വിശുദ്ധ ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന

st.george

വിശുദ്ധ ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന

വിശുദ്ധ ഗീവറുഗീസ് സഹദായുടെ പെരുന്നാള്‍ നമസ്ക്കാരം

വിശുദ്ധ ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന
(ഒരു കൗമാ നമസ്ക്കരിക്കണം)
അപേക്ഷ
സര്‍വ്വശക്തനും, പരമകാരുണികനുമായ കര്‍ത്താവേ, അങ്ങയുടെ വിശ്വാസത്തിനും വാത്സല്യത്തിനും പാത്രമായ വിശുദ്ധ ഗീവറുഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. ബലഹീനരായ ഞങ്ങളെ അനുഗ്രഹിക്കണമേ.
സഹദായുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ചവര്‍ക്ക് ലഭിച്ച അത്ഭുതകരമായ അനുഭവങ്ങളെക്കുറിച്ചു ഞങ്ങള്‍ അറിയുന്നു. കര്‍ത്താവേ, ഞങ്ങളെ അനുദിനം നയിക്കുന്ന ശക്തി അങ്ങാണല്ലോ. ഞങ്ങള്‍ക്കു കൈവന്ന എല്ലാ സൗഭാഗ്യങ്ങളും അവിടുത്തെ ദാനമാണല്ലോ. അവിടുന്ന് നല്‍കിയ എല്ലാ നന്മകള്‍ക്കും സ്തുതിയും സ്തോത്രവും സമര്‍പ്പിക്കുന്നു.
ഞങ്ങള്‍ പാപികളാണു കര്‍ത്താവേ! വാക്കിലും, പ്രവര്‍ത്തിയിലും, ചിന്തയിലും, ചെയ്തുപോയ തെറ്റുകള്‍ ഓര്‍ത്തു ദുഃഖിക്കുന്നു. ഞങ്ങളുടെ വാക്കുകളേയും പ്രവര്‍ത്തികളേയും നിയന്ത്രിക്കണമേ. അറിവോടും അറിവുകൂടാതെയും ചെയ്തുപോയ സകല പാപങ്ങളും ക്ഷമിക്കുമാറാകണമേ. ആകുലതകളാലും ആവശ്യങ്ങളാലും പ്രയാസപ്പെടുന്ന ഞങ്ങളുടെ അപേക്ഷകള്‍ കൈക്കൊള്ളണമേ. തിരുസന്നിധിയില്‍ സത്യവിശ്വാസത്തോടുകൂടി ജീവിക്കുവാനും ആയുഷ്ക്കാലമൊക്കെയും പുണ്യപ്രവൃത്തികള്‍ ചെയ്യുവാനും ഞങ്ങളെ സഹായിക്കണമേ.
വിശുദ്ധ ഗീവറുഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകള്‍ കേള്‍ക്കണമേ.
ലുത്തിനിയ – 1
പ്രതിവാക്യം: നിനക്കു സമാധാനം
1. ശ്രേഷ്ഠനായ മാര്‍ ഗീവര്‍ഗീസ് സഹദാ…
2. സ്വര്‍ഗ്ഗീയ ഫലം നല്‍കുന്ന കതിരായ മാര്‍ ഗീവര്‍ഗീസ് സഹദാ…
3. സന്തോഷകരമായ ഫലങ്ങളുടെ കുലയായ മാര്‍ ഗീവര്‍ഗീസ് സഹദാ…
4. പരിമളധൂപമായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
5. ദൈവിക മൂറോന്‍റെ മുദ്രയായ മാര്‍ ഗീവര്‍ഗീസ് സഹദാ….
6. ഞങ്ങളുടെ ആത്മാക്കളില്‍ നിന്നും തെറ്റിനെ നീക്കിയ ശോഭിത കതിരായ മാര്‍ ഗീവര്‍ഗീസ് സഹദാ…
7. വിഗ്രഹാരാധനയാകുന്ന അന്ധകാരം ഉന്മൂലനം ചെയ്ത മാര്‍ ഗീവര്‍ഗീസ് സഹദാ…
8. എല്ലാ സ്ഥലങ്ങളില്‍ നിന്നും പിശാചുക്കളെ ഓടിച്ച മാര്‍ ഗീവര്‍ഗീസ് സഹദാ….
