മനോന്മണിയം സുന്ദരൻ പിള്ളയ്ക്കും മകൻ പി എസ് നടരാജ പിള്ളയ്ക്കും ബിജെപിയുടെ ആദരം

nadarajapilla

തിരുവനന്തപുരം: മനോന്മണിയം സുന്ദരൻ പിള്ളയ്ക്കും മകൻ പി എസ്  നടരാജ പിള്ളയ്ക്കും ബിജെപിയുടെ ആദരം. ലോ അക്കാദമി സമരപ്പന്തലിലാണ് ബിജെപി ആദരം സംഘടിപ്പിച്ചത്. ഇരുവരുടെ ചിത്രങ്ങളിൽ മാല ചാർത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഇരുവരുടേയും ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു. ചടങ്ങിൽ നടരാജപിള്ളയുടെ മക്കളായ വെങ്കിടേഷ്, രാഗിണി ചെറുമക്കളായ വരദൻ, മുരുകൻ എന്നിവരെ ആദരിക്കുകയും ചെയ്തു.

നാടിന് വേണ്ടി ജീവിച്ച് മരിച്ച ഇരുവരുടേയും പേര് ഓർക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയ സമൂഹത്തിന് അപമാനമാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ഇരുവരുടെയും ധന്യ സ്മരണകളെ വികലമാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ലോ അക്കാദമിയുടെ സ്ഥാപനത്തിന് തന്നെ കാരണക്കാരായവരെ അപമാനിക്കുകയും ഭൂമി കയ്യടിവെച്ചിരിക്കുന്നവരെ തലോടുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പിണറായിക്ക് മുഖ്യമന്ത്രി കസേര കിട്ടാൻ ഇടയാക്കിയ സാഹചര്യം സൃഷ്ടിച്ചവരെ തന്നെ മറക്കുന്നത് ആ പദവിയോടു ചെയ്യുന്ന അവഹേളനമാണ്. ഏതോ ഒരു പിള്ള എന്ന മുഖ്യമന്ത്രിയുടെ പ്രയോഗം മനപ്പൂർവ്വമാണ്.  നടരാജപിള്ളയുടെ കുടുംബം ഭൂമി വിട്ടു നൽകിയത് കച്ചവടം നടത്താനല്ല. പൊതു ആവശ്യത്തിനാണ്. കൊള്ളലാഭത്തിനായി പൊതുമുതൽ ഉപയോഗിക്കുന്നവർക്ക് വേണ്ടി ത്യാഗികളെ അപമാനിക്കുന്ന മുഖ്യമന്ത്രിയെ ഓർത്ത് മലയാളികളുടെ തല കുനിയുകയാണ്. മലയാളിയുടെ അന്തസ്സിനേയും അഭിമാനത്തേയും ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി ഇരിക്കുന്ന പദവിയോട് നീതി പുലർത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി മുരളീധരൻ, സംസ്ഥാന സെക്രട്ടറിമാരായ വി വി രാജേഷ്, സി ശിവൻകുട്ടി അഡ്വ ജെ ആർ പത്മകുമാർ എന്നിവരും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.

നേരത്തെ നടരാജപിള്ളയുടെ വീട്ടിലെത്തിയ കുമ്മനത്തെ അദ്ദേഹത്തിന്‍റെ മകൻ വെങ്കിടേഷ് സ്വീകരിച്ചു. നടരാജപിള്ളയുടെ മക്കൾക്കും ചെറുമക്കൾക്കുമൊപ്പമാണ് കുമ്മനം ലോ അക്കാദമിയിലെ സമരപ്പന്തലിലെത്തിയത്. സംസ്ഥാന സെക്രട്ടറി സി ശിവൻകുട്ടി, സംസ്ഥാന വക്താവ് അഡ്വ ജെ ആർ പത്മകുമാർ എന്നിവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.