരന്മാരെകൊണ്ട് സഭയെ ഏറെ ആക്ഷേപിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് അരങ്ങേറിയത്. കോടതികള്‍ നിലപാട് കടുപ്പിച്ചപ്പോള്‍ ഒടുവില്‍ അപഹാസ്യരായി നിരുപാധികം ദേവാലയങ്ങളില്‍ നിന്ന് അവര്‍ ഇറങ്ങിപ്പോവുകയോ അല്ലാത്തവരെ അറസ്റ്റു ചെയ്തു നീക്കുകയോ ചെയ്യുന്നു. ഈ സംഭവങ്ങളില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ വാദിയോ പ്രതിയോ അല്ല.

2. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നവിധം വിഘടിത നേതൃത്വം ഇല്ലാത്ത സുന്നഹദോസുകള്‍ കൂടി ഉടക്കും മുടക്കും ശക്തിപ്പെടുത്തുവാന്‍ തീരുമാനിച്ചതായി നയതന്ത്ര പ്രഖ്യാപനങ്ങള്‍ നടത്തുന്നതു കാണുമ്പോള്‍ അറിയാതെയെങ്കിലും ചിരിച്ചു പോകുന്നു. ‘എന്നെ ചിരിപ്പിച്ച് കൊല്ലും’ എന്ന പ്രയോഗമാണ് ഓര്‍മ്മ വരുന്നത്.

3. ഗീബല്‍സ്സിനെ തോല്‍പിക്കുന്ന നുണകള്‍ പ്രചരിപ്പിക്കുന്ന വിഘടിത മാധ്യമ അദ്ധ്യക്ഷനോട് ഒരു വാക്ക് പറയാതെ വയ്യ. യൂറോപ്പിലെയും, പ്രത്യേകിച്ച് ജര്‍മ്മനിയിലെയും സുറിയാനി സഭയിലെ സത്യവിശ്വാസികളെ സ്വാര്‍ത്ഥ-സാമ്പത്തിക ലാഭത്തിനുവേണ്ടി നിങ്ങള്‍ തെറ്റുദ്ധരിപ്പിക്കുകയും വഞ്ചിക്കുകയുമല്ലേ ചെയ്യുന്നത്. ഒരു നുണയും പറഞ്ഞില്ലെങ്കിലും നിങ്ങള്‍ എപ്പോള്‍ സന്ദര്‍ശിക്കുമ്പോഴും നിങ്ങളെ ബഹുമാനിച്ച് സമ്മാനങ്ങള്‍ നല്‍കുന്നവരോട് എന്തിനാണ് പച്ചക്കള്ളം പറയുന്നത്. ആരാണ് മലങ്കരയിലെ യഥാര്‍ത്ഥ വിധ്വംസകര്‍ (ഏമയീവൃലലിീ)? സുറിയാനി ഓര്‍ത്തഡോക്സ് സഭയെയും അതിന്‍റെ അദ്ധ്യക്ഷനെയും മലങ്കരസഭയില്‍ നിന്നും അകറ്റിയത് നിങ്ങള്‍ നിങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നിലനിര്‍ത്തുവാനായി അവര്‍ക്ക് നല്‍കുന്ന തെറ്റായ വിവരങ്ങള്‍ നല്‍കിയല്ലെ എന്ന് മനസ്സാക്ഷിയുണ്ടെങ്കില്‍ സ്വയം ചോദിക്കുക.

