മലങ്കരസഭ: 1992 പരുമല അസോസിയേഷന്‍

മാര്‍ തിമോത്തിയോസ് നിയുക്ത കാതോലിക്കാ; ഫാ. പൗലൂസും ഫാ. ജേക്കബ് ചെറിയാനും മെത്രാന്‍ സ്ഥാനത്തേക്ക്

1992_association

പരുമല: പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി മലബാര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. മേല്‍പട്ടസ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ റാന്നി പെരുനാട് ബഥനി ആശ്രമം സുപ്പീരിയര്‍ ഫാ. പൗലൂസും പത്തനാപുരം മൗണ്ട് താബോര്‍ ദയറാ അംഗം ഫാ. ജേക്കബ് ചെറിയാനും വിജയം നേടി.
മാര്‍ തീമോത്തിയോസിനെ നിയുക്ത കാതോലിക്കായായും ഫാ. പൗലൂസ്, ഫാ. ജേക്കബ് ചെറിയാന്‍ എന്നിവരെ നിയുക്ത മെത്രാന്മാരായും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു.
ഇന്ത്യയിലും വിദേശങ്ങളിലുമുള്ള ഓര്‍ത്തഡോക്സ് ഇടവകകളില്‍ നിന്നെത്തിയ 2250 പ്രതിനിധികള്‍ സംബന്ധിച്ച അസോസിയേഷനില്‍ കാതോലിക്കാബാവാ അദ്ധ്യക്ഷത വഹിച്ചു.
സഭാ മാനേജിംഗ് കമ്മിറ്റി നാമനിര്‍ദ്ദേശം ചെയ്ത മൂന്നു പേരുള്‍പ്പെടെ മേല്‍പട്ടസ്ഥാനത്തേക്കു മത്സരരംഗത്തുണ്ടായിരുന്നത് ആറ് വൈദികരാണ്. ഇവരില്‍ മാനേജിംഗ് കമ്മിറ്റി നിര്‍ദ്ദേശിച്ച ഫാ. ജേക്കബ് ചെറിയാന്‍ വിജയിച്ചപ്പോള്‍ പൗലോസ് റമ്പാനും, ഫാ. വി. വറുഗീസും പരാജയപ്പെട്ടു. ഔദ്യോഗിക പിന്തുണയില്ലാതെ മത്സരിച്ച ഫാ. പൗലൂസ് (ബഥനി) വൈദികരുടെയും അല്‍മായരുടെയും ഏറ്റവും കൂടുതല്‍ വോട്ടുനേടി തിളക്കമേറിയ വിജയമാണു നേടിയത്. എപ്പിസ്കോപ്പസിയും ജനായത്തവും സമ്യക്കായി സമ്മേളിക്കുന്ന ഓര്‍ത്തഡോക്സ് സഭാ ഭരണസംവിധാനത്തിന്‍റെ കരുത്തു തെളിയിക്കുന്നതുമായി ആ വിജയം.
727 വൈദിക വോട്ടര്‍മാരില്‍ 594 പേരും 1928 അല്‍മായ പ്രതിനിധികളില്‍ 1656 പേരുമാണു വോട്ട് ചെയ്തത്. ഒരു സ്ഥാനാര്‍ത്ഥിക്കു വിജയിക്കുവാന്‍ വൈദിക വോട്ടുകളുടെയും അല്‍മായരുടെ വോട്ടുകളുടെയും 50% ലഭിക്കണമെന്ന ഭരണഘടനാവ്യവസ്ഥപ്രകാരം വിജയിക്കാന്‍ 298 വൈദികവോട്ടും 829 അല്‍മായ വോട്ടും വേണ്ടിയിരുന്നു. ഫാ. പൗലൂസിന് യഥാക്രമം 387 വൈദികവോട്ടും 1180 അല്‍മായ വോട്ടും ലഭിച്ചു. ഫാ. ജേക്കബ് ചെറിയാനു 375-ഉം, 1042-ഉം.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചവരില്‍ മൂന്നുപേര്‍ മത്സരത്തില്‍ നിന്നു പിന്‍വാങ്ങിയെങ്കിലും പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ അവരുടെയും പേരുകള്‍ ബാലറ്റ് പേപ്പറിലുണ്ടായിരുന്നു. ഫാ. സി. എം. ഫിലിപ്പോസ്, ഫാ. പി. ഐ. ജോണ്‍, ഫാ. ജേക്കബ് വര്‍ഗീസ് എന്നിവരാണ് പിന്മാറിയത്. അവരുള്‍പ്പെടെ മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിച്ച വോട്ടുവിവരം വൈദികവോട്ട്, അല്‍മായവോട്ട് എന്നീ ക്രമത്തില്‍.
