അപ്പോസ്തലന്മാരുടെ വിശ്വാസപ്രഖ്യാപനങ്ങളിലൂടെ വി. സഭയുടെ പാരമ്പര്യങ്ങള്‍ വാച്യരൂപത്തില്‍ ഉത്ഭവിച്ചു തുടങ്ങി. തുടര്‍ന്ന് സുവിശേഷങ്ങള്‍ രൂപീകൃതമായി. അപ്പോസ്തോലിക കാലഘട്ടത്തിന് ശേഷമുള്ള നൂറ്റാണ്ടുകളില്‍ സുവിശേഷ സത്യങ്ങളുടെ വ്യാഖ്യാനങ്ങള്‍ വിവിധ താത്വിക ചിന്തകളുടെ അടിത്തറകളില്‍ വികസിതമായി. ആദ്യ നൂറ്റാണ്ടുകളില്‍ റോമാ സാമ്രാജ്യത്തിനകത്ത് അലക്സാന്ത്ര്യന്‍, അന്ത്യോഖ്യന്‍ വേദജ്ഞാനീയ-ആദ്ധ്യാത്മിക പാരമ്പര്യങ്ങള്‍ വികസിതമായി തുടങ്ങി.
അക്കാലത്ത് റോമാ സാമ്രാജ്യത്തില്‍ പ്രബലമായിരുന്ന താത്വിക പാരമ്പര്യങ്ങളുടെ സ്വാധീനം ഈ രണ്ടു വ്യത്യസ്ത പാരമ്പര്യങ്ങളുടേയും ചിന്താധാരകളെ സ്വാധീനിച്ചിരുന്നു. അലക്സാന്ത്ര്യന്‍ പാരമ്പര്യത്തില്‍ ബി. സി. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്ലേറ്റോയുടെ രീതിശാസ്ത്രവും ആശയ രൂപീകരണ ശൈലികളും പ്രകടമായി. മറുവശത്ത് അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ പ്ലേറ്റോയുടെ ശിഷ്യരില്‍ ഏറ്റവും പ്രമുഖനും ആശയപരമായി ഗുരുവിനോട് അതിശക്തമായി വിയോജിക്കുകയും ചെയ്തിരുന്ന അരിസ്റ്റോട്ടിലിന്‍റെ രീതിശാസ്ത്രവും താത്വികപ്രമാണങ്ങളുമാണ് നിഴലിക്കുന്നത്.
അലക്സാന്ത്രിയന്‍ ചിന്താപാരമ്പര്യം
അലക്സാന്ത്രിയന്‍ വിശ്വാസ പഠനകേന്ദ്രവും (Catechetical school of Alexandria) കാലാകാലങ്ങളില്‍ അതിന് നേതൃത്വം നല്‍കിയവരുമാണ് പ്രസ്തുത പാരമ്പര്യത്തിന്‍റെ ശില്‍പികളും നിയന്താക്കളും. ചരിത്രകാരനും വേദപുസ്തക വ്യാഖാതാവുമായ നാലാം നൂറ്റാണ്ടിലെ വി. ജറോമിന്‍റെ അഭിപ്രായത്തില്‍, സുവിശേഷകനായ വി. മര്‍ക്കോസ് ആയിരുന്നു അലക്സാന്ത്രിയന്‍ വേദപഠന കേന്ദ്രത്തിന്‍റെ സ്ഥാപകന്‍. രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ഒറിഗന്‍ ആണ് അലക്സാന്ത്രിയന്‍ ചിന്താധാരയ്ക്ക് താത്വികാടിത്തറയും നിയതവീക്ഷണവും പ്രദാനം ചെയ്തത്. ക്രൈസ്തവ സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രമുഖ ചിന്തകരില്‍ ഒരാളായിരുന്ന ഒറിഗന്‍ ചില വിരുദ്ധോപദേശങ്ങള്‍ പഠിപ്പിച്ചതിനാല്‍ ‘സഭാപിതാവ്’ എന്ന പദവിക്കര്‍ഹനല്ലെങ്കിലും അദ്ദേഹത്തിന്‍റെ സംഭാവനകളില്‍ പലതും ക്രൈസ്തവ ദര്‍ശനങ്ങള്‍ക്ക് താത്വികമായ വ്യക്തതയും ക്ലിപ്തതയും നല്‍കുന്നതിന് ഉപയുക്തമായി.