4. അക്രമ മാര്‍ഗ്ഗത്തിലൂടെ പള്ളികള്‍ പിടിച്ചെടുത്ത് അവിടെ വിശ്വാസികളെ സംഘടിപ്പിച്ച് നിര്‍ത്തിയ ശേഷം അവരെ വഞ്ചിച്ച് നിങ്ങള്‍ ഇറങ്ങിപ്പോവുകയും അറസ്റ്റു ചെയ്ത് വലിച്ചിഴച്ച് കൊണ്ടുപോകുവാന്‍ പറയുകയും ചെയ്ത് അവയുടെ വീഡിയോ ക്ലിപ്പുകള്‍ കാട്ടി ഭാരതത്തിലെ ഭരണ-കോടതി സംവിധാനങ്ങള്‍ അഴിമതികൊണ്ടും കൈക്കൂലി കൊണ്ടും നിറഞ്ഞതാണെന്നും അതിനാല്‍ ‘സത്യ സുറിയാനി സഭ’ ഭാരതത്തില്‍ അതികഠിനമായ പീഡനത്തിന് വിധേയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ആയത് കര്‍ത്താവിന്‍റെ കഷ്ടാനുഭവത്തിനും ഇറാക്കിലും തുറബ്ദീനിലുമൊക്കെ സഭ നേരിട്ട മതപീഡനങ്ങള്‍ക്കും തുല്യമാണെന്നുമൊക്കെ ഒരു വിദേശ ഭാഷയില്‍ മാതൃരാജ്യത്തെയും അതിന്‍റെ ജനാധിപത്യ സംവിധാനങ്ങളെയും ഇകഴ്ത്തുവാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലാതായിപ്പോയല്ലോ. നിങ്ങള്‍ ഇന്ത്യാക്കാരനോ എന്ന് ഇനിയും ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ നിങ്ങള്‍ ഏതു ഭാഷയില്‍ നുണ പറഞ്ഞാലും അത് മനസ്സിലാക്കുവാനും നടപടി എടുക്കുവാനും ഇന്ത്യന്‍ ഭരണകൂടത്തിന് സാധിക്കും എന്ന് നിങ്ങള്‍ മറക്കണ്ട.

5. നിങ്ങള്‍ നല്‍കിയ വാര്‍ത്തകളുടെയും വീഡിയോ, ഓഡിയോ ക്ലിപ്പുകളുടെയും അടിസ്ഥാനത്തില്‍ വിദേശ വാര്‍ത്താ ഏജന്‍സികള്‍ ഭാരതത്തില്‍ ക്രൈസ്തവ സഭ അതികഠിനമായി പീഡിപ്പിക്കപ്പെടുന്നുവെന്നും ക്രിസ്ത്യാനികള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്നുമൊക്കെ ലോകത്തോട് വിളിച്ചു പറയുന്നതു കാണുമ്പോള്‍ ഒരു ഭാരതീയനെന്ന നിലയിലും ഈ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളുടെ സൂത്രധാരകന്‍ എന്ന നിലയിലും എങ്ങനെ നിങ്ങള്‍ ദൈവസന്നിധിയിലും ലോകസമൂഹ മുമ്പാകെയും കുറ്റമില്ലാതെ നില്‍ക്കും? നടന്ന സംഭവങ്ങളില്‍ മതപീഡനമോ ‘നരനായാട്ടോ’ അല്ല രാജ്യത്തിന്‍റെ നീതി-നിയമ സംവിധാനങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് സംഭവിച്ചത് എന്ന് ഏറ്റവും നന്നായി അറിയുന്ന നിങ്ങള്‍ എന്തിനാണ് രാഷ്ട്രത്തെയും പൗരാവലിയെയും അപമാനിക്കുന്ന ഇത്തരം പ്രസ്താവനകളിലൂടെ ആത്മവഞ്ചന നടത്തുന്നത്?

6. വലിയ തുണികഷണങ്ങള്‍ കൊണ്ട് മുഖംമൂടിയണിഞ്ഞ് നിങ്ങള്‍ നടത്തുന്ന പത്രസമ്മേളനങ്ങളില്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ നിങ്ങള്‍ നിരന്തരം നടത്തുന്ന പ്രഹസനങ്ങള്‍ മനസ്സിലാകുന്നുണ്ട് എന്നെങ്കിലും ഓര്‍ക്കുക. അതുകൊണ്ടാണല്ലോ പരസ്യരൂപത്തില്‍ കൊടുത്തിട്ടുപോലും നിങ്ങളുടെ വാര്‍ത്തകള്‍ വാലാട്ടികളല്ലാത്ത നല്ല പത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതും വികാരതീവ്രതയോടെ നിങ്ങള്‍ അഭിനയം തുടരുമ്പോള്‍ അവര്‍ മൈക്രോഫോണ്‍ എടുത്ത് ഇറങ്ങിപ്പോവുന്നതും. മുഖം എത്ര മറച്ചാലും നിങ്ങള്‍ പറയുന്നത് പച്ചക്കള്ളവും കല്ലുവെച്ച നുണകളുമാണെന്ന് നിങ്ങളുടെ അനുയായികള്‍ എന്ന് നിങ്ങള്‍ തെറ്റുദ്ധരിക്കുന്നവര്‍ പോലും ഇന്ന് നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ഓര്‍ക്കുക.