കെ. സി. ഗീവര്‍ഗീസ് റമ്പാന്‍ ശൂരനാട്, 115, 541, വി. പി. പൗലോസ് റമ്പാന്‍ കോഴിക്കോട് 247, 708, ഫാ. സി. എം. പിലിപ്പോസ് പുത്തന്‍കാവ് 8, 15, ഫാ. കെ. വി. ഗീവര്‍ഗീസ് കുടശ്ശനാട് 58, 89, ഫാ. പി. ഐ. ജോണ്‍ കൊട്ടാരക്കര 8, 23, ഫാ. വി. വര്‍ഗീസ് ചേപ്പാട് 281, 856, ഫാ. ജേക്കബ് വര്‍ഗീസ് റാന്നി 19, 32.
മലങ്കരസഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയോടെയാണു സഭാ പാര്‍ലമെന്‍റ് എന്നറിയപ്പെടുന്ന അസോസിയേഷന്‍ യോഗത്തിനു തുടക്കം കുറിച്ചത്. പ്രാര്‍ത്ഥനയ്ക്കുശേഷം പരിശുദ്ധ ബാവായെയും മെത്രാപ്പോലീത്താമാരെയും സെമിനാരി ഓഡിറ്റോറിയത്തിലേക്കു ഘോഷയാത്രയായി ആനയിച്ചു.
വീഥിക്കിരുവശവും മുത്തുക്കുടകളുമേന്തി ഇടവക പ്രതിനിധികള്‍ അണിനിരന്നു. ഏറ്റവും മുന്നില്‍ മരക്കുരിശുമേന്തി അല്‍മായ ട്രസ്റ്റി പി. സി. ഏബ്രഹാമും വേദപുസ്തകവുമായി വൈദിക ട്രസ്റ്റി ഫാ. മത്തായി നൂറനാലും കാതോലിക്കേറ്റ് പതാകയുമേന്തി അസോസിയേഷന്‍ സെക്രട്ടറി എം. ടി. പോളും നീങ്ങി. പിന്നാലെ പതാകകളുമായി മാനേജിംഗ് കമ്മിറ്റിയംഗങ്ങളും വൈദികരും മെത്രാപ്പോലീത്താമാരും പരിശുദ്ധ കാതോലിക്കാ ബാവായും.
കാതോലിക്കേറ്റ് മംഗളഗാനവും ആചാരവെടികളും മുഴങ്ങവെ ബാവായും മെത്രാപ്പോലീത്തന്മാരും വേദിയിലെത്തി. പ്രാര്‍ത്ഥനയ്ക്കുശേഷം അസോസിയേഷന്‍ സെക്രട്ടറി എം. ടി. പോള്‍ യോഗത്തിന്‍റെ അജണ്ടയും നോട്ടീസ് കല്‍പ്പനയും ഫിലിപ്പോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ വേദപുസ്തകവും വായിച്ചു.