9. ആകല്‍ക്കറുസ്സായുടെ മുള്ളിന്‍റെ മൂര്‍ച്ചയെ കെടുത്തിയ മാര്‍ ഗീവര്‍ഗീസ് സഹദാ….
10. വിധവയുടെ മകനു സൗഖ്യം നല്‍കുകയും അവനെ തന്‍റെ ശുശ്രൂഷക്കാരനാക്കുകയും ചെയ്ത മാര്‍ ഗീവര്‍ഗീസ് സഹദാ…
11. ഉണക്കമരത്തില്‍ നിന്നും വൃക്ഷങ്ങളെ മുളപ്പിച്ച മാര്‍ ഗീവര്‍ഗീസ് സഹദാ…
12. പഴുത്ത ഇരുമ്പു ചക്രത്തിന്‍ മീതേ നടന്ന മാര്‍ ഗീവര്‍ഗീസ് സഹദാ….
13. അലക്സാന്ത്രിയ രാജ്ഞിയെ സത്യവിശ്വാസത്തില്‍ ബന്ധിച്ച മാര്‍ ഗീവര്‍ഗീസ് സഹദാ….
14. വിശ്വാസികളുടെ നല്ല നാമമായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
15. എല്ലാ രക്തസാക്ഷികള്‍ക്കും മാതൃകയായിത്തീര്‍ന്ന മാര്‍ ഗീവര്‍ഗീസ് സഹദാ…..
16. സഭയുടെ പോരാട്ടക്കാരില്‍ അഗ്രഗണ്യനായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
17. വിലപിച്ചിരിക്കുന്നവരുടെ ആശ്വാസമായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
18. അലയുന്നവരുടെ വിശ്രമമായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
19. എല്ലാ രക്തസാക്ഷികളുടെയും ഗുരുവും നായകനുമായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
20. മിശിഹായുടെ ആട്ടിന്‍കൂട്ടത്തിന്‍റെ ഉണര്‍വ്വുള്ള കാവലായ മാര്‍ ഗീവര്‍ഗീസ് സഹദാ…..
ലുത്തിനിയാ – 2
(പ്രതിവാക്യം – ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
1. കര്‍ത്താവിനുവേണ്ടി കഷ്ടതകള്‍ സഹിച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ഗീവറുഗീസ് സഹദാ!
2. ലോകമെങ്ങും ആദരണീയനായ വിശ്വാസധീരാ!
3. ബാല്യം മുതല്‍ സത്യവിശ്വാസത്തില്‍ വളരുകയും, മറ്റുള്ളവരെ സത്യമാര്‍ഗ്ഗത്തിലേക്കു നയിക്കുകയും ചെയ്ത പുണ്യവാനേ!
4. ഭൗതികമായ പ്രലോഭനങ്ങളെ അതിജീവിച്ച് ലോകസുഖങ്ങളെ പരിത്യജിച്ച ആദര്‍ശധീരാ!
5. സകലരോഗങ്ങളേയും വേദനകളേയും സുഖപ്പെടുത്താന്‍ പരിശുദ്ധ റൂഹായാല്‍ ശക്തി നേടിയ പരിശുദ്ധാ!
6. രോഗികള്‍ക്ക് ആശ്വാസവും അശരണര്‍ക്ക് അഭയവും അരുളുന്ന കാവല്‍നാഥാ!
7. സാധുക്കളുടെ സംരക്ഷകനും, ദുഃഖിതര്‍ക്ക് സന്തോഷവും സമാധാനവും നല്‍കുന്നവനുമായ പുണ്യവാനേ!
8. കര്‍ത്താവിന്‍റെ ആത്മീയ തോട്ടത്തിലെ നല്ല വേലക്കാരനായ പരിശുദ്ധാ!
9. തനിക്കു കൈവന്ന താലന്തിനെ ശരിയായി വിനിയോഗിച്ച് സഭയ്ക്കും സമൂഹത്തിനും ഉത്തമ മാതൃകയായിത്തീര്‍ന്ന വിശ്വസ്ത മദ്ധ്യസ്ഥാ!