പ്ലേറ്റോണികവും (platonic), നവപ്ലേറ്റോണികവും (Neo-platonic) ചിന്താധാരകളില്‍ അമിതമായി ആശ്രയിച്ചിരുന്ന ഒറിഗന്‍ പ്രസ്തുത താത്വിക സംവിധാനങ്ങളുടെ (philosophical system) ആശയങ്ങളും രീതികളും ക്രൈസ്തവവത്കരിക്കുന്നതിന് ശ്രമിച്ചു. വി. വേദപുസ്തകത്തില്‍ അദ്ദേഹം അവതരിപ്പിച്ചതായി കരുതപ്പെടുന്ന ദൃഷ്ടാന്തപരമായ (allegorical) വ്യാഖ്യാനരീതി അലക്സാന്ത്രിയന്‍ ചിന്താധാരയുടെ മുഖമുദ്രകളില്‍ ഒന്നായി മാറി. അലിഗോറിക്കല്‍ വ്യാഖ്യാനരീതി അനുസരിച്ച് വി. വേദപുസ്തകത്തിലെ പ്രതിപാദനങ്ങള്‍ക്ക് വാക്കുകളിലൂടെ വിവരിച്ചിരിക്കുന്ന അര്‍ത്ഥത്തിനപ്പുറം മറ്റു തലങ്ങളിലുള്ള ആശയങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. അനുഭവവേദ്യമായ ലോകത്തിനപ്പുറത്തുള്ള ആശയലോകത്താണ് എല്ലാത്തിന്‍റേയും പൂര്‍ണ്ണത എന്ന് പ്ലേറ്റോ അവതരിപ്പിക്കുന്ന താത്വിക ചിന്തയാണ് അലിഗോറിക്കല്‍ വ്യാഖ്യാനരീതിയുടെ അടിത്തറയെന്ന് പൊതുവെ കരുതപ്പെടുന്നു. അനുഭവവേദ്യമായ ലോകത്തിന് നല്‍കാനാവുന്ന അറിവിനപ്പുറം സത്യത്തെ അന്വേഷിക്കുന്ന പ്ലേറ്റോണികമായ രീതിശാസ്ത്രത്തിന് വി. വേദപുസ്തകത്തിന്‍റെ അലിഗോറിക്കല്‍ വ്യാഖ്യാനരീതിയില്‍ സ്വാധീനം ഉണ്ട് എന്ന് കരുതുന്നതില്‍ തെറ്റില്ല.
“വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു” (യോഹ. 1:14) എന്ന വേദവാക്യമാണ് അലക്സാന്ത്രിയന്‍ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ (Alexandrian Christology) അടിത്തറയായി നിലനില്‍ക്കുന്നത്. യേശുക്രിസ്തു ആര്? എന്ന ചോദ്യത്തിന് വചനമായ ദൈവം വി. കന്യകമറിയാമില്‍ നിന്ന് മനുഷ്യത്വം സ്വാംശീകരിച്ച് മനുഷ്യാവതാരം ചെയ്തതാണ് യേശുക്രിസ്തു എന്ന വ്യക്തമായ മറുപടിയാണ് അലക്സാന്ത്രിയന്‍ പാരമ്പര്യത്തില്‍ നല്‍കപ്പെടുന്നത്. കന്യകമറിയാമില്‍ നിന്നുള്ള മനുഷ്യത്വത്തിന്‍റെ സ്വാംശീകരണ (assumption of humanity from virgin Mary) ത്തോടെ ദൈവത്വവും മനുഷ്യത്വവും തമ്മില്‍ അഭേദ്യമായ ബന്ധം സ്ഥാപിതമായി എന്നുള്ളത് ഒരു വിശ്വാസ സത്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ വചനമാം ദൈവം വി. മറിയാമില്‍ നിന്ന് മനുഷ്യത്വം സ്വാംശീകരിച്ച പ്രവര്‍ത്തിയിലൂടെ മനുഷ്യത്വം