സഭയുടെ മറ്റൊരു കുതിപ്പ് / പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവാ

1
മലങ്കരസഭയുടെ സ്വകീയതയുടെയും തനിമയുടെയും സ്വാതന്ത്ര്യത്തിന്‍റെയും പ്രതീകമാണു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍. എപ്പിസ്കോപ്പല്‍ സ്വഭാവവും ജനാധിപത്യ സ്വഭാവവും ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന അതിശക്തമായ ഭരണക്രമീകരണത്തിന്‍റെ ഭാഗമായിട്ടാണ് മലങ്കരസഭയുടെ പാര്‍ലമെന്‍റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ അത്യുന്നത സമിതിയെ മലങ്കര ഓര്‍ത്തഡോക്സ് സഭാ ഭരണഘടന (1934-ലെ ഭരണഘടന) വിഭാവനം ചെയ്തിരിക്കുന്നത്.
നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ള മലങ്കര പള്ളിയോഗമാണ് രൂപപരിണാമത്തിലൂടെ ഇന്നു കാണുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ആയി തീര്‍ന്നിരിക്കുന്നത്. 1653-ലെ കൂനന്‍കുരിശുസത്യം മുതല്‍ ഏതാണ്ട് 50 പ്രാവശ്യം മലങ്കരപള്ളി യോഗം കൂടിയതായി ചരിത്രരേഖകളുണ്ട്. 1873 സെപ്റ്റംബര്‍ 8-ന് തിങ്കളാഴ്ച പരുമലയില്‍ കൂടിയ പള്ളിപ്രതിപുരുഷയോഗം ക്രമീകൃതമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെ പ്രഥമ യോഗമായി കണക്കാക്കാം. മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമനാണ് (മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍) യോഗം വിളിച്ചുകൂട്ടിയത്. യൂയാക്കിം മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ 27 നിശ്ചയങ്ങള്‍ പാസ്സാക്കുകയുണ്ടായി. അര്‍ക്കദിയാക്കോന്‍, മുതല്‍പിടി, സെക്രട്ടറി എന്നീ സ്ഥാനികള്‍ ഉണ്ടായിരിക്കണമെന്നും നിശ്ചയിച്ചു.
മലങ്കരസഭയിലെ എല്ലാ ഇടവകപള്ളികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വൈദികരും പള്ളിപ്രതിപുരുഷന്മാരും അംഗങ്ങളായുള്ള മലങ്കര അസോസിയേഷന്‍റെ ചരിത്രത്തിലെ പുതിയ അദ്ധ്യായത്തിന്‍റെ തുടക്കമാണ് 1995-ലെ സുപ്രീംകോടതി വിധി. അസോസിയേഷന്‍ യോഗത്തിന്‍റെ കാലാവധി അഞ്ചു വര്‍ഷമായി നിജപ്പെടുത്തിയത് അസോസിയേഷന് ഒരു പുതിയ ഘടന ലഭിക്കുന്നതിന് ഇടയാക്കി. അതിന്‍പ്രകാരം 2002-ല്‍ സംഘടിപ്പിക്കപ്പെട്ട ഇപ്പോഴത്തെ അസോസിയേഷന്‍റെ കാലാവധി 2007 മാര്‍ച്ച് 20 വരെയാണ്. നിലവിലുള്ള അസോസിയേഷന്‍റെ മൂന്നാമതു യോഗത്തിന്‍റെ തുടര്‍ച്ചായോഗമാണ് ഇന്നു പരുമലയില്‍ നടക്കുന്നത്.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ രൂപീകരണം മുതല്‍ ഇന്നു വരെയുള്ള ചരിത്രത്തില്‍ മറ്റ് അസോസിയേഷനുകള്‍ക്കൊന്നും അവകാശപ്പെടാന്‍ കഴിയാത്തവിധം അതുല്യമായ സ്ഥാനം ഇപ്പോള്‍ നിലവിലുള്ള അസോസിയേഷനുണ്ട്.
ഒന്ന്, ഭാരതത്തിന്‍റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ അംഗീകാരം. രണ്ട്, മുകളില്‍ സൂചിപ്പിച്ചപ്രകാരം ജനപ്രാതിനിധ്യ സ്വഭാവം കൂടുതലുള്ളതും നിശ്ചിത കാലാവധി നിര്‍ണ്ണയിക്കപ്പെട്ടതുമായ അസോസിയേഷന്‍. മൂന്ന്, പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും സ്ഥാനത്തേക്കു മൂന്നു പ്രാവശ്യം തിരഞ്ഞെടുപ്പു നടത്താനുള്ള സുപ്രധാനമായ ഉത്തരവാദിത്തം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ തിരഞ്ഞെടുപ്പു സ്ഥിരീകരിക്കാനും ബലഹീനനായ നമ്മുടെ തിരഞ്ഞെടുപ്പിനെ ആവര്‍ത്തിച്ച് ഉറപ്പിച്ച് അംഗീകരിക്കാനും ഇപ്പോഴിതാ നമ്മുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുമുള്ള അവസരവും നിലവിലുള്ള ഈ അസോസിയേഷനു ലഭിച്ചിരിക്കുകയാണ്. ഈ പ്രത്യേകതകള്‍ മറ്റ് അസോസിയേഷനുകള്‍ക്കൊന്നും അവകാശപ്പെടാന്‍ കഴിയില്ല.
പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനാണ് 157/2006-ാം നമ്പര്‍ കല്‍പനപ്രകാരം സെപ്റ്റംബര്‍ 21-നു കൂടിയ അസോസിയേഷന്‍ യോഗത്തിന്‍റെ തുടര്‍ച്ചയായി ഇന്നു പരുമലയില്‍ യോഗം ചേരുന്നത്.
താരതമ്യേന പ്രായം കുറഞ്ഞ ഒരു മെത്രാപ്പോലീത്തായെ, കുന്നംകുളം മെത്രാസനത്തിന്‍റെ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ, ആ സ്ഥാനത്തേക്കു നാമനിര്‍ദ്ദേശം ചെയ്യുക വഴിയായി പരിശുദ്ധ സഭയുടെ വളര്‍ച്ചയുടെ മറ്റൊരു കാലഘട്ടത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.
ഉന്നതശീര്‍ഷരായ സീനിയര്‍ മെത്രാപ്പോലീത്താമാര്‍ മാറിനിന്ന് ഈ വലിയ സ്ഥാനത്തേക്കു മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇദ്ദേഹത്തെ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുക്കുന്നതിലൂടെ സഭാഭരണത്തിനു വ്യത്യസ്തമായ ഒരു ശൈലി രൂപീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഈ ശൈലി മാറ്റത്തിനും വ്യത്യസ്തമായ ദിശാബോധത്തിനും ഇന്നു സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലൂടെ തുടക്കം കുറിക്കുകയാണ്.
ഈ അസോസിയേഷന്‍റെ ഏറ്റവും വലിയ പ്രത്യേകതയും ഇതു തന്നെയാണ്.

(മനോരമ, 2006 ഒക്ടോബര്‍ 12)