10. അടിമകളുടെയും അഗതികളുടെയും സംരക്ഷകനായ മാര്‍ ഗീവറുഗീസ് സഹദാ!
11. ജീവിതക്ലേശങ്ങളില്‍പ്പെട്ടുഴലുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയും, സ്വര്‍ഗ്ഗീയ രാജാവിന്‍റെ സന്നിധിയിലേയ്ക്കുള്ള ആത്മീയ വാതിലുമായ പുണ്യവാനേ!
അപേക്ഷ
മാര്‍ ഗീവറുഗീസ് സഹദായെ ശ്രേഷ്ഠനാക്കിയ കര്‍ത്താവേ! അങ്ങയുടെ ശ്രീഭണ്ഡാരത്തില്‍ നിന്നും എല്ലാ അനുഗ്രഹങ്ങളും നന്മയും സഹായങ്ങളും ഞങ്ങള്‍ക്കു നല്കണമേ. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ശാന്തിയും, സമാധാനവും, സുഭിക്ഷതയും ഫലസമൃദ്ധിയും നല്‍കണമേ. പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. ഭൂതോപദ്രവവും സര്‍പ്പപീഡയും ഞങ്ങളില്‍ നിന്നും നീക്കണമേ. രോഗങ്ങളില്‍ നിന്നും മാനസികമായ പീഡകളില്‍ നിന്നും മോചനം നല്‍കണമേ. തക്കസമയത്തു മഴയും മഞ്ഞും എല്ലാ നന്മകളും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ.
ദൈവം തമ്പുരാനെ! സഹദായുടെ മദ്ധ്യസ്ഥത ഞങ്ങളുടെ ദുഃഖങ്ങള്‍ മാഞ്ഞുപോകുന്നതിനും, സന്തോഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാക്കണമേ. ഞങ്ങള്‍ക്കും ഞങ്ങളുടെ മരിച്ചുപോയവര്‍ക്കും കടങ്ങളുടെ മോചനവും പാപപരിഹാരവും സിദ്ധിക്കേണമേ. ലോകത്തില്‍ ശാന്തിയും സമാധാനവും വാഴണമേ.
കര്‍ത്താവേ ഞങ്ങള്‍ അങ്ങയേയും അവിടുത്തെ പിതാവിനെയും പരിശുദ്ധ റൂഹായെയും എന്നുമെന്നും മഹത്വപ്പെടുത്തുമാറാകണമേ. ആമ്മീന്‍
അപേക്ഷ
സ്നേഹസമ്പൂര്‍ണ്ണനായ കര്‍ത്താവേ! തിരുസന്നിധിയില്‍ പൂര്‍ണ്ണ മനസോടും പൂര്‍ണ്ണ ഹൃദയത്തോടും കൂടി ഞങ്ങളെ സമര്‍പ്പിക്കുന്നു. അങ്ങ് ഞങ്ങളെ അനുദിനം വഴിനടത്തുന്ന സത്യമാണല്ലോ. അവിടുത്തെ സാന്നിദ്ധ്യം അനുഭവിച്ചറിയാന്‍ ഞങ്ങളെ യോഗ്യരാക്കണമേ. ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെയെല്ലാം ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുവാന്‍ ശക്തി നല്‍കണമേ.
ബലഹീനതയില്‍ അനുതപിക്കുവാനും, അവിടുത്തെ മഹത്തായ പദ്ധതിയുടെ ഭാഗമായി ജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും മാറ്റുവാനും സഹായിക്കണമേ.
സ്വാര്‍ത്ഥത്തിന്‍റെ കറ പുരളാത്ത ത്യാഗനിര്‍ഭരമായ ജീവിതം ഞങ്ങള്‍ക്കു നല്‍കണമേ. ആഡംബരങ്ങളില്‍ ഭ്രമിക്കാതെ ലളിതമായ ജീവിതം നയിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ആസക്തിയില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ.