വി. ത്രിത്വത്തില്‍ രണ്ടാമനായ പുത്രന്‍റെ ആളത്വത്തോടുള്ള ചേര്‍ച്ചയില്‍ നിലനില്‍ക്കുവാന്‍ ആരംഭിക്കുന്നു. പ്രസ്തുത സംയോജനത്തിന് മുമ്പ് കര്‍ത്താവിന്‍റെ മനുഷ്യത്വം വ്യതിരിക്തമായി നിലനിന്നിരുന്നില്ല എന്നും അലക്സാന്ത്രിയന്‍ പാരമ്പര്യം പഠിപ്പിക്കുന്നു. ദൈവത്വത്തിന്‍റേയും മനുഷ്യത്വത്തിന്‍റേയും യോജിപ്പോടുകൂടി മനുഷ്യത്വത്തിന്‍റെ സവിശേഷതകള്‍ (properties) ദൈവത്വത്തിന്‍റേതും ദൈവത്വത്തിന്‍റെ സവിശേഷതകള്‍ മനുഷ്യത്വത്തിന്‍റേതും ആകുന്നു എന്നും പ്രസ്തുത യോജിപ്പ് പൂര്‍ണ്ണതയുള്ളതും എല്ലാക്കാലത്തേക്കും ഉള്ളതും ആണെന്നും അലക്സാന്ത്രിയായിലെ വി. കൂറിലോസ് (എ.ഡി. 412-444) പഠിപ്പിക്കുന്നു. “സത്യവാനും ഉന്നത ഗോപുരവും” എന്ന വി. കുര്‍ബാനയിലെ അഞ്ചാം തുബ്ദേനില്‍ ആ പിതാവിനെ അനുസ്മരിക്കുന്നത് അലക്സാന്ത്രിയന്‍ ക്രിസ്തുവിജ്ഞാനീയം വി. സഭ പൂര്‍ണ്ണമായും സ്വീകരിച്ചതിന്‍റെ തെളിവാണ്. ക്രൂശില്‍ കഷ്ടമനുഭവിച്ചത് മനുഷ്യാവതാരം ചെയ്ത വചനമാം ദൈവമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. തന്നില്‍ നിന്ന് മനുഷ്യത്വം സ്വാംശീകരിച്ച വചനമാം ദൈവത്തെ പ്രസവിച്ചവള്‍ എന്ന അര്‍ത്ഥത്തില്‍ വി. കന്യകമറിയാമിനെ ദൈവപ്രസവിത്രി (Theotokos) അഥവാ ദൈവമാതാവ് എന്ന് വിളിക്കണം എന്നും അലക്സാന്ത്രിയന്‍ പാരമ്പര്യം ശഠിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ അലക്സാന്ത്രിയന്‍ വിശ്വാസം കലര്‍പ്പില്ലാതെ പിന്‍തുടരുകയാണ് ഇന്ന് ലോകത്തുള്ള ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളെല്ലാം ചെയ്യുന്നത്. മൂന്നാമത്തെ പൊതു സുന്നഹദോസ് (എ.ഡി. 431-ല്‍ കൂടിയ എഫേസൂസ് സുന്നഹദോസ്) ഈ വിശ്വാസത്തെ പൂര്‍ണ്ണമായി അംഗീകരിച്ച് ഉറപ്പിക്കുകയുണ്ടായി. ആയതിനാല്‍ സത്യവിശ്വാസം എന്ന വിവക്ഷ അലക്സാന്ത്രിയന്‍ ക്രിസ്തുവിജ്ഞാനീയത്തിന് നല്‍കപ്പെടുന്നതാണ്.
അന്ത്യോഖ്യന്‍ വേദവിജ്ഞാനീയ പാരമ്പര്യം
ആമുഖത്തില്‍ പ്രതിപാദിച്ചതുപോലെ ബി.സി. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിന്‍റെ തത്വശാസ്ത്രത്തിന്‍റേയും രീതിശാസ്ത്ര (methodology) ത്തിന്‍റേയും അടിത്തറയിലാണ് അന്ത്യോഖ്യന്‍ വേദവിജ്ഞാനീയ പാരമ്പര്യം രൂപീകൃതമായിരിക്കുന്നത്.