7. പോലീസിനു മുന്നില്‍ വിരിമാറു കാണിക്കുമെന്നും ജെ.സി.ബി. കൊണ്ട് ഇടിച്ചു നിരത്തുമെന്നുമൊക്കെ പറഞ്ഞു നടന്നവര്‍ ഒടുവില്‍ അകത്തു നിന്നും പുറത്തു നിന്നും പൂട്ടിയ മുറികള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന് ‘എനിക്കു പാര്‍ക്കുവാന്‍ മറ്റു സ്ഥലമില്ല’ എന്നൊക്കെ കരയുന്നതും റവന്യൂ അധികാരികളുടെ മുന്നില്‍ കൈ കൂപ്പി നില്‍ക്കുന്നതുമൊക്കെ കാണുമ്പോള്‍ മനസ്സാക്ഷിയുള്ളവര്‍ കരഞ്ഞുപോകും. അത് സിമ്പതി ആയി നിങ്ങള്‍ക്ക് ഗുണം ചെയ്യുമെങ്കില്‍ ഇനിയും തുടരുക. അല്ലെങ്കില്‍ ഇനിയും ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കുക.

8. 2000 വര്‍ഷം മലങ്കരയില്‍ നിലനിന്നത് അന്ത്യോഖ്യന്‍ പാരമ്പര്യവും ആരാധനാ രീതികളുമൊക്കെയാണെന്ന് പറഞ്ഞാല്‍ വിവരമുള്ള സുറിയാനിക്കാരാരും അത് വിശ്വസിക്കുകയില്ല എന്നത് നില്‍ക്കട്ടെ; മലങ്കരസഭയെ ലോകസഭകളുടെ മുന്നില്‍ നിങ്ങള്‍ ഒറ്റപ്പെടുത്തുമെന്നോ ഒലത്തുമെന്നോ ഒക്കെ വീമ്പിളക്കുന്നത് കേട്ടു. ഇങ്ങനെയൊക്കെ പത്രക്കാരുടെ മുന്നിലും നവ-സാമൂഹ്യ മാധ്യമങ്ങളുടെ മുന്നിലും തട്ടിവിടുവാന്‍ തക്കവണ്ണം എന്തിനാണ് നിങ്ങള്‍ ‘പൊട്ടകുളത്തിലെ തവളകളാകുന്നത്?’ അന്ത്യോഖ്യന്‍ പാരമ്പര്യത്തിലെ ഏറ്റവും ചെറുതും ഏറ്റവും ശിഥിലവുമായ ഒരു സഭാസമൂഹമാണോ, അഖിലലോക എക്യുമെനിക്കല്‍ പ്രസ്ഥാനത്തെയോ ഓര്‍ത്തഡോക്സ് സഭാ കൂട്ടായ്മയെയോ നിയന്ത്രിക്കുന്നത്. സത്യത്തില്‍ മലങ്കരസഭ മൗനാനുവാദം നല്‍കുന്നതുകൊണ്ടു മാത്രമല്ലേ നിങ്ങള്‍ക്ക് പല എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളിലും പ്രവേശനം നിഷേധിക്കപ്പെടാത്തത്?