തുടര്‍ന്ന് പരിശുദ്ധ ബാവാ അദ്ധ്യക്ഷപ്രസംഗം നടത്തി. ബാവാ ചുമതലപ്പെടുത്തിയതനുസരിച്ച് അസിസ്റ്റന്‍റ് തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായാണു പ്രസംഗം വായിച്ചത്. പരുമല തിരുമേനിയുടെ തിരുശേഷിപ്പു സ്ഥിതിചെയ്യുന്ന പാവനസ്ഥലത്ത് അസോസിയേഷന്‍ കൂടുന്നതു ദൈവനിയോഗമായി കരുതുന്നുവെന്നു ബാവാ പറഞ്ഞു.
കല്‍മഷമില്ലാത്ത ഒരാട്ടിന്‍പറ്റമായും ദൈവസ്നേഹത്തെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുന്ന ദൈവത്തിന്‍റെ ജനമായും നാം രൂപാന്തരം പ്രാപിക്കുന്നതിനു പരുമല തിരുമേനിയുടെ സന്നിധാനം നമുക്കു പ്രചോദനം നല്‍കട്ടെയെന്നു ബാവാ ആശംസിച്ചു.
അസോസിയേഷന്‍ അംഗങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ അനുസ്മരിച്ചുകൊണ്ടു ബാവാ പറഞ്ഞു: മുളന്തുരുത്തി സുന്നഹദോസിന്‍റെ നിശ്ചയങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം ‘ജാതിയുടെ പൊതുവിലേക്കു വേണ്ടുന്ന മതസംബന്ധമായും സമൂഹസംബന്ധമായും ഉള്ള സകല കൈകാര്യകര്‍ത്താക്കളും ഭാരവാഹികളും നിങ്ങളാണ്.’
ആദിമസഭയില്‍ യൂദാ ഒഴിഞ്ഞുപോയ സ്ഥാനത്തേക്ക്, അതായതു സഭയുടെ മേല്‍പട്ടസ്ഥാനത്തേക്ക് ഒരാളെ തെരഞ്ഞെടുക്കുന്നതിനു 120 പേരുള്ള ഒരു സംഘം കൂടി (അപ്പോസ്തോലപ്രവൃത്തികള്‍ 1:15). ഏകാഭിപ്രായപ്രകാരം ചീട്ടിട്ട് മത്ഥിയാസിനെ തെരഞ്ഞെടുത്തു. ഈ വേദഭാഗം ഓര്‍മ്മിപ്പിച്ചുകൊണ്ടു ദൈവം കാണിക്കുന്നവരെ കാണുവാനും ദൈവത്താല്‍ വിളിക്കപ്പെട്ടവരെ തെരഞ്ഞെടുക്കുവാനും നമുക്കു സംഗതി യാവട്ടെ എന്നു ബാവാ പറഞ്ഞു.


അദ്ധ്യക്ഷപ്രസംഗത്തിനുശേഷം തെരഞ്ഞെടുപ്പു നടപടി തുടങ്ങി. നിയുക്ത കാതോലിക്കായായി തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ നാമനിര്‍ദ്ദേശം മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് അസോസിയേഷന്‍ സെക്രട്ടറി അറിയിക്കുകയും അസോസിയേഷന്‍ ഐകകണ്ഠ്യേന തെരഞ്ഞെടുത്ത അദ്ദേഹത്തെ പിന്‍ഗാമിയായി പ്രഖ്യാപിക്കണമെന്നു ബാവായോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ബാവാ നിയുക്ത കാതോലിക്കായെ ഹാരാര്‍പ്പണം ചെയ്ത് ആശ്ലേഷിച്ചിട്ടു പറഞ്ഞു: “ബലഹീനനായ ഞാന്‍ ഭാഗ്യവാനാണ്. എന്‍റെ മുന്‍ഗാമിയുമുണ്ട്. എന്‍റെ പിന്‍ഗാമിയുമുണ്ട്.” സദസ്സ് ഹര്‍ഷാരവത്തോടെ ബാവായുടെ ഔദ്യോഗിക പ്രഖ്യാപനം സ്വാഗതം ചെയ്യവെ ആചാരവെടികള്‍ മുഴങ്ങി.