“യേശുക്രിസ്തു ആര്?” എന്ന ചോദ്യത്തിന് അന്ത്യോഖ്യന്‍ പാരമ്പര്യം നല്‍കുന്ന ഉത്തരം ‘യേശുക്രിസ്തു ദൈവം വസിക്കുന്ന ഒരു മനുഷ്യനാണ്’ (A man in whom God dwelt) എന്നാണ്. പ്രസ്തുത ചോദ്യത്തിന്‍റെ ഉത്തരം നല്‍കാന്‍ അരിസ്റ്റോട്ടിലിന്‍റെ അനുഭവവാദ (empiricism) ത്തിന്‍റെ അടിത്തറയില്‍ നിന്നുകൊണ്ട് നടത്തിയ പരിശ്രമം ആണ് ആ വിധത്തില്‍ ഒരു ഉത്തരത്തിലേക്ക് എത്തുന്നതിന് കാരണമായത്. അനുഭവവാദം അനുസരിച്ച് മനുഷ്യന് അവന്‍റെ ഇന്ദ്രിയങ്ങളാല്‍ അനുഭവിച്ച കാര്യങ്ങളുടെ അടിത്തറയില്‍ മാത്രമേ അറിവ് സമ്പാദിക്കാന്‍ സാധിക്കുകയുള്ളു. അതനുസരിച്ച് ഇന്ദ്രിയങ്ങളിലൂടെ ആദ്യം അറിയാവുന്നത് യേശുക്രിസ്തുവിന്‍റെ മനുഷ്യത്വം ആണ്. പ്രസ്തുത മനുഷ്യത്വത്തില്‍ ദൈവത്വം വസിക്കുന്നു എന്ന വിശ്വാസം കൂട്ടിച്ചേര്‍ക്കുക എന്നതാണ് അന്ത്യോഖ്യന്‍ വേദശാസ്ത്ര പാരമ്പര്യം ചെയ്തത്. ക്രിസ്താബ്ദം 170-നോടടുത്ത് സ്ഥാപിതമായ അന്ത്യോഖ്യന്‍ വേദപഠനകേന്ദ്രം ആയിരുന്നു പ്രസ്തുത ചിന്താധാരയുടെ ഈറ്റില്ലം.
അന്ത്യോഖ്യന്‍ ചിന്താധാര അനുസരിച്ച് യേശുക്രിസ്തു ദൈവം വസിക്കുന്ന മനുഷ്യന്‍ ആയതിനാല്‍ വി. കന്യകമറിയാം കേവലം മനുഷ്യന്‍റെ മാതാവ് (Antropotokos) മാത്രവും ആണ്. ക്രിസ്താബ്ദം 428-ല്‍ അന്ത്യോഖ്യന്‍ പാരമ്പര്യം പിന്‍തുടരുന്ന നെസ്തോര്‍ കുസ്തന്തീനോപോലീസിലെ പാത്രിയര്‍ക്കീസ് ആവുകയും തുടര്‍ന്ന് വി. കന്യകമറിയാമിന് ക്രിസ്തുവിന്‍റെ മാതാവ് (Christotokos) എന്ന പുതിയ ഒരു ശീര്‍ഷകം നല്‍കുകയും ചെയ്തു. ഒറ്റ നോട്ടത്തില്‍ ക്രിസ്തുവിന്‍റെ മാതാവ് എന്ന പ്രയോഗം തെറ്റില്ലാത്തതാണ് എന്ന് തോന്നുമെങ്കിലും ദൈവം വസിക്കുന്ന ഒരു മനുഷ്യനായി മാത്രം യേശുക്രിസ്തുവിനെ വിവക്ഷിക്കുന്ന അന്ത്യോഖ്യന്‍ പാരമ്പര്യത്തിന് എളുപ്പത്തില്‍ വളച്ചൊടിക്കാവുന്ന ഒന്നായതിനാല്‍ 431-ലെ എഫേസൂസ് സുന്നഹദോസ് പ്രസ്തുത പ്രയോഗം തള്ളിക്കളഞ്ഞു.