9. സുപ്രീംകോടതിവിധി പൂര്‍ണ്ണമായി നടപ്പാക്കപ്പെടുകയും അതിലൂടെ മലങ്കരസഭയിലെ എല്ലാ ദേവാലയങ്ങളും 1934 ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഒന്നിച്ചു വരികയും അങ്ങനെ സമാന്തര-വിഘടിത സംവിധാനങ്ങള്‍ മലങ്കരയില്‍ പൂര്‍ണ്ണമായും അവസാനിക്കുകയും ചെയ്യുന്ന സുദിനം തീര്‍ച്ചയായും ഉണ്ടാകും. അത് അനിവാര്യമാണെന്ന് നിങ്ങള്‍ക്കും സ്വപ്നപദ്ധതികളിലൂടെ നിങ്ങളുടെ പണം വാങ്ങി നിങ്ങള്‍ക്ക് ഓര്‍ഡിനന്‍സുകള്‍ തരുന്നവര്‍ക്കും അറിയാഞ്ഞിട്ടല്ല. എന്നിട്ടും ഓര്‍ഡിനന്‍സുകളിലൂടെ കോടതിവിധികളെ മറികടക്കുവാന്‍ നിങ്ങള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതും നിങ്ങളുടെ ‘പത്രസമ്മേളന’ങ്ങളില്‍ കണ്ടു. അതിനും അയോദ്ധ്യയെ കൂട്ടിപിടിക്കുന്നതും കേട്ടു; ശ്രമിക്കൂ. സര്‍വ്വ നന്മകളും നേരുന്നു.

10. 1934 ഭരണഘടനയ്ക്ക് വിധേയമായി സഭാഭരണം നടത്തികൊള്ളാമെന്ന് നിങ്ങളുടെ തലവന്‍ മുതല്‍ വാലുവരെ എല്ലാവരും കോടതികളില്‍ സത്യവാങ്മൂലം കൊടുത്തിട്ടുണ്ട് എന്ന് ഞങ്ങളില്‍ പലരും ഇപ്പോഴാണ് അറിയുന്നതെങ്കിലും എഴുതി ഒപ്പിട്ട നിങ്ങള്‍ക്ക് അറിയാമല്ലോ. എന്നിട്ട് അതിനെതിരെയാണ് നിങ്ങള്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് പാവം ജനതയെ അണിനിരത്തുന്നത്. കൊറോണ പോലും ലജ്ജിക്കുന്ന തരത്തില്‍ കൊറോണ പ്രോട്ടോകോള്‍ എന്ന് ആവര്‍ത്തിച്ചു പറയുന്ന നിങ്ങള്‍ സര്‍വ്വ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയല്ലേ കേരള ജനതയെ കഴിഞ്ഞ ദിവസങ്ങളില്‍ ഞെട്ടിച്ചത്.
നിയമവാഴ്ചയ്ക്ക് എതിരെ സംഘടിക്കുന്ന പാവപ്പെട്ട വിശ്വാസ സമൂഹത്തില്‍ കണ്ടാല്‍ തിരിച്ചറിയുന്ന ഏവരുടെയും പേരില്‍ ഗുരുതരമായ നിയമനടപടികള്‍ ഉണ്ടാകും എന്ന് കോലഞ്ചേരി, തൃക്കുന്നത്തു സെമിനാരി, പിറവം, കട്ടച്ചിറ തുടങ്ങി എല്ലായിടത്തും നിങ്ങള്‍ കണ്ടതല്ലേ. ഇപ്പോള്‍ മുളന്തുരുത്തിയില്‍ സംഘടിച്ചവരുടെ പേരിലും കൊറോണ പ്രോട്ടോക്കോള്‍ ലംഘനം ഉള്‍പ്പെടെ നിരവധി വകുപ്പുകളില്‍ കേസ്സെടുത്തതും നിങ്ങള്‍ക്ക് അറിയാമല്ലോ. ഇവയൊക്കെ കള്ളക്കേസുകളാണെന്ന് പറയുവാന്‍ ഒരു പത്രസമ്മേളനം വേണ്ടേ?! പക്ഷേ, ആ പാവങ്ങള്‍ കോടതി വരാന്തകളില്‍ നിരങ്ങുമ്പോള്‍, അവരുടെ ഭവനങ്ങളില്‍ തീ പുകയാതെ വരുമ്പോള്‍, അവരെ സഹായിക്കുവാന്‍ മടിക്കരുത്.