അതിനുശേഷം മേല്‍പട്ടസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ക്രമീകരണങ്ങള്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ഇ. ജെ. ജോണ്‍ വിശദീകരിച്ചു. തുടര്‍ന്ന് 24 ബൂത്തുകളിലായി പ്രതിനിധികള്‍ വോട്ടു രേഖപ്പെടുത്തി.
വോട്ടെടുപ്പിനുശേഷം നിയുക്ത കാതോലിക്കാ തോമസ് മാര്‍ തിമോത്തിയോസ്, ഡോ. സാമുവല്‍ ചന്ദനപ്പള്ളി, സ്തേഫാനോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ, തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ പ്രസംഗിച്ചു.
അമ്മേ എന്ന വാക്കില്‍ ബ്രഹ്മാണ്ഡം മുഴുവന്‍ അടങ്ങുന്നു എന്ന ഹിന്ദു പുരാണത്തിലെ വാചകം ഉദ്ധരിച്ചുകൊണ്ടു സഭാമാതാവിനെ സ്നേഹിപ്പാനും തമ്മില്‍ തമ്മില്‍ സ്നേഹിപ്പാനും നിയുക്ത കാതോലിക്കാ ആഹ്വാനം ചെയ്തു.
പ്രാര്‍ത്ഥനയുടെ കരുത്തില്‍ ആശ്രയിച്ചു മുന്നോട്ടുപോകുമെന്നു പ്രഖ്യാപിച്ച അദ്ദേഹം ഉന്നതസ്ഥാനത്തേക്കു തന്നെ തെരഞ്ഞെടുത്തതിലുള്ള കൃതജ്ഞതയും അറിയിച്ചു.
മലങ്കരസഭയുടെയും സഭാപിതാക്കന്മാരുടെയും തേജസ്സുറ്റ പാരമ്പര്യം ഡോ. സാമുവല്‍ ചന്ദനപ്പള്ളി അനുസ്മരിപ്പിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത സ്തേഫാനോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ ഊന്നിപ്പറഞ്ഞു.
നിയുക്ത കാതോലിക്കായും മെത്രാപ്പോലീത്തന്മാരും ഇന്നലെ വൈകിട്ട് ദേവലോകം അരമനയിലെത്തി വിശ്രമജീവിതം നയിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. ബാവാ ഹാരാര്‍പ്പണം ചെയ്ത് അവരെ സ്വീകരിച്ചു.
പ്രമുഖ ധ്യാനഗുരുവും പ്രഭാഷകനുമാണ് മെത്രാപ്പോലീത്താ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ഫാ. പൗലൂസ് ഒ.ഐ.സി. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കുടുംബാംഗമാണ്. കുറിച്ചി കോലത്തുകളത്തില്‍ കെ. കെ. ജോണിന്‍റെ പുത്രന്‍.
പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സഹോദരപൗത്രനും മലങ്കരസഭാഭാസുരന്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസിന്‍റെ മാതുലന്‍റെ പ്രപൗത്രനുമായ ഫാ. പൗലൂസ് 24 വര്‍ഷമായി റാന്നി പെരുനാട് ബഥനി ആശ്രമാംഗവും ഇപ്പോള്‍ ആശ്രമം സുപ്പീരിയറുമാണ്. കുറിച്ചി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഇടവകാംഗവുമാണ്.
ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍ നിന്നു ഫിസിക്സില്‍ ബിരുദവും കല്‍ക്കട്ട ബിഷപ്സ് കോളജില്‍ നിന്നു ബി.ഡി. യും പാസ്സായി. ഇംഗ്ലണ്ടില്‍ വേദശാസ്ത്ര ഉപരിപഠനവും നടത്തിയിട്ടുണ്ട്.