കര്‍ത്താവേ! കാമക്രോധ ലോഭമോഹങ്ങളില്‍ നിന്നും, മതമാത്സര്യങ്ങളില്‍ നിന്നും രക്ഷിക്കണമേ. ഞങ്ങളുടെ ഭവനങ്ങളില്‍ സമാധാനവും സംതൃപ്തിയും നല്‍കി അനുഗ്രഹിക്കണമേ.
തിരുനാമ മഹത്വത്തിനായി സ്തുതിയും സ്തോത്രവും അര്‍പ്പിക്കുന്നു. ആയത് വിശുദ്ധ ഗീവറുഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ തന്നെ. ആമ്മീന്‍
അപേക്ഷ
വിശുദ്ധ ഗീവര്‍ഗീസ് സഹദാ! നിനക്കു സമാധാനം. കര്‍ത്താവ് തന്‍റെ സത്യവാഗ്ദത്തപ്രകാരം നിന്നിലും നീ അവനിലും വസിക്കുന്നു.
ദൈവത്തിന്‍റെ വിശ്വസ്ത കലവറക്കാരാ! പാപികളായ ഞങ്ങള്‍ കരുണയ്ക്കും, പാപമോചനത്തിനും അര്‍ഹരായിത്തീരുവാന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. വിശ്വാസസ്ഥിരതയും, സുകൃതജീവിതവും നന്മയും സഹിഷ്ണുതയും നല്‍കണമേ.
നിന്‍റെ മദ്ധ്യസ്ഥതയില്‍ സമാധാനവും, സുഭിക്ഷതയും ഫലസമൃദ്ധിയും ഉണ്ടാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കാരുണ്യവാനായ കര്‍ത്താവേ, വിശുദ്ധ സഹദായുടെ പ്രാര്‍ത്ഥനയാല്‍, ഞങ്ങളില്‍ നിന്ന് മാരകരോഗങ്ങളും, കഠിനദുഃഖങ്ങളും, പൈശാചിക പരീക്ഷകളും, ദുഷ്ടമനുഷ്യരുടെയും, ദുഷ്ടജന്തുക്കളുടെയും ഉപദ്രവങ്ങളും അപകടങ്ങളും നീക്കിക്കളയണമേ. നാഥാ! ഈ ലോകത്തിലും, ഞങ്ങളുടെ രാജ്യത്തും, സഭയിലും, കുടുംബങ്ങളിലും സമാധാനവും ശാന്തിയും വാഴുമാറാകണമേ. വാര്‍ദ്ധക്യത്തിലിരിക്കുന്നവര്‍ക്ക് തുണയാകണമേ. സ്ത്രീകളെയും, പുരുഷന്മാരെയും കാത്തുകൊള്ളണമേ, യുവതീയുവാക്കന്മാരെ പരിപാകതയുള്ളവരാക്കണമേ, ശിശുക്കളെ പോറ്റണമേ.


നാഥാ, രോഗികള്‍ക്ക് സൗഖ്യവും, ദുഃഖിതര്‍ക്ക് ആശ്വാസവും, ദരിദ്രര്‍ക്ക് സംതൃപ്തിയും, വാങ്ങിപ്പോയവര്‍ക്ക് നിത്യശാന്തിയും, ഞങ്ങളുടെ യാചനകള്‍ക്ക് മറുപടിയും നല്‍കണമേ. ഞങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ നന്മകളും ദുഃഖിതരും എളിയവരുമായ എല്ലാവരുമായി പങ്കുവയ്ക്കുവാനുള്ള മനസ്സലിവും നല്‍കണമേ. ആയത് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ തന്നെ. ആമ്മീന്‍.
രോഗശാന്തിക്കുവേണ്ടി അപേക്ഷ
(ഒരു കൗമാ)
സകലത്തിനും നാഥനായ കര്‍ത്താവേ, രോഗത്താലും വേദനയാലും പീഡിതനായ ഈ ദാസനെ / ദാസിയെ വിശുദ്ധ ഗീവറുഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ സുഖപ്പെടുത്തണമേ. അവിടുന്നു സകലതും നന്മയ്ക്കായി നിവര്‍ത്തിക്കുന്നവനാണല്ലോ. തെറ്റായ ചിന്തകളും പ്രവൃത്തികളും മൂലം വന്നുപോയ പരീക്ഷണങ്ങളാണ് ഈ ദുഃഖങ്ങള്‍ എന്ന് ഞങ്ങള്‍ അറിയുന്നു. അസഹ്യമായ രോഗദുരിതങ്ങളില്‍ നിന്നും മോചനം നല്‍കണമേ. കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കണമേ. അകൃത്യങ്ങളൊക്കെയും മായിച്ചു കളയണമേ.