എഴുതിയാല്‍ തീരാത്ത വിഷയങ്ങള്‍ ഉണ്ടെങ്കിലും തല്‍ക്കാലം നിര്‍ത്തട്ടെ. എഴുതിയിട്ടോ പറഞ്ഞിട്ടോ ഒരു പ്രയോജനവും ഇല്ല എന്ന് അറിയാഞ്ഞിട്ടല്ല. എന്നാല്‍ മലങ്കരസഭയുടെ മാധ്യമ അദ്ധ്യക്ഷന്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് അനേകര്‍ ചോദിക്കുവാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്കുവേണ്ടി എഴുതിയതാണ്. നന്നാകാന്‍ ഇനിയും നിങ്ങള്‍ക്ക് അവസരമുണ്ടെങ്കിലും നിങ്ങള്‍ നന്നാകും എന്ന പ്രതീക്ഷ മലങ്കരസഭയ്ക്ക് കുറഞ്ഞു വരുകയാണ്.

മലങ്കരസഭയിലെ കപട സമാധാനപ്രേമികളോട് ഒരു വാക്ക് പറയാതിരിക്കുവാന്‍ വയ്യ. ‘പ്രമുഖ’രായ നിങ്ങള്‍ക്ക് ഒന്ന് തെളിയണമെങ്കില്‍ നിങ്ങളെ നിങ്ങളാക്കിയ സഭയുടെ ചെലവില്‍ അത് ആയിക്കൊള്ളുക. എന്നാല്‍ തത്ത്വദീക്ഷയില്ലാത്ത താല്‍ക്കാലിക തട്ടിക്കൂട്ടല്‍ സമാധാനം നിങ്ങള്‍ക്ക് പേരെടുക്കുവാന്‍ ഉപകരിച്ചേക്കാം, പക്ഷേ പ. സഭയ്ക്ക് അത് ഗുണകരമായി തീരുകയില്ല. നിങ്ങളുടെ പ്രവര്‍ത്തനം ആത്മാര്‍ത്ഥമെങ്കില്‍ ആയതിന് സര്‍വ്വാത്മനാ ആശംസകള്‍ നേരുന്നു. പ. മാര്‍ത്തോമ്മാ ശ്ലീഹായെയും അദ്ദേഹത്തിന്‍റെ അദ്ധ്യക്ഷതയിലുള്ള മലങ്കരസഭയെയും ഇനിയും അന്ത്യോഖ്യായുടെ അടിമകളാക്കിക്കൊണ്ട് ഒരു സമാധാനം നിങ്ങള്‍ സ്വപ്നം കാണുന്നെങ്കില്‍ ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ. പകരം സമാധാന ആഗ്രഹത്തോടെ പ. സഭയിലേയ്ക്ക് കടന്നുവരുന്ന ആരെയും സഭ സ്വീകരിക്കാതിരിക്കുകയില്ല എന്ന് പ. ബാവാ തിരുമനസ്സുകൊണ്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.
ഒടുവില്‍ സഹോദരങ്ങളെ,

ഇത്രയൊക്കെ എഴുതിയതിന്‍റെ പേരില്‍ പടകുതിരകളും, കഴുതകളും വ്യാജ ചുണക്കുട്ടികളും കുറെക്കൂടെ എന്നെ വ്യക്തിഹത്യയ്ക്ക് ശ്രമിക്കുമെന്ന് അറിയാം. അവയെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. സഭയുടെ നിലപാടുകളെ അറിയിക്കുന്ന ശ്രമത്തില്‍ ഞാന്‍ മണ്ടനായിത്തീരുന്നതില്‍ ആരെങ്കിലും സന്തോഷിക്കുന്നെങ്കില്‍ അവരോടൊപ്പം ഞാനും സന്തോഷിക്കും.

ദൈവം അനുഗ്രഹിക്കട്ടെ.