അഖില മലങ്കര സന്യാസസമൂഹം ജനറല്‍ സെക്രട്ടറി, തിരുമൂലപുരം ബാലികാമഠം ഭരണസമിതിയംഗം, കുന്നംകുളം ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. മാനേജര്‍, പെരുനാട് എം.ടി.എം. ഹോസ്പിറ്റല്‍ ഡയറക്ടര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിക്കുന്നു.
പ്രസിദ്ധ ധ്യാനഗുരുവും വേദശാസ്ത്ര ചിന്തകനും വാഗ്മിയുമായ റവ. ഡോ. ജേക്കബ് ചെറിയാന്‍ (43) പത്തനാപുരം മൗണ്ട് താബോര്‍ ദയറാ അംഗമാണ്. ഇപ്പോള്‍ പത്തനാപുരം മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനും വൈസ് പ്രിന്‍സിപ്പലുമാണ്. കല്ലൂപ്പാറ ആറുവീടന്‍ കുടുംബശാഖയായ പള്ളിക്കല്‍ തെക്കുംതലവീട്ടില്‍ പരേതനായ ടി. ഒ. ചെറിയാന്‍റെയും കുഞ്ഞേലിയാമ്മയുടെയും ഇളയപുത്രന്‍. ജനനം 1949 ഓഗസ്റ്റ് 15. പുതുശ്ശേരി എം.ജി.ഡി. ഹൈസ്കൂള്‍, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. തിരുവല്ല മാര്‍ത്തോമ്മാ കോളജില്‍ ഡിഗ്രിക്കു പഠിക്കുമ്പോഴാണ് കാലംചെയ്ത തോമ്മാ മാര്‍ ദീവന്നാസ്യോസിന്‍റെ പ്രേരണയില്‍ അദ്ദേഹം സ്ഥാപിച്ച മൗണ്ട് താബോര്‍ ദയറായില്‍ സന്യാസിയായി ചേര്‍ന്നത്. 1975 മെയ് 25-നു തോമ്മാ മാര്‍ ദീവന്നാസ്യോസില്‍ നിന്നു ശെമ്മാശുപട്ടവും, 1976 ഫെബ്രുവരി എട്ടിനു തോമസ് മാര്‍ തിമോത്തിയോസില്‍ നിന്നു കശ്ശീശാപട്ടവും സ്വീകരിച്ചു.
താബോര്‍ സമൂഹത്തിന്‍റെ തൃശ്ശിനാപ്പള്ളി മിഷന്‍ കേന്ദ്രത്തില്‍ പ്രവര്‍ ത്തിക്കുമ്പോള്‍ തൃശ്ശിനാപ്പള്ളി ജമാല്‍ മുഹമ്മദ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ. യും എം.എ. യും പാസ്സായി. തുടര്‍ന്ന് പത്തനാപുരം മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളജില്‍ നിന്നു ബി.എഡും കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എഡും. ഇംഗ്ലീഷ് ബോധനത്തിന്‍റെ നവീകരണത്തെപ്പറ്റി നടത്തിയ ഗവേഷണത്തിനു കേരള യൂണിവേഴ്സിറ്റിയില്‍ നിന്നു പി.എച്ച്.ഡി., വേദശാസ്ത്രത്തില്‍ സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ബി.ഡി., കേരള യൂണിവേഴ്സിറ്റിയില്‍ നിന്നു പ്രൈവറ്റായി ഫിലോസഫിയിലും എം.എ. പാസ്സായി. ഇപ്പോള്‍ പ്രൈവറ്റായി എം.എ. മലയാളം പഠിക്കുന്നു. തിരുവചന പ്രഭാഷണങ്ങള്‍, ധ്യാനപീഠത്തില്‍ എന്നീ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.
കല്ലൂപ്പാറ സെന്‍റ് സ്റ്റീഫന്‍സ് പള്ളി ഇടവകാംഗമാണ്. 1977 മുതല്‍ തിരുവനന്തപുരം സെന്‍റ് ജോര്‍ജ് കത്തീഡ്രല്‍ അസി. വികാരിയായും പ്രവര്‍ത്തിക്കുന്നു.