“യേശുക്രിസ്തു ദൈവം വസിക്കുന്ന ഒരു മനുഷ്യന്‍ മാത്രമാണെങ്കില്‍ ക്രൂശില്‍ കഷ്ടം അനുഭവിച്ചത് ആര്?” എന്ന ചോദ്യത്തിന് ‘ദൈവം വസിച്ച മനുഷ്യന്‍’ എന്ന മറുപടി നല്‍കുന്ന അന്ത്യോഖ്യന്‍ വിശ്വാസം കര്‍ത്താവിന്‍റെ കഷ്ടാനുഭവത്തെ കേവലം മനുഷ്യന്‍റെ കഷ്ടാനുഭവമാക്കി ചുരുക്കുന്നു. മനുഷ്യന്‍റെ കഷ്ടാനുഭവത്തിലൂടെ രക്ഷ സാധ്യമാകുന്നില്ല എന്നും മനുഷ്യാവതാരം ചെയ്ത വചനമാം ദൈവം തന്‍റെ ജഡത്തില്‍ പീഡ ഏറ്റപ്പോഴാണ് രക്ഷ സാധ്യമായതെന്നും അലക്സാന്ത്രിയയിലെ വി. കൂറിലോസ് വാദിച്ചു. തികച്ചും യുക്തിഭദ്രവും വി. വേദപുസ്തക അടിത്തറയുള്ളതുമായ ആ വിശ്വാസം സഭ സ്വീകരിച്ചു. ദൈവത്തിന്‍റെ രക്ഷാകരമായ വ്യാപാരത്തിന്‍റെ (Economy of Salvation) പൂര്‍ത്തീകരണമായ വചനമാം ദൈവത്തിന്‍റെ മനുഷ്യാവതാരത്തെ വികലമായി അവതരിപ്പിച്ച അന്ത്യോഖ്യന്‍ വേദശാസ്ത്രത്തെ നെസ്തോറിയന്‍ എന്ന പേരില്‍ എഫേസൂസിലെ പൊതുസുന്നഹദോസ് തള്ളിക്കളഞ്ഞു. എ.ഡി. 451-ല്‍ കല്‍ക്കീദോനില്‍ കൂടിയ സുന്നഹദോസില്‍ അന്ത്യോഖ്യന്‍ വിശ്വാസത്തിന്‍റെ ലഘുരൂപത്തിലുള്ള (moderate Antiochianism) ചിന്തകള്‍ തിരിച്ചറിഞ്ഞ അലക്സാന്ത്രിയായിലെ വി. ദീയസ്കോറോസ് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും പ്രസ്തുത സുന്നഹദോസിനെ തള്ളിക്കളയുകയും ചെയ്തു.
ഉപസംഹാരം
അലക്സാന്ത്രിയന്‍ വിശ്വാസമാണ് ഇന്ന് അന്ത്യോഖ്യായിലെ സുറിയാനി ഓര്‍ത്തഡോക്സ് സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും ഉള്‍പ്പെടുന്ന ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളെല്ലാം സത്യവിശ്വാസമായി അംഗീകരിക്കുന്നത്. അന്ത്യോഖ്യന്‍ സഭ അലക്സാന്ത്രിയന്‍ വേദവിജ്ഞാനീയ പാരമ്പര്യം തങ്ങളുടേതായി സ്വീകരിച്ച് സത്യവിശ്വാസത്തില്‍ നിലനിന്നു എന്നുള്ളത് വലിയ ദൈവിക ഇടപെടലായി വേണം കാണുവാന്‍.
അന്ത്യോഖ്യന്‍ വിശ്വാസം എന്ന് പൊതുവെ ക്രൈസ്തവ ലോകത്ത് വീക്ഷിക്കപ്പെടുന്നത് നെസ്തോറിയന്‍ വേദവിപരീതമാണ്. പ്രസ്തുത പ്രയോഗത്തിന്‍റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാതെ അത് ഉപയോഗിക്കുന്നത് തിരുത്തപ്പെടേണ്ടതാണ്. അലക്സാന്ത്രിയന്‍ വേദശാസ്ത്രം അംഗീകരിക്കുന്ന സഭകളിലെ അംഗങ്ങള്‍, അതായത് ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗങ്ങള്‍ തെറ്റിദ്ധാരണയോടെ അങ്ങനെ ഒരു തെറ്റായ പ്രയോഗം നടത്തുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്.