ദൈവമായ കര്‍ത്താവേ! ആത്മസമര്‍പ്പണത്തിലൂടെ തിരുഹിതം നിറവേറ്റാന്‍ ഞങ്ങളെ യോഗ്യരാക്കണമേ. നാഥാ അങ്ങ് ഞങ്ങള്‍ക്ക് മഹാവൈദ്യനും ദിവ്യഔഷധവും ആണല്ലോ. തൃക്കൈയാല്‍ സൗഖ്യം നല്‍കണമേ. ആശ്വാസം അരുളണമേ.
ശാരീരികവും മാനസികവുമായി നേരിടുന്ന കഠിനമായ എല്ലാ പരീക്ഷണങ്ങളില്‍ നിന്നും രക്ഷിക്കണമേ. ദൗര്‍ബല്യങ്ങള്‍ ക്ഷമിച്ചു മോചനമരുളണമേ.
സകലതും അങ്ങയുടെ പാദപീഠത്തില്‍ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കണമേ. ആമ്മീന്‍.
വിദ്യാഭ്യാസത്തിനുവേണ്ടി അപേക്ഷ
സകലതും അറിയുന്ന, സകല അറിവിന്‍റെയും ഉറവിടമായ സര്‍വ്വശക്തനായ ദൈവമേ അങ്ങയുടെ ഈ മകന്‍റെ/മകളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ അനുഗ്രഹങ്ങള്‍ നല്‍കണമേ.
പഠനത്തില്‍ അനുഭവപ്പെടുന്ന എല്ലാ കുറവുകളും പരിഹരിക്കണമേ. ആത്മീയവും ലൗകികവുമായ സത്യം ഗ്രഹിക്കാന്‍ ബുദ്ധിശക്തി നല്‍കണമേ. ശരീരവും മനസ്സും നിര്‍മ്മലമാക്കണമേ. അശുദ്ധ വികാരങ്ങളെയും വിചാരങ്ങളെയും അകറ്റണമേ. വിദ്യാഭ്യാസത്തിനു തടസ്സമായ മടി, രോഗം, അപകടം, ചീത്ത കൂട്ടുകെട്ടുകള്‍ എന്നിവയില്‍ നിന്നും രക്ഷിക്കണമേ. പാപത്തില്‍ നിന്നും പാപഹേതുവായ സാഹചര്യങ്ങളില്‍ നിന്നും മോചിപ്പിക്കണമേ.
സ്വര്‍ഗ്ഗീയ സമാധാനവും, പ്രത്യാശയും അവിടുന്നു നല്‍കണമേ. പരമാവധി നന്നായി പഠിക്കുന്നതിനും, സമയനിഷ്ഠ പാലിക്കുന്നതിനും, അനുസരണം, പരസ്പര ബഹുമാനം തുടങ്ങിയ നല്ല ശീലങ്ങള്‍ ഉള്‍ക്കൊണ്ട് വളരുന്നതിനും സഹായിക്കണമേ. ആവശ്യമായ ഓര്‍മ്മശക്തിയും വിവേകവും, വിപദിധൈര്യവും നല്‍കണമേ.
ദൈവമേ! വിദ്യാലയത്തിലും, പഠനമുറിയിലും കളിക്കളത്തിലും, അവിടുത്തെ ദിവ്യമായ സാന്നിദ്ധ്യം ഉണ്ടാവണമേ. ആയത് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും, കാവല്‍നാഥനായ വിശുദ്ധ ഗീവറുഗീസ് സഹദായുടെയും നാമത്തില്‍ തന്നെ. ആമ്മീന്‍.
അനുദിന പ്രാര്‍ത്ഥന
ഞങ്ങള്‍ ഈ ഭാഗ്യവാന്‍റെ നേരെ സന്തോഷത്തോടെ പറയുന്നു. ഭൂമിയിലെ എല്ലാ ഭാഗ്യവാന്മാരും നിനക്കു ഭാഗ്യം ചെയ്യുന്നു. കാരുണ്യവാനും മനുഷ്യപ്രീതിയുള്ളവനുമായ ദൈവമായ കര്‍ത്താവേ! നിന്നെ സ്നേഹിച്ചവരായ നിബിയന്മാരുടെയും, ശ്ലീഹന്മാരുടേയും അക്രമികളായ രാജാക്കന്മാരാല്‍ നിനക്കു വേണ്ടി വധിക്കപ്പെട്ട സഹദേന്മാരുടേയും, മൗദ്യാനന്മാരുടേയും ഓര്‍മ്മയെ ഹൃദയവെടിപ്പോടും വിശുദ്ധിയോടും കൂടെ നിവര്‍ത്തിപ്പാന്‍ ഞങ്ങളെ യോഗ്യരാക്കണമേ.
കര്‍ത്താവേ! ലോകമെങ്ങുമുള്ള പള്ളികളിലും, ദയറാകളിലും ആദരണീയനായിരിക്കുന്ന പരിശുദ്ധനായ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മയെ ഞങ്ങള്‍ ആഘോഷിക്കുന്നു. വിശുദ്ധ സഹദാ അങ്ങയുടെ ആത്മിക തോട്ടത്തില്‍ നല്ല കര്‍ഷകനായിത്തീര്‍ന്ന് തന്‍റെ താലന്തിനെ ശരിയായി വ്യാപാരം ചെയ്തു. അതിനാല്‍ വിശുദ്ധന്‍റെ പവിത്ര സ്മരണയും പെരുന്നാളും പ്രസിദ്ധമായിരിക്കുന്നു.
തന്നില്‍ സങ്കേതം പ്രാപിക്കുന്ന രോഗികള്‍ക്കും, വൈഷമ്യത്തില്‍ ഇരിക്കുന്നവര്‍ക്കും ആശ്വാസ തുറമുഖമായിരിക്കുന്ന, ആപത്തില്‍പെട്ടിരിക്കുന്നവരെ കാത്തുസൂക്ഷിക്കുന്ന, സാധുക്കളെ സംരക്ഷിക്കുന്ന, ഞെരുങ്ങിയിരിക്കുന്നവരെ ആശ്വസിപ്പിക്കുന്ന, അടിമകളെ വിടുവിക്കുന്ന, അഗതികളെ സന്തുഷ്ടരാക്കുന്ന, കടലില്‍ യാത്ര ചെയ്യുന്നവര്‍ക്കു നാവികന്‍ ആയിരിക്കുന്ന മാര്‍ ഗീവര്‍ഗീസ് സഹദാ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ.
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നവര്‍ക്കു ശരിയായ മാര്‍ഗ്ഗവും, മോക്ഷത്തിലേക്കു കയറുന്നവര്‍ക്കു ഗോവണിയും, സ്വര്‍ഗ്ഗീയ രാജാവിന്‍റെ സന്നിധിയിലേക്കു പ്രവേശിക്കുന്നവര്‍ക്കു ആത്മീയ വാതിലും, ദൈവസന്നിധിയില്‍ ഞങ്ങളുടെ ആത്മീയ ജാമ്യവുമാകുന്ന മാര്‍ ഗീവര്‍ഗീസ് സഹദാ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ.
ഞങ്ങളുടെ കര്‍ത്താവേ, ഞങ്ങള്‍ നിന്നോട് അപേക്ഷിക്കുന്നു: പരിശുദ്ധനായ മാര്‍ ഗീവര്‍ഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിക്കുമ്പോള്‍ എല്ലാ അനുഗ്രഹവും, നന്മകളും, സഹായങ്ങളും നിന്‍റെ ശ്രീഭണ്ഡാരത്തില്‍ നിന്നു ഞങ്ങള്‍ക്കു നല്‍കണമേ. സഹദായുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളാല്‍ ഞങ്ങള്‍ക്കു തുടരെ സമാധാനവും, സുഭിക്ഷതയും, ഫലവര്‍ദ്ധനവും നല്‍കണമേ. കല്‍മഴയും, കരിവു കാറ്റും, ചാഴിയും, വെട്ടുക്കിളിയും, പുഴുദോഷവും നീക്കണമേ. തക്കസമയത്തു മഴയും, മഞ്ഞും എല്ലാ നന്മകളും ഞങ്ങള്‍ക്കുണ്ടാകണമേ. പരിശുദ്ധ സഭയിലെ ജീവിച്ചിരിക്കുന്നവര്‍ക്കും, മരിച്ചുപോയവര്‍ക്കും കടങ്ങള്‍ക്കു മോചനവും, പാപങ്ങള്‍ക്കു പരിഹാരവും സിദ്ധിക്കേണമേ.
കാരുണ്യവാനായ കര്‍ത്താവേ, വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പ്രാര്‍ത്ഥനയാല്‍ ഞങ്ങള്‍ക്കു വിശ്വാസ സ്ഥിരതയും, സുകൃത ജീവിതവും, നന്മയ്ക്കുവേണ്ടിയുള്ള സഹിഷ്ണതയും നല്‍കേണമേ.
സഭയും അതിലെ പ്രജകളും വിശുദ്ധ സഹദായുടെ പ്രാര്‍ത്ഥനയാല്‍ ശാന്തമായും സ്വൈരമായും വര്‍ത്തിക്കുമാറാകണമേ. ലോകമെങ്ങും നിന്‍റെ സുവിശേഷം പ്രചരിക്കുകയും, വിശ്വാസികളെക്കൊണ്ടു ഭൂലോകം നിറയുകയും, നിന്‍റെ തിരുനാമം എല്ലാവരാലും സ്തുതിക്കപ്പെടുകയും ചെയ്യുമാറാകണമെ.
മാര്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനെ ഭക്തിയായി കൊണ്ടാടുന്ന എല്ലാ വിശ്വാസികളെയും കാത്തുരക്ഷിച്ചു കൊള്ളണമേ. ദുഷ്ടാത്മാക്കളുടെയും, സര്‍പ്പം ആദിയായ ദുഷ്ടജന്തുക്കളുടെയും ഉപദ്രവങ്ങളില്‍ നിന്നും അവരെ കാത്തുകൊള്ളണമേ.
ദയാലുവായ ദൈവമേ, പരിശുദ്ധ സഹദായുടെ പ്രാര്‍ത്ഥനയാല്‍ പാപികളായ ഞങ്ങള്‍ക്കു പാപപരിഹാരം നല്‍കണമേ. വിശ്വാസികളായ ഞങ്ങളുടെ എല്ലാ മരിച്ചുപോയവര്‍ക്കും ആശ്വാസം പ്രദാനം ചെയ്യണമേ. യൗവ്വനക്കാരെ നിര്‍മ്മലരാക്കേണമേ, സ്ത്രീകളെ പരിപാകതയുള്ളവരാക്കേണമേ, ശിശുക്കളെയും, പൈതങ്ങളെയും വളര്‍ത്തണമേ. പുരോഹിതന്മാരെ ചുമതലാബോധമുള്ളവരും നിന്‍റെ തിരുവിഷ്ടപ്രകാരം നിന്‍റെ ആട്ടിന്‍കൂട്ടത്തെ നയിക്കുന്നവരുമാക്കണമെ. ലോകത്തില്‍ നിന്നു യുദ്ധങ്ങളും, ക്ഷാമവും, വസന്തയും, നീക്കിക്കളയേണമേ. ഞങ്ങളെല്ലാവരെയും നിന്‍റെ കരുണയാല്‍ സഹായിക്കേണമേ.
ഞങ്ങള്‍ എന്നും നിന്നെയും, നിന്‍റെ പിതാവിനെയും, നിന്‍റെ പരിശുദ്ധ റൂഹായെയും മഹത്വപ്പെടുത്തുമാറാകണമെ. ആമ്മീന്‍.