നിയുക്ത കാതോലിക്കാ വേണം / കുഞ്ഞുമോന്‍ പത്തനംതിട്ട

catholicate-emblem

1907 മാര്‍ച്ച് 27-ന് ജനിച്ച പ. മാത്യൂസ് പ്രഥമന്‍ ബാവായ്ക്ക് 26699 ദിവസം (73 വര്‍ഷം 1 മാസം 5 ദിവസം) പ്രായമുള്ളപ്പോഴാണ് 1980 മെയ് ഒന്നിന് മാത്യൂസ് മാര്‍ കൂറിലോസിനെ നിയുക്ത കാതോലിക്കാ ആയി തിരഞ്ഞെടുത്തത്. 1946 ഓഗസ്റ്റ് 30-ന് ജനിച്ച പ. പൗലോസ് ദ്വിതീയന്‍ ബാവാ 2020 ഓഗസ്റ്റ് 30-ന് 75-ാം വയസിലേക്ക് പ്രവേശിക്കുകയാണ്. പ. മാത്യൂസ് പ്രഥമന്‍ ബാവാ കാതോലിക്കാ സ്ഥാനമേറ്റ് 1648 ദിവസ (4 വര്‍ഷം 6 മാസം 5 ദിവസം) മായപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തി. മറ്റു ബാവാമാരും സ്ഥാനമേറ്റ് ഏഴു വര്‍ഷമാകുന്നതിനു മുന്‍പു തന്നെ നിയുക്തന്‍റെ തെരഞ്ഞെടപ്പു നടത്തിയവരാണ്. പ. പൗലോസ് ദ്വിതീയന്‍ ബാവാ സ്ഥാനമേറ്റിട്ട് 9 വര്‍ഷം കഴിഞ്ഞു. ആ നിലയ്ക്ക് എത്രയും വേഗം മലങ്കര അസോസിയേഷന്‍ വിളിച്ചു കൂട്ടി നിയുക്ത കാതോലിക്കായെയും ആവശ്യത്തിന് മെത്രാന്മാരെയും അത്മായ ട്രസ്റ്റിയെയും തിരഞ്ഞെടുക്കണം. ഇപ്പോഴത്തെ മലങ്കര അസോസിയേഷന്‍റെ കാലാവധി പകുതി കഴിഞ്ഞിട്ടേയുള്ളൂ.

മെത്രാന്‍ സ്ഥാനാര്‍ത്ഥിയ്ക്കുള്ളതുപോലെ നിയുക്ത കാതോലിക്കാ സ്ഥാനാര്‍ത്ഥികള്‍ക്കും യോഗ്യതകളും മാനദണ്ഡങ്ങളും നിശ്ചയിക്കണം. പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് നിര്‍ദ്ദേശിക്കുന്ന ആര്‍ക്കും ‘നിയുക്തന്‍’ ആകാമെന്നുള്ള നില മാറണം. കുറഞ്ഞപക്ഷം വൈദികനായിരിക്കെ ഒരു ഇടവകയിലെങ്കിലും മൂന്നു വര്‍ഷം വികാരി സ്ഥാനം വഹിച്ചിട്ടുള്ള ആളായിരിക്കണം. 40 വയസിനു മുമ്പ് മേല്പട്ടക്കാരനായിട്ടുള്ള ആള്‍ ആയിരിക്കരുത്. സ്വന്തം ഭദ്രാസനത്തെ നേരെ ചൊവ്വേ ഭരിച്ച ആളായിരിക്കണം. ജനാധിപത്യ സംവിധാനത്തെ ബഹുമാനിക്കണം. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കുന്ന ആളായിരിക്കണം. സ്തുതിപാടകരെ മാത്രം വിശ്വസിക്കുന്ന ആളാകരുത്. കാതോലിക്കായോട് ചേര്‍ന്ന് സഭാഭരണത്തില്‍ സഹായിക്കുന്ന വ്യക്തി ആയിരിക്കണം. അയ്മേനികള്‍ക്കും തിരഞ്ഞെടുക്കപ്പെടാന്‍ സഭാഭരണഘടനയില്‍ തടസ്സമില്ല എന്ന കാര്യവും ഓര്‍മ്മിക്